Tuesday, March 12, 2019

ജനസമ്മതിയുടെ തിളക്കവുമായി സി ദിവാകരൻ

സി ദിവാകരൻ (76). നിലവിൽ നെടുമങ്ങാട് എംഎൽഎയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് സി ദിവാകരൻ. കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്ന് രണ്ടുതവണ എംഎൽഎയായി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ‌് മൃഗസംരക്ഷണ ക്ഷീര വികസന  മന്ത്രിയുമായിരുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച കേരള നിയമസഭ സമിതി ചെയർമാനായി. വ്യവസായവും ധാതുക്കളും സംബന്ധിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റിയിലും നിയമസഭ സ്പീക്കർ ചെയർമാനായിട്ടുള്ള റൂൾസ് കമ്മിറ്റിയിലും  അംഗമാണ്. പ്രഭാത് ബുക്ക്ഹൗസ് ചെയർമാനും മാനേജിംങ് ഡയറക്ടറുമാണ്‌. ബിഎ, ബിഎഡ് ബിരുദധാരിയായ സി ദിവാകരൻ കുറച്ചുകാലം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീചിത്രാ മെഡിക്കൽ സെന്റർ പിആർഒ ആയിരുന്ന ഹേമലതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിൽ ഭക്ഷ്യമന്ത്രിയെന്ന നിലയിൽ വിലക്കയറ്റം പിടിച്ചുനിർത്താനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും സി ദിവാകരൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഏവരാലും പ്രംശസിക്കപ്പെട്ട നടപടികൾ അദ്ദേഹത്തെ സംസ്ഥാന രാഷ‌്ട്രീയത്തിലെ തിളക്കമാർന്ന വ്യക്തിത്വങ്ങളിൽ ഒന്നാക്കി.

വിദ്യാർഥി രാഷ‌്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ദിവാകരൻ എഐഎസ്എഫ്–-എഐവൈഎഫ് എന്നിവയുടെ ജില്ലാ–-സംസ്ഥാനതല നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു. എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ദേശീയ കൗൺസിൽ അംഗം, ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി തൊഴിലാളി യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

മലയാളത്തിലും ഹിന്ദിയിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിറങ്ങളുടെ ചൈന', 'ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ' എന്നിവ ശ്രദ്ധേയമായി. ‘ലണ്ടൻ യാത്ര അനുഭവങ്ങൾ' യാത്രാവിവരണം ഉടൻ പ്രസിദ്ധീകരിക്കും. ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ എന്ന പുസ്തകം 'വിശ്വകോ ചൗങ്കേ ഗോലിയോം കേ പീച്ചേ' എന്നപേരിൽ ഹിന്ദിയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.

അനുഭവത്തിന്റെ കരുത്തുമായി വയനാട്‌ പി പി സുനീർ

പി പി സുനീർ (51).  സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എൽഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ, കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഹൗസിങ് ബോർഡ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2011 മുതൽ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി. തൃശൂർ കേരളവർമ കോളേജിൽ എഐഎസ്എഫ് നേതാവായി. രണ്ടു തവണ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ്ചെയർമാൻ. ബിരുദാനന്തര ബിരുദധാരിയാണ്.  മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ കമ്യൂണിസറ്റ്  കുടുംബത്തിൽ ജനിച്ചു. പി പി അബൂബക്കർ–-പി എൻ ആയിഷ ദമ്പതികളുടെ മകൻ. എടപ്പാൾ പൂക്കരത്തറ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക കെ കെ ഷാഹിന ഭാര്യ.  റിയാന, ലിയാന, സഞ്ജിത്ത‌് എന്നിവർ മക്കൾ.

രാഷ്ട്രീയ സംഘടനാ നേതൃത്വത്തിന്റെ കരുത്തും തെരഞ്ഞെടുപ്പ‌് പോരാട്ടത്തിന്റെ അനുഭവ സമ്പത്തുമായി പി പി സുനീർ ചുരം കയറുമ്പോൾ അതൊരു ചരിത്ര നിയോഗമായിരിക്കുമെന്ന‌് എതിരാളികൾപോലും സമ്മതിക്കും. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതിന്റെ തുടർച്ച ഇന്ന‌് എൽഡിഎഫ് വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർഥിയിലെത്തി നിൽക്കുകയാണ‌്.

സുനീറിന്റെ ജീവിതം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. വെളിയംകോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ സെന്റ് അലോഷ്യസിൽനിന്ന് പ്രീഡിഗ്രിയും കേരളവർമയിൽനിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇക്കാലയളവിലെല്ലാം വിദ്യാർഥി രാഷട്രീയപ്രവർത്തനങ്ങുടെ മുന്നണി പോരാളിയായിരുന്നു സുനീർ.

വിദ്യാർഥി–- യുവജന സംഘടനാ നേതൃത്വത്തിൽനിന്നും മുഴുവൻസമയ പ്രവർത്തകനായി സുനീർ മാറുന്നത് സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറിയാകുന്നതോടെയാണ‌്. തുടർന്ന്  ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും 8 വർഷം ജില്ലാ സെക്രട്ടറിയുമായി. മലപ്പുറത്ത‌് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ‌് സംസ്ഥാന എക‌്സിക്യുട്ടീവ‌് അംഗമായത‌്. 2005ൽ മാറഞ്ചേരിയിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികവുറ്റ പ്രവർത്തനമാണ് കാഴ്ച്ചവച്ചത്.

നാട്യങ്ങളില്ലാത്ത ജനസേവകനായി ചിറ്റയം ഗോപകുമാർ

രാഷ‌്ട്രീയപ്രവർത്തനത്തിന്റെ തിരക്കിനിടയിലും ചിറ്റയത്തിന്റെ ദിനചര്യയിൽ അഭിനയവും പാട്ടുമെല്ലാമുണ്ട‌്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ചതിനാൽ ജീവിതാനുഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ പാട്ടിനെ സ്വാധീനിക്കുന്നു. അടിയന്തിരാവസ്ഥയ‌്ക്കെതിരെ നാടകമൊരുക്കിയാണ‌് അഭിനയ കളരിയുടെ തുടക്കം. കലാകാരന്മാരുമായുള്ള ഊഷ‌്മളബന്ധം സിനിമ–-ടെലിവിഷൻ രംഗത്തുമെത്തിച്ചു. അഭിനയം പക്ഷേ ചിറ്റയത്തിന്റെ ജീവിതത്തിലില്ല. നാട്യമില്ലാതെ നിഷ്കളങ്കതയും ലാളിത്യവും മുഖമുദ്രയായ ചിറ്റയം നാട്ടുകാർക്കാകെ സുപരിചിതൻ. 2011ൽ അടൂരിൽനിന്ന‌് നിയമസഭയിലേക്ക‌് ജയിക്കുമ്പോൾ 607 വോട്ട‌ായിരുന്നു ഭൂരിപക്ഷം. അടൂരിന്റെ വികസനപ്രശ‌്നങ്ങളൊന്നായി പരിഹരിച്ച‌് 2016ൽ വീണ്ടും മത്സരിച്ചപ്പോൾ ഭൂരിപക്ഷം 25,460 ആയി.

ചുരുങ്ങിയ കാലയളവിൽ 500 കോടിയുടെ വികസനമാണ‌് ചിറ്റയം ഗോപകുമാർ അടൂരിലേക്ക‌് കൊണ്ടുവന്നത‌്. റോഡുകളും പാലങ്ങളും പരിഗണിച്ചതിനൊപ്പം സ‌്കൂളുകളെയും അദ്ദേഹം കൈപിടിച്ചുയർത്തി. അടൂർ മണ്ഡലത്തിലെ ഒമ്പത‌് പഞ്ചായത്തുകളിലായി ഓരോ സ‌്കൂളിലെ എല്ലാക്ലാസ‌്മുറികളും ഹൈടെക്ക‌് സംവിധാനമൊരുക്കി. കറുത്ത ബോർഡിനു പകരം ടച്ച‌് സ‌്ക്രീനോടു കൂടിയ ബോർഡ‌്. മിക്കവാറും സ‌്കൂളുകൾക്ക‌് എംഎൽഎ ഫണ്ടിൽ നിന്ന‌് ബസുകളും. അന്തർദേശീയ നിലവാരമുള്ള റോഡുകൾ, പാലങ്ങൾ, സ്‌റ്റേഡിയങ്ങൾ,  കോടതി സമുച്ചയം, എക്‌സൈസ്‌–-റവന്യൂ  കോംപ്ലക്‌സ്‌, മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം നവീകരണം ഉൾപ്പെടെ അടൂരിന്റെ വികസനമുന്നേറ്റത്തിലും ചിറ്റയം ഗോപകുമാറിന്റെ കൈയ്യൊപ്പുണ്ട‌്.

തൃശൂരിന്റെ രാജാജി മാത്യു തോമസ‌് ; ലോകഭാഷകൾ അറിയുന്ന ഗ്രാമീണൻ

രാജാജി മാത്യു തോമസ‌് (64) സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപർ, മീഡിയ അക്കാദമി ഭരണസമിതി അംഗം. 12–-ാം കേരള നിയമസഭയിൽ ഒല്ലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. നിയമസഭാ പരിസ്ഥിതി സമിതി ചെയർമാനായിരുന്നു. ജനയുഗം തൃശൂർ ബ്യൂറോ ചീഫ്, ഡൽഹി ലേഖകൻ, എക്സിക്യൂട്ടീവ് എഡിറ്റർ എന്നിങ്ങനെ പ്രവർത്തിച്ചു. 1990 മുതൽ 1996 വരെ എഐവൈഎഫ് ജനറൽ സെക്രട്ടറി. തൃശൂർ പാണഞ്ചേരി കണ്ണാറ തെങ്ങുവിളയിൽ തോമസിന്റെയും മറിയാമ്മയുടെയും മകൻ. തത്വശാസ‌്ത്രത്തിൽ ബിരുദധാരിയായ രാജാജി മാത്യു തോമസ‌ിന്റെ പിജി പഠനം മലയാള സാഹിത്യത്തിലായിരുന്നു. കണ്ണാറയിലാണ് താമസം. ഭാര്യ: ശാന്ത.  മക്കൾ: ചില്ലോഗ് തോമസ് അച്യുത്,  ധുന മരിയ ഭാർഗവി.

എഴുപത്തെട്ട‌് രാജ്യങ്ങളിൽ സഞ്ചരിച്ചുനേടിയ അനുഭവപാഠങ്ങൾ കൈമുതലാക്കിയ കമ്യൂണിസ്റ്റ് നേതാവ‌്. ഹംഗേറിയൻ ഉൾപ്പെടെ വിവിധ ലോകഭാഷകൾ അറിയുന്ന ഗ്രാമീണൻ. മികച്ച പ്രഭാഷകൻ. ജനകീയനായ പൊതുപ്രവർത്തകൻ. മുൻഎംഎൽഎ കൂടിയായ രാജാജി മാത്യു തോമസ‌് അതിവിപുലമായ അനുഭവസമ്പത്തിന്റെ ഉടമ. 1985 മുതൽ 1996വരെ ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമാക്കിയായിരുന്നു ദീർഘകാലം  പ്രവർത്തനം. വിവിധരാജ്യങ്ങൾ സന്ദർശിച്ച‌് യുവജനപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ലോക യുവജന ഫെഡറേഷന്റെ ഏഷ്യ–-പസഫിക് മേഖലാ തലവനും മുഖപത്രമായ വേൾഡ് യൂത്തിന്റെ പത്രാധിപ സമിതി അംഗവുമായിരുന്നു. 1985ൽ മോസ്കോയിൽ നടന്ന 12–-ാം ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നായകനായി. ഉത്തര കൊറിയയിൽ നടന്ന 13–-ാം ലോക യുവജന സമ്മേളനത്തിന്റെ സ്ഥിരം സമിതി കോ ഓർഡിനേറ്റർ. നിക്കരാഗ്വയിൽ പ്രതിവിപ്ലവകാരികൾക്കെതിരെ സാൻഡിനിസ്റ്റ പോരാളികൾ നടത്തിയ പോരാട്ടങ്ങൾക്ക് ഊർജം പകരാൻ ലോക യുവജന പ്രസ്ഥാനം നിയോഗിച്ചത് ഉപാധ്യക്ഷനായ രാജാജിയെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാളിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം ‘വുഫ്ഡി ഡിപ്ലോമ'യ‌്ക്കും രാജാജി അർഹനായി. തൊഴിലിനും അവകാശങ്ങൾക്കുംവേണ്ടി  ഇന്ത്യയിലെ യുവജനങ്ങളുടെ പ്രക്ഷോഭങ്ങൾ നയിച്ചു. വി പി സിങ് സർക്കാരിന്റെ കാലംമുതൽ ദീഘകാലം ഇന്ത്യൻ യുവജന കമീഷൻ അംഗമായി പ്രവർത്തിച്ചു. ഇന്ത്യൻ യുവജന നയം രൂപീകരിക്കുന്നതിലും പങ്കാളിയായി.

ഒല്ലൂരിന്റെ  നാട്ടിടങ്ങളിലൂടെ സഞ്ചരിച്ചാൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ രാജാജി എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളുടെ നേർചിത്രങ്ങൾ. 52 കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒളകര ആദിവാസി കോളനിയിലേക്ക് ഒരു കോടിയോളം രൂപ ചെലവഴിച്ച് വൈദ്യുതിയെത്തിച്ചു. ഗതാഗത സൗകര്യമൊരുക്കി. പീച്ചി ജലവൈദ്യുത പദ്ധതിക്ക് തുടക്കംകുറിച്ചു. കേരളത്തിലെ ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണിത്. കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടാൻ ഗാബിയോൺ സംരക്ഷണമതിൽ നിർമിച്ചതും മാതൃകാ വികസനപ്രവൃത്തികളാണ്. 

വിദ്യാർഥി മുന്നേറ്റങ്ങളുടെ നായകൻ വി പി സാനു

വി പി സാനു (30). സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, എസ‌്എഫ‌്ഐ അഖിലേന്ത്യ പ്രസിഡന്റ‌്.  വളാഞ്ചേരി എംഇഎസ‌് കെവിഎം കോളേജ‌്, ശ്രീശങ്കരാചാര്യ സംസ‌്കൃത സർവകലാശാലാ തിരൂർ കേന്ദ്രം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബാലസംഘം ജില്ലാ സെക്രട്ടറി, എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ‌് ചുമതലകൾ വഹിച്ചു. 2016ൽ എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റായി. 2018ൽ വീണ്ടും പ്രസിഡന്റായി. എംഎസ‌്ഡബ്ല്യു, എംകോം ബിരുദധാരി. കുറ്റിപ്പുറം അബുദാബിപ്പടി വട്ടപ്പറമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയയുടെയും റംലയുടെയും മകൻ. ജേർണലിസം വിദ്യാർഥി വി പി സഹീറാണ‌് സഹോദരൻ.

സംഘപരിവാർ അജൻഡകൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയും കേന്ദ്രസർക്കാരിന്റെ വികല വിദ്യാഭ്യാസനയങ്ങൾക്കെതിരെയും ദേശീയതലത്തിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങളുടെ മുൻനിര നായകനാണ‌് എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു. ജെഎൻയു വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്ന കനയ്യകുമാറിനെ ജയിലിലടച്ചതിനെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ച് ഡൽഹിയിൽ സമരം നയിച്ച സാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നജീബിന്റെ തിരോധാനത്തെയും രോഹിത് വെമുലയുടെ ആത്മഹത്യയെയും തുടർന്ന‌് രാജ്യത്ത് നടന്ന വിദ്യാർഥി സമരങ്ങളിലും മുൻനിര പോരാളിയായി. തെലങ്കാനയിൽ നടന്ന മഹാജനപഥയാത്രയിലും പങ്കാളിയായി. ഈ പോരാട്ടങ്ങളുടെ അനുഭവസമ്പത്തുമായാണ‌്  സാനു മലപ്പുറത്തുനിന്ന‌് ലോക‌്സഭയിലേക്ക‌് ജനവിധി തേടുന്നത‌്.
കുറ്റിപ്പുറം അബുദാബിപ്പടി സ്വദേശിയായ സാനു ബാലസംഘം പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത‌്. കുറ്റിപ്പുറം ഗവ. എച്ച‌്എസ‌്എസ‌ിൽ എട്ടാംതരത്തിൽ പഠിക്കവെ സജീവ എസ‌്എഫ‌്ഐ പ്രവർത്തകനായി. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ‌് കലിക്കറ്റ‌് സർവകലാശാല പരീക്ഷാഭവനിലെ നെറ്റ‌്‌വർക്ക‌് തകരാറിന‌് പരിഹാരം കാണണമെന്നാവശ്യപ്പെട്ട‌്  നിരാഹാര സമരം നടത്തിയത‌്.  ഇതേ കാലയളവിൽ സ്വാശ്രയ കോളേജ‌് വിദ്യാർഥികൾക്ക‌് ക്യാമ്പസിലെ ഹോസ‌്റ്റൽ അനുവദിക്കുന്നതിനെതിരെ 146 ദിവസം നീണ്ടുനിന്ന സമരത്തിന‌് നേതൃത്വം നൽകി. നിരവധി തവണ പൊലീസിന്റെ ക്രൂര മർദനത്തിനും ഇരായായി. 23 ദിവസം ജയിൽവാസമനുഷ്ടിച്ചു.

യുവാക്കളും വിദ്യാർഥികളും രാജ്യത്തിന്റെ ഭാവി നിർണയിക്കുമെന്നും ഉന്നയിക്കുന്ന രാഷ്ട്രീയമാണ‌് പ്രധാനമെന്നുമാണ‌് സാനുവിന്റെ നിലപാട‌്. ഇതിനെല്ലാം പുറമെ മലപ്പുറത്തെ ക്യാമ്പസുകൾ ഇടതുപക്ഷത്തോടൊപ്പം ചിന്തിക്കുന്നുവെന്നതും പ്രതീക്ഷയേകുന്നു. കർഷകരും തൊഴിലാളികളും മാത്രമല്ല, അതിർത്തി കാക്കുന്ന ജവാന്മാർപോലും സമരത്തിനിറങ്ങുന്ന  സാഹചര്യത്തിൽ ഇടതുപക്ഷമാണ‌് ബദലെന്ന‌ തിരിച്ചറിവ‌് മലപ്പുറത്തും പ്രതിഫലിക്കും.

മലനാടിന്റെ വികസന നായകൻ; ഇടുക്കിയുടെ ജോയ്‌സ്‌ ജോർജ്ജ്‌

ജോയ‌്സ‌്ജോർജ‌് ( 48 ). കന്നിയങ്കത്തിൽ 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടുക്കി ‐ വാഴത്തോപ്പിൽ ആദ്യകാല കുടിയേറ്റ കുടുംബമായ പാലിയത്ത്വീട്ടിൽ ജോർജിന്റെയും മേരിയുടെയും മകനായി 1970 ഏപ്രിൽ 26 ന് ജനനം. തൊടുപുഴ ന്യൂമാൻ കോളേജിലും മാന്നാനം കെഇ കോളേജിലുമായി ഗണിതശാസ്ത്രത്തിൽ ബിരുദപഠനം. തിരുവനന്തപുരം ലയോള കോളേജിൽനിന്നും ഉയർന്ന മാർക്കോടെ എംഎസ്‌ഡബ്ല്യൂ. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽനിന്നും നിയമബിരുദം. തുടർന്ന്‌ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വർഷത്തെ അഭിഭാഷകവൃത്തി. ഭാര്യ അനൂപ ജോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക. ഏക മകൻ ജോർജിൻ ജോർജ‌് പത്താം ക്ലാസ്‌ വിദ്യാർഥി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെയുള്ള മലയോര ജനതയുടെ പ്രതിഷേധ സമരത്തിന്റെ മുൻനിരയിലൂടെ പൊതുരംഗത്തെത്തി. പാർലമെന്റ് സ്റ്റാൻഡിങ‌് കമ്മിറ്റി, കെമിക്കൽസ്‌ ആൻഡ്‌ ഫെർട്ടിലൈസേഴ്സ്, മിനിസ്ട്രി ഓഫ് ലോ ആൻഡ്‌ ജസ്റ്റിസ്, പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, ലോ ആൻഡ്‌ ജസ്റ്റിസ്, വനം – പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം വകുപ്പിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

മലനാട്ടിലെ അതിജീവന പോരാട്ടത്തിന്റെ അമരക്കാരനിലൊരാളായെത്തി അഞ്ചുവർഷംകൊണ്ട്‌ വികസന നായകനായ ചരിത്രമാണ്‌ ജോയ്‌സ്‌ ജോർജിനുള്ളത്‌. നാലര വർഷംകൊണ്ട്‌ ഇടുക്കിയിൽ 4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാർഷിക പ്രശ്നങ്ങളുയർത്തി 9 സ്വകാര്യ ബില്ല‌് പാർലമെന്റിൽ അവതരിപ്പിച്ചത്‌. പാർലമെന്ററി പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട വിവരമനുസരിച്ച്ഏറ്റവുംമികച്ച പ്രകടനം നടത്തിയ കേരളത്തിലെ രണ്ടാമത്തെ അംഗം. ലോക്‌സഭയിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത 18 എംപിമാരിലൊരാൾ. ഏറ്റവും കൂടുതൽ വികസന ഫണ്ട്‌ ചെലവഴിച്ച സംസ്ഥാനത്തെ രണ്ടാമത്തെ എംപിയെന്ന സ്ഥാനവും ജോയ്‌സിനുണ്ട്‌.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഏറ്റവുംവലിയ ദേശീയപാത വികസന പദ്ധതിയായ മൂന്നാർ ‐ പൂപ്പാറ ‐ ബോഡിമെട്ട് പാതയുടെ  ( 381 കോടി )  നിർമാണം അന്തിമഘട്ടത്തിലാണ്. രാജ്യത്താകെ മൂന്ന്‌ എൻസിസി ബറ്റാലിയനുകൾ അനുവദിച്ചതൊന്ന്‌ നെടുങ്കണ്ടത്ത്‌. കട്ടപ്പനയിൽ പാസ്‌പോർട്ട്‌ സേവാ കേന്ദ്രം തുടങ്ങാനും അഞ്ച‌് ഇഎസ്‌ഐ ഡിസ്‌പൻസറി മണ്ഡലത്തിൽ ആരംഭിക്കാനുമായി. പ്രളയാനന്തര കേരളത്തിലെ ആദ്യത്തെ വലിയ പാലം ചെറുതോണിയിൽ നിർമാണം തുടങ്ങുന്നതും എംപിയുടെ ഇടപെടലിലാണ്‌. സ്വാതന്ത്ര്യാനന്തരം ഇടുക്കിക്ക്‌ ആദ്യമായി സിആർഎഫ്‌ റോഡുകൾ കൊണ്ടുവന്നതെന്ന നേട്ടവും ഉണ്ട്‌. ഒന്നരലക്ഷം കുടുംബശ്രീ അംഗങ്ങൾക്കായി സ്‌ത്രീ ശാക്തീകരണ പദ്ധതിയായ ‘ഒപ്പം’ നടപ്പാക്കി.

2250 കോടി ചെലവിൽ പളനിയിൽനിന്നും ശബരിമലയിലേക്ക് നാഷണൽ ഹൈവേ അനുവദിപ്പിക്കുന്നതിന് കഴിഞ്ഞത് സുപ്രധാന നേട്ടം.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 നവംബർ 13 ന് ഇറക്കിയ ഉത്തരവ‌് വഴി  പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകളിലും നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയിരുന്നു. 1986 ലെ പരിസ്ഥിതിസംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവ് ഭേദഗതി ചെയ്ത് നിരോധനങ്ങൾ മാറ്റി 2018 ഡിസംബർ മൂന്നിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കാനായി.
ഇടുക്കി, എറണാകുളം ജില്ലകളിലെ 25,000 ഏക്കർ കൃഷിസ്ഥലം വനഭൂമിയാക്കിമാറ്റുന്നതിനുള്ള 225 കോടിയുടെ അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായ എച്ച്ആർഎംഎൽ പിൻവലിപ്പിക്കാൻ കഴിഞ്ഞു. ഇതാദ്യമായാണ്‌ യുഎൻഡിപിയുടെ പദ്ധതി ഒരുരാജ്യത്ത്ഒരു ജനപ്രതിനിധിയുടെ ഇടപെടലിലൂടെ പിൻവലിപ്പിക്കുന്നത്. ഉപാധി രഹിത പട്ടയം ഉൾപ്പെടെ നിലനിന്നിരുന്ന 90 ശതമാനം ഭൂമി പ്രശ്നങ്ങൾക്ക് തന്റേതായ ഇടപെടൽ നടത്തി പരിഹരിക്കാനായി.

പൊന്നാനിയിൽ വിസ‌്മരിക്കാനാകാത്ത സാന്നിധ്യം പി വി അൻവർ

പി വി അൻവർ (53) കോൺഗ്രസ‌് നേതാവായിരുന്ന പി വി ഷൗക്കത്തലിയുടെ മകനായ പി വി അൻവർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ‌്‌ പൊതുപ്രവർത്തന രംഗത്ത് സജീവമായത‌്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ‌്‌, ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ‌് എന്നി നിലകളിൽ പ്രവർത്തിച്ചു. 2011ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 41 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. 2014ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച‌ു. 2016ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിന‌് തോൽപ്പിച്ചു. ഷീജയാണ‌് ഭാര്യ. നാല‌് മക്കളുണ്ട‌്.

നിലമ്പൂർ മണ്ഡലത്തിൽ 35 വർഷത്തെ യുഡിഎഫ് വിജയത്തിന‌് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടൂ കൂടിയാണ് പി വി അൻവർ പൊന്നാനിയിലേക്ക് എത്തുന്നത്. ദുരിതച്ചുഴിയിൽ ജനം നട്ടംതിരിയുമ്പോൾ തിരിഞ്ഞുനോക്കാതെ തീർഥാടനത്തിനു പോകുന്നവരല്ല, അവർക്കൊപ്പം നിൽക്കുന്നവരാണ‌് യഥാർഥ ജനപ്രതിനിധികളെന്ന‌് മൂന്ന‌് വർഷത്തെ എംഎൽഎ ജീവിതത്തിലൂടെ പി വി അൻവർ തെളിയിച്ചു. മഹാപ്രളയത്തിന്റെ ആദ്യ ദിനങ്ങളിൽ ആയിരങ്ങളുടെ ജീവൻ കാക്കാൻ മുന്നിട്ടിറങ്ങിയ അൻവറിന്റെ സാന്നിധ്യം ജനം മറക്കില്ല.

ആഗസ‌്ത‌് ഒമ്പതിന‌് മുങ്ങിയ വണ്ടുർ കാഞ്ഞിരപ്പാടം തൃക്കേക്കുത്തിലെ ജനങ്ങൾ പ്രാണനായി കേണപ്പോൾ, വെള്ളത്തിൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്ന സ്ക്യൂബ എന്ന ആധുനിക വാഹനവും ഉപകരണങ്ങളും മണിക്കൂറുകൾക്കുള്ളിൽ ഏറണാകുളത്ത് നിന്ന‌് നിലമ്പൂരിൽ എത്തിച്ചത് അൻവറിന്റെ ഇടപെടലായിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യുതി തടസ്സംമൂലം ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ  സ്വന്തം ചെലവിൽ ജനറേറ്റർ നൽകി. നിലമ്പൂർ ഗവ. കോളേജ് യാഥാർഥ്യമാക്കി, മാനവേദൻ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു, മിനി സ്റ്റേഡിയം, ഏനാന്തി പാലം, മലയോര ഹൈവേ, നാടുകാണി–-പരപ്പനങ്ങാടി പാത വികസനം, ആദിവാസി മേഖലയിലെ ഇടപെടലുകൾ, ആതുരാലയങ്ങളുടെ മുന്നേറ്റം അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത നേട്ടങ്ങൾക്കാണ് അൻവർ നിലമ്പൂരിൽ തുടക്കം കുറിച്ചത‌്.

2013ല്‍ മുന്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പലതിനും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയതുപോലും 2016ല്‍ അന്‍വര്‍ എംഎല്‍എ ആയ ശേഷമാണ‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 25 കോടിയുടെ വികസന പദ്ധതികളാണ് അഞ്ചു സ്കൂളുകളിലായി പുരോഗമിക്കുന്നത്. 15 സ്കുളുകളില്‍ രണ്ട് വീതം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ പദ്ധതി പുരോഗമിക്കുന്നു.11 കോടി മുടക്കി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു. മൂന്നുവർഷത്തിനുള്ളിൽ 450 കോടിയുടെ വികസനമാണ‌് നിലമ്പൂരിൽ പുരോഗമിക്കുന്നത‌്.