Saturday, October 13, 2012

തലസ്ഥാനത്തിന്റെ ദുരിതത്തിന് കാരണക്കാര്‍ സര്‍ക്കാര്‍; നടപ്പാക്കുന്നത് രഹസ്യ അജന്‍ഡ


മാലിന്യനീക്കം നിലച്ച തലസ്ഥാന നഗരം ഇപ്പോള്‍ അനുഭാവിക്കുന്ന കൊടിയ ദുരിതത്തിന് കാരണക്കാര്‍ മുഖമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് നഗര മാലിന്യനീക്കം സ്തംഭിച്ചത്. ആറു മാസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം ടണ്‍ മാലിന്യമാണ് നഗരത്തില്‍ കുന്നുകൂടിയത്. തലസ്ഥാന നഗരത്തിലെ ജനങ്ങളെയും വിളപ്പില്‍ശാല നിവാസികളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അന്ന് കാട്ടാക്കട മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ ശക്തന്‍ വിളിപ്പില്‍ശാലക്കാരുടെ വോട്ടിനുവേണ്ടി മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടുമെന്ന് വാഗ്ദാനം നല്‍കി. തുടര്‍ന്ന് യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയും വിളപ്പില്‍ശാലയിലെത്തി ഫാക്ടറി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. അവിടെയുള്ള പ്രശ്നം പരിഹരിച്ച് ജനങ്ങളുടെ പിന്തുണയോടെ മാലിന്യ നീക്കം സുഗമമാക്കുന്നതിന് പകരം ജനങ്ങളെ ഇളക്കിവിടാനുള്ള കുല്‍സിത നീക്കങ്ങളാണ് നടത്തിയത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ബന്ധപ്പെട്ടവരെ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഫാക്ടറി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. അടുത്ത ദിവസം പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായി ഫാക്ടറി അടച്ചുപൂട്ടി. പിന്നീട് ചര്‍ച്ച എന്ന പ്രഹസനം മാത്രമാണ് സര്‍ക്കാറില്‍നിന്നുണ്ടായ നടപടി. സര്‍ക്കാര്‍ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു നടപടിയുമുണ്ടായില്ല. ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് സൂപ്രീം കോടതിയും ഹൈക്കോടതിയും ഉത്തരവിട്ടു. കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ മാലിന്യനീക്കത്തിന് ശ്രമിക്കുന്നതായുള്ള നാടകം നടത്തി സര്‍ക്കാര്‍ തടിയൂരി. ഫാക്ടറി തുറക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കര്‍ശന നടപടിയിലേക്ക് നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കോടതി നല്‍കിയിട്ടുള്ളത്. കോടതി നിര്‍ദേശിച്ച അളവിലുള്ള മാലിന്യമെങ്കിലും ഫാക്ടറിയിലേക്ക് എത്തിച്ച് സംസ്കരിച്ചിരുന്നുവെങ്കില്‍ പ്രവര്‍ത്തന രഹിതമായ കരിങ്കല്‍ ക്വാറികളിലടക്കം മാലിന്യം സംസ്കരിക്കുന്നതിന് കഴിയുമായിരുന്നു.

ഒരിടത്ത് മാലിന്യം കൊണ്ടുപോകുന്നത് മഹാപാതകം എന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുമ്പോള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതും പാതകമല്ലേ എന്ന് ജനങ്ങള്‍ തിരിച്ചുചോദിക്കുകയാണ്. ഇതോടെയാണ് എവിടെ മാലിന്യ സംസ്കരണത്തിനുള്ള ശ്രമം നടത്തിയാലും ജനങ്ങള്‍ തടയുന്ന സ്ഥിതിയായത്. എങ്ങും പരന്നുകിടക്കുന്ന മാലിന്യവും പെരുകുന്ന കൊതുകും കീടങ്ങളും രോഗാണുക്കളും മാറാവ്യാധികളുടെയും പകര്‍ച്ച വ്യാധികളുടെയും കേന്ദ്രമാക്കി തലസ്ഥാന നഗരത്തെ മാറ്റി. മുന്‍ ചീഫ് സെക്രട്ടറിയും ഒരു പ്രശസ്ത നടന്റെ അമ്മയുമടക്കം ഡെങ്കപ്പനിയില്‍ മരിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരില്‍ അറിയപ്പെടാത്തവര്‍ ഒട്ടേറെ. കോളറ അടക്കം വ്യപാകമാകുന്നു. എന്നിട്ടും സര്‍ക്കാരിന് കുലുക്കമില്ല. ജനങ്ങളെ കൊന്നൊടുക്കി, കോലാഹലം സൃഷ്ടിച്ച് കോര്‍പറേഷന്‍ ഭരണ നേതൃത്വത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. മാലിന്യ സംസ്കരണ പ്ലാന്റില്‍നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്നതിന് ലക്ഷകണക്കിന് രൂപ മുടക്കി വാങ്ങിയ യന്ത്ര സാമഗ്രികള്‍ വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ കിടന്നു നശിക്കുന്നു.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ റിയല്‍ എസ്റ്റേറ്റ് ലോബിയും

വിളപ്പില്‍ശാല മാലിന്യ സംസ്കരണ ഫാക്ടറിയിലേക്കുള്ള മാലിന്യ നീക്ക പ്രശ്നം സങ്കീര്‍ണ്ണമാക്കിയതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ലോബിയും. സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഈ ലോബി നടത്തുന്ന ചരടുവലിയില്‍ നിഷ്കളങ്കാരയ ജനങ്ങളും കുടുങ്ങുന്നു. അടുത്തകാലത്തായി റിയല്‍ എസ്റ്റേറ്റ് മാഫിയ വിളപ്പില്‍ശാല പ്രദേശത്ത് വന്‍ തോതില്‍ ഭൂമി വാങ്ങികൂട്ടിയുണ്ട്. ഇതുമായി ബന്ധപ്പെട്ട താല്‍പര്യങ്ങളാണ് മാലിന്യ നീക്ക പ്രശ്നത്തില്‍ ഈ മാഫിയായുടെ സാന്നിധ്യത്തിന് കാരണം.

വിളപ്പില്‍ശാല ഫാക്ടറിയുടെ ചരിത്രം അറിയാതെയാണ് അടച്ചുപൂട്ടുമെന്ന് ചിലര്‍ പറയുന്നതെന്ന് വി ശിവന്‍കുട്ടി എംഎല്‍എ ചൂണ്ടിക്കാട്ടി. 1940ല്‍ രൂപീകരിച്ച കോര്‍പറേഷനില്‍ മാലിന്യ സംസ്കരണത്തിന് വളപ്പില്‍ശാലയില്‍ 12.65 ഏക്കര്‍ ഭൂമി കണ്ടെത്തിയത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്നത്തെ കോര്‍പറേഷന്‍ സെക്രട്ടറി നിവേദിതാ പി ഹരനാണ് വസ്തു വാങ്ങലിന്റെ നടപടി പൂര്‍ത്തീകരിച്ചത്. ഇതിന്റെ ഇടനിലക്കാര്‍ പ്രദേശിക കോണ്‍ഗ്രസ് നേതാക്കളായിരുന്നു. വസ്തു 15 വര്‍ഷം വെറുതെയിട്ടു. നാട്ടുകാര്‍ ആദായമെടുക്കുകയായിരുന്നു. 1995ല്‍ കോര്‍പറേഷന് തെരഞ്ഞെടുത്ത ഭരണ സമിതി വന്നു. ഇക്കാലയളവില്‍ എല്ലാ എ ക്ലാസ് നഗരങ്ങള്‍ക്കും മാലിന്യ സംസ്കരണ ഫാക്ടറി വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കുന്നുവെന്ന് പരിശോധിക്കാനായി ഡോ. അസ്നാനി ചെയര്‍മാനായി ഉപസമിതിയെയും നിയമിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ സ്ഥിതിയും കാലാവസ്ഥയും പരിഗണിച്ച്, വിളപ്പില്‍ശാലയില്‍ മാലിന്യത്തില്‍നിന്ന് വളം നിര്‍മ്മാണത്തിനുള്ള ഫാക്ടറി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഡോ. അസ്നാനി ചെയര്‍മാനായി സാങ്കേതിക സമിതിയെയും, ധനകാര്യ സെക്രട്ടറി ചെയര്‍മാനായി ധനകാര്യ സമിതിയെയും നിയമിച്ചു.

ഈ തീരുമാനം കോര്‍പറേഷന്‍ കൗണ്‍സിലും സര്‍ക്കാരും അംഗീകരിച്ചു. തുടര്‍ന്ന് വിജ്ഞാപനത്തിലൂടെ ഫാക്ടറി നിര്‍മ്മാണത്തിന് താല്‍പര്യപത്രം ക്ഷണിച്ചു. പോബ്സണ്‍ എന്ന കമ്പനിയുടെ പദ്ധതി നിര്‍ദേശം സാങ്കേതിക-ധനകാര്യ സമിതികള്‍ അംഗീകരിച്ചു. 20 വര്‍ഷ കാലാവധിയില്‍ ബിഒടി അടിസ്ഥാനത്തില്‍ ഫാക്ടറി നിര്‍മ്മാണത്തിന് കരാര്‍ ഒപ്പിട്ടു. ഒമ്പത് കോടി രൂപയുടെ പദ്ധതിയില്‍ കോര്‍പറേഷനും സര്‍ക്കാരിനും ഒരു രൂപപോലും വഹിക്കേണ്ടിവന്നില്ല. ഫാക്ടറി സ്ഥാപിക്കുന്നതിനുമുമ്പ് വിശപ്പില്‍ശാല പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും വിജയവാഡ കോര്‍പറേഷനിലെ നഗരമധ്യതതിലുള്ള അജയ് നഗറിലെ ചവര്‍ സംസ്കരണ ഫാക്ടറിയിലേക്ക് കൊണ്ടുപോയി പ്രവര്‍ത്തനം ബോധ്യപ്പെടുത്തി. എതിര്‍പ്പ് പ്രകടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം വിയജവാഡ ഫാക്ടറിയുടെ പ്രവര്‍ത്തനം കണ്ടശേഷം വിളപ്പില്‍ശാല പദ്ധതിയെ അനുകൂലിച്ചു. ഫാക്ടറി സ്ഥാപിച്ച പോബ്സണ്‍ പ്രതിദിനം 30 ടണ്‍വരെ വളം ഉല്‍പാദിപ്പിച്ച് എഫ്എസിടിക്ക് നല്‍കിയിരുന്നു. ഇതാണ് കേരളത്തിലെ ആദ്യ ചവര്‍ സംസ്കരണ ഫാക്ടറി. നിലവില്‍ അമ്പത് ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

ഫാക്ടറിയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മലിനജലം പ്രദേശത്തെ ആറ്റില്‍ ഒഴുകിയെത്തുന്നു എന്നാതായിരുന്നു പ്രധാന പ്രശ്നം. പ്ലാസ്റ്റിക് വേര്‍തിരിക്കാന്‍ കഴിയാത്തതും, ഫാക്ടറിയില്‍ സംസ്കരിക്കാന്‍ കഴിയാത്ത സാധനങ്ങളും കുന്നുകൂടിയതും പ്രശ്നം സൃഷ്ടിച്ചു. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഒന്നൊന്നായി കോര്‍പേറഷന്‍ ഏറ്റെടുത്ത് നടപ്പാക്കിവരുകയായിരുന്നു. പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനും ആരോഗ്യ കേന്ദ്രത്തിനും റോഡുകള്‍ക്കുമൊക്കെയായി 100 കോടിയിലധികം രൂപ കോര്‍പറേഷന്‍ മുടക്കിയിട്ടുണ്ട്. 12 വര്‍ഷമായി ഫാക്ടറിയുടെ സുഗമായ പ്രവര്‍ത്തനമാണ് യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം തടസ്സപ്പെട്ടത്.


വിളപ്പില്‍ശാലയില്‍ യന്ത്രങ്ങള്‍ എത്തിച്ചു; ഹര്‍ത്താല്‍

കൊച്ചി: വിളപ്പില്‍ശാലയിലെ ലീച്ച്മെന്റ് പ്ലാന്റിനുവേണ്ടിയുള്ള യന്ത്രങ്ങള്‍ വിളപ്പില്‍ശാലയില്‍ എത്തിച്ചു. പൊലീസ് സംരക്ഷണത്തോടെ ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുനു നടപടി.യന്ത്രങ്ങള്‍ രഹസ്യമായി എത്തിച്ചതറിഞ്ഞ് വിളപ്പില്‍ശാല മാലിന്യ പ്ലാന്റിനു സമീപം ജനങ്ങള്‍ സംഘടിച്ചിട്ടുണ്ട്. സമരസമിതി വിളപ്പില്‍ പഞ്ചായത്തില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ പഞ്ചായത്ത്  പ്രസിഡന്റ് ശോഭനകുമാരി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്.

വിളപ്പില്‍ശാലയിലെ പ്ലാന്റിന്റെ ഉള്ളില്‍ കെട്ടിക്കിടക്കുന്ന മലിനജലം സംസ്ക്കരിക്കാനുള്ള പ്ലാന്റാണ് എത്തിച്ചത്.സര്‍ക്കാരിന്റെ അറിവോടെയാണ് നടപടിയെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന യന്ത്രം എത്തിക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ പരാജയപ്പെട്ടിരുന്നു. അന്ന് കൊണ്ടുവന്ന് എതിര്‍പ്പ് മൂലം വിളപ്പില്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച യന്ത്രങ്ങളാണ് ഇപ്പോള്‍ പ്ലാന്റിനുള്ളില്‍ കയറ്റിയത്. പൊലീസ് സംരക്ഷണത്തോടെ യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നടപടി സ്വീകരിക്കാത്തതിന് സര്‍ക്കാരിനെ കഴിഞ്ഞ ദിവസം കോടതി വീണ്ടും വിമര്‍ശിച്ചു.


സമരത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍: മഞ്ഞളാംകുഴി അലി

തിരു: വിളപ്പില്‍ശാല സമരത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്ന് നഗരാസൂത്രണ മന്ത്രി മഞ്ഞളാംകുഴി അലി. ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ വിളപ്പില്‍ശാലയിലെത്തിച്ചത് ജനങ്ങളെ സഹായിക്കാനാണെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണ ഫാക്ടറിക്കകത്ത് രണ്ട് ലക്ഷം ടണ്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. ലീച്ചേറ്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയും. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.

deshabhimani 131012

1 comment:

  1. മാലിന്യനീക്കം നിലച്ച തലസ്ഥാന നഗരം ഇപ്പോള്‍ അനുഭാവിക്കുന്ന കൊടിയ ദുരിതത്തിന് കാരണക്കാര്‍ മുഖമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് നഗര മാലിന്യനീക്കം സ്തംഭിച്ചത്. ആറു മാസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം ടണ്‍ മാലിന്യമാണ് നഗരത്തില്‍ കുന്നുകൂടിയത്. തലസ്ഥാന നഗരത്തിലെ ജനങ്ങളെയും വിളപ്പില്‍ശാല നിവാസികളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.

    ReplyDelete