Monday, September 21, 2009

കേരളത്തിന് തിളങ്ങാന്‍ മൂന്ന് പദ്ധതികള്‍

ആഗോളവല്‍ക്കരണത്തിന്റെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ വിറങ്ങലിച്ചുനിന്നപ്പോള്‍ കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഉണര്‍വേകിയത് ജനകീയാസൂത്രണമായിരുന്നു. ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ ജനങ്ങളില്‍ ഉണ്ടായ ആവേശം അത്ഭുതകരമാണ്. ലോകപ്രശസ്തമായ കേരള വികസന മാതൃകയുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്ന അവസരത്തില്‍ ജനകീയാസൂത്രണം കേരളത്തിന് പുതിയൊരു മുഖം നല്‍കി. സ്കൂള്‍, ആശുപത്രി, വീട്, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനമേഖലയിലുണ്ടായ വികസനം ദ്രുതഗതിയിലായിരുന്നു. ജനകീയാസൂത്രണം വീണ്ടും ജനകീയ ക്യാമ്പയിനായി മാറ്റാനുള്ള എല്‍ഡിഎഫ് ഗവമെന്റിന്റെ തീരുമാനം ശ്ളാഘനീയമാണ്. എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുള്ള സുപ്രധാനമായ മൂന്നു കര്‍മ പദ്ധതിയാണ് ഗവമെന്റ് ആവിഷ്കരിച്ചിട്ടുള്ളത്. ഒന്‍പതാം പദ്ധതി കാലയളവില്‍ നാല് ലക്ഷത്തിലധികവും പത്താം പഞ്ചവത്സര പദ്ധതിയില്‍ മൂന്ന് ലക്ഷത്തോളവും വീട് പാവപ്പെട്ടവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മിച്ചുനല്‍കി. പതിനൊന്നാം പദ്ധതിയുടെ പിന്നിട്ട കാലയളവില്‍ രണ്ടു ലക്ഷത്തിലധികം വീടാണ് നിര്‍മിച്ചു നല്‍കിയത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വീട്. കേറിക്കിടക്കാന്‍ സ്വന്തമായൊരു വീട് ഉണ്ടാവുക എന്നത് വലിയ സ്വപ്നമാണ്. കേരളത്തിലെ വീടില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം ഈ ഗവമെന്റിന്റെ കാലാവധിക്കുള്ളില്‍ വീട് വച്ചു നല്‍കാനുള്ള സര്‍ക്കാര്‍തീരുമാനം താരതമ്യമില്ലാത്തതാണ്. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ തന്നെ സമ്പൂര്‍ണ ഭവനപദ്ധതി ആരംഭിച്ചത് ഇ എം എസിനുള്ള കേരളീയരുടെ എളിയ ഉപഹാരമായി കണക്കാക്കാം. ഇന്ത്യയിലെ വന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കോടിക്കണക്കിനു ജനങ്ങളാണ് തെരുവോരങ്ങളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഇവരുടെ തീരാദുഃഖം അകറ്റുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്. 4000 കോടി രൂപ മതിപ്പു ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സുമനസ്സുകളോട് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ പദ്ധതി വിജയിപ്പിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയാണ്.

സ്വാതന്ത്ര്യാനന്തരം കേന്ദ്രസര്‍ക്കാര്‍ നിരവധി തൊഴില്‍പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അതെല്ലാം വലിയ പരാജയത്തില്‍ കലാശിക്കുകയാണുണ്ടായത്. ഇപ്പോള്‍ ഇടതുപക്ഷ കക്ഷികളുടെ പിന്തുണയോടെ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി ഏറെ സവിശേഷതകളുള്ളതാണ്. ഗ്രാമപ്രദേശത്തു താമസിക്കുന്ന ഏതൊരു കുടുംബത്തിനും പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ഒരു സാമ്പത്തികവര്‍ഷം 100 ദിവസത്തെ തൊഴില്‍, നിയമം വഴി ഉറപ്പാക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ സവിശേഷത. ഈ പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സമൂഹത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് ഗ്രാമീണ സമ്പദ് വ്യവസ്ഥതന്നെ മാറ്റിയെഴുതുന്ന തരത്തില്‍ പുതിയൊരു കര്‍മപരിപാടി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം 1000 കോടി രൂപയുടെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും സുതാര്യമായി പദ്ധതി നടപ്പാക്കി, ഇന്ത്യക്കാകെ മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞത് അഭിമാനാര്‍ഹമാണ്.

സ്ത്രീശാക്തീകരണരംഗത്തെ പൊന്‍തൂവലായി വിശേഷിപ്പിക്കുന്ന കുടുംബശ്രീപ്രസ്ഥാനം മുന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സംഭാവനയാണ്. ഇത്രയും വലിയൊരു സ്ത്രീകൂട്ടായ്മ ലോകത്തൊരിടത്തും ഉള്ളതായി കേട്ടിട്ടില്ല. പത്തുലക്ഷം വരുന്ന അയല്‍ക്കൂട്ടങ്ങളിലായി ആകെ 38 ലക്ഷം വനിതകള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. അഞ്ച്, പത്ത്, ഇരുപത് രൂപകളിലൂടെ ത്രിഫ്ട് സമ്പാദ്യമായി 1240 കോടി രൂപയാണ് സഹോദരിമാര്‍ നിക്ഷേപിച്ചിട്ടുള്ളത്. 3300 കോടിയോളം രൂപ ലിങ്കേജ് വായ്പയായി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മത സാമൂദായിക സംഘടനകള്‍ നടത്തുന്ന മൈക്രോ ഫിനാന്‍സ് സംവിധാനങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് കുടുംബശ്രീ. ലഘുസമ്പാദ്യം ഉല്‍പ്പാദന സംരംഭങ്ങളുടെ മൂലധനമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ ചെയ്തുവരുന്നത്. സംഘകൃഷിയിലൂടെ തരിശായിക്കിടക്കുന്ന ഭൂമിയില്‍ കൃഷി ഇറക്കി കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ പുതിയൊരു ചലനം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. കുടുംബശ്രീ അടുത്തയിടെ ആരംഭിച്ച സമഗ്ര പ്രോജക്ടുകളായ നിവേദ്യം, ക്ഷീരസാഗരം, മാരാരി മഷ്റൂം, കൊണ്ടാട്ടം, സഫലം, ആടുഗ്രാമം, ബ്രഹ്മഗിരി, അമൃതം ന്യൂട്രമൂല്‍ തുടങ്ങിയവ ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നടപ്പുവര്‍ഷം നൂറു കോടി രൂപയുടെ വികസന പരിപാടികള്‍ നടപ്പാക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. 5,000 ഹെക്ടറില്‍ സംഘകൃഷി ആരംഭിക്കുമെന്നും 50,000 കുടുംബങ്ങള്‍ക്ക് അതിജീവന സഹായം നല്‍കുമെന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബശ്രീക്ക് നല്‍കുന്ന വായ്പയുടെ പലിശ നാലു ശതമാനമാക്കാനും ബാക്കി പലിശ ത്തുക സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചത് പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയ്ക്ക് മറ്റൊരു തെളിവാണ്. നൂതനങ്ങളായ ജനക്ഷേമ പദ്ധതികളുമായി സര്‍ക്കാര്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ബദല്‍സ്ത്രീ സംഘം തട്ടിക്കൂട്ടി കുടുംബശ്രീയെ തകര്‍ക്കാനാണ് ഒരുങ്ങുന്നത്. മാവേലി സ്റ്റോറിനു ബദലായി ആരംഭിച്ച വാമനന്‍ സ്റ്റോറിന്റെ മറ്റൊരു പതിപ്പാണ് യുഡിഎഫിന്റെ ജനശ്രീ.

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്. എന്നാല്‍, ജനങ്ങളുടെ കര്‍മശേഷികൊണ്ട് ഏതൊരു അപകടസ്ഥിതിയെയും തരണംചെയ്യാന്‍ കഴിയുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാണ് കേരള സര്‍ക്കാര്‍ 'എല്ലാവര്‍ക്കും വീട് എല്ലാവര്‍ക്കും തൊഴില്‍' എന്ന ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഈ പദ്ധതികള്‍ വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ കേരളം ഇനിയും ഏറെ തിളങ്ങാന്‍ ഈ പദ്ധതികള്‍ സഹായകമാകുമെന്നതില്‍ സംശയമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിമര്‍ശകര്‍ ഈ യാഥാര്‍ഥ്യങ്ങള്‍ കണ്ണുതുറന്നു കാണട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 21 സെപ്തംബര്‍ 2009

സംസ്ഥാനത്തെ വൈദ്യുതിശൃംഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വൈദ്യുതിനഷ്ടം ഒഴിവാക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രസരണശൃംഖല ശക്തിപ്പെടുത്തുന്നു. പുതിയ സബ്‌സ്റ്റേഷനുകള്‍ നിര്‍മിച്ചും കൂടുതല്‍ ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചും ലൈനുകള്‍ മെച്ചപ്പെടുത്തിയും പ്രസരണനഷ്ടം പരമാവധി കുറയ്ക്കാനാണ് നീക്കം. പ്രസരണനഷ്ടം 15 ശതമാനമായി കുറച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ എത്തുകയാണ് ലക്ഷ്യം. മാസ്റ്റര്‍പ്ളാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏറ്റെടുക്കും. 2010-11 ആകുമ്പോഴേക്കും പൂര്‍ണമായും കുറ്റമറ്റ പ്രസരണശൃംഖല തയ്യാറാകും. പ്രസരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 206 സബ്സ്റേഷന്‍ 2011-12 വര്‍ഷം പൂര്‍ത്തിയാകും. 59 സബ് സ്റ്റേഷനുകള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ മൂന്ന് 220 കെവി, ഒമ്പത് 110 കെവി, നാല് 66 കെ വി, നാല്‍പ്പത്തിമൂന്ന് 33 കെവി സബ് സ്റ്റേഷനുകളുണ്ട്. 10.26 കിലോമീറ്റര്‍ 220 കെവി ലൈന്‍, 106 കിലോമീറ്റര്‍ 110 കെവി ലൈന്‍, 477.481 കിലോമീറ്റര്‍ 33 കെവി ലൈന്‍ എന്നിവ സ്ഥാപിച്ചു. 9727 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. 7067 കിലോമീറ്റര്‍ 11 കെവി ലൈനും 25021 കിലോമീറ്റര്‍ എല്‍ടി ലൈനും സ്ഥാപിച്ചു. ഇരിങ്ങാലക്കുട, മങ്കട, കൊടകര, കുഴല്‍മന്ദം, തലശേരി, ആലപ്പുഴ, കല്ലൂപ്പാറ, കൊല്ലം, നാട്ടിക, ചേലക്കര, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായി. വര്‍ഷാവസാനത്തോടെ കേരളം വോള്‍ട്ടേജ് ക്ഷാമമില്ലാത്ത സംസ്ഥാനമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വോള്‍ട്ടേജ് അദാലത്ത് സംഘടിപ്പിക്കും. അടുത്തമാസം ഒന്നുമുതല്‍ 30 വരെയാണ് അദാലത്ത്. പരാതികള്‍ ഈ മാസം 31വരെ നല്‍കാം.

സംസ്ഥാനത്തെ എല്ലാ ഉപയോക്താക്കള്‍ക്കും 200 വോള്‍ട്ടില്‍ കുറയാത്ത വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് കാര്യക്ഷമത കൂടിയ സിഎഫ്എല്‍ വിതരണം ചെയ്തുവരുന്നു. ആദ്യഘട്ടത്തില്‍ 10 ലക്ഷം സിഎഫ്എലുകളാണ് സമ്പൂര്‍ണ ഊര്‍ജ സുരക്ഷാ മിഷന്‍വഴി തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ചുമതലയേറ്റശേഷം 15 ലക്ഷം പുതിയ കണക്ഷന്‍ നല്‍കി. 45,000 അപേക്ഷ ബാക്കിയുണ്ട്. ചുമതല ഏല്‍ക്കുമ്പോള്‍ 2,90,000 അപേക്ഷയാണ് കെട്ടിക്കിടന്നത്.

2 comments:

  1. ആഗോളവല്‍ക്കരണത്തിന്റെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ വിറങ്ങലിച്ചുനിന്നപ്പോള്‍ കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഉണര്‍വേകിയത് ജനകീയാസൂത്രണമായിരുന്നു. ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ ജനങ്ങളില്‍ ഉണ്ടായ ആവേശം അത്ഭുതകരമാണ്. ലോകപ്രശസ്തമായ കേരള വികസന മാതൃകയുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്ന അവസരത്തില്‍ ജനകീയാസൂത്രണം കേരളത്തിന് പുതിയൊരു മുഖം നല്‍കി. സ്കൂള്‍, ആശുപത്രി, വീട്, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനമേഖലയിലുണ്ടായ വികസനം ദ്രുതഗതിയിലായിരുന്നു. ജനകീയാസൂത്രണം വീണ്ടും ജനകീയ ക്യാമ്പയിനായി മാറ്റാനുള്ള എല്‍ഡിഎഫ് ഗവമെന്റിന്റെ തീരുമാനം ശ്ളാഘനീയമാണ്. എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുള്ള സുപ്രധാനമായ മൂന്നു കര്‍മ പദ്ധതിയാണ് ഗവമെന്റ് ആവിഷ്കരിച്ചിട്ടുള്ളത്. ഒന്‍പതാം പദ്ധതി കാലയളവില്‍ നാല് ലക്ഷത്തിലധികവും പത്താം പഞ്ചവത്സര പദ്ധതിയില്‍ മൂന്ന് ലക്ഷത്തോളവും വീട് പാവപ്പെട്ടവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മിച്ചുനല്‍കി. പതിനൊന്നാം പദ്ധതിയുടെ പിന്നിട്ട കാലയളവില്‍ രണ്ടു ലക്ഷത്തിലധികം വീടാണ് നിര്‍മിച്ചു നല്‍കിയത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വീട്. കേറിക്കിടക്കാന്‍ സ്വന്തമായൊരു വീട് ഉണ്ടാവുക എന്നത് വലിയ സ്വപ്നമാണ്. കേരളത്തിലെ വീടില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം ഈ ഗവമെന്റിന്റെ കാലാവധിക്കുള്ളില്‍ വീട് വച്ചു നല്‍കാനുള്ള സര്‍ക്കാര്‍തീരുമാനം താരതമ്യമില്ലാത്തതാണ്. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ തന്നെ സമ്പൂര്‍ണ ഭവനപദ്ധതി ആരംഭിച്ചത് ഇ എം എസിനുള്ള കേരളീയരുടെ എളിയ ഉപഹാരമായി കണക്കാക്കാം. ഇന്ത്യയിലെ വന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കോടിക്കണക്കിനു ജനങ്ങളാണ് തെരുവോരങ്ങളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഇവരുടെ തീരാദുഃഖം അകറ്റുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്. 4000 കോടി രൂപ മതിപ്പു ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സുമനസ്സുകളോട് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ പദ്ധതി വിജയിപ്പിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയാണ്.

    ReplyDelete