സംസ്ഥാനത്ത് വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം. ഒമ്പതിടത്ത് ജയിച്ച എല്‍ഡിഎഫ് ഏഴിടത്തും യുഡിഎഫ് വാര്‍ഡുകള്‍ പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ച ഒരു വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് ഒമ്പതിടത്ത് വിജയിച്ചു. അവര്‍ രണ്ട് എല്‍ഡിഎഫ് വാര്‍ഡുകളും ഒരു ബിജെപി സീറ്റും പിടിച്ചെടുത്തു. ഒരുസീറ്റ് ബിജെപിക്കും ലഭിച്ചു. രണ്ട് പഞ്ചായത്തുകളുടെ ഭരണം ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ എല്‍ഡിഎഫിന് ലഭിച്ചു. തൃശൂര്‍ ജില്ലയിലെ കൊടകര, തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചത്.
കൊടകരയിലെ പുലിപ്പാറ, തേശ്ശേരി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. തേശ്ശേരിയില്‍ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുക്കുകകയായിരുന്നു. പുലിപ്പാറയില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. തേശ്ശേരിയില്‍ 85 വോട്ടിന് എല്‍ഡിഎഫ് സ്വതന്ത്ര ജീന ജോയ് കള്ളിയത്തുപറമ്പിലും പുലിപ്പാറയില്‍ 172 വോട്ടിന് സിപിഐ എമ്മിലെ എം എം മജിതനും വിജയിച്ചു. പഞ്ചായത്തില്‍ ആകെയുള്ള 21 സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റുകള്‍ ഒഴിവ് വന്ന ശേഷംഎട്ടെണ്ണം യുഡിഎഫിനും എട്ടെണ്ണം എല്‍ഡിഎഫിനും മൂന്ന് സീറ്റ് ബിജെപിക്കുമായിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും സീറ്റുമായി. കൊടകര അളഗപ്പ നഗറിലെ വെണ്ടോര്‍ വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സി വി പ്രദീപ് 24 വോട്ടിന് വിജയിച്ചു.തൃശ്ശൂര്‍ നടത്തറയിലെ വീമ്പ് വാര്‍ഡും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ ഗീത രവീന്ദ്രാക്ഷന്‍ 181 വോട്ടിനാണ് വിജയിച്ചത്. കടങ്ങോട്ടെ പരപ്പ് നെല്ലിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുണ്ടുതുറയില്‍ സിപിഐ എമ്മിലെ ജറാള്‍ഡ് വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് വാര്‍ഡാണ് 209 വോട്ടിന് എല്‍ഡിഎഫ് പിടിച്ചെടുത്തത്്. എല്‍ഡിഎഫിന്റെ ഭൂരിപക്ഷത്തേക്കാള്‍ കുറവാണ് യുഡിഎഫിന്റെ ആകെ വോട്ട്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി. ആകെയുള്ള 14 സീറ്റില്‍ രണ്ട് മുന്നണിക്കും ഏഴുവീതം സീറ്റായിരുന്നു. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം കിട്ടിയത്. ഇപ്പോള്‍ എല്‍ഡിഎഫിന് എട്ട് സീറ്റായി.
ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ബ്ലോക്ക്പഞ്ചായത്തിലെ മങ്കൊമ്പ് തെക്കേക്കര വാര്‍ഡും എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ തവണ യുഡിഎഫ് 367 വോട്ടിന് ജയിച്ച വാര്‍ഡ് ഇത്തവണ സിപിഐ എമ്മിലെ എസ് മായാദേവി 369 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരിച്ചുപിടിച്ചത്. വാര്‍ഡ് നിലവില്‍ വന്ന ശേഷം എല്‍ഡിഎഫ് ആദ്യമായാണ് ഇവിടെ വിജയിക്കുന്നത്.
വയനാട് ജില്ലയില്‍ എടവക പഞ്ചായത്തിലെ കമ്മന വാര്‍ഡിലും എല്‍ഡിഎഫ് യുഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തു. 199 വോട്ടിന് സിപിഐ എമ്മിലെ പി ആര്‍ രമേശാണ് വിജയിച്ചത്.
പത്തനംതിട്ട നാറാണംമൂഴിയിലെ അടിച്ചിപ്പുഴ പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിപ്പെടുത്തു. സിപിഐ എമ്മിലെ എന്‍ മഞ്ജു 110 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞതവണ യുഡിഎഫ് 170 വോട്ടിനാണ് വിജയിച്ചത്.
കോട്ടയം ജില്ലയിലെ വൈക്കം നഗരസഭയിലെ മുനിസിപ്പല്‍ ആഫീസ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ ബി ഫിലോമിന 27 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞതവണ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു.
കൊല്ലം തൃക്കടവൂര്‍ പഞ്ചായത്തിലെ കോട്ടേത്തുകടവ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. യുഡിഎഫിലെ ശോഭ ആന്റണി 129 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് പ്രതിനിധി ആശാജോസ് രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫും ഒരുസീറ്റ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. താനാളൂരിലെ പട്ടരുപറമ്പ് വാര്‍ഡില്‍ വലിയാറയില്‍ സിപിഐ എമ്മിലെ സതീശ് ബാബു 167 വോട്ടിന് വിജയിച്ചു. മുസ്ലീംലീഗിന്റെ സിറ്റിങ്ങ് സീറ്റിലാണ് വിജയം. മറ്റ് സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തി. മഞ്ചേരി നഗരസഭയിലെ ഏലമ്പ്രയില്‍ മുസ്ലീം ലീഗിലെ പള്ളിക്കല്‍ റഫീക്കാണ് വിജയിച്ചത്. അരീക്കോട് ബ്ലോക്കിലെ തൃപ്പനച്ചിയില്‍ ലീഗിലെ പി ടി അബ്ബാസ് 1963 വോട്ടിന് ജയിച്ചു. ആലിപ്പറമ്പിലെ പുന്നക്കോട് വാര്‍ഡില്‍ ലീഗിലെ എം പി നസീമ 294 വോട്ടിന് വിജയിച്ചു. വണ്ടൂരിലെ കേലേംപാടം വാര്‍ഡ് സിപിഐ എമ്മില്‍ നിന്ന് മുസ്ലീംലീഗ് പിടിച്ചെടുത്തു.
കണ്ണൂര്‍ ആലക്കോട്ടെ തേര്‍ത്തല്ലി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ബേബിയാണ് വിജയി. 236 വോട്ടാണ് ഭൂരിപക്ഷം.
കാസര്‍ഗോഡ് ചെമ്മനാട്ടെ പരവനടുക്കം വാര്‍ഡ് ബി ജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ചന്ദ്രശേഖരന്‍ കുളങ്ങരയാണ് വിജയി. 48 വോട്ടിനാണ് ഭൂരിപക്ഷം. മഞ്ചേശ്വരത്തെ ബാവൂട്ടമൂല വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 206 വോട്ടിന് അനന്തകുമാറാണ് വിജയിച്ചത്.
No comments:
Post a Comment