Saturday, August 18, 2012

കല്‍ക്കരി അഴിമതി: നഷ്ടം 1.86 ലക്ഷം കോടി


സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതി കണ്ടെത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ട് വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഞെട്ടിപ്പിക്കുന്ന അഴിമതിപരമ്പരയിലെ ഏറ്റവും വലിയ ഇടപാട് അരങ്ങേറിയത്. 2ജി സ്പെക്ട്രം അവിഹിതമായി അനുവദിച്ചതിലൂടെ 1.76 ലക്ഷം കോടി രൂപ യുപിഎ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരുന്നു.

മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത വേളയില്‍, കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിലൂടെ അനുവദിക്കണമെന്ന കല്‍ക്കരി സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും ഉപദേശം തള്ളിക്കൊണ്ട്, നാമനിര്‍ദേശത്തിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുകയായിരുന്നു. ഇതുവഴി 1.86 ലക്ഷം കോടി രൂപയാണ് സ്വകാര്യ കമ്പനികളായ എസ്സാര്‍ പവറും ടാറ്റയും ജിന്‍ഡാലും ചേര്‍ന്ന് ചോര്‍ത്തിയതെന്ന് സിഎജി കുറ്റപ്പെടുത്തി. ശരാശരി ഉല്‍പ്പാദനച്ചെലവും വില്‍പ്പനവിലയും കണക്കിലെടുത്താണ് ഈ നഷ്ടം കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ആവുമ്പോഴേക്കും എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം നേടുന്നതിനു വേണ്ടിയാണ് 57 കല്‍ക്കരി പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, ഇതുവഴി ഉല്‍പ്പാദനം വര്‍ധിച്ചില്ലെന്ന് സിഎജി ചൂണ്ടിക്കാട്ടി.

യഥാര്‍ഥത്തില്‍ കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം 1.16 കോടി ടണ്‍ കുറയുകയാണുണ്ടായത്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഊര്‍ജ ഏകോപന സമിതിയാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക്് നല്‍കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, ഒട്ടും യുക്തിപരവും സുതാര്യവുമല്ലാത്ത മാര്‍ഗത്തിലൂടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതെന്നും സിഎജി റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇനിയെങ്കിലും ലേലത്തിലൂടെ കല്‍ക്കരിപ്പാടങ്ങള്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപംനല്‍കണം. നിലവിലുള്ള ഖനിക്കടുത്ത് സ്വകാര്യ കമ്പനികള്‍ക്ക് ഖനം അനുവദിക്കരുത്. കോള്‍ ഇന്ത്യ ലിമിറ്റഡിന് നല്‍കാന്‍ നിശ്ചയിച്ച കല്‍ക്കരിപ്പാടങ്ങളടക്കം എല്ലാ തീരുമാനങ്ങളും ലംഘിച്ച് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഖജനാവിന് ലഭിക്കേണ്ട 3.79 ലക്ഷം കോടി രൂപ യുപിഎ സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് കൊള്ളയടിക്കാന്‍ നല്‍കിയെന്ന് വ്യക്തമാക്കുന്ന മൂന്ന് സിഎജി റിപ്പോര്‍ട്ടുകളാണ് സഭയില്‍വച്ചത്.

മധ്യപ്രദേശിലെ സസനില്‍ റിലയന്‍സിന് കരാറിന് പുറത്ത് കൂടുതലായി കല്‍ക്കരിപ്പാടം അനുവദിച്ചതുവഴി സര്‍ക്കാരിന് 29033 കോടി രൂപയുടെ നഷ്ടമുണ്ടയെന്നാണ് രണ്ടാമത്തെ റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാണിജ്യാവശ്യത്തിന് സ്വകാര്യ മേഖലക്ക് നല്‍കിയ 240 ഏക്കറില്‍നിന്ന് 1.64 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് നഷ്ടമാകുന്നതെന്ന് മൂന്നാമത്തെ റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രിക്സ്-ദേവാസ് എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാട് നടന്നിരുന്നുവെങ്കില്‍ കേന്ദ്രത്തിന് രണ്ട് ലക്ഷം കോടി രൂപ നഷ്ടമാകുമെന്ന് സിഎജി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കാല്‍ലക്ഷം കോടിയുടേതായിരുന്നു. അതായത് യുപിഎ സര്‍ക്കാര്‍ അധികാരമേറിയശേഷം സിഎജി ചൂണ്ടിക്കാട്ടിയ കണക്കനുസരിച്ച് 5.75 ലക്ഷം കോടി രൂപ കോര്‍പറേറ്റുകള്‍ക്ക് അനധികൃതമായി ലഭിച്ചു.

എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് ലഭിച്ചിരുന്നുവെങ്കില്‍ ഖജനാവിനുള്ള നഷ്ടം 7.75 ലക്ഷം കോടി രൂപയാകുമായിരുന്നു. പ്രധാനമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ഈ ആവശ്യം ശക്തമാകുന്നതോടെ രണ്ടാം യുപിഎ സര്‍ക്കാര്‍ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങള്‍ പ്രക്ഷുബ്ധമാകുമെന്നും ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ തീര്‍ത്തും സുതാര്യമായാണ് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതെന്ന് കല്‍ക്കരി മന്ത്രി ജയ്പ്രകാശ് ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം കൊണ്ട് പൊതിഞ്ഞപ്പോള്‍ വിമാനത്തിന് സമയമായെന്ന് പറഞ്ഞ് മന്ത്രി വാര്‍ത്താസമ്മേളന വേദിയില്‍ നിന്ന് രക്ഷപ്പെട്ടു.

deshabhimani 180812

1 comment:

  1. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതി കണ്ടെത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ട് വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഞെട്ടിപ്പിക്കുന്ന അഴിമതിപരമ്പരയിലെ ഏറ്റവും വലിയ ഇടപാട് അരങ്ങേറിയത്. 2ജി സ്പെക്ട്രം അവിഹിതമായി അനുവദിച്ചതിലൂടെ 1.76 ലക്ഷം കോടി രൂപ യുപിഎ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരുന്നു.

    ReplyDelete