രാജാജി മാത്യു തോമസ‌് (64) സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപർ, മീഡിയ അക്കാദമി ഭരണസമിതി അംഗം. 12–-ാം കേരള നിയമസഭയിൽ ഒല്ലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. നിയമസഭാ പരിസ്ഥിതി സമിതി ചെയർമാനായിരുന്നു. ജനയുഗം തൃശൂർ ബ്യൂറോ ചീഫ്, ഡൽഹി ലേഖകൻ, എക്സിക്യൂട്ടീവ് എഡിറ്റർ എന്നിങ്ങനെ പ്രവർത്തിച്ചു. 1990 മുതൽ 1996 വരെ എഐവൈഎഫ് ജനറൽ സെക്രട്ടറി. തൃശൂർ പാണഞ്ചേരി കണ്ണാറ തെങ്ങുവിളയിൽ തോമസിന്റെയും മറിയാമ്മയുടെയും മകൻ. തത്വശാസ‌്ത്രത്തിൽ ബിരുദധാരിയായ രാജാജി മാത്യു തോമസിന്റെ പിജി പഠനം മലയാള സാഹിത്യത്തിലായിരുന്നു. കണ്ണാറയിലാണ് താമസം. ഭാര്യ: ശാന്ത. മക്കൾ: ചില്ലോഗ് തോമസ് അച്യുത്, ധുന മരിയ ഭാർഗവി.
എഴുപത്തെട്ട‌് രാജ്യങ്ങളിൽ സഞ്ചരിച്ചുനേടിയ അനുഭവപാഠങ്ങൾ കൈമുതലാക്കിയ കമ്യൂണിസ്റ്റ് നേതാവ‌്. ഹംഗേറിയൻ ഉൾപ്പെടെ വിവിധ ലോകഭാഷകൾ അറിയുന്ന ഗ്രാമീണൻ. മികച്ച പ്രഭാഷകൻ. ജനകീയനായ പൊതുപ്രവർത്തകൻ. മുൻഎംഎൽഎ കൂടിയായ രാജാജി മാത്യു തോമസ‌് അതിവിപുലമായ അനുഭവസമ്പത്തിന്റെ ഉടമ. 1985 മുതൽ 1996വരെ ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമാക്കിയായിരുന്നു ദീർഘകാലം പ്രവർത്തനം. വിവിധരാജ്യങ്ങൾ സന്ദർശിച്ച‌് യുവജനപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
ലോക യുവജന ഫെഡറേഷന്റെ ഏഷ്യ–-പസഫിക് മേഖലാ തലവനും മുഖപത്രമായ വേൾഡ് യൂത്തിന്റെ പത്രാധിപ സമിതി അംഗവുമായിരുന്നു. 1985ൽ മോസ്കോയിൽ നടന്ന 12–-ാം ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നായകനായി. ഉത്തര കൊറിയയിൽ നടന്ന 13–-ാം ലോക യുവജന സമ്മേളനത്തിന്റെ സ്ഥിരം സമിതി കോ ഓർഡിനേറ്റർ. നിക്കരാഗ്വയിൽ പ്രതിവിപ്ലവകാരികൾക്കെതിരെ സാൻഡിനിസ്റ്റ പോരാളികൾ നടത്തിയ പോരാട്ടങ്ങൾക്ക് ഊർജം പകരാൻ ലോക യുവജന പ്രസ്ഥാനം നിയോഗിച്ചത് ഉപാധ്യക്ഷനായ രാജാജിയെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാളിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം ‘വുഫ്ഡി ഡിപ്ലോമ'യ‌്ക്കും രാജാജി അർഹനായി. തൊഴിലിനും അവകാശങ്ങൾക്കുംവേണ്ടി ഇന്ത്യയിലെ യുവജനങ്ങളുടെ പ്രക്ഷോഭങ്ങൾ നയിച്ചു. വി പി സിങ് സർക്കാരിന്റെ കാലംമുതൽ ദീഘകാലം ഇന്ത്യൻ യുവജന കമീഷൻ അംഗമായി പ്രവർത്തിച്ചു. ഇന്ത്യൻ യുവജന നയം രൂപീകരിക്കുന്നതിലും പങ്കാളിയായി.
ഒല്ലൂരിന്റെ നാട്ടിടങ്ങളിലൂടെ സഞ്ചരിച്ചാൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ രാജാജി എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളുടെ നേർചിത്രങ്ങൾ. 52 കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒളകര ആദിവാസി കോളനിയിലേക്ക് ഒരു കോടിയോളം രൂപ ചെലവഴിച്ച് വൈദ്യുതിയെത്തിച്ചു. ഗതാഗത സൗകര്യമൊരുക്കി. പീച്ചി ജലവൈദ്യുത പദ്ധതിക്ക് തുടക്കംകുറിച്ചു. കേരളത്തിലെ ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണിത്. കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടാൻ ഗാബിയോൺ സംരക്ഷണമതിൽ നിർമിച്ചതും മാതൃകാ വികസനപ്രവൃത്തികളാണ്.
No comments:
Post a Comment