Friday, October 5, 2012

എസ് ബിഐക്കെതിരെ പ്രതിഷേധം ആളിപ്പടര്‍ന്നു


തിരുവല്ല: ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച എസ് ബിഐയുടെ നിലപാടിനെതിരെ തിരുവല്ലയില്‍ ജനകീയ പ്രക്ഷോഭം ആളിപ്പടര്‍ന്നു. എസ് ബിഐയുടെ തിരുവല്ല മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചാണ് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത്. മാത്യു ടി തോമസ് എംഎല്‍എ ബുധനാഴ്ച പകല്‍ പതിനൊന്നരയോടെ ബാങ്കിലെത്തി ആരംഭിച്ച പ്രക്ഷോഭത്തില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. ജനപ്രതിനിധികളും വിദ്യാര്‍ഥികളും യുവാക്കളും തൊഴിലാളികളും രാഷ്ട്രീയ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും എസ് ബിഐയുടെ നീതിനിഷേധത്തിനെതിരെ കൈകോര്‍ത്തപ്പോള്‍ തിരുവല്ലയുടെ സമരചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയായിരുന്നു.

പഠിക്കാന്‍ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പ നിഷേധിക്കുന്ന അനീതിക്കെതിരെ വന്‍ജനകീയ രോഷമാണ് ഉയര്‍ന്നത്. നിങ്ങള്‍ ഫീസ് അടച്ച് ചേര്‍ന്നോളൂ വായ്പ നല്‍കാം എന്ന ബാങ്ക് അധികൃതരുടെ വാക്ക് വിശ്വസിച്ച് അന്യസംസ്ഥാനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ മക്കളെ ചേര്‍ത്ത രക്ഷിതാക്കളും അവരുടെ ദുരനുഭവവുമായി സമരത്തില്‍ പങ്കാളികളായി. ജനപ്രതിനിധികളുമായി ചര്‍ച്ചയ്ക്കുപോലും ബാങ്ക് അധികൃതര്‍ തയാറാകാതിരുന്നപ്പോള്‍ ബാങ്ക് അടച്ചുപൂട്ടിയാണ് ആദ്യദിനത്തിലെ സമരത്തിന് അന്ത്യമായത്. എന്നാല്‍ വായ്പനല്‍കാതെ ബാങ്ക് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ജനങ്ങള്‍ നടത്തിയത്്. അടച്ചുപൂട്ടിയ ബാങ്കിന് പുറത്ത് അവര്‍ കൊടികള്‍ നാട്ടി. ബാങ്കില്‍നിന്നും ലോണ്‍ നല്‍കാമെന്ന് പറയുകയും അതിനുശേഷം പ്രവേശനം നേടുകയും പിന്നീട് വായ്പ നിഷേധിക്കുകയും ചെയ്ത ബാങ്കിനെതിരെ രക്ഷിതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കലക്ടര്‍ സര്‍ക്കാരിനെ വിവരം അറിയിക്കുകയും സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ജില്ലാതല ബാങ്കിങ് പരാതി പരിഹാര സെല്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. പരാതിക്കാരും എംപിയും എംഎല്‍എമാരും അടങ്ങുന്ന ജനപ്രതിനിധികളും ജില്ലാതല ബാങ്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിട്ടും ആരോപണ വിധേയരായ എസ്ബിഐ അംഗങ്ങള്‍ മാത്രം യോഗത്തില്‍ പങ്കെടുത്തില്ല. സംസ്ഥാനതല ബാങ്കിങ് കമ്മിറ്റി അന്യസംസ്ഥാനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കാമെന്ന് തീരുമാനിച്ചിട്ടുള്ളതാണ്. കലക്ടര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തിലും പങ്കെടുക്കില്ലെന്ന നിഷേധനിലപാടാണ് സ്വീകരിച്ചത്. പ്രവേശനം നേടിയ വിദ്യാര്‍ഥികളും, രക്ഷാകര്‍ത്താക്കളുമാകട്ടെ പണമില്ലാതെ ആത്മഹത്യയുടെ വക്കിലുമായി. ജനപ്രതിനിധിയെന്ന നിലയില്‍ മാത്യു ടി തോമസ് എംഎല്‍എയ്ക്ക് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ എംഎല്‍എയും ബാങ്കിനെ സമീപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും വായ്പ നല്‍കാനാവില്ലെന്ന നിലാപാടാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച എസ്ബിഐയുടെ തിരുവല്ല മെയിന്‍ ബ്രാഞ്ചിലേക്ക് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തുകയും ഈ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ച മാത്യു ടി തോമസ് വിദ്യാര്‍ഥികള്‍ക്ക് വായ്പ അനുവദിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഉന്നതഉദ്യോഗസ്ഥര്‍ ഇടപെട്ടില്ല. ബുധനാഴ്ച പതിനൊന്നരയോടെ പരാതിക്കാരായ രക്ഷിതാക്കളെയും കൂട്ടി എംഎല്‍എ ബാങ്കില്‍വന്നശേഷം വിദ്യാര്‍ഥികള്‍ക്ക് വായ്പ അനുവദിക്കാതെ ബാങ്കില്‍നിന്ന് പോകില്ലെന്ന നിലപാട് സ്വീകരിച്ച് കുത്തിയിരിപ്പ് സമരം തുടങ്ങി. സംഭവമറിഞ്ഞ് എല്‍ഡിഎഫ് നേതാക്കളായ സിപിഐ എം ജില്ല സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആര്‍ സനല്‍കുമാര്‍, തിരുവല്ല ഏരിയ സെക്രട്ടറി കെ ഐ കൊച്ചീപ്പന്‍മാപ്പിള, ജില്ല കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ്ബാബു, ജനതാദള്‍ ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല, നിയോജകമണ്ഡലം പ്രസിഡന്റ് അലക്സ് മണപ്പുറം, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ അഡ്വ. പി ജി പ്രസന്നകുമാര്‍, എം പി ഗോപാലകൃഷ്ണന്‍, നഗരസഭാ പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ കെ ആര്‍ രഘുകുട്ടന്‍പിള്ള എന്നിവരും ബാങ്കിലെത്തി. വിവിധ പഞ്ചായത്തംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും എല്‍ഡിഎഫ് പ്രവര്‍ത്തകരും മാത്യു ടി തോമസിന് പിന്തുണയുമായി ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. മൂന്നരമണിക്കൂര്‍ സമയം പിന്നിട്ടിട്ടും എസ്ബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരാരും ജനപ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായില്ല. വായ്പ സംബന്ധിച്ച് ഉറപ്പ് ലഭിക്കാതെ ബാങ്കിനുള്ളില്‍ കുത്തിയിരപ്പ് സമരവും പുറത്ത് ഉപരോധവും തുടര്‍ന്നു. തിരുവല്ല ഡിവൈഎസ്പി സാബു പി ഇടിക്കുള, സിഐ ബിനുവര്‍ഗീസ്, എസ്ഐ ജി സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഈ സമയം എസ് ബിഐ പ്രതിനിധിയെ പത്തനംതിട്ടയില്‍ വിളിച്ചുവരുത്തി വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ജില്ലാ കലക്ടറുടെ നീക്കവും ഫലംകണ്ടില്ല.

നാലുമണിയായിട്ടും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കാതിരുന്നതിനാല്‍ ജീവനക്കാരെ പുറത്തിറക്കി ബാങ്ക് പൂട്ടിക്കുകയായിരുന്നു. അതേസമയം ഈ കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ ആവശ്യമായ നടപടി താന്‍ സ്വീകരിച്ചിരുന്നുവെന്ന് മാര്‍ക്കറ്റ് റോഡ് ബ്രാഞ്ച് മാനേജര്‍ റെജി ജോണ്‍ പറഞ്ഞു. ഇവരുടെ അപേക്ഷ സ്വീകരിച്ച് അംഗീകാരത്തിനായി റാസ്മെക്ക് എന്ന എസ്ബിഐയുടെ ചങ്ങനാശേരിയിലെ ലോണ്‍ പ്രോസസിങ് സെല്ലിലേക്ക് അംഗീകാരത്തിനായി അയച്ചിരുന്നെന്നും അവിടെ നിന്നാണ് ലോണ്‍ നിഷേധിച്ചുള്ള മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് എസ്ബിഐ വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നിഷേധിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് രക്ഷിതാക്കള്‍...

തിരുവല്ല: ""ഇനി ഞങ്ങള്‍ എന്തുചെയ്യും...അറുപത്തിരണ്ട് ശതമാനം മുതല്‍ എണ്‍പത് ശതമാനംവരെ മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികള്‍ നേഴ്സിങിനും എന്‍ജിനീയറിങിനും കേരളത്തിന് പുറത്തുള പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പ്രവേശനം തേടി ക്ലാസും തുടങ്ങി. ആദ്യ ഫീസ് പ്രമാണവും സ്വര്‍ണവും പണയംവച്ച് അടച്ചു. എസ്ബിഐ അധികൃതര്‍ വായ്പ നല്‍കാമെന്ന വാക്കുതന്നിരുന്നതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കൊണ്ടുചേര്‍ത്തത്. ഇപ്പോള്‍ വായ്പ തരില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. കോളേജില്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുചോദിച്ചപ്പോള്‍ പണം നല്‍കിയാലെ തിരിച്ചുതരികയുള്ളുവെന്ന് കോളേജ് അധികൃതര്‍ പറയുന്നു.കുട്ടികളുടെ പഠനം മുട്ടുന്ന നിലയിലാണ്. ഞങ്ങള്‍ക്കിനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല"".

തിരുവല്ല എസ്ബിഐ മാര്‍ക്കറ്റ് റോഡ് ശാഖയില്‍ അകത്ത് ജനകീയ സമരം നടക്കുമ്പോള്‍ തലയില്‍ കൈയുംവച്ച് നിസ്സഹായ അവസ്ഥയിലിരിക്കുകയായിരുന്നു വായ്പ നിഷേധിക്കപ്പെട്ട ആറ് കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍. അവര്‍ക്കായി മാത്യു ടി തോമസ് എംഎല്‍എ മാനേജരുടെ മുറിയില്‍ സത്യഗ്രഹമിരിക്കുമ്പോള്‍ പുറത്ത് ഭീതിയോടെയാണ് അവര്‍ സമരത്തെ നോക്കിക്കണ്ടത്. ബിഎസ്സി നേഴ്സിങിനും എന്‍ജിനീയറിങിനും പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കളായ ഇവര്‍ വൈകിട്ട് ജനകീയ സമരം തീരുന്നതുവരെ ബാങ്കിനുള്ളില്‍ത്തന്നെയുണ്ടായിരുന്നു. അവിടെയെത്തിയവരോട് തങ്ങള്‍ക്ക് നേരിട്ട ചതിവ് നിറമിഴികളോടെ അവര്‍ പറയുന്നുണ്ടായിരുന്നു. ഇനിയെങ്കിലും വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണവര്‍.

വായ്പ നല്‍കാതെ ബാങ്ക് തുറക്കാന്‍ അനുവദിക്കില്ല: മാത്യു ടി തോമസ്

തിരുവല്ല: വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കാതെ എസ്ബിഐയുടെ തിരുവല്ല മാര്‍ക്കറ്റ് റോഡ് ശാഖ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസ വായ്യുടെ കാര്യത്തില്‍ എസ്ബിഐ സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ഒരു ബാങ്കിനെയും തിരുവല്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും എംഎല്‍എ പറഞ്ഞു.

എസ്ബിഐ സാമൂഹിക നീതി അട്ടിമറിക്കുന്നു: അനന്തഗോപന്‍

തിരുവല്ല: വിദ്യാഭ്യാസ വായ്പ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ജില്ലയിലെ എംപിമാര്‍ ഇടപെടുന്നില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പ നല്‍കുക എന്ന സാമൂഹിക നീതി അട്ടിമറിക്കുകയാണ് എസ്ബിഐ ചെയ്യുന്നത്. രാജ്യത്ത് ഏറെ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനമായ എസ്ബിഐ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. ധിക്കാരപരമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ജനപ്രതിനിധി ബാങ്കിന് മുന്നില്‍ സമരം നടത്തിയിട്ടും ചര്‍ച്ച നടത്താന്‍പോലും തയ്യാറാകാത്ത ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. രാവിലെ തുടങ്ങിയ സമരം വൈകുന്നേരമായിട്ടും വിദ്യാഭ്യാസ വായ്പ നല്‍കാമെന്ന ഉറപ്പ് രേഖാമൂലം നല്‍കാന്‍ തയാറായില്ല. ഈ ബാങ്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അനന്തഗോപന്‍ പറഞ്ഞു.

deshabhimani news

No comments:

Post a Comment