Friday, August 30, 2013

കേരളം നിയമന നിരോധത്തിലേക്ക്

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം അനുഭവിക്കുന്ന സംസ്ഥാനത്ത് നിയമന നിരോധനവും. പുതിയ തസ്തികകളും ഓഫീസുകളും സൃഷ്ടിക്കരുതെന്ന് ധനവകുപ്പ് ഉത്തരവിറക്കി. നിലനില്‍ക്കുന്ന കാല്‍ലക്ഷം തസ്തികകള്‍ക്കാണ് ഇതുമൂലം കോടാലി വീഴുക. ആറു മാസത്തിനകം സമ്പൂര്‍ണ നിയമന നിരോധനത്തിലേക്ക് എത്തുമെന്ന വ്യക്തമായ സൂചനയാണിത്. ധനവകുപ്പിന്റെ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയി ആഗസ്ത് അഞ്ചിന് ഇറക്കിയ ഉത്തരവ്. എല്ലാ തസ്തികയ്ക്കും ധനവകുപ്പിന്റെ അനുമതി വേണമെന്ന ചട്ടം നിലനില്‍ക്കെ പുതിയ ഉത്തരവ് അസാധാരണ നടപടിയാണ്. പുതിയ തസ്തികകളും ഓഫീസുകളും ആവശ്യപ്പെടുന്നത് പൂര്‍ണമായി തടയലാണ് ലക്ഷ്യം.

കാലഹരണപ്പെട്ട തസ്തികകള്‍ നിര്‍ത്തലാക്കി അതിലെ ജീവനക്കാരെ പ്രത്യേക പൂളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞവര്‍ഷം ആഗസ്ത് എട്ടിന് ഉത്തരവിറക്കിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാരസമിതിയും രൂപീകരിച്ചു. വാട്ടര്‍ അതോറിറ്റി, ജലവിഭവം, ഭൂഗര്‍ഭജലം, ലാന്‍ഡ് റവന്യൂ, ഇക്കണോമികസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, വനം, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് എന്നീ വകുപ്പുകളിലായി കാലാകാലങ്ങളിലുള്ള തുടര്‍ അനുമതിയോടെ നിലനിന്ന 25,000 തസ്തിക ഇല്ലാതാക്കാനായിരുന്നു അന്ന് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പണിമുടക്കിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഈ തസ്തികകള്‍ക്ക് താല്‍ക്കാലികമായി തുടര്‍ അനുമതി നല്‍കി. അനുമതിയുടെ കാലാവധി ഈമാസം അവസാനിക്കും. ഉന്നതാധികാരസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കി 25,000 തസ്തികയും നിര്‍ത്തലാക്കാനാണ് സാധ്യത. തുടര്‍ അനുമതി നിഷേധിക്കുന്നതോടെ മറ്റു വകുപ്പുകളിലേക്ക് ഇവരെ പുനര്‍ വിന്യസിക്കേണ്ടിവരും. അതോടെ സംസ്ഥാനത്ത് പുതിയ നിയമനങ്ങള്‍ നിലയ്ക്കും. സര്‍ക്കാര്‍ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പേരെയാണ് ഇതു ബാധിക്കുക.

സര്‍ക്കാരിന്റെ രഹസ്യനിര്‍ദേശത്തെ തുടര്‍ന്ന് വിരമിക്കല്‍ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് നിലച്ചു. പുതിയ തസ്തികകള്‍ക്ക് അനുമതി നിഷേധിച്ചുള്ള ഉത്തരവിലൂടെയായിരുന്നു എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്തും സമ്പൂര്‍ണ നിയമന നിരോധനത്തിന്റെ തുടക്കം. വന്‍ പ്രതിഷേധത്തിനു ശേഷവും 11,678 തസ്തിക നിര്‍ത്തലാക്കുകയായിരുന്നു.

ആര്‍ സാംബന്‍ deshabhimani 300813

No comments:

Post a Comment