Saturday, May 3, 2014

അന്ന് അഴിമതിയ്ക്കെതിരെ ഫിറോസ് ഇന്ന് അഴിമതിക്കാരന്‍ മരുമകന്‍

ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവ് അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ജവാഹര്‍ലാല്‍ നെഹ്റുവിനെ വെട്ടിലാക്കി; പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് അഴിമതിയാരോപണങ്ങള്‍ക്ക് വിധേയനായി കോണ്‍ഗ്രസിനെ വലയ്ക്കുന്നു. ഫിറോസ്ഗാന്ധി വഴി ലഭിച്ച "ഗാന്ധി" പേരാണ് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായതെങ്കില്‍ റോബര്‍ട്ട് വധേരയുടെ ചെയ്തികള്‍ പാര്‍ടിക്ക് നഷ്ടക്കച്ചവടം.

റായ്ബറേലിയില്‍നിന്നുള്ള പ്രഥമ ലോക്സഭാംഗം നെഹ്റുവിന്റെ മരുമകനായ ഫിറോസ്ഗാന്ധിയായിരുന്നു. രണ്ടാം നെഹ്റുസര്‍ക്കാരിന്റെ കാലത്തും ഫിറോസ് കോണ്‍ഗ്രസ് എംപിയായി. എന്നാല്‍, ഭരണപക്ഷത്തുനിന്നുകൊണ്ടുതന്നെ മന്ത്രിമാരുടെ അഴിമതികള്‍ക്കെതിരെ ഫിറോസ് ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ അഴിമതിവിരുദ്ധപോരാട്ടം സഭയില്‍ പലപ്പോഴും നെഹ്റുവിന് ക്ലേശം സൃഷ്ടിച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഇത് പ്രതികൂലമായി ബാധിച്ചെന്നു മാത്രമല്ല, ധനമന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരിക്ക് ഹരിദാസ് മുന്ധ്ര കുംഭകോണത്തില്‍ രാജിവയ്ക്കേണ്ടിയും വന്നു. ഓഹരി ദല്ലാളായിരുന്ന മുന്ധ്രയ്ക്ക് അദ്ദേഹത്തിന്റെ എല്‍ഐസി നിക്ഷേപങ്ങളില്‍ അവിഹിതനേട്ടമുണ്ടാക്കാന്‍ ധനമന്ത്രി കൂട്ടുനിന്നെന്നായിരുന്നു ഫിറോസിന്റെ ആരോപണം.

ഇപ്പോള്‍ പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടുകള്‍ കോണ്‍ഗ്രസിന് രാഷ്ട്രീയബാധ്യതയായി. ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒത്താശയോടെ വധേര നടത്തിയ ഭൂമി ഇടപാടുകള്‍ നേരത്തെ വെളിച്ചത്തുവന്നതാണ്. വധേരയുടെ ഇടപാടുകള്‍ക്കെതിരെ നടപടി സ്വീകരിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകയെ സംസ്ഥാനസര്‍ക്കാര്‍ വേട്ടയാടുകയുംചെയ്തു. പ്രിയങ്ക അമേത്തിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങിയതോടെ വധേരയുടെ ഇടപാടുകള്‍ വീണ്ടും ചര്‍ച്ചാവിഷയമായി. ഭര്‍ത്താവിനെതിരായ ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. വധേര സ്വകാര്യവ്യക്തിയാണെന്നുമാത്രം നേരത്തെ അഭിപ്രായപ്പെട്ട കോണ്‍ഗ്രസാകട്ടെ പ്രിയങ്ക ഭര്‍ത്താവിനെ ന്യായീകരിച്ചതോടെ വധേരയുടെ ഇടപാടുകളെ അനുകൂലിക്കുകയുംചെയ്തു.

ഈ തെരഞ്ഞെടുപ്പിന് 1952ലെയും 1957ലെയും തെരഞ്ഞെടുപ്പുകളുമായി മറ്റു ചില സാമ്യങ്ങളുമുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പുകളില്‍ റായ്ബറേലിയില്‍ ഫിറോസിന്റെ പ്രചാരണത്തിന്റെ ചുമതല വഹിച്ചത് ഇന്ദിര ഗാന്ധിയാണ്. തുടര്‍ന്ന് ഇന്ദിര ഗാന്ധി പരിപാലിച്ച മണ്ഡലത്തില്‍ ഇപ്പോള്‍ സോണിയ ഗാന്ധി മൂന്നാംപ്രാവശ്യം മത്സരിച്ചപ്പോള്‍ പ്രചാരണം നയിച്ചത് പ്രിയങ്കഗാന്ധി. ഫിറോസിന്റെ സംശുദ്ധപ്രതിച്ഛായയുടെ കരുത്തില്‍ ഇന്ദിര സുഗമമായി പ്രചാരണം നടത്തിയെങ്കില്‍ പ്രിയങ്കയ്ക്ക് ഓരോ ദിവസവും അഴിമതിയാരോപണത്തിന്റെ കൂരമ്പുകള്‍ നേരിടേണ്ടിവന്നു. വധേരയുടെ ഇടപാടുകള്‍ക്കും യുപിഎ സര്‍ക്കാരിന്റെ കൊള്ളകള്‍ക്കും ഉത്തരം പറയേണ്ടിവന്നു.

1967ലും "71ലും റായ്ബറേലിയില്‍നിന്ന് ജയിച്ച ഇന്ദിര "77ല്‍ അടിയന്തരാവസ്ഥയെത്തുടര്‍ന്നുണ്ടായ ജനതതരംഗത്തില്‍ ഇവിടെ രാജ്നാരായണനോട് പരാജയപ്പെട്ടു. "80ല്‍ റായ്ബറേലിയില്‍നിന്ന് വീണ്ടും മത്സരിച്ച ഇന്ദിര മറ്റൊരു മണ്ഡലംകൂടി ഉറപ്പിനായി കണ്ടെത്തി- ആന്ധ്രപ്രദേശിലെ മേദക്ക്. രണ്ടിടത്തും ജയിച്ചെങ്കിലും മേദക്കാണ് നിലനിര്‍ത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ അരുണ്‍ നെഹ്റു കോണ്‍ഗ്രസിനുവേണ്ടി സീറ്റ് നിലനിര്‍ത്തി. "84ല്‍ വീണ്ടും അരുണ്‍ നെഹ്റുവും "89ല്‍ ഷീല കൗളും ജയിച്ചു. 1996ലും "98ലും ബിജെപിയിലെ അശോക്സിങ് ജയിച്ച റായ്ബറേലി "99ല്‍ സതീശ്ശര്‍മയിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 2004 മുതല്‍ സോണിയ ഗാന്ധിയാണ് ഇവിടെനിന്നുള്ള ജനപ്രതിനിധി.

deshabhimani

No comments:

Post a Comment