Saturday, October 13, 2012

ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ കള്ളക്കളി വീണ്ടും


കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം ശക്തമാക്കി. റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പുതിയ പ്രസ്താവന ഇക്കാര്യം ലക്ഷ്യമിട്ടുള്ളതാണ്. കണ്‍സള്‍ട്ടന്‍സിയും നിര്‍മാണച്ചുമതലയും ഒരേ ഏജന്‍സി വഹിക്കരുതെന്ന സെന്‍ട്രല്‍ വിജിലന്‍സ് കമീഷണറുടെ നിര്‍ദേശം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് നിര്‍മാണാനുമതി നല്‍കുന്നതിന് തടസ്സമാകുമെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഡിഎംആര്‍സി ചുമതല വഹിക്കുന്നതും വഹിച്ചിട്ടുള്ളതുമായ മറ്റുപദ്ധതികളെല്ലാം അവര്‍ തന്നെയാണ് എല്ലാ കാര്യങ്ങളും നിര്‍വഹിച്ചതെന്നാണ് യാഥാര്‍ഥ്യം.

5000 കോടിയിലേറെ ചെലവുള്ള കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സി ഏറ്റെടുത്താല്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന കമീഷന്‍ നഷ്ടമാകുമെന്നതാണ് ഭരണനേതൃത്വത്തെ വേവലാതിയിലാക്കുന്നത്. നിലവില്‍ ജയ്പുര്‍ മെട്രോ റെയില്‍വേയുടെ കണ്‍സള്‍ട്ടന്‍സിയും നിര്‍മാണച്ചുമതലയും ഡിഎംആര്‍സി തന്നെയാണ് വഹിക്കുന്നത്. കൊല്‍ക്കത്തയില്‍ മൂന്നുവരി റെയില്‍പ്പാതയ്ക്കുള്ള വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കിയതും നിര്‍മാണച്ചുമതല വഹിച്ചതും ഡിഎംആര്‍സി തന്നെ. പ്രതിരോധ വകുപ്പിനായി ഡല്‍ഹിയില്‍ അണ്ടര്‍ഗ്രൗണ്ടിന്റെ നിര്‍മാണത്തിന് പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കിയതും നിര്‍മാണം നടത്തിയതും ഡിഎംആര്‍സിയാണ്. ദേശീയപാത അതോറിട്ടിക്കായുള്ള വിവിധ പദ്ധതികളുടെ കാര്യത്തിലും ഡല്‍ഹി വിമാനത്താവളത്തിലെ റണ്‍വേ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചപ്പോഴും ആര്യാടന്‍ പറയുന്ന നിബന്ധന തടസ്സമായില്ലെന്നിരിക്കെയാണ് വിജിലന്‍സ് കമീഷണറുടെ നിര്‍ദേശത്തെ മുന്‍നിര്‍ത്തി ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. സ്വകാര്യമേഖലയിലെ സ്ഥാപനമാണ് രണ്ടു ചുമതലയും വഹിക്കുന്നതെങ്കില്‍ ഉണ്ടാവാനിടയുള്ള അഴിമതി കണക്കിലെടുത്താണ് വിജിലന്‍സ് കമീഷണര്‍ ഇത്തരമൊരു നിര്‍ദേശം ആദ്യം അവതരിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരായ പ്രമുഖ പത്രമാണ് ഇത് ആനക്കാര്യമായി ആദ്യം റിപ്പോര്‍ട്ട്ചെയ്തതും. ഇവരാകട്ടെ ഡിഎംആര്‍സി കണ്‍സള്‍ട്ടന്‍സിയും നിര്‍മാണവും ഏറ്റെടുത്തിട്ടുള്ള ഇതര പദ്ധതികള്‍ വാര്‍ത്തയില്‍ നിന്ന് മറച്ചുവയ്ക്കുകയുംചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ആര്യാടന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ വാദം.

പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിക്ക് ഇരു ചുമതലയും നല്‍കുന്നതിന് നിലവില്‍ നിയമതടസ്സങ്ങള്‍ ഒന്നുമില്ലെന്നുതന്നെയാണ് ഇതുസംബന്ധിച്ച വിദഗ്ധാഭിപ്രായം. പദ്ധതിക്കായി വായ്പ നല്‍കുന്ന ജപ്പാന്‍ ധനകാര്യ ഏജന്‍സിയായ ജൈക്കയും ഡിഎംആര്‍സിക്ക് അനുകൂലമാണ്. പദ്ധതിയുടെ തുടക്കത്തില്‍ത്തന്നെ ഡിഎംആര്‍സിക്കെതിരായ ഭരണാധികാരികളുടെ നീക്കം പ്രകടമായിരുന്നു. കൊച്ചി മെട്രോ റെയില്‍ അധികൃതരുടെ നേതൃത്വത്തിലും ഇത്തരമൊരു നീക്കം നടന്നു. എന്നാല്‍, ഇതിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയുംതന്നെ പദ്ധതി ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഡിഎംആര്‍സിയെ ഒഴിവാക്കുന്നതിന് കേരളത്തിന്റെ വികാരം എതിരാണെന്നു വ്യക്തമായപ്പോഴാണ് ഇപ്പോള്‍ വിജിലന്‍സ് കമീഷണറുടെ നിര്‍ദേശം മറയാക്കി ചരടുവലി നടത്തുന്നത്. ആര്യാടന്റെ പ്രസ്താവന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒത്താശയോടെയാണെന്നതും വ്യക്തമാണ്.
(ഷഫീഖ് അമരാവതി)

deshabhimani 131012

No comments:

Post a Comment