രാഷ‌്ട്രീയപ്രവർത്തനത്തിന്റെ തിരക്കിനിടയിലും ചിറ്റയത്തിന്റെ ദിനചര്യയിൽ അഭിനയവും പാട്ടുമെല്ലാമുണ്ട‌്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ചതിനാൽ ജീവിതാനുഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ പാട്ടിനെ സ്വാധീനിക്കുന്നു. അടിയന്തിരാവസ്ഥയ‌്ക്കെതിരെ നാടകമൊരുക്കിയാണ‌് അഭിനയ കളരിയുടെ തുടക്കം. കലാകാരന്മാരുമായുള്ള ഊഷ‌്മളബന്ധം സിനിമ–-ടെലിവിഷൻ രംഗത്തുമെത്തിച്ചു. അഭിനയം പക്ഷേ ചിറ്റയത്തിന്റെ ജീവിതത്തിലില്ല. നാട്യമില്ലാതെ നിഷ്കളങ്കതയും ലാളിത്യവും മുഖമുദ്രയായ ചിറ്റയം നാട്ടുകാർക്കാകെ സുപരിചിതൻ. 2011ൽ അടൂരിൽനിന്ന‌് നിയമസഭയിലേക്ക‌് ജയിക്കുമ്പോൾ 607 വോട്ടായിരുന്നു ഭൂരിപക്ഷം. അടൂരിന്റെ വികസനപ്രശ‌്നങ്ങളൊന്നായി പരിഹരിച്ച‌് 2016ൽ വീണ്ടും മത്സരിച്ചപ്പോൾ ഭൂരിപക്ഷം 25,460 ആയി.
ചുരുങ്ങിയ കാലയളവിൽ 500 കോടിയുടെ വികസനമാണ‌് ചിറ്റയം ഗോപകുമാർ അടൂരിലേക്ക‌് കൊണ്ടുവന്നത‌്. റോഡുകളും പാലങ്ങളും പരിഗണിച്ചതിനൊപ്പം സ‌്കൂളുകളെയും അദ്ദേഹം കൈപിടിച്ചുയർത്തി. അടൂർ മണ്ഡലത്തിലെ ഒമ്പത‌് പഞ്ചായത്തുകളിലായി ഓരോ സ‌്കൂളിലെ എല്ലാക്ലാസ‌്മുറികളും ഹൈടെക്ക‌് സംവിധാനമൊരുക്കി. കറുത്ത ബോർഡിനു പകരം ടച്ച‌് സ‌്ക്രീനോടു കൂടിയ ബോർഡ‌്. മിക്കവാറും സ‌്കൂളുകൾക്ക‌് എംഎൽഎ ഫണ്ടിൽ നിന്ന‌് ബസുകളും. അന്തർദേശീയ നിലവാരമുള്ള റോഡുകൾ, പാലങ്ങൾ, സ്‌റ്റേഡിയങ്ങൾ, കോടതി സമുച്ചയം, എക്‌സൈസ്–-റവന്യൂ കോംപ്ലക്‌സ്, മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം നവീകരണം ഉൾപ്പെടെ അടൂരിന്റെ വികസനമുന്നേറ്റത്തിലും ചിറ്റയം ഗോപകുമാറിന്റെ കൈയ്യൊപ്പുണ്ട‌്.
No comments:
Post a Comment