Friday, September 18, 2009

പരിഹാസ്യമായ ചെലവുചുരുക്കല്‍ നാടകം

കാര്‍ഷികത്തകര്‍ച്ചയും സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായുള്ള തൊഴില്‍നഷ്ടവും അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വിലയും രാജ്യത്തെ സാധാരണക്കാരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയനാടകം അരങ്ങേറുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ പരിപാടി ജനങ്ങളില്‍ പരിഹാസമല്ലാതെ മറ്റൊരു വികാരവും ഉണ്ടാക്കുന്നില്ല. രാഷ്ട്രീയസ്വാധീനമുപയോഗിച്ച് സമ്പത്തുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കീറിയ ഖദര്‍ വസ്ത്രം ധരിച്ച് നടക്കുന്നത് നിത്യേന കാണുന്ന കേരളീയര്‍ക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 'ഇക്കോണമി' ക്ളാസില്‍ യാത്ര ചെയ്യുന്നതിന്റെ ലക്ഷ്യം മനസ്സിലാകും. കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര മന്ത്രിസഭയിലെ അവരുടെ പ്രതിനിധികളും ഇനി വിമാനത്തില്‍ 'ഇക്കോണമി' ക്ളാസിലേ യാത്രചെയ്യൂ എന്നാണ് പ്രഖ്യാപനം. രാഹുല്‍ ഗാന്ധി അവിടെയും നിന്നില്ല. അദ്ദേഹം ശതാബ്ദി എക്സ്പ്രസില്‍ കയറി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചിരുന്ന വിദേശമന്ത്രി എസ് എം കൃഷ്ണയും ശശി തരൂരും കോണ്‍ഗ്രസ് തീരുമാനത്തെത്തുടര്‍ന്ന് അവിടെനിന്ന് മാറി. താന്‍ ഇനി പ്രത്യേക വിമാനത്തില്‍ യാത്രചെയ്യില്ലെന്നാണ് ധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജിയുടെ പ്രഖ്യാപനം. എന്നാല്‍, വിദേശത്ത് പോകുമ്പോള്‍ ഉയര്‍ന്ന ക്ളാസ് ആകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രാജ്യം കടുത്ത സാമ്പത്തികപ്രയാസം നേരിടുമ്പോള്‍, നേതാക്കള്‍ ചെലവുചുരുക്കി മാതൃകയാകണമെന്ന ആശയം നല്ലതുതന്നെ. എന്നാല്‍, കോര്‍പറേറ്റുകളുടെ താല്‍പ്പര്യത്തിന് ജനങ്ങളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്ന കക്ഷിയുടെ നേതാക്കളും മന്ത്രിമാരും കന്നുകാലി ക്ളാസ് എന്ന് മന്ത്രി ശശി തരൂര്‍ വിശേഷിപ്പിച്ച ഇക്കോണമി ക്ളാസില്‍ യാത്രചെയ്യുന്നതിലെ കാപട്യം തിരിച്ചറിയാന്‍ ബുദ്ധമുട്ടില്ല. കോണ്‍ഗ്രസിന്റെ ചെലവുചുരുക്കല്‍ പരിപാടിയോട് യുപിഎയിലെ ഘടകകക്ഷികള്‍ക്ക് പോലും യോജിക്കാന്‍ കഴിയാത്തതില്‍ അല്‍ഭുതമില്ല. വിമാനത്തിലെ ബിസിനസ് ക്ളാസിലാണെങ്കില്‍ യാത്രക്കിടയില്‍ ജോലിചെയ്യാന്‍ കഴിയുമെന്നാണ് ശരദ്പവാര്‍ പറയുന്നത്. സോണിയ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ തീവണ്ടിയില്‍ രണ്ടാം ക്ളാസില്‍ സാധാരണക്കാരെപ്പോലെ യാത്രചെയ്യാന്‍ കഴിയുമോ? ദേശീയനേതാക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്. സുരക്ഷ ആവശ്യമുള്ള നേതാക്കള്‍ സാധാരണ വണ്ടിയില്‍ കയറിയാല്‍ ചെലവു കൂടുമെന്ന് മാത്രമല്ല, അത് മറ്റ് യാത്രക്കാരുടെ സൌകര്യവും സ്വാതന്ത്ര്യവും നിഷേധിക്കുകയും ചെയ്യും. തീവണ്ടിയില്‍ കയറി വാര്‍ത്ത സൃഷ്ടിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച തമിഴ്നാട്ടില്‍ പോയപ്പോള്‍ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം ചെലവാക്കിയത് ഒരുകോടി രൂപയാണ്. ഒരു മണിക്കൂറിന് ഒന്നരലക്ഷം രൂപ വാടകയുള്ള ഹെലികോപ്റ്ററിലായിരുന്നു അദ്ദേഹത്തിന്റെ പര്യടനം. ചെലവ് കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം വഹിച്ചു. ഇതിനൊക്കെ എവിടെനിന്നാണ് കോണ്‍ഗ്രസിന് പണം എന്ന് ആരും ചോദിക്കില്ല.

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന് ആയിരം കോടിയിലേറെ രൂപയാണ് വന്‍കിട കമ്പനികളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം പിരിച്ചത്. സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയത് തന്നെ 500 കോടിയിലേറെ വരും. വിഐപി മണ്ഡലങ്ങളില്‍ ചെലവാക്കിയ തുക ഇതിന്റെ എത്രയോ ഇരട്ടിയാണ്. പണം കൊടുത്ത് 'ജനവിധി' വാങ്ങുന്ന പ്രക്രിയ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയായി വളര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങളും ജനപ്രാതിനിധ്യനിയമത്തിലെ നിബന്ധനകളും കാറ്റില്‍പറത്തിയാണ് ബൂര്‍ഷ്വാ പാര്‍ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോര്‍പറേറ്റുകള്‍ രാഷ്ട്രീയകക്ഷികള്‍ക്ക് പണം കൊടുക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിന്റെ ഒരുപാട് ഇരട്ടി തിരിച്ചുകിട്ടണം. ഗവമെന്റുകളുടെ അഴിമതിയുടെ വേരുകള്‍ ഇവിടെയാണ്. സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ കമ്പനിയില്‍ നിന്ന് മിസൈല്‍ വാങ്ങിയ വകയില്‍ ചില ഇടനിലക്കാര്‍ക്ക് 900 കോടി രൂപ കമീഷന്‍ കിട്ടിയെന്ന വെളിപ്പെടുത്തല്‍ യുക്തിസഹമായി നിഷേധിക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 'മിസ്റ്റര്‍ ക്ളീന്‍' എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്ന എ കെ ആന്റണിയുടെ കാര്‍മികത്വത്തിലാണ് പ്രതിരോധവകുപ്പില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നത്. അഴിമതിക്കുനേരെ കണ്ണടയ്ക്കാത്ത ഒരാള്‍ക്കും കോണ്‍ഗ്രസ് നയിക്കുന്ന മന്ത്രിസഭയില്‍ തുടരാന്‍ കഴിയില്ല. കൃഷ്ണ-ഗോദാവരി തടത്തില്‍നിന്ന് പ്രകൃതിവാതകം ഖനനം ചെയ്യാനുള്ള അവകാശം റിലയന്‍സ് കമ്പനിക്ക് കൊടുത്തപ്പോള്‍ അവര്‍ വിതരണംചെയ്യുന്ന വാതകത്തിന് വില നിശ്ചയിച്ചിരുന്നു. എന്നാല്‍, ആ വില വര്‍ധിപ്പിച്ചുകൊടുക്കാന്‍ പെട്രോളിയം മന്ത്രാലയം ഒത്താശ ചെയ്തതിനുപിന്നില്‍ ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നത്. അംബാനി സഹോദരന്മാരുടെ ബിസിനസ് വൈരമാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്. അനില്‍ അംബാനിയുടെ ആരോപണം ശരിയാണെങ്കില്‍ വര്‍ഷം അമ്പതിനായിരം കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക.

ഇത്തരത്തില്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരമൊരുക്കി അതില്‍ നിന്ന് പങ്ക് പറ്റുന്ന രാഷ്ട്രീയനേതൃത്വമാണ് ചെലവുചുരുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കോര്‍പറേറ്റുകളില്‍നിന്ന് കോടികള്‍ പിരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ടി അധികാരത്തില്‍വന്നാല്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരുവര്‍ഷത്തിനകം യുപിഎ സര്‍ക്കാര്‍ (പുതിയതും പഴയതും കൂടി) കോര്‍പറേറ്റുകള്‍ക്ക് എഴുപതിനായിരം കോടി രൂപയുടെ ഇളവുകളാണ് നിയമപരമായിത്തന്നെ നല്‍കിയത്.

കടുത്ത വരള്‍ച്ച രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സാധനവില മുമ്പില്ലാത്തവിധം കുതിച്ചുയരുന്നു. അരിക്ക് കിലോഗ്രാമിന് മുപ്പത് രൂപയിലധികമാണ് ഡല്‍ഹിയില്‍ വില. പഞ്ചസാരവിലയും മുപ്പതിന് മീതെ. തുവരപ്പരിപ്പിന് നൂറു രൂപയോളം. വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ ഗവമെന്റിന് കഴിഞ്ഞിട്ടില്ല. കാര്‍ഷികത്തകര്‍ച്ച കാരണം വിദര്‍ഭയിലും മധ്യപ്രദേശിലും യുപിയിലും ഉള്‍പ്പെടുന്ന ബുന്ധേല്‍ഖണ്ഡിലും കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. ഇതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും തങ്ങള്‍ ജനങ്ങളോടൊപ്പമാണെന്ന് വരുത്താനുമുള്ള ചെപ്പടിവിദ്യയാണ് 'ഇക്കോണമി ക്ളാസ്' യാത്ര.

ലോക്സഭയിലേക്ക് ഏറ്റവുമധികം കോടീശ്വരന്മാരെ അയച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ ശശി തരൂര്‍ ഇലക്ഷന്‍ കമീഷന് കൊടുത്ത കണക്കില്‍ അദ്ദേഹത്തിന് ഇരുപത്തൊന്ന് കോടി രൂപയുടെ ആസ്തിയുണ്ട്. സാധാരണ ക്ളാസില്‍ പോകുന്നവരെ തരൂര്‍ കന്നുകാലികള്‍ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ പണക്കൊഴുപ്പിന്റെ മാത്രം പ്രതിഫലനമല്ല. പുസ്തകങ്ങള്‍ എഴുതുന്നതും സംസ്കാരവും തമ്മില്‍ ബന്ധമില്ലെന്നല്ലേ തരൂരിന്റെ കന്നുകാലി പരാമര്‍ശം വ്യക്തമാക്കുന്നത്. 'വിശുദ്ധപശുക്കളെ' തൊട്ടതുകൊണ്ടാകാം കോണ്‍ഗ്രസ് നേതൃത്വം തരൂരിന്റെ പരമാര്‍ശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. അമേരിക്കന്‍ നേതാക്കളുമായി അടുത്ത ബന്ധമുള്ള തന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന ധാരണ ശശി തരൂരിനുണ്ടായതില്‍ അല്‍ഭുതമില്ല.

ദേശാഭിമാനി മുഖപ്രസംഗം 18 സെപ്തംബര്‍ 2009

1 comment:

  1. കാര്‍ഷികത്തകര്‍ച്ചയും സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായുള്ള തൊഴില്‍നഷ്ടവും അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വിലയും രാജ്യത്തെ സാധാരണക്കാരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയനാടകം അരങ്ങേറുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ പരിപാടി ജനങ്ങളില്‍ പരിഹാസമല്ലാതെ മറ്റൊരു വികാരവും ഉണ്ടാക്കുന്നില്ല. രാഷ്ട്രീയസ്വാധീനമുപയോഗിച്ച് സമ്പത്തുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കീറിയ ഖദര്‍ വസ്ത്രം ധരിച്ച് നടക്കുന്നത് നിത്യേന കാണുന്ന കേരളീയര്‍ക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 'ഇക്കോണമി' ക്ളാസില്‍ യാത്ര ചെയ്യുന്നതിന്റെ ലക്ഷ്യം മനസ്സിലാകും.

    ReplyDelete