Friday, August 30, 2013

നവഉദാര നയങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമാക്കാന്‍ സിഐടിയു

രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന നവഉദാര നയങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സിഐടിയു തീരുമാനം. ജയ്പുരിലെ സമര്‍ മുഖര്‍ജി നഗറിലെ സിഐടിയു പ്രവര്‍ത്തകസമിതി യോഗത്തിലാണ് ഈ ആഹ്വാനം. ജനകീയ ബദല്‍നയങ്ങള്‍ക്കായി യോജിച്ചുള്ള പോരാട്ടത്തിനും സിഐടിയു ആഹ്വാനംചെയ്തു. നവഉദാര നയങ്ങള്‍ക്കെതിരെ കര്‍ഷകത്തൊഴിലാളികള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രമേയത്തില്‍ പറഞ്ഞു. ഇത്തരം നയങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ സജീവമാക്കാന്‍ സിഐടിയുവിന്റെ എല്ലാ ഘടകങ്ങളും തയ്യാറാകണം. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തി. സമര്‍ മുഖര്‍ജിക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. ബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചു. നരേന്ദ്ര ദാബോല്‍ക്കറിന്റെ കൊലയില്‍ പ്രതിഷേധിച്ചു.

1991ലെ മോശം സാമ്പത്തികാവസ്ഥയിലേക്ക് രാജ്യം മടങ്ങിയെത്തിരിക്കുകയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ എ കെ പത്മനാഭന്‍ പറഞ്ഞു. പരാജയപ്പെട്ട സാമ്പത്തികനയങ്ങള്‍ കൂടുതലായി അടിച്ചേല്‍പ്പിക്കാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശ്രമിക്കുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ലോകമെങ്ങും തൊഴിലില്ലായ്മ രൂക്ഷമാകുന്നു. തൊഴില്‍ജന്യ വളര്‍ച്ചയിലേക്ക് ഉല്‍പ്പാദന മാതൃകകള്‍ മാറണമെന്ന് ഐഎല്‍ഒയ്ക്ക് പറയേണ്ടി വന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിക്കുമ്പോഴും തങ്ങളുടെ സൈനികാധിപത്യം ലോകമാകെ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. ബദല്‍നയങ്ങള്‍ക്കായി ഇടതുപക്ഷംമാത്രമാണ് നിലകൊള്ളുന്നത്. പോരാട്ടങ്ങളില്‍ തൊഴിലാളി- കര്‍ഷകത്തൊഴിലാളി ഐക്യം ശക്തിപ്പെടുത്താന്‍ സിഐടിയു സമ്മേളനം തീരുമാനിച്ചിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയണമെന്നും എ കെ പി പറഞ്ഞു. ജനറല്‍ സെക്രട്ടറി തപന്‍സെന്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ 12ന് നിശ്ചയിച്ച പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ സിഐടിയു ഘടകങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് തപന്‍സെന്‍ ആഹ്വാനംചെയ്തു.

deshabhimani

No comments:

Post a Comment