പി പി സുനീർ (51). സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എൽഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ, കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഹൗസിങ് ബോർഡ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2011 മുതൽ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി. തൃശൂർ കേരളവർമ കോളേജിൽ എഐഎസ്എഫ് നേതാവായി. രണ്ടു തവണ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ്ചെയർമാൻ. ബിരുദാനന്തര ബിരുദധാരിയാണ്. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ കമ്യൂണിസറ്റ് കുടുംബത്തിൽ ജനിച്ചു. പി പി അബൂബക്കർ–-പി എൻ ആയിഷ ദമ്പതികളുടെ മകൻ. എടപ്പാൾ പൂക്കരത്തറ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക കെ കെ ഷാഹിന ഭാര്യ. റിയാന, ലിയാന, സഞ്ജിത്ത‌് എന്നിവർ മക്കൾ.
രാഷ്ട്രീയ സംഘടനാ നേതൃത്വത്തിന്റെ കരുത്തും തെരഞ്ഞെടുപ്പ‌് പോരാട്ടത്തിന്റെ അനുഭവ സമ്പത്തുമായി പി പി സുനീർ ചുരം കയറുമ്പോൾ അതൊരു ചരിത്ര നിയോഗമായിരിക്കുമെന്ന‌് എതിരാളികൾപോലും സമ്മതിക്കും. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതിന്റെ തുടർച്ച ഇന്ന‌് എൽഡിഎഫ് വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർഥിയിലെത്തി നിൽക്കുകയാണ‌്.
സുനീറിന്റെ ജീവിതം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. വെളിയംകോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ സെന്റ് അലോഷ്യസിൽനിന്ന് പ്രീഡിഗ്രിയും കേരളവർമയിൽനിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇക്കാലയളവിലെല്ലാം വിദ്യാർഥി രാഷട്രീയപ്രവർത്തനങ്ങുടെ മുന്നണി പോരാളിയായിരുന്നു സുനീർ.
വിദ്യാർഥി–- യുവജന സംഘടനാ നേതൃത്വത്തിൽനിന്നും മുഴുവൻസമയ പ്രവർത്തകനായി സുനീർ മാറുന്നത് സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറിയാകുന്നതോടെയാണ‌്. തുടർന്ന് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും 8 വർഷം ജില്ലാ സെക്രട്ടറിയുമായി. മലപ്പുറത്ത‌് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ‌് സംസ്ഥാന എക‌്സിക്യുട്ടീവ‌് അംഗമായത‌്. 2005ൽ മാറഞ്ചേരിയിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികവുറ്റ പ്രവർത്തനമാണ് കാഴ്ച്ചവച്ചത്.
No comments:
Post a Comment