Saturday, October 13, 2012
കുണ്ടറ സിറാമിക്സ് അടച്ചുപൂട്ടലിലേക്ക്; സിഐടിയു സമരത്തിലേക്ക്
കുണ്ടറ സിറാമിക്സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കളിമണ്‍ ഖനഭൂമി ഏറ്റെടുക്കാന്‍ മാനേജ്മെന്റ് തയ്യാറാകത്തതിനെതുടര്‍ന്നാണ് സിറാമിക്സ് ഫാക്ടറിയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലം എംഎല്‍എ എം എ ബേബിയുടെയും പി കെ ഗുരുദാസന്‍ എംഎല്‍എയും മുന്‍കൈയെടുത്ത് ഖനഭൂമി ഏറ്റെടുക്കാന്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, സ്ഥലം ഏറ്റെടുത്ത് കമ്പനിയുടെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. സിറാമിക്സില്‍ ചൈന ക്ലേ ഉപയോഗിച്ചുള്ള പൗഡര്‍ ഉല്‍പ്പാദനം 1700 ടണ്‍ ആയിരുന്നിടത്ത് ഇപ്പോള്‍ 200 ടണ്‍ ആയി കുറഞ്ഞു. കമ്പനിയുടെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ 900 ടണ്‍ ഉല്‍പ്പാദനമെങ്കിലും നടക്കണം. വൈദ്യുതിചാര്‍ജ് വര്‍ധയും ചൈനക്ലേയുടെ ലഭ്യതക്കുറവും സിറാമിക്സ് ഫാക്ടറിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഫാക്ടറി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് ചെലവുകുറച്ച് ഉല്‍പ്പാദനം 1700 ടണ്‍ വരെ വര്‍ധിപ്പിച്ചു. പ്ലാന്റില്‍ പരിഷ്കാരങ്ങള്‍ വരുത്തി 40 ശതമാനം ഉല്‍പ്പാദനം ഉയര്‍ത്തി. മാനേജ്മെന്റിലെ ഒരുവിഭാഗംതന്നെ കമ്പനി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ പ്രചാരണം നടത്തുന്നതായി തൊഴിലാളികള്‍ പറയുന്നു. മാനേജ്മെന്റ് പുതിയ സര്‍ക്കാരിനെ കൂട്ടുപിടിച്ച് കമ്പനിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണം ഉയരുന്നു.
ചൈന ക്ലേയുടെ ഖനത്തിന് പുതിയ ഭൂമി ഏറ്റെടുക്കുന്നതുവരെ മുളവന പുന്നത്തടം കമ്പനിവക സ്ഥലത്തുനിന്നും ഖനം നടത്തണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. തൊഴിലാളികള്‍ക്ക് മാസം ശമ്പളം നല്‍കാന്‍പോലും പണമില്ലാത്ത സ്ഥിതിയാണ് കമ്പനിയില്‍. ചൈന ക്ലേ പൗഡര്‍ ഉല്‍പ്പാദനത്തിനുശേഷം ലഭിക്കുന്ന മണല്‍ കമ്പനിയില്‍ ടണ്‍ കണക്കിന് കുന്നുകൂടിക്കിടക്കുകയാണ്. കമ്പനിയുടെ പ്രതിസന്ധി കുറയ്ക്കാന്‍ ഈ മണല്‍ ലേലം ചെയ്യുന്നതോടെ സാധിക്കും. മാനേജ്മെന്റ് മണല്‍ ലേലം ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല. കുണ്ടറ ടെക്നോപാര്‍ക്കിന്റെ സഹായത്തോടെ കമ്പനിയില്‍ എത്തിച്ച രണ്ട് സാന്‍ഡ് പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനും മാനേജ്മെന്റ് തയ്യാറായിട്ടില്ല. ജീവനക്കാരുടെ കരാര്‍ പുതുക്കുന്നതിനും ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടും വ്യവസായവുകപ്പ് തൊഴില്‍മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും ഒരുനടപടിയും ഉണ്ടായില്ല. അവശ്യസാധനങ്ങളുടെ വിലവര്‍ധന കാരണം തൊഴിലാളികള്‍ക്ക് 2000 രൂപ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും പുതിയ ശമ്പളക്കരാര്‍ നടപ്പാക്കണമെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു അനിശ്ചിതകാല സമരം ആരംഭിക്കുകയാണ്.
(ഷാനു കേരളപുരം)
deshabhimani 131012
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment