Tuesday, March 12, 2019

പൊന്നാനിയിൽ വിസ‌്മരിക്കാനാകാത്ത സാന്നിധ്യം പി വി അൻവർ

പി വി അൻവർ (53) കോൺഗ്രസ‌് നേതാവായിരുന്ന പി വി ഷൗക്കത്തലിയുടെ മകനായ പി വി അൻവർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ‌്‌ പൊതുപ്രവർത്തന രംഗത്ത് സജീവമായത‌്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ‌്‌, ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ‌് എന്നി നിലകളിൽ പ്രവർത്തിച്ചു. 2011ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 41 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. 2014ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച‌ു. 2016ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിന‌് തോൽപ്പിച്ചു. ഷീജയാണ‌് ഭാര്യ. നാല‌് മക്കളുണ്ട‌്.

നിലമ്പൂർ മണ്ഡലത്തിൽ 35 വർഷത്തെ യുഡിഎഫ് വിജയത്തിന‌് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടൂ കൂടിയാണ് പി വി അൻവർ പൊന്നാനിയിലേക്ക് എത്തുന്നത്. ദുരിതച്ചുഴിയിൽ ജനം നട്ടംതിരിയുമ്പോൾ തിരിഞ്ഞുനോക്കാതെ തീർഥാടനത്തിനു പോകുന്നവരല്ല, അവർക്കൊപ്പം നിൽക്കുന്നവരാണ‌് യഥാർഥ ജനപ്രതിനിധികളെന്ന‌് മൂന്ന‌് വർഷത്തെ എംഎൽഎ ജീവിതത്തിലൂടെ പി വി അൻവർ തെളിയിച്ചു. മഹാപ്രളയത്തിന്റെ ആദ്യ ദിനങ്ങളിൽ ആയിരങ്ങളുടെ ജീവൻ കാക്കാൻ മുന്നിട്ടിറങ്ങിയ അൻവറിന്റെ സാന്നിധ്യം ജനം മറക്കില്ല.

ആഗസ‌്ത‌് ഒമ്പതിന‌് മുങ്ങിയ വണ്ടുർ കാഞ്ഞിരപ്പാടം തൃക്കേക്കുത്തിലെ ജനങ്ങൾ പ്രാണനായി കേണപ്പോൾ, വെള്ളത്തിൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്ന സ്ക്യൂബ എന്ന ആധുനിക വാഹനവും ഉപകരണങ്ങളും മണിക്കൂറുകൾക്കുള്ളിൽ ഏറണാകുളത്ത് നിന്ന‌് നിലമ്പൂരിൽ എത്തിച്ചത് അൻവറിന്റെ ഇടപെടലായിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യുതി തടസ്സംമൂലം ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ  സ്വന്തം ചെലവിൽ ജനറേറ്റർ നൽകി. നിലമ്പൂർ ഗവ. കോളേജ് യാഥാർഥ്യമാക്കി, മാനവേദൻ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു, മിനി സ്റ്റേഡിയം, ഏനാന്തി പാലം, മലയോര ഹൈവേ, നാടുകാണി–-പരപ്പനങ്ങാടി പാത വികസനം, ആദിവാസി മേഖലയിലെ ഇടപെടലുകൾ, ആതുരാലയങ്ങളുടെ മുന്നേറ്റം അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത നേട്ടങ്ങൾക്കാണ് അൻവർ നിലമ്പൂരിൽ തുടക്കം കുറിച്ചത‌്.

2013ല്‍ മുന്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പലതിനും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയതുപോലും 2016ല്‍ അന്‍വര്‍ എംഎല്‍എ ആയ ശേഷമാണ‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 25 കോടിയുടെ വികസന പദ്ധതികളാണ് അഞ്ചു സ്കൂളുകളിലായി പുരോഗമിക്കുന്നത്. 15 സ്കുളുകളില്‍ രണ്ട് വീതം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ പദ്ധതി പുരോഗമിക്കുന്നു.11 കോടി മുടക്കി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു. മൂന്നുവർഷത്തിനുള്ളിൽ 450 കോടിയുടെ വികസനമാണ‌് നിലമ്പൂരിൽ പുരോഗമിക്കുന്നത‌്.

No comments:

Post a Comment