മാധ്യമങ്ങള്‍ക്ക് അക്ഷരമാണ് ആയുധം. അച്ചടി മാധ്യമങ്ങള്‍ക്ക് തൂലികയും വായ്മൊഴിയുമാണ് ദൃശ്യമാധ്യമങ്ങള്‍ക്കൊപ്പം സംവേദനം സാധ്യമാക്കുന്നത്. ജീവന് ഹാനികരമായ ആയുധങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. മാധ്യമങ്ങള്‍ ആരെയും കൊന്നിട്ടുമില്ല. എന്നിട്ടും മാധ്യമങ്ങള്‍ക്ക് കൊലപാതക രാഷ്ട്രീയമോയെന്ന ചോദ്യം ഉയര്‍ത്തുന്നത് അസംബന്ധമാണെന്ന് തോന്നുന്നില്ലേ? എങ്കില്‍ തെറ്റി. ആരെയും കൊന്നിട്ടില്ലെങ്കിലും, ആളുകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളിലെ കഥാകഥനങ്ങളിലൂടെ മാധ്യമങ്ങള്‍ കൊലപാതകങ്ങളെ എതിര്‍ക്കുകയോ എതിര്‍ക്കാതിരിക്കുകയോ ചെയ്യുന്നു. ഇതിലേത് ചെയ്യണമെന്ന കൃത്യമായ ധാരണ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എങ്ങനെ വരുന്നു?
ഓരോ മാധ്യമവും പുലര്‍ത്തിപ്പോരുന്ന രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ ഓരംചേര്‍ന്നാണ് കൊലപാതകക്കേസുകളുടെ വാര്‍ത്താ വിന്യാസങ്ങള്‍ ഓരോ മാധ്യമത്തിലും നിര്‍വഹിക്കപ്പെടുന്നത്. ആ അര്‍ഥത്തിലാണ് മാധ്യമങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയമുണ്ടോയെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച (16-8-2013) വൈകിട്ട് 6.30 നാണ് തൃശൂര്‍ ജില്ലയില്‍ അയ്യന്തോളില്‍ കെപിസിസി ന്യൂനപക്ഷസെല്‍ തൃശൂര്‍ ജില്ലാ കണ്‍വീനറായ ലാല്‍ജി കൊള്ളന്നൂരിനെ വെട്ടിക്കൊന്നത്. തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു എന്ന വാര്‍ത്ത പിറ്റേന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ചത് പതിമൂന്നാം പേജിലെ ചരമക്കോളത്തിലാണ്. ""കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ വെട്ടേറ്റുമരിച്ചു"" എന്ന തലക്കെട്ടില്‍ മലയാളമനോരമയും പതിമൂന്നാം പേജിലെ ചരമക്കോളത്തില്‍ വാര്‍ത്ത ഒതുക്കി. ഈ രണ്ടു മുഖ്യധാരാ മാധ്യമങ്ങളും തമ്മില്‍ സര്‍ക്കുലേഷന്‍ സംബന്ധിച്ച കാലുഷ്യങ്ങളും മത്സരങ്ങളും ഉണ്ടാകാറുണ്ടെങ്കിലും, കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഈ രണ്ട് മാധ്യമങ്ങളും വാര്‍ത്ത നല്കാന് കണ്ടെത്തിയത് തങ്ങളുടെ പതിമൂന്നാം പേജും ചരമക്കോളവും ആയിപ്പോയത് യാദൃച്ഛികമായല്ല. രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ തങ്ങള്‍ ഒരേ തൂവല്‍പക്ഷികളാണെന്ന് അടിവരയിടുകയാണ് മനോരമയും മാതൃഭൂമിയും ഇതിലൂടെ ചെയ്തത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയുടെ ജില്ലാതല നേതാവ് കൊല്ലപ്പെട്ട സ്ഥലത്ത് മന്ത്രിമാര്‍ ആരുംതന്നെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ശവസംസ്കാരചടങ്ങില്‍ പങ്കെടുത്തതായും കാണുന്നില്ല. തൃശൂരില്‍ കെപിസിസി ന്യൂനപക്ഷസെല്‍ ജില്ലാ കണ്‍വീനര്‍ കൊല്ലപ്പെടാന്‍ അര്ഹതപ്പെട്ടയാളാണെന്നാണോ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും കരുതിയിരിക്കുന്നത്?
സ്വാഭാവിക മരണം നടക്കുന്ന വീടുകളില്‍ കയറിയിറങ്ങി ജനസേവനത്തിന്റെ മുഖ്യഭാഗംതന്നെ അതായി കരുതുന്ന ജനുസ്സുകളില്‍പ്പെട്ട ഖദര്‍ നേതാക്കളെല്ലാംതന്നെ ഇത്തരമൊരു അസ്വാഭാവിക മരണം നടന്ന സ്ഥലത്തുനിന്നും മാറിനിന്നതെന്തുകൊണ്ട്? ലാല്‍ജി കൊള്ളന്നൂരിനെ കൊലപ്പെടുത്തിയതാരാണെന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ടുകൊണ്ട് അറിയാനാകില്ല. വാര്‍ത്തയിലേക്ക് കടക്കുമ്പോഴാണ് അത് കോണ്‍ഗ്രസ് പാര്‍ടിയിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായാണെന്ന സൂചനകള്‍ ലഭിക്കുക. യൂത്തുകോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റായിരുന്ന പ്രേംലാലിനെ കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി വീട്ടില്‍കയറി വെട്ടിയ സംഭവം മാസങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പില്‍തന്നെയുള്ള രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ യൂത്തുകോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ആ ആക്രമണം. അതിന്റെ പ്രതികാരമായിട്ടാണ് അയ്യന്തോളില്‍ കാര്‍ത്ത്യായനി ക്ഷേത്ര നടയില്‍വച്ച് കോണ്‍ഗ്രസ് നേതാവായിരുന്ന മധു ഈച്ചരത്തിനെ ജൂണ്‍ ഒന്നിന് വെട്ടിക്കൊന്നത്. ആ കേസിലെ ഒരു പ്രതി ലാല്‍ജി കൊള്ളന്നൂരിന്റെ സഹോദരനാണ്. കോണ്‍ഗ്രസിലെ ഇരുവിഭാഗവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞിട്ടുണ്ട്. ഈ രണ്ട് കൊലപാതകങ്ങളും തലയ്ക്കുതന്നെ വെട്ടിയുണ്ടായ പരിക്കുകള്‍മൂലം മരണം ഉറപ്പാക്കിയതാണ്. ലാല്‍ജി കൊള്ളന്നൂരിന്റെ ദേഹത്ത് മുപ്പത്തിയാറ് വെട്ടുകള്‍ ഏറ്റിരുന്നു. ഒരു സ്കൂട്ടറില്‍ സഞ്ചരിക്കവെ, വാഹനം തടഞ്ഞ്, നടുറോഡിലിട്ട് നാട്ടുകാര്‍ കാണ്‍കെയാണ് ലാല്‍ജിയുടെ കൊലപാതകം നടന്നിട്ടുള്ളത്.
സമാനമായ ഇത്തരം സംഭവങ്ങളില്‍ മാധ്യമങ്ങളുടെ അവതരണം എങ്ങനെയൊക്കെയായിരുന്നു? കോഴിക്കോട് ടി പി ചന്ദ്രശേഖരന് കൊല്ലപ്പെട്ട സംഭവം നടന്നത് രാത്രിയിലാണ്. ദൃക്സാക്ഷികളില്ല. പൊലീസാണ് ചന്ദ്രശേഖരന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. തങ്ങള്‍ കൊണ്ടുപോയത് ചന്ദ്രശേഖരനെയാണെന്നുപോലും ആ സമയത്ത് പൊലീസിനറിയില്ലായിരുന്നുവെന്ന് ആശുപത്രിയിലെ രേഖകള്‍ സാക്ഷ്യം പറയുന്നുണ്ട്. പിന്നീട് പല കള്ളസാക്ഷികളേയും പൊലീസ് ദൃക്സാക്ഷികളായി അവതരിപ്പിച്ചുവെങ്കിലും അവരുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ അവര്‍ ദൃക്സാക്ഷികളല്ലായെന്നും കോടതിക്ക് ബോധ്യപ്പെടും. ഇരുട്ടില്‍, കൊല്ലപ്പെട്ടത് ആരാണെന്ന് ആദ്യമെത്തിയവര്ക്കുപോലും മനസ്സിലാകാതിരുന്ന ഒരു കേസിലാണ്, വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ കൊന്നത് മാര്‍ക്സിസ്റ്റുകാര്‍ തന്നെയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചത്. മാധ്യമങ്ങള്‍ അതേറ്റുപിടിച്ചു. മുഖ്യമന്ത്രിമാത്രമല്ല, ആഭ്യന്തരമന്ത്രിയുള്‍പ്പടെയുള്ളവര്‍ അവിടേക്ക് ഒഴുകിയെത്തി. കെപിസിസി നേതാക്കളും മറ്റെല്ലാ മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളും തെളിവുകളേതുമില്ലാത്ത കുറ്റസ്ഥാപനം നടത്തി സിപിഐ (എം)നെ ആക്രമിച്ചുകൊണ്ടിരുന്നു. ""51 വെട്ടിന്റെ രാഷ്ട്രീയം"", ""വെട്ടുവഴിക്കവിതകള്‍"" തുടങ്ങിയ എത്രയോ പുസ്തകങ്ങളും ലേഖനങ്ങളും മാര്‍ക്സിസ്റ്റ്വിരുദ്ധ സാഹിത്യവും പുറത്തിറങ്ങി.
ഈ കേസിന്റെ എത്രയോ വാര്‍ത്തകളും ചിത്രങ്ങളുമാണ് കഴിഞ്ഞ പതിനാറു മാസങ്ങള്‍ക്കിടയില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കളര്‍ ചിത്രങ്ങള്‍ സഹിതം മുന്‍ പേജില്‍തന്നെ പ്രസിദ്ധീകരിച്ചത്! പൊലീസിന്റെ അന്വേഷണത്തെ പിന്തുടര്ന്ന് റിപ്പോര്‍ട്ടുകള്‍ ചമച്ചത്! കോടതിയില്‍ നടക്കുന്ന വിചാരണയുടെ ഓരോഘട്ടവും അതിലെ പ്രോസിക്യൂഷന് അനുകൂലമായ ബാക്കി മൊഴികളും അവതരിപ്പിച്ചത്. കേരളത്തിലെ എല്ലാ ചാനലുകളും അതേവഴിയില്തന്നെ സഞ്ചരിച്ചു. തങ്ങള്‍ക്ക് രാഷ്ട്രീയ പ്രചരണം നടത്താന്‍ സഹായകമായി പ്രസ്താവന ഇറക്കാത്ത സാഹിത്യ നായകരായ ജ്ഞാനപീഠ ജേതാക്കളെപ്പോലും അപമാനിക്കുന്ന പ്രചരണഘോഷം ഉയര്‍ത്തി. അതിനെല്ലാം പറഞ്ഞ ഒരു ന്യായം ഉണ്ടായിരുന്നു. ചന്ദ്രശേഖരന്റേത് കേരളത്തിലെ അവസാനത്തെ രാഷ്ട്രീയകൊലപാതകമാകണമെന്ന ആഗ്രഹമല്ലാതെ, രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഒഴിവാക്കണമെന്ന സത്ബുദ്ധിയല്ലാതെ മറ്റൊരു രാഷ്ട്രീയ താല്പര്യവും തങ്ങള്‍ക്കില്ലയെന്ന നാട്യമാണ് നിഷ്പക്ഷതയുടെ മൂടുപടമിട്ട മുഖ്യധാരാ മാധ്യമങ്ങള്‍ കേരളത്തില്‍ നടത്തിയത്.
ടി പി ചന്ദ്രശേഖരന് വധത്തോടെ കേരളത്തില്‍ കൊലപാതകങ്ങള്‍ അവസാനിച്ചില്ല. പിന്നീടുണ്ടായ കുനിയില്‍ ഇരട്ട കൊലപാതകത്തിലും പ്രതിസ്ഥാനത്തേക്ക് പാര്‍ടിയെയോ അതിന്റെ എംഎല്‍എയോ ചോദ്യംചെയ്യുന്നതരത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അവതരിപ്പിച്ചില്ല. ഇപ്പോള്‍ തൃശൂരില്‍ നടന്നതും ഇരട്ടക്കൊലപാതകമാണ്. രണ്ടുപേരും കോണ്‍ഗ്രസ് നേതാക്കള്‍, കൊന്നവരും അതേ പാര്‍ടിക്കാര്‍തന്നെ. ഒരു പാര്‍ടിയിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പക കൊലപാതകത്തോളമെത്തിയിട്ടും അത് ഇരട്ട കൊലപാതകമായി വളര്‍ന്നിട്ടും അതിനെ ചോദ്യംചെയ്യാന്‍ മടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ വാര്‍ത്തയെ അവഗണിക്കുന്നു? തമസ്കരിക്കുന്നു? ഗ്രൂപ്പുപോരാട്ടം മാതൃകാപരമെന്നും കൊലപാതകത്തോളമെത്തിയാല് അത്യുത്തമമെന്നുമാണോ ഈ മാധ്യമങ്ങള്‍ പ്രഘോഷിക്കുന്നത്?
ടി പി ചന്ദ്രശേഖരന്റെ ദേഹത്ത് 51 വെട്ടുകള്‍ ഏറ്റിരുന്നതായി പ്രചരിപ്പിക്കപ്പെട്ടത് കെട്ടുകഥയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ കാണാനായി. ലാല്‍ജി കൊള്ളന്നൂരിന്റെ ദേഹത്തെ വെട്ടുകള്‍ 36 എണ്ണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെട്ടിന്റെ എണ്ണം കുറഞ്ഞാല്‍ കൊലപാതകം കുറ്റകരമല്ലാതാകുമോ? തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ കൊലക്കേസ് സംബന്ധിച്ച് ആഭ്യന്തരമന്ത്രി സംസാരിക്കുന്നില്ല. പ്രതികരണമാരാഞ്ഞ് ചാനല്‍ പ്രവര്‍ത്തകര്‍ പോകുന്നില്ല. തത്സമയ ചര്‍ച്ചയോ, അന്തിച്ചര്ച്ചകളോ ഉണ്ടാകുന്നില്ല. മരിച്ച വീട്ടില്‍ പോകാത്തതിനെപ്പറ്റിപ്പോലും യാതൊരു ചോദ്യവും ഉന്നയിക്കപ്പെടുന്നില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന് സംസ്ഥാനതലത്തിലാണ് ഹൈക്കമാന്റുള്ളത്. എ ഗ്രൂപ്പാണെങ്കിലും ഐ ഗ്രൂപ്പാണെങ്കിലും അതിന് കൃത്യമായി വിഭജിതമായ നേതൃഘടനയുണ്ട്. അവരില്‍ ഒരു തലംവരെ ഈ കൊലപാതകങ്ങളുടെ ഗൂഢാലോചന ചെന്നിട്ടുണ്ടാകും. രണ്ടു കൊലപാതകങ്ങളും പ്രൊഫഷണല്‍ ടീം തന്നെ നടത്തിയതായി അറിയുന്ന സ്ഥിതിക്ക് വാടകക്കൊലയാളികള്‍ക്ക് പണം നല്കിയവരാരൊക്കെയാണ്? അതിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ തലത്തിലേക്ക് അത് പോകുമോ?
ചന്ദ്രശേഖരന് കേസില്‍ കേരളം കേട്ട വലതുപക്ഷ ന്യായങ്ങളൊന്നും ഇവിടെ പ്രസക്തമാകാതെ പോകുന്നതെന്തുകൊണ്ട്? അതിലാണ് രാഷ്ട്രീയത്തിലെ പക്ഷപാതിത്വം കുടികൊള്ളുന്നത്. ദശകങ്ങള്‍ക്ക് മുമ്പ് നടന്ന ചില സംഭവങ്ങളെപ്പറ്റി എം എം മണി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഗൂഢാലോചനക്കേസ് എടുത്തതും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതും എത്ര വേഗതയിലായിരുന്നു? അതേ സര്‍ക്കാര്‍തന്നെ തൃശൂര്‍ ജില്ലയിലെ രണ്ടു കൊലക്കേസുകളിലും ദുരൂഹമായ മൗനത്തിലാണ്ടുപോകുമ്പോള്, മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ശബ്ദമില്ലാതായിപ്പോയത് കേരളം കാണുകയാണ്. ടി പി ചന്ദ്രശേഖരന് കേസിലെ അത്യുത്സാഹവും, ഘോര ശബ്ദഘോഷങ്ങളും ഇപ്പോഴത്തെ മൗനവും ആരെയൊക്കെയാണ് തുറന്നു കാട്ടാത്തത്?
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക
No comments:
Post a Comment