Saturday, August 31, 2013

സോളാര്‍ കേസ്: സിറ്റിങ്ങ് ജഡ്ജി ഇല്ലെന്ന് ഹൈക്കോടതി

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ്ങ് ജഡ്ജിയെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചു. മുന്‍കാല വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടേതാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്നതാണ് കമ്മിറ്റി. 26 നാണ് കമ്മറ്റി ചേര്‍ന്നത്.

ഹൈക്കോടതിയിലെ ജഡ്ജിമാരുടെ കുറവും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻകാല വിധികളും അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിറ്റിങ്ങ് ജഡ്ജിയെ വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനു പുറമെ ജഡ്ജിമാരായ കെ എം ജോസഫ്, തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കെ ടി ശങ്കരൻ, എസ് സിരിജഗൻ എന്നിവരാണു കമ്മിറ്റി അംഗങ്ങൾ.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയതതുപോലെ ഒരു കത്തയച്ചതുകൊണ്ട് മാത്രം സിറ്റിങ്ങ് ജഡ്ജിയെ കിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ടേംസ് ഓഫ് റഫറന്‍സ് പോലും തയ്യാറാക്കാത്ത സര്‍ക്കാര്‍ അതുപോലുമില്ലാതെയാണ് ജഡ്ജിയെ ആവശ്യപ്പെട്ടത്. ഗവര്‍മെണ്ടിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ആവശ്യം ശക്തമായി ഉന്നയിക്കേണ്ടിയിരുന്നുfഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട കേസാണെന്ന് ബോധ്യപ്പെടുത്തണമായിരുന്നു.- കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന നീലലോഹിതദാസിനെതിരെ ആരോപണം വന്നപ്പോള്‍ സര്‍ക്കാര്‍ കേസിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയപ്പോള്‍ സിറ്റിങ്ങ് ജഡ്ജിയെ കിട്ടിയിരുന്നു- കോടിയേരി ചൂണ്ടിക്കാട്ടി..

സിറ്റിങ് ജഡ്ജിക്കായി സമ്മര്‍ദം വേണ്ടെന്ന്

സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിങ് ജഡ്ജിക്കായി സര്‍ക്കാര്‍തലത്തില്‍ കടുംപിടിത്തംവേണ്ടെന്ന് രഹസ്യധാരണ. സിറ്റിങ് ജഡ്ജിയെ വിട്ടുതരാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ച സ്ഥിതിക്ക് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിന് നിയോഗിച്ച് കേസ് വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ പദ്ധതി. സര്‍ക്കാരിന്റെ ഇംഗിതത്തിന് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ള അഞ്ച് പേര് പരിഗണനയിലുണ്ട്. ഇതില്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുള്ള ഒരാളെ ഉടന്‍ തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണനയ്ക്ക് വരുമെന്നാണ് സൂചന.

കേസന്വേഷണത്തിന് സിറ്റിങ് ജഡ്ജി വേണമെന്ന വിഷയത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ട് കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിലപാട്. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും ഇതേ അഭിപ്രായക്കാരാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി സിറ്റിങ് ജഡ്ജിമാര്‍ക്കു വേണ്ടിയുള്ള നീക്കവും നടത്തില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് ഹൈക്കോടതിക്ക് ഒരു കത്ത് കൂടി അയച്ച് കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് നീക്കം. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ ജുഡീഷ്യല്‍ അന്വേഷണവും പ്രഹസനമാകുമെന്ന് ഉറപ്പായി.

സിറ്റിങ് ജഡ്ജിയെ വിട്ടുതരാനാകില്ലെന്നത് ഫുള്‍ കോര്‍ട്ടിന്റെ തീരുമാനമാണെന്നും ആ നിലയ്ക്ക് മറ്റു ശ്രമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ സൂചന. ജില്ലാ ജഡ്ജിയെ കിട്ടണമെങ്കിലും ഹൈക്കോടതിയുടെ അനുമതി കൂടിയേ കഴിയൂ. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു കേസില്‍ ജില്ലാ ജഡ്ജിയുടെ അന്വേഷണം എത്രത്തോളം ഗൗരവമുള്ളതാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജഡ്ജിമാരുടെ ഒഴിവ് നികത്താത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ വിട്ടുതരാനാകില്ലെന്ന നിലപാട് എടുത്തത്. ആകെ 27 ജഡ്ജിമാര്‍മാത്രമാണ് ഇപ്പോഴുള്ളത്. ഒമ്പത് ജഡ്ജിമാരുടെ ഒഴിവ് നിലവിലുണ്ട്. ഇത് നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതി സിറ്റിങ് ജഡ്ജിമാരെ ഇതിനുമുമ്പ് പല കേസുകളിലും അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മലയാളികളായ ജഡ്ജിമാര്‍ മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലുണ്ട്. അവര്‍ വരണമെങ്കില്‍ സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യം വേണം. എന്നാല്‍,സോളാര്‍ കേസ് പ്രത്യേക കേസ് ആയി പരിഗണിച്ച് സിറ്റിങ് ജഡ്ജിയുടെ സേവനം തേടാന്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ല. ആഗസ്ത് 13ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആഴ്ചകള്‍ക്കു ശേഷമാണ് ഹൈക്കോടതിക്ക് കത്തയച്ചത്. ജഡ്ജിയുടെ കാര്യം തീരുമാനിച്ച ശേഷം മതി അന്വേഷണ വിഷയങ്ങളും മറ്റും തീരുമാനിക്കാനെന്ന നിലപാടിലാണ് സര്‍ക്കാര്‍.

കെ ശ്രീകണ്ഠന്‍

deshabhimani

No comments:

Post a Comment