സി ദിവാകരൻ (76). നിലവിൽ നെടുമങ്ങാട് എംഎൽഎയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് സി ദിവാകരൻ. കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്ന് രണ്ടുതവണ എംഎൽഎയായി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ‌് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രിയുമായിരുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച കേരള നിയമസഭ സമിതി ചെയർമാനായി. വ്യവസായവും ധാതുക്കളും സംബന്ധിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റിയിലും നിയമസഭ സ്പീക്കർ ചെയർമാനായിട്ടുള്ള റൂൾസ് കമ്മിറ്റിയിലും അംഗമാണ്. പ്രഭാത് ബുക്ക്ഹൗസ് ചെയർമാനും മാനേജിംങ് ഡയറക്ടറുമാണ്. ബിഎ, ബിഎഡ് ബിരുദധാരിയായ സി ദിവാകരൻ കുറച്ചുകാലം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീചിത്രാ മെഡിക്കൽ സെന്റർ പിആർഒ ആയിരുന്ന ഹേമലതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ഭക്ഷ്യമന്ത്രിയെന്ന നിലയിൽ വിലക്കയറ്റം പിടിച്ചുനിർത്താനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും സി ദിവാകരൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഏവരാലും പ്രംശസിക്കപ്പെട്ട നടപടികൾ അദ്ദേഹത്തെ സംസ്ഥാന രാഷ‌്ട്രീയത്തിലെ തിളക്കമാർന്ന വ്യക്തിത്വങ്ങളിൽ ഒന്നാക്കി.
വിദ്യാർഥി രാഷ‌്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ദിവാകരൻ എഐഎസ്എഫ്–-എഐവൈഎഫ് എന്നിവയുടെ ജില്ലാ–-സംസ്ഥാനതല നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു. എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ദേശീയ കൗൺസിൽ അംഗം, ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി തൊഴിലാളി യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
മലയാളത്തിലും ഹിന്ദിയിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിറങ്ങളുടെ ചൈന', 'ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ' എന്നിവ ശ്രദ്ധേയമായി. ‘ലണ്ടൻ യാത്ര അനുഭവങ്ങൾ' യാത്രാവിവരണം ഉടൻ പ്രസിദ്ധീകരിക്കും. ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ എന്ന പുസ്തകം 'വിശ്വകോ ചൗങ്കേ ഗോലിയോം കേ പീച്ചേ' എന്നപേരിൽ ഹിന്ദിയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.
No comments:
Post a Comment