Saturday, August 31, 2013

ശിശുരോദനമിതു കേട്ടുവോ? മണിയറ വാതിലില്‍!

വിദ്യാഭ്യാസരംഗം ആകെ പരിശോധിച്ചാല്‍ അക്കാദമികവും അല്ലാത്തതുമായ വിഷയങ്ങളില്‍ പെണ്‍കുട്ടികളാണ് ഏറെ മുന്നിലെന്നു കാണാം. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദ, ബിരാദാനന്തര പരീക്ഷാഫലങ്ങള്‍, കലോത്സവ-കായിക മേളകളിലെ പങ്കാളിത്തവും വിജയവും, മറ്റു മേളകളിലെ പങ്കാളിത്തം...എല്ലാത്തിലും ഒരുപടി മുന്നിലാണ് അവര്‍. ഈ മിടുക്കിക്കുട്ടികളെയാണ് ചെറുപ്രായത്തില്‍ ബലികൊടുക്കുന്നത്. വീട്ടിലിരിക്കുംതോറും ചങ്കിടിപ്പ് കൂട്ടുന്ന വസ്തുവാണ് പെണ്ണെന്ന ചിന്തയ്ക്ക് മാറ്റം വരുത്താന്‍ വിദ്യാഭ്യാസത്തിനോ സാമൂഹ്യവ്യവസ്ഥയ്ക്കോ ഇനിയുമായിട്ടില്ല. എങ്ങനെയും കെട്ടിച്ചുവിട്ട് ബാധ്യത ഒഴിവാക്കണമെന്നേയുള്ളൂ വീട്ടുകാര്‍ക്ക്. ഉയര്‍ന്ന മാര്‍ക്കും നേടിയ സമ്മാനങ്ങളും മധുരിക്കുന്ന ഓര്‍മയായി അവള്‍ക്ക് ജീവിതാന്ത്യംവരെ കൊണ്ടുനടക്കാമെന്ന സൗജന്യം മാത്രം ബാക്കി. വിവാഹക്കമ്പോളത്തില്‍ പെണ്ണിന്റെ വിദ്യാഭ്യാസത്തേക്കാള്‍, ജോലിയേക്കാള്‍ ഡിമാന്‍ഡ് പ്രായത്തിനാണ്. പ്രായം കൂടിയാല്‍ ആവശ്യക്കാര്‍ കുറയും.

കൂടുതല്‍ സ്ത്രീധനം കൊടുക്കേണ്ടിവരും. ഇതൊഴിവാക്കാന്‍ പെണ്ണിനെ നേരത്തേ കെട്ടിച്ചുവിടുകയേ നിവൃത്തിയുള്ളൂ. വിവാഹിതയായാല്‍ പിന്നെ പഠനമില്ല. ജോലിയില്ല. ആ സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടണം. ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. സമ്പത്തിന്റെ പ്രശ്നമാണ്. പണമുള്ളവര്‍ക്ക് മറിച്ച് തീരുമാനങ്ങളെടുക്കാം. അല്ലാത്തവര്‍ക്ക് അതിന് ധൈര്യം വരില്ല. 18ന് മുമ്പ് വിവാഹിതരാകുന്നവരുടെ എണ്ണവും വിവാഹമോചിതരാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. വിവാഹങ്ങള്‍ക്ക് പെണ്ണിന്റെ സമ്മതം ചോദിക്കേണ്ടെന്ന സൗകര്യവും പല സമുദായങ്ങളും മുതലെടുക്കുന്നു. പ്രശ്നങ്ങള്‍ അങ്ങേയറ്റം വഷളാക്കുന്നതില്‍ അടുത്തിടെ ഇറങ്ങിയ സര്‍ക്കാര്‍ സര്‍ക്കുലറും കാരണമായതായി പ്രമുഖര്‍ പറയുന്നു. 16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം സാധുവാണെന്നും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നുമാണ് സര്‍ക്കുലറില്‍. ഇതിന്റെ മറവില്‍ കുറെ വിവാഹങ്ങള്‍ നടന്നു. കണക്കുകള്‍ എവിടെയുമില്ല. നമ്മുടെ നാട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കോയമ്പത്തൂരിലോ മൈസൂരിലോരജിസ്റ്റര്‍ ചെയ്യാം. ഇതിന് സൗകര്യമൊരുക്കുന്ന മതസ്ഥാപനങ്ങളും നിരവധി. ശൈശവ വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് ഭയമാണ്. 18 തികയാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നയാളും നടത്തിക്കൊടുക്കുന്നവരും വിവാഹത്തില്‍ പങ്കെടുക്കുന്നവരും ശിക്ഷാര്‍ഹരാണെന്നാണ് നിയമം. നിയമത്തിന് കുറവില്ല നമ്മുടെ നാട്ടില്‍. ഇതൊന്നും ശിക്ഷാര്‍ഹമായ കാര്യമല്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ക്ക്. പരാതി വന്നാല്‍ മാത്രം നടപടി. എന്നാല്‍, കേസ് എങ്ങുമെത്തില്ല. പരാതിയായി എത്തുന്നവരുടെ കണക്ക് മാത്രമാണ് ശൈശവവിവാഹമായി രേഖപ്പെടുത്തുന്നത്. യഥാര്‍ഥ കണക്ക് എത്രയോ ഇരട്ടി. ശൈശവവിവാഹത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരും രക്ഷിതാക്കളും ചെയ്യേണ്ടതായി പലതുണ്ട്-
അതേകുറിച്ച് നാളെ...

വിവാഹങ്ങള്‍ 5000, കേസുകള്‍ വിരലിലെണ്ണാം

സംസ്ഥാനത്തെ ശൈശവ വിവാഹങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ല. ശരാശരി 5,000 ശൈശവ വിവാഹങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ വിശദീകരണം. യഥാര്‍ഥ കണക്ക് ഇതിനും മുകളിലാണെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. എന്നിട്ടും ആവശ്യമായ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറല്ല. കഴിഞ്ഞവര്‍ഷത്തെ കണക്ക് പ്രകാരം മലപ്പുറത്ത് മാത്രം 3404 ശൈശവ വിവാഹം നടന്നു. ശരിയായ കണക്ക് അതിലും ഏറെയാണ്. എന്നാല്‍, സംസ്ഥാനത്ത് പരാതിയായി രജിസ്റ്റര്‍ ചെയ്തത് വെറും ആറെണ്ണം. 2007ല്‍ ഒരു കേസ് കണ്ണൂരില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. 2008ല്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ രണ്ടെണ്ണം തിരുവനന്തപുരത്തും മറ്റുള്ളവ പാലക്കാട്, കോഴിക്കോട് ജില്ലകളിലുമാണ്. 2010ല്‍ ആറ് കേസുകള്‍: മലപ്പുറം-3, വയനാട്-1, പാലക്കാട്-1, കണ്ണൂര്‍-1. 2011ലെ മൂന്ന് കേസുകളും മലപ്പുറത്തുനിന്നാണ്. 2009ലും 2013 മെയ് വരെയും ഒറ്റക്കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ് രസകരം. വിവാഹിതരായവരുടെ ജീവിതം തകര്‍ക്കേണ്ടതില്ലെന്ന് കരുതി പൊലീസും അധികൃതരും കണ്ണടയ്ക്കുന്നതും ഇത്തരം വിവാഹങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നു. ശൈശവ വിവാഹം സംബന്ധിച്ച് ആര്‍ക്കും പരാതിപ്പെടാം. പക്ഷേ, പൊല്ലാപ്പാകുമോയെന്ന് പേടിച്ച് ആരും മിണ്ടാറില്ല. ഇപ്പോള്‍ കിട്ടുന്ന പരാതികള്‍ മിക്കതും ബന്ധപ്പെട്ട കുടുംബത്തോട് ശത്രുതയുള്ളവര്‍ രഹസ്യമായി നല്‍കുന്ന വിവരമാണ്. കേസ് വന്നാല്‍ കുടുങ്ങുമെന്നതിനാല്‍ ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നു. വിവാഹത്തിന് സമ്മതമല്ലെങ്കിലും എങ്ങനെ പരാതിപ്പെടണമെന്ന് പെണ്‍കുട്ടികള്‍ക്ക് അറിയാത്ത സ്ഥിതിയുമുണ്ട്. രക്ഷിതാക്കളുടെ അജ്ഞതയും പലരും മുതലെടുക്കുന്നു.

കല്യാണം ഞായറാഴ്ച മതി; മറ്റുള്ളോരെ സ്കൂള്‍ മുടങ്ങില്ലല്ലോ...

""കല്യാണം ശനിയോ ഞായറോ തന്നെ നടത്തണമെന്ന് എല്ലാരും വീട്ടില് പോയി പറയണം. എന്നാല്‍, മറ്റുള്ളോരെ ക്ലാസ് നഷ്ടപ്പെടൂലല്ലോ." അടുത്തിടെ മലപ്പുറം ജില്ലയിലെ ഒരു സ്കൂള്‍ അസംബ്ലിയില്‍ ഒരധ്യാപകന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞതാണിത്. സ്കൂളും അധ്യാപകനെയും അന്നാട്ടുകാര്‍ക്കറിയാം. വിദ്യാഭ്യാസപരമായി ഏറെ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനത്ത് ഒരു വിദ്യാലയത്തിലെ അധ്യാപകന് ഇത്തരം പ്രഖ്യാപനം നടത്തേണ്ടിവരുന്നത് ആശ്ചര്യമായി തോന്നാം. സ്കൂള്‍ വിദ്യാര്‍ഥിയുടെ വിവാഹം ഒരു സാമൂഹ്യ പ്രശ്നമായിപ്പോലും ആ അധ്യാപകന് തോന്നിയില്ല.

ശൈശവ വിവാഹം കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്ത് ഏറ്റവുമധികം ശൈശവ വിവാഹം നടക്കുന്ന മലപ്പുറത്ത് 11നും 18നും ഇടയില്‍ പ്രായമുള്ള 2,78,610 പെണ്‍കുട്ടികളുണ്ട്. ഇതില്‍ 2,04,771 പേര്‍ മുസ്ലിം സമുദായത്തില്‍പെട്ടവരാണ്. പട്ടികവിഭാഗക്കാരായ പെണ്‍കുട്ടികളുടെ എണ്ണം 20,239ഉം മറ്റു വിഭാഗങ്ങളുടേത് 82477ഉമാണ്. 2012ല്‍ ഇതില്‍ 3404 പേര്‍ വിവാഹിതരായി. ഇതില്‍ത്തന്നെ 2827 പേര്‍ മുസ്ലിം സമുദായത്തില്‍പെട്ടവരാണ്. 174 പേര്‍ പട്ടികജാതിയിലും 26 പേര്‍ പട്ടിക വര്‍ഗത്തിലും പെടുന്നു. 338 പേര്‍ വിവാഹിതരായത് 14-16 വയസ്സിലാണെന്നതും ഞെട്ടിപ്പിക്കുന്നു. 16-18 വയസ്സില്‍ 2386 പേരും വിവാഹിതരായി. കഴിഞ്ഞില്ല, സാമൂഹ്യനീതി വകുപ്പ് 2012ല്‍ നടത്തിയ കണക്കെടുപ്പില്‍ 18 വയസ്സില്‍ താഴെയുള്ള 144 വിധവകള്‍ ജില്ലയിലുണ്ട്. ഇതില്‍ 65 പേര്‍ മുസ്ലിം സമുദായത്തിലുള്ളവരാണ്. മറ്റ് എല്ലാ വിഭാഗങ്ങളിലുമായി 79 വിധവകളും. 18ന് താഴെയുള്ള വിധവകളില്‍ പുനര്‍വിവാഹിതരായത് അഞ്ചുപേര്‍ മാത്രം. ഇവര്‍ ഏതു പ്രായത്തിലുള്ളവരെ വിവാഹം ചെയ്തു എന്നതിന് രേഖകളില്ല. ഇരട്ടിയിലധികം പ്രായമുള്ള രണ്ടാംകെട്ടുകാരന്റെ ഭാര്യയാകേണ്ടി വന്നിരിക്കാം. തന്നോളം പ്രായമുള്ള മക്കള്‍ അയാള്‍ക്കുണ്ടാകാം. ഇവിടെ വിവാഹിതയായ പെണ്‍കുട്ടി മാത്രമല്ല, ആദ്യ വിവാഹത്തിലെ മക്കളും മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രശ്നക്കാരായ കുട്ടികളില്‍ ഭൂരിപക്ഷവും അരക്ഷിതമായ ചുറ്റുപാടുകളില്‍നിന്ന് വരുന്നവരാണ്. ഇവരുടെ വേദനകള്‍ക്ക് പരിഹാരമില്ല. നിശ്ശബ്ദമായ അവരുടെ നിലവിളികളാണ് പ്രകോപനങ്ങളായി പ്രകടിപ്പിക്കുന്നതെന്നും ആരുമറിയുന്നില്ല.

deshabhimani

No comments:

Post a Comment