വി പി സാനു (30). സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, എസ‌്എഫ‌്ഐ അഖിലേന്ത്യ പ്രസിഡന്റ‌്. വളാഞ്ചേരി എംഇഎസ‌് കെവിഎം കോളേജ‌്, ശ്രീശങ്കരാചാര്യ സംസ‌്കൃത സർവകലാശാലാ തിരൂർ കേന്ദ്രം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബാലസംഘം ജില്ലാ സെക്രട്ടറി, എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ‌് ചുമതലകൾ വഹിച്ചു. 2016ൽ എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റായി. 2018ൽ വീണ്ടും പ്രസിഡന്റായി. എംഎസ‌്ഡബ്ല്യു, എംകോം ബിരുദധാരി. കുറ്റിപ്പുറം അബുദാബിപ്പടി വട്ടപ്പറമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയയുടെയും റംലയുടെയും മകൻ. ജേർണലിസം വിദ്യാർഥി വി പി സഹീറാണ‌് സഹോദരൻ.
സംഘപരിവാർ അജൻഡകൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയും കേന്ദ്രസർക്കാരിന്റെ വികല വിദ്യാഭ്യാസനയങ്ങൾക്കെതിരെയും ദേശീയതലത്തിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങളുടെ മുൻനിര നായകനാണ‌് എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു. ജെഎൻയു വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്ന കനയ്യകുമാറിനെ ജയിലിലടച്ചതിനെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ച് ഡൽഹിയിൽ സമരം നയിച്ച സാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നജീബിന്റെ തിരോധാനത്തെയും രോഹിത് വെമുലയുടെ ആത്മഹത്യയെയും തുടർന്ന‌് രാജ്യത്ത് നടന്ന വിദ്യാർഥി സമരങ്ങളിലും മുൻനിര പോരാളിയായി. തെലങ്കാനയിൽ നടന്ന മഹാജനപഥയാത്രയിലും പങ്കാളിയായി. ഈ പോരാട്ടങ്ങളുടെ അനുഭവസമ്പത്തുമായാണ‌് സാനു മലപ്പുറത്തുനിന്ന‌് ലോക‌്സഭയിലേക്ക‌് ജനവിധി തേടുന്നത‌്.
കുറ്റിപ്പുറം അബുദാബിപ്പടി സ്വദേശിയായ സാനു ബാലസംഘം പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത‌്. കുറ്റിപ്പുറം ഗവ. എച്ച‌്എസ‌്എസിൽ എട്ടാംതരത്തിൽ പഠിക്കവെ സജീവ എസ‌്എഫ‌്ഐ പ്രവർത്തകനായി. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ‌് കലിക്കറ്റ‌് സർവകലാശാല പരീക്ഷാഭവനിലെ നെറ്റ‌്‌വർക്ക‌് തകരാറിന‌് പരിഹാരം കാണണമെന്നാവശ്യപ്പെട്ട‌് നിരാഹാര സമരം നടത്തിയത‌്. ഇതേ കാലയളവിൽ സ്വാശ്രയ കോളേജ‌് വിദ്യാർഥികൾക്ക‌് ക്യാമ്പസിലെ ഹോസ‌്റ്റൽ അനുവദിക്കുന്നതിനെതിരെ 146 ദിവസം നീണ്ടുനിന്ന സമരത്തിന‌് നേതൃത്വം നൽകി. നിരവധി തവണ പൊലീസിന്റെ ക്രൂര മർദനത്തിനും ഇരായായി. 23 ദിവസം ജയിൽവാസമനുഷ്ടിച്ചു.
യുവാക്കളും വിദ്യാർഥികളും രാജ്യത്തിന്റെ ഭാവി നിർണയിക്കുമെന്നും ഉന്നയിക്കുന്ന രാഷ്ട്രീയമാണ‌് പ്രധാനമെന്നുമാണ‌് സാനുവിന്റെ നിലപാട‌്. ഇതിനെല്ലാം പുറമെ മലപ്പുറത്തെ ക്യാമ്പസുകൾ ഇടതുപക്ഷത്തോടൊപ്പം ചിന്തിക്കുന്നുവെന്നതും പ്രതീക്ഷയേകുന്നു. കർഷകരും തൊഴിലാളികളും മാത്രമല്ല, അതിർത്തി കാക്കുന്ന ജവാന്മാർപോലും സമരത്തിനിറങ്ങുന്ന സാഹചര്യത്തിൽ ഇടതുപക്ഷമാണ‌് ബദലെന്ന തിരിച്ചറിവ‌് മലപ്പുറത്തും പ്രതിഫലിക്കും.
No comments:
Post a Comment