Thursday, August 29, 2013

സമരചരിത്രത്തിലെ പുതിയ അധ്യായം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും പൊലീസധികാരികളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് ഒരുലക്ഷത്തോളം സമരഭടന്മാരാണ് ആഗസ്റ്റ് 12ന് സെക്രട്ടേറിയറ്റുപരോധിക്കാന്‍ സധൈര്യം സന്നദ്ധരായി സെക്രട്ടേറിയറ്റിന് ചുറ്റും അണിനിരന്നത്. പതിനാല് ജില്ലകള്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലം നിശ്ചയിച്ച് നല്‍കിയിരുന്നു. സമരം നടത്തുന്നവര്‍ തുടക്കത്തില്‍ത്തന്നെ കാണിച്ച അസാമാന്യമായ ധീരതയും അച്ചടക്കവും ചിട്ടയും എതിരാളികളെ അമ്പരപ്പിക്കുക തന്നെ ചെയ്തു. സമരം സമാധാനപരമായിരിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ബാരിക്കേഡുയര്‍ത്തി സമരക്കാരെ വഴിയില്‍ തടഞ്ഞാല്‍ അവര്‍ സെക്രട്ടേറിയറ്റുപരോധിക്കുക തന്നെ ചെയ്യുമെന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ അതിശക്തമായ മുന്നറിയിപ്പ് നല്‍കി.

12-ാം തീയതി കാലത്ത് ഉമ്മന്‍ചാണ്ടി കാണിച്ചത് അല്‍പത്തരമായിരുന്നു. 9 മണിക്ക് ക്യാബിനറ്റ് യോഗം സെക്രട്ടേറിയറ്റിനകത്ത് തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാര്‍, ഉപരോധ സമരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് സെക്രട്ടേറിയറ്റ് കെട്ടിടത്തിനകത്തെത്തിച്ചേര്‍ന്നു. അസാധാരണമായ രീതിയില്‍ ഒരു ക്യാബിനറ്റ് യോഗം ചേര്‍ന്നു. യോഗം അതിവേഗം അവസാനിപ്പിച്ച് പുറത്തേക്ക് പോകാന്‍ മന്ത്രിമാര്‍ തിടുക്കം കാണിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കാണാന്‍ പോയി. മറ്റ് മന്ത്രിമാര്‍ക്ക് ഉപരോധംമൂലം പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. അവര്‍ തിരിച്ചു പോയി മുറിക്കകത്തടച്ചിരുന്നു. അന്ന് വൈകുന്നേരം വിരലിലെണ്ണാവുന്ന സര്‍ക്കാര്‍ വിലാസം സംഘടനയിലെ അംഗങ്ങളെ പുറത്തെത്തിക്കാന്‍ വളരെ വിഷമിക്കേണ്ടിവന്നു. അടുത്ത ദിവസം ആരും ജോലിക്കെത്തുകയില്ലെന്ന് വ്യക്തമായി. 13-ാം തീയതി സെക്രട്ടേറിയറ്റ് കെട്ടിടം അടഞ്ഞുകിടക്കുമെന്നും സ്തംഭിക്കുമെന്നും മന്ത്രിമാര്‍ തിരിച്ചറിഞ്ഞു. അങ്ങിനെയാണ് സെക്രട്ടേറിയറ്റ് യുഡിഎഫ് സര്‍ക്കാര്‍ തന്നെ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. രണ്ടുദിവസം സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചത് അസാധാരണ സംഭവമായിരുന്നു. ഇന്ത്യയില്‍ തന്നെ ഇതേവരെ നടന്ന സമരചരിത്രത്തില്‍ കാണാതിരുന്നത് സംഭവിച്ചു. സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ചത് പ്രതിപക്ഷമല്ല, പകരം ഭരണക്കാര്‍ തന്നെയായിരുന്നു. സ്വാതന്ത്ര്യദിനം ഉള്‍പ്പെടെ മൂന്ന് ദിവസത്തേയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചാല്‍ സമരഭടന്മാര്‍ സമരം അവസാനിപ്പിച്ച് തിരിച്ചുപോകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഞായറാഴ്ചയും തുടര്‍ച്ചയായി ഉപരോധസമരത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധതയോടെ വന്നവര്‍ അവധി പ്രഖ്യാപിച്ച കാരണംകൊണ്ട് മാത്രം തിരിച്ച് പോകാന്‍ തയ്യാറായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റി. ഈ പുതിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ മറ്റ് പോംവഴികളില്ലെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് നേതൃത്വം അടിയന്തിര യോഗം ചേരാന്‍ നിര്‍ബന്ധിതരായത്. പതിമൂന്നാം തീയതി 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമക്കാരെ വിളിച്ചുചേര്‍ത്ത് പത്ര സമ്മേളനം നടത്തി. യുഡിഎഫ് നേതൃയോഗം ചേര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു. അടുത്ത ദിവസം ചേരുന്ന ക്യാബിനറ്റ് യോഗം ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഔദ്യോഗികമായി തീരുമാനിക്കുന്നതാണെന്നും ടേം സ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായാലോചിച്ച് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശാനുസരണം തീരുമാനിക്കുമെന്നും അറിയിച്ചു.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം ഈ വിഷയം ചര്‍ച്ച ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് മാത്രമായി സമരം തുടരുന്നത് യുക്തിഭദ്രമായിരിക്കുമോ എന്നാണ് നേതാക്കള്‍ ആലോചിച്ചത്. സമരം തുടര്‍ന്നാല്‍ സമരത്തിന് പിന്തുണ നല്‍കിയ വമ്പിച്ച ജനാവലി അസംതൃപ്തി പ്രകടിപ്പിക്കാനിടയുണ്ടെന്ന് എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തി.

സമരത്തിനാധാരമായ പ്രധാനപ്പെട്ട ഒരാവശ്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവികമായും രാജിവെച്ചൊഴിയേണ്ടിവരും. ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടിയുള്ള സമരം തുടരുമെന്നും എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചു. സെക്രട്ടേറിയറ്റുപരോധം പിന്‍വലിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ബഹിഷ്കരണവും പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി പ്രകടനം ജനങ്ങളെ അണിനിരത്തിക്കൊണ്ട് തുടരുകയും ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമായി വരുന്ന സാഹചര്യം സംജാമാകുമെന്നതില്‍ എല്‍ഡിഎഫിന് സംശയമൊന്നുമില്ല. എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണെന്നും തീരുമാനിച്ചു. സമരവാളണ്ടിയര്‍മാരെ സെക്രട്ടേറിയറ്റിന്റെ പടിഞ്ഞാറുവശത്തുള്ള റോഡില്‍ എത്തിച്ചശേഷം പൊതുയോഗം ചേര്‍ന്ന് എല്‍ഡിഎഫ് നേതാക്കളും സമരത്തെ സഹായിച്ചവരും ഏകസ്വരത്തിലാണ് സംസാരിച്ചത്. സെക്രട്ടേറിയറ്റുപരോധം പിന്‍വലിക്കുന്നതില്‍ എല്‍ഡിഎഫില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. സമരത്തില്‍ പങ്കെടുത്തവരും വിജയാഹ്ലാദത്തോടെയാണ് തിരിച്ചുപോയത്. സമരം അടിച്ചമര്‍ത്തുമെന്നും പരാജയപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി കേന്ദ്ര സേനയെ വിളിച്ചു കൊണ്ടുവന്ന് നാണംകെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പരാജയം സമ്മതിച്ചുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഒരുമണിയായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ എം മാണിയേയും കുഞ്ഞാലിക്കുട്ടിയേയും ഇടവും വലവും ഇരുത്തി വീണ്ടും പത്രസമ്മേളനം നടത്തി. സമരം നിര്‍ത്തിയതിനും സമാധാനപരമായും അച്ചടക്കത്തോടെയും സമരം നടത്തിയതിനും പ്രതിപക്ഷത്തേയും പൊലീസിനെയും അഭിനന്ദിക്കാനാണ് പത്രസമ്മേളനം നടത്തിയത്. എന്നാല്‍ പത്രക്കാരുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രിയുടെ ഓഫീസ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്ന് പറയാനിടയായി. ഈ പത്രസമ്മേളനം ആശയക്കുഴപ്പം സൃഷ്ടിക്കാനിട വരുത്തി. മുഖ്യമന്ത്രി തന്നെ വാഗ്ദാനലംഘനം നടത്തിയതിന് എല്‍ഡിഎഫിന് ഉത്തരവാദിത്തമില്ല. പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടായിരിക്കാം ഉമ്മന്‍ചാണ്ടി തന്നെ അത് തിരുത്തി. ടേംസ് ഓഫ് റഫറന്‍സ് തുറന്ന മനസ്സോടെ തീരുമാനിക്കുമെന്നും പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും ഉറപ്പുനല്‍കി.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു, ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ചേ തീരുമാനിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. ഇതെല്ലാം കഴിഞ്ഞതിനുശേഷം മാളത്തിലൊളിച്ചവര്‍ ചിലര്‍ പുറത്തുവന്ന് ശബ്ദിക്കാന്‍ തുടങ്ങി. അതിലൊന്ന് ചന്ദ്രശേഖരെന്‍റ വിധവ രമയാണ്. പ്രതിപക്ഷം ഭരണമുന്നണിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചു എന്നാണ് രമ പറഞ്ഞത്. ഇത് പുതിയ ആരോപണമല്ല. ആര്‍എംപിയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉമേഷ് ബാബു പറഞ്ഞതാണ് ഇപ്പോള്‍ രമ ആവര്‍ത്തിച്ചത്. ഉമേഷ് ബാബുവിന്റെ പ്രസംഗം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ചന്ദ്രശേഖരന്‍ വധക്കേസ് കോണ്‍ഗ്രസിലെ എ വിഭാഗവും സിപിഐ എം നേതൃത്വവും ചേര്‍ന്ന് അട്ടിമറിച്ചു എന്നാണ് ഉമേഷ് ബാബു പറഞ്ഞത്. ഇത് പറഞ്ഞത് കോടതിയെ സ്വാധീനിക്കാനുള്ള ലക്ഷ്യത്തോടെയായിരിക്കാം. കളവ് പറയുന്നതില്‍ തെല്ലും മനഃസാക്ഷിക്കുത്തില്ലാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം. ഞങ്ങള്‍ക്കതില്‍ പ്രതികരിക്കേണ്ടതായ കാര്യമില്ല. അവഗണിക്കുന്നതാണ് നല്ലത്. സെക്രട്ടേറിയറ്റുപരോധം വന്‍വിജയമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ജൂലൈ 24 മുതല്‍ ആഗസ്ത് 4 വരെ ജില്ലാ - തലസ്ഥാനങ്ങളിലും നടന്ന രാപ്പകല്‍ സമരവും വന്‍ വിജയമായിരുന്നു. അത് യഥാര്‍ത്ഥ സഹനസമരമായിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത സമാധാനപരമായ സഹനസമരം. കോരിച്ചൊരിയുന്ന മഴയും മറ്റു പല പ്രതികൂലമായ അവസ്ഥയും അതിജീവിച്ചുകൊണ്ടാണ് പതിനൊന്നുദിവസം രാപ്പകല്‍ സമരം നടത്തിയത്. ജൂണ്‍ 11നാണ് സോളാര്‍ തട്ടിപ്പ് കൈരളിയുടെ പീപ്പിള്‍ ചാനല്‍ മറനീക്കി പുറത്തുകൊണ്ടുവന്നത്. അന്നുമുതല്‍ നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ടുവീഴ്ചയില്ലാത്ത സമരമാണ് നടത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള തെളിവുകള്‍ ഓരോന്നായി പുറത്തുവന്നു. എല്ലാ ടെലിവിഷന്‍ ചാനലുകളും അച്ചടി മാധ്യമങ്ങളും ഞാന്‍, ഞാന്‍ മുന്നില്‍ എന്ന രീതിയില്‍ തെളിവുകള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവന്നു.

1. ശ്രീധരന്‍നായര്‍ സരിതാ എസ് നായര്‍ക്ക് സോളാര്‍ പദ്ധതിക്കായി 40 ലക്ഷം രൂപ നല്‍കിയതായി വെളിപ്പെടുത്തി. കോടതിയില്‍ രഹസ്യ മൊഴി നല്‍കി. ശ്രീധരന്‍നായര്‍ സരിതയോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍പോയി ഉമ്മന്‍ചാണ്ടിയെ കണ്ട് ആശങ്ക തീര്‍ത്തത്. സോളാര്‍ പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ ശ്രീധരന്‍നായര്‍ക്ക് പ്രോത്സാഹനവും ഉറപ്പും നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് വ്യക്തമായി.

2. മുഖ്യമന്ത്രി ഡല്‍ഹി സന്ദര്‍ശനവേളയില്‍ വിജ്ഞാന്‍ഭവനില്‍ തോമസ് കുരുവിളയോടൊപ്പം സരിതയെ കണ്ടിട്ടുണ്ടെന്ന സത്യം പുറത്തുവന്നു.

3. ടി സി മാത്യു സരിതാനായര്‍ക്ക് ഒരു കോടി അഞ്ചുലക്ഷം രൂപ നല്‍കിയതായും തുക തിരിച്ചുകിട്ടിയില്ലെന്നും കാണിച്ച് 2013 മാര്‍ച്ച് 30ന് ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി. തനിക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഉമ്മന്‍ചാണ്ടിയെ കണ്ടതിന്റെ അടുത്ത ദിവസം സരിത, ടി സിമാത്യുവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതായ വാര്‍ത്തയും പുറത്തായി. ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയതും പറഞ്ഞതും സരിതയെങ്ങനെ ഉടന്‍ അറിഞ്ഞു എന്ന ചോദ്യത്തിന് മറുപടിയില്ല.

4. ബാംഗ്ലൂരിലെ ബിസിനസുകാരന്‍ എം കെ കുരുവിള സരിതാനായര്‍ക്കെതിരെ കോടതിയില്‍ പരാതിനല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്ന് പറയുന്നു. അതിന്റെപേരില്‍ കുരുവിളയ്ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍.

5. ഉമ്മന്‍ചാണ്ടി പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചത് കെപിസിസി പ്രസിഡണ്ടിനോടോ പാര്‍ടിയോടോ ചോദിച്ചല്ല, തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് തോന്നിയവരെയാണ് നിയമിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പിഎ ടെനിജോപ്പന്‍ സരിതയുടെ ഇടനിലക്കാരനായിരുന്നു എന്നു വന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിന് സരിതയുമായുള്ള അടുപ്പം വ്യക്തമായിക്കഴിഞ്ഞു. ജിക്കുമോന്‍ എന്ന മറ്റൊരു സ്റ്റാഫംഗത്തിനും സരിതയുമായും തട്ടിപ്പുമായും ബന്ധമുണ്ടെന്ന് വന്നു. ഫോണ്‍കാള്‍ രജിസ്റ്റര്‍ പുറത്തായതോടെ അതേവരെ രഹസ്യമായി സൂക്ഷിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്.

6. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂര്‍ സമയം രഹസ്യ സംഭാഷണം നടത്തി. കുടുംബകാര്യമാണ് സംസാരിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു മണിക്കൂര്‍ സംസാരിച്ച വിവരം ഇതുവരെ പൊതുജനങ്ങളെ അറിയിച്ചിട്ടില്ല. ബിജു രാധാകൃഷ്ണന്‍ കൊലക്കേസില്‍ പ്രതിയാണ്. തന്റെ ആദ്യ ഭാര്യ രശ്മിയെ വിഷംകൊടുത്തും ശ്വാസംമുട്ടിച്ചും കൊന്ന കേസിലെ പ്രതി.

7. സരിതാനായര്‍ നല്‍കിയ 4 പേജുള്ള മൊഴിയില്‍ പറയുന്നു (22 പേജ് 4 പേജായി ചുരുങ്ങിയതൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല)

ടീം സോളാര്‍ റിന്യുവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ചിറ്റൂര്‍റോഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കമ്പനിയില്‍ ബിജു രാധാകൃഷ്ണനും സരിതാനായരും ഡയറക്ടര്‍മാരാണ്. ബിജു രാധാകൃഷ്ണനും ശാലുമേനോനും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സരിതാനായര്‍ പറയുന്നു. ഇത്രയും ക്രൂരനായ ഒരു ക്രിമിനല്‍ പുളളിയുമായാണ് കേരള മുഖ്യമന്ത്രി ഒരു മണിക്കൂര്‍ രഹസ്യ സംഭാഷണം നടത്തിയത് എന്നത് ലജ്ജാകരമല്ലേ? സത്യം ജയിക്കുമെന്നും എല്ലാം സുതാര്യമാണെന്നുമല്ലേ ഉമ്മന്‍ചാണ്ടി ഉരുവിട്ടുകൊണ്ടിരിക്കുന്നത്? എന്തിനാണ് രാധാകൃഷ്ണനുമായി നടത്തിയ രഹസ്യ കൂടിയാലോചന പൊതുജനങ്ങളില്‍നിന്നു മറച്ചുപിടിക്കുന്നത്?

ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ ഒരേ ദിവസം ഒരേ സ്വരത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തട്ടിപ്പില്‍ പങ്കാളികളായ വിവരം മുഖ്യമന്ത്രിക്കറിയാമായിരുന്നില്ലേ? മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കണമെന്ന് അന്വേഷണം നടത്തിയവര്‍ക്ക് തോന്നിയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി അറിയാതെയാണോ? ഇത്തരം ചോദ്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. സോളാര്‍ പാനല്‍ 2500 ച. അടി വിസ്തീര്‍ണ്ണമുള്ള വീടുകളില്‍ വെയ്ക്കണം. എല്ലാ പൊലീസ്സറ്റേഷനിലും സോളാര്‍ പാനല്‍ ഉണ്ടായിരിക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സോളാര്‍ പാനല്‍ ഘടിപ്പിക്കണം. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ഇറക്കിയത് സോളാര്‍ തട്ടിപ്പിനെ സഹായിക്കാനല്ലേ? ഡിജിപി സോളാര്‍ തട്ടിപ്പ് കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘത്തെ നിയമിച്ചത്. ഇത്തരം ഒരന്വേഷണസംഘത്തെ നിയമിക്കാന്‍ ഡിജിപിക്ക് അധികാരം നല്‍കുന്ന വകുപ്പേതാണ് എന്ന് കോടതി ചോദിച്ചു. സോളാര്‍ തട്ടിപ്പിനെതിരായി 33 കേസുകളാണ് വന്നിരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. അതത് പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരാണ് കേസന്വേഷിക്കേണ്ടത്.അതിനുപകരം അവരെയൊക്കെ ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കേസന്വേഷിക്കാനിടയായതെങ്ങനെ? ഇതിന്റെ നിയമവശമാണ് അഭിഭാഷകനോട് കോടതിചോദിച്ചത്. സാങ്കേതിക കാരണത്താല്‍ കേസ് റദ്ദാക്കപ്പെടാനിടവരുന്ന ഇത്തരം ഒരു നടപടിയുണ്ടായത് ദുരൂഹമല്ലേ?

ഇതില്‍നിന്നെല്ലാം ഉമ്മന്‍ചാണ്ടിയുടെ വ്യക്തവും സ്പഷ്ടവുമായ പങ്കും നേതൃത്വവുമാണ് മറനീക്കി പുറത്തുവരുന്നത്. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമായത്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കുറ്റകൃത്യം തടയാന്‍ ബാദ്ധ്യതയുള്ള മുഖ്യമന്ത്രി കുറ്റകൃത്യത്തിന് കുടപിടിക്കുന്ന ആളായി മാറി. ബഹുജനസമരം നൂറുശതമാനം ശരിയായിരുന്നു എന്നു പറയാന്‍ ഇതില്‍ കൂടുതല്‍ തെളിവാവശ്യമില്ല. അന്വേഷണം ആരംഭിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും. സമരം ആരംഭിച്ചതോടെ യുഡിഎഫിനകത്തെ രൂക്ഷമായ അഭിപ്രായഭിന്നത പുറത്തുവന്നു. അത് ദിനംപ്രതി രൂക്ഷമാകുകയാണ്. സമരത്തിന് ലഭിച്ച ബഹുജന പിന്‍തുണ അഭൂതപൂര്‍വമാണ്. സമരം വന്‍ വിജയമാണ്. ഡിജിപിക്ക് പറയേണ്ടിവന്നു, സമരം തികച്ചും സമാധാനപരമായിരുന്നു എന്ന്. കണ്ണൂരില്‍നിന്ന് 1500 രൂപ നല്‍കി ക്രിമിനലുകളെ കൊണ്ടുവന്നു എന്ന് തട്ടിവിട്ട എം പി ഇളിഭ്യനായി. ഒരു ലക്ഷം പേര്‍ ഒത്തുകൂടിയ സ്ഥലത്തെ അച്ചടക്കവും കൃത്യനിഷ്ഠയും ചുമതലാബോധവും ത്യാഗസന്നദ്ധതയും അര്‍പ്പണ മനോഭാവവും മഹത്തായ മാതൃകയാണ്. ഇതെല്ലാം ചേര്‍ന്നതാണ് ഐതിഹാസികമായ സമരത്തിന്റെ ഉജ്വലമായ വിജയം. നമുക്കഭിമാനിക്കാം. സംശയമില്ലാതെ.


വി വി ദക്ഷിണാമൂര്‍ത്തി ചിന്ത വാരിക

No comments:

Post a Comment