Thursday, August 29, 2013

മാധ്യമ നാറാപിള്ളമാര്‍

മലയാളത്തിലെ പുതുതലമുറയില്‍പെട്ട പ്രമുഖ എഴുത്തുകാരില്‍ ഒരാളായ സുഭാഷ്ചന്ദ്രന്റെ ""മനുഷ്യന് ഒരു ആമുഖം"" എന്ന നോവലിലെ മുഖ്യ കഥാപാത്രമാണ് അയ്യാട്ടുമ്പിള്ളി വീട്ടിലെ തറവാട്ടുകാരണവരായ നാറാപിള്ള (നാരായണപിള്ള). പരപുച്ഛവും താന്‍പ്രമാണിത്തവും അല്‍പത്വവും പുള്ളിക്കാരന്റെ മുഖമുദ്രയാണ്. അയ്യാട്ടുമ്പിള്ളിയിലെ വാടകക്കാരനായ മേനോന്‍മാഷിനെ കാണാന്‍ അദ്ദേഹത്തിന്റെ സുഹൃത്തും കോളേജ് അധ്യാപകനുമായ (കുറ്റിപ്പുഴ) കൃഷ്ണപിള്ള വരുന്നു. ആഗതനെ നാറാപിള്ളയ്ക്ക് മാഷ് പരിചയപ്പെടുത്തിയ രംഗത്തെ സുഭാഷ്ചന്ദ്രന്‍ ഇങ്ങനെ അവതരിപ്പിക്കുന്നു-""ഓഒ! ഒരുപാട് കേട്ടിട്ടുണ്ട്! ചങ്ങമ്പഴ അല്ലേ?"" പുച്ഛത്തിന്റെ വ്യാക്ഷേപം പുറപ്പെടുവിച്ച് നാറാപിള്ള പറഞ്ഞു: ""ഇതാണപ്പോ കക്ഷി! രാഘവന്റെ ഷാപ്പില്‍ ഒരൂട്ടം പുതിയ പിള്ളാരിരുന്ന് പാടുന്നതും കേട്ടിട്ടുണ്ട്-കൊറേ പാട്ടും കവിതേം.... ഹ ഹ! എനിക്കാണെങ്കി ഈ വക സങ്കതികള് കേക്കുന്നതേ കലിയാ. ഹതു ശരി. ഇയ്യാളപ്പോ കാളേജില് വാദ്ധ്യരായി പിള്ളേരെ പഠിപ്പിക്ക്യാ അല്ലേ? ഹും!"" ""

മുണ്ടുമടക്കിക്കുത്തുന്നത് പതിവില്ലാത്ത നാറാപിള്ള തനിക്കുതന്നെ അപരിചിതമായ ഒരുള്‍വിളിക്കു വിധേയനായി അപ്പോള്‍ അതുചെയ്തു. പോരാഞ്ഞ് ഇല്ലാത്ത കഫം ആവാഹിച്ചുവരുത്തി മുറ്റത്തിന്റെ വക്കില്‍ പൂത്തുനിന്ന നന്ത്യാര്‍വട്ടങ്ങളിലേക്ക് ഒന്നു കാറിത്തുപ്പി."" ഇത്തരം നിരവധി കാര്യങ്ങള്‍ നാറാപിള്ളയുമായി ബന്ധപ്പെട്ട് സുഭാഷ്ചന്ദ്രന്‍ ചിത്രീകരിക്കുന്നുണ്ട്. മാധ്യമ നാറാപിള്ളമാര്‍ നമ്മുടെ മുഖ്യധാരാ മാധ്യമത്തറവാട്ടില്‍ തലമുതിര്‍ന്ന പല മാധ്യമജീവികളും എഴുതുന്നത് വായിക്കുമ്പോള്‍ അയ്യാട്ടുമ്പിള്ളി നാറാപിള്ളയെയാണ് ഓര്‍മവരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സുഭാഷ്ചന്ദ്രന്‍ തന്റെ ചില സഹജീവികളെ മനസ്സില്‍ കണ്ടുകൂടിയാണോ ആവോ ഈ കഥാപാത്രത്തിന് രൂപം നല്‍കിയത്!

സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് ആഗസ്ത് 12ന് ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്ത് 13ന് ഉച്ചയ്ക്ക് അവസാനിപ്പിക്കുകയുണ്ടായി. 14-ാം തീയതി മുഖ്യ മുഖ്യധാരാ പത്രങ്ങള്‍ ഈ വാര്‍ത്ത അവതരിപ്പിച്ചതും വീക്ഷിച്ചതും എങ്ങനെ എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. "സത്യം, സമത്വം, സ്വാതന്ത്ര്യം" എന്ന തിലകംചാര്‍ത്തി എന്നും നമ്മുടെ വീട്ടുമുറ്റത്തെത്തുന്ന "മാതൃഭൂമി"യില്‍നിന്നു തുടങ്ങാം. ""എല്‍ഡിഎഫ് ഉപരോധം നിര്‍ത്തി"" എന്ന തൊപ്പിക്കുകീഴില്‍ ഇടതുവശത്ത് സൂര്യന്റെ ചിഹ്നവും ആ ചിഹ്നത്തിനു താഴെ "സോളാര്‍" എന്ന പദവും രേഖപ്പെടുത്തി ""ജുഷീഷ്യല്‍ അന്വേഷണം"" എന്ന ശീര്‍ഷകത്തില്‍ ഒന്നാംപേജിലെ 8 കോളം റിപ്പോര്‍ട്ടുമായാണ് 14-ാം തീയതി "വീരഭൂമി" പുറത്തിറങ്ങിയത്. ഹൈലൈറ്റ്സ്: ""മുഖ്യമന്ത്രി രാജിക്കില്ല; ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്ല. രാജിവെയ്ക്കുംവരെ സമരമെന്ന് എല്‍ഡിഎഫ്"". ഇതിനുകീഴില്‍ ഇടതുവശത്ത് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍: ""കട(പ്ല)മറ്റത്ത് കത്തനാര്‍"". വലതുവശത്ത് ""മടക്കയാത്ര"" എന്ന ചിത്രം-ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ചിത്രത്തിനും കാര്‍ട്ടൂണിനുമിടയ്ക്കുള്ള ഒരു കോളത്തില്‍ എല്‍ഡിഎഫിന്റെ ""വാദം"", യുഡിഎഫിന്റെ ""പ്രതിവാദം"" എന്നിങ്ങനെ രണ്ടു സംഗതികള്‍. കലക്കന്‍ സാധനം. നഞ്ചെന്തിനാ നാനാഴി എന്ന ചൊല്ലുപോലെ, ചിത്രവും കാര്‍ട്ടൂണും ആകെക്കൂടിയുള്ള അവതരണവുംതന്നെ ഉപരോധത്തെയും അതിന്റെ പര്യവസാനത്തെയും യുഡിഎഫിനും ഉമ്മന്‍ചാണ്ടിക്കും അനുകൂലമായ ഒരു സാധനമാക്കി മാറ്റിയിരിക്കുന്നു. എല്‍ഡിഎഫ് നേതൃത്വത്തെയാകെ (പിശാചുക്കള്‍ എന്ന് വ്യംഗ്യം) ആല്‍മരത്തില്‍ ആണിയടിച്ച് തളച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന മഹാ മാന്ത്രികനായി മുഖ്യന്‍. ചിത്രമോ?

നടന്നുപോകുന്ന ഒരാള്‍ക്കൂട്ടത്തിന്റെ പിന്നില്‍ നിന്നെടുത്ത ഫോട്ടോ, നിരാശരായി പിരിയുന്ന ജനം എന്ന പ്രതീതി സൃഷ്ടിക്കല്‍. ഇത്രയുംകൊണ്ട് പുടികിട്ടീല്ലെങ്കി, അകത്തോട്ടൊന്ന് തൊറന്ന് നോക്കിയോ "മാതൃഭൂമി" അണ്ണന്മാര്‍ കലക്കണത് കാണാം. മൂന്നാംപേജില്‍ (നാട്ടുവര്‍ത്തമാനം) ""ഉപരോധ തടങ്കലില്‍ രണ്ടുദിവസം"" (ഒള്ളതു പറയണമല്ലോ; ഈ പ്രാദേശിക വാര്‍ത്തയ്ക്കൊപ്പം, ഉപരോധം അവസാനിപ്പിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തുന്ന സമര വളണ്ടിയര്‍മാരുടെ ഒരു ചിത്രംകൂടിയുണ്ട്. അതൊരു പ്രാദേശിക സങ്കതി). 5-ാം പേജില്‍, ജി ശേഖരന്‍നായര്‍ എഴുതുന്നു-""ഉമ്മന്‍ചാണ്ടി വഴികാട്ടി; ഉപരോധംവഴി മാറി"". ഒപ്പം ""നീക്കങ്ങള്‍ വിജയിച്ചു; മുഖ്യമന്ത്രിക്ക് ആശ്വസിക്കാം"" എന്ന് അനീഷ്ജേക്കബിന്റെയും പാതിവഴിയില്‍ പിന്മാറ്റം; എങ്കിലും ഇടതിന് പുത്തനുണര്‍വ്"" എന്ന പി എസ് ജയെന്‍റയും സ്റ്റോറികള്‍. 13-ാം പേജില്‍ ""പൊലീസിന്റേത് സംയമനത്തിന്റെ വിഷയം; ജനത്തിന് ആശ്വാസം."", സമരം പിന്‍വലിക്കാന്‍ ധാരണയായത് മധ്യസ്ഥ ചര്‍ച്ചയില്‍,"" ""അരി കുംഭകോണം മുതല്‍ നീളുന്ന ജുഡീഷ്യല്‍ അന്വേഷണം; ഏറെയും പ്രഹസനം"" എന്നീ സ്റ്റോറികളും നല്‍കി, 15-ാം പേജില്‍ ""പോരാട്ട ചരിത്രത്തിലെ ലജ്ജാകരമായ ഏട്"" എന്ന ബിജെപി പ്രസ്താവനയും കൂടി നല്‍കുമ്പോള്‍ സങ്കതി കിറുകൃത്യം പിടികിട്ടും. രണ്ടുമാസമായി സംസ്ഥാനത്ത് സോളാര്‍ വിഷയത്തില്‍ നടക്കുന്ന ജനകീയ പോരാട്ടത്തില്‍ നോക്കുകുത്തിയായി നിന്ന സംഘപരിവാരത്തിന്റെ പൊടുന്നനെയുളള പ്രസ്താവനപ്പോരും "മാതൃഭൂമി" അണ്ണന്മാരുടെ കഥകളും കൂടിയാകുമ്പോള്‍ സങ്കതിക്ക് പെരുത്ത് ചേല്!

എങ്കിലും, ഈ കൂട്ടത്തില്‍ ആ ശേഖരാണ്ണന്റെ സ്റ്റോറി ഒന്നു നോക്കാതെ വിടുന്നത് ശിയാവില്ല. ""ആവേശം പൂര്‍ണമായും ഇല്ലാതായ ഒരു ജന സമൂഹത്തെ സാക്ഷിനിര്‍ത്തിയാണ് സമരം പിന്‍വലിച്ചത്"" എന്ന് തിരുവന്തോരത്തെ "വീരഭൂമി" ആപ്പീസിലെ ശീതീകരിച്ച മുറിയിലിരുന്ന് കുറിച്ച അണ്ണന്‍ ദൃശ്യ മാധ്യമങ്ങളിലൂടെയെങ്കിലും ആഹ്ലാദവും ആവേശവും അലതല്ലിയ സമര സമാപന സമയത്തെ ജനസാഗരത്തെ കണ്ടിട്ടുമുണ്ടാവില്ല; എന്തിന് സ്വന്തം പത്രത്തിലെ മൂന്നാംപേജ് ഫോട്ടോയെങ്കിലും ഒന്നു നോക്കുന്നത് തലതണുക്കാന്‍ ഉപകരിക്കും. പിന്നേം എഴുതുന്നു-""നിയമസഭയ്ക്കകത്തും പുറത്തും തന്നെ കണ്ടവരോടെല്ലാം ഫിറോസിനെ അറസ്റ്റ്ചെയ്ത് കഴിഞ്ഞാല്‍ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരുന്നു."" കുഞ്ഞൂഞ്ഞിന്റെ സ്വന്തം പത്രമായ "മനോരമ" യെയും കടത്തിവെട്ടി നുണക്കൂമ്പാരവുമായി തിരോന്തരം രാജഭക്തന്‍ അഭിനവ രാജാവാകാന്‍ പഠിക്കുന്ന കുഞ്ഞൂഞ്ഞിനായി അടിയന്‍ ലച്ചിപ്പോം എന്ന് അലറിക്കൊണ്ടിറങ്ങുന്നത് കാണാന്‍ ബഹുത്ത് ജോറായിട്ടുണ്ട്.

എന്നാലും ഒരു സംശയം എന്റണ്ണോ-ഈ ഫിറോസ് എന്ന വിദ്വാന്‍ മെഡിക്കല്‍കോളേജ് പൊലീസ് സ്റ്റേഷനില്‍ചെന്ന് കൈയുംനീട്ടി നിന്നിട്ട് ഇപ്പോ മാസം ഒന്നു കഴിഞ്ഞല്ലോ? എന്തേ ഈ സമരം ഒരു ദിവസം പിന്നിടുന്നതുവരെ ഈ ജുഡീഷ്യല്‍ പുറത്തുവന്നില്ല. എന്തരിന്, ഉപരോധം നേരിടാന്‍ പട്ടാള അണ്ണന്മാരെ ഇറക്കിയനേരത്ത് ഈ ജുഡീഷ്യല്‍ വഴിയൊന്നു കാണിച്ചൂടാരുന്നോ? കെട്ടുവിടുംമുമ്പേ എഴുതീത്കൊണ്ടോ നട്ട് പൊട്ടിപ്പോയതുകൊണ്ടോ എന്നറിയില്ല, പിന്നങ്ങോട്ട് ഒരുതരം പിച്ചുംപേയും പറയലുതന്നെയാണ് ശേഖരണ്ണന്റെ കടിതത്തില്‍ നിറയെ. സാക്ഷാല്‍ അയ്യാട്ടുമ്പിള്ളി നാറാപിള്ള തോറ്റുതുല്ലിടും, ഈ തിരോന്തരം അണ്ണനുമുന്നില്‍. മാത്രമല്ല, സുഭാഷ്ചന്ദ്രന്റെ നോവലില്‍ (മനുഷ്യന് ഒരു ആമുഖം) പാണമ്പറമ്പത്ത് നാണു എന്ന ഒരു കഥാപാത്രമുണ്ട് പരദൂഷണത്തിന്റെ ആശാന്‍. അന്ത നാണുപോലും ഇന്ത വീരഭൂമി അണ്ണനുക്കുമുന്നില്‍ തല കുമ്പിട്ടുപോകും.

ഈ സ്റ്റൈലിലല്ല, കുഞ്ഞൂഞ്ഞിന്റെ സ്വന്തം മുത്തശ്ശി 14ന് സംഗതി അവതരിപ്പിക്കുന്നത്. "മനോരമ" ഒന്നാംപേജിലെ 8 കോളം റിപ്പോര്‍ട്ട് ഇങ്ങനെ -""രാജിയില്ല, സിറ്റിങ് ജഡ്ജി അന്വേഷിക്കും. ഉപരോധം പിന്‍വലിച്ചു."" ഇടതുവശത്ത് ""ചിരിച്ചു തുടങ്ങാം"" എന്ന അടിക്കുറുപ്പോടെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവരുടെ ചിരിക്കുന്ന ചിത്രം. (ഇതില്‍ മാണിസാറിന്റെ ചിരിയില്‍ വിളര്‍ച്ചയും കറുപ്പും വ്യക്തം). വലതുവശത്ത്: ""ചിരിച്ചുപിരിയാം"" എന്ന അടിക്കുറിപ്പോടെ സമരം പിന്‍വലിച്ചപ്പോഴുള്ള ആഹ്ലാദ പ്രകടനത്തിന്റെ ചിത്രം, ""ആഹ്ലാദ പ്രകടനം -ആവേശത്തില്‍ പങ്കുചേര്‍ന്ന് നേതാക്കള്‍"".

"മനോരമ" അന്നേദിവസം മുഖപ്രസംഗത്തിനും ഇത് വിഷയമാക്കിയിട്ടുണ്ട്. ""ജനം മാത്രം തോറ്റ ഒന്നര ദിവസം: സെക്രട്ടറിയറ്റ് ഉപരോധത്തിന്റെ ബാക്കി പത്രം"". അതില്‍ ഉമ്മന്‍ചാണ്ടിക്കായി സാക്ഷ്യം പറയുന്നതാണ് നാം കാണുന്നത്. നോക്കൂ: ""സോളാര്‍ തട്ടിപ്പിനെ മുഖ്യമന്ത്രിയുമായി ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം ഒട്ടേറെ ആരോപണങ്ങള്‍കൊണ്ടുവന്നുവെങ്കിലും ഒന്നുപോലും ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞില്ല."" അപ്പോള്‍, "മനോരമ" എഴുതിക്കൊടുക്കുന്നതായിരിക്കും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചോണ്ടിരിക്കുന്നത്. ക്വയ്ലോണ്‍ ബാങ്കിന്റെയും ഇന്റഗ്രേറ്റഡ് ഫൈനാന്‍സിയേഴ്സിന്റെയും തട്ടിപ്പുകളുടെ കറ കൈയില്‍ പുരണ്ട "മനോരമ" മുതലാളിമാര്‍ക്ക് കുഞ്ഞൂഞ്ഞിനെ ലച്ചിക്കാനുള്ള വ്യഗ്രത പിടികിട്ടും. പക്ഷേല് ഒരു സംശയം. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെന്തരിനപ്പീ അന്വേഷണം, അങ്ങോട്ട് ശിക്ഷ വിധിച്ചാപ്പോരെ?

മാത്രമല്ല, കുഞ്ഞൂഞ്ഞിന്റെ ഉറ്റവരായ നാലുപേര്‍ക്കാണ് പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് സോളാറിന്റെ ചൂടേറ്റ് വാടിക്കരിഞ്ഞ് പുറത്തുപോകേണ്ടി വന്നത്. ജോപ്പന്‍ കുഞ്ഞാകട്ടെ ഇപ്പോഴും അഴിയെണ്ണുകയുമാണ്. ജോപ്പനെ തുറന്നുവിടാമെന്ന് അഡ്വക്കേറ്റ് ജനറല്‍തന്നെ നേരിട്ടെത്തി ഹൈക്കോടതിയില്‍ വാദിച്ചിട്ടും കോടതി അതിനു തയ്യാറായില്ല. ഇതൊന്നും തെളിവില്ലാത്തോണ്ടാണോ? പോരെങ്കില്‍, തട്ടിപ്പിനിരയായ ചിലര്‍തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ശ്രീധരന്‍നായരുടെ 164 പ്രകാരമുള്ള മൊഴിയുമുണ്ട്. ടി സി മാത്യുവിന്റെ മൊഴിയുണ്ട്. സര്‍വോപരി ക്യാബിനറ്റ് റാങ്കുള്ള സര്‍ക്കാര്‍ ചീഫ് വിപ്പുതന്നെ കുഞ്ഞൂഞ്ഞിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ പലതും നടത്തിയിട്ടുണ്ട്. ഇനിയും പറയാനേറെയുണ്ട് എന്നും ജോര്‍ജ് പറയുന്നുമുണ്ട്.

ഇത് പ്രാദേശിക വാര്‍ത്തയോ? 

17-ാം തീയതി "മനോരമ" യുടെ 2-ാം പേജിലെ പ്രാദേശികം) മുഖ്യമാന വിഷയം ""കഴക്കൂട്ടത്ത് മൂന്ന് മണിക്കൂര്‍ നീണ്ട യുദ്ധം; കണ്ണില്‍ കണ്ടവര്‍ക്കെല്ലാം ഏറും മര്‍ദനവും"". ഇതോടൊപ്പം ചേര്‍ത്ത ചിത്രം തകര്‍ക്കപ്പെട്ട സിപിഐ (എം) കഴക്കൂട്ടം ഏരിയാകമ്മിറ്റി ഓഫീസിന്റേതാണ്. മൂന്നാംപേജില്‍ (അതും പ്രാദേശികം താന്‍) ഇങ്ങനെ വീണ്ടും വായിക്കാം ""നഗരത്തിലും കഴക്കൂട്ടത്തും യൂത്ത് കോണ്‍ഗ്രസ് - സിപിഎം അക്രമം തെരുവുയുദ്ധം"" ""സിപിഎം ഓഫീസ് ആക്രമിച്ചു; ഡിസിസി ഓഫീസിനു പടക്കമേറ്". വീണ്ടും വായിക്കാം: ""വെഞ്ഞാറമൂട്ടിലും കാട്ടായിക്കോണത്തും യൂത്ത്കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേറ്റു"". ആ ഐറ്റത്തിലെ ഒരു വാചകം ശ്രദ്ധിക്കൂ. ""റാന്നിയില്‍നിന്നും തൊടുപുഴനിന്നും എത്തിയവര്‍ക്ക് മര്‍ദ്ദനമേറ്റു."" യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടന്നത് തിരുവനന്തപുരത്ത് എം ജി റോഡില്‍. അവിടെ നടന്ന അക്രമ കലാ പരിപാടികള്‍ "മനോരമ" കണ്ടില്ലെന്നു തോന്നുന്നു. അതുപോട്ടെ. വെഞ്ഞാറമൂട്ടിലും കഴക്കൂട്ടത്തും സമാധാന ദൂതന്മാരായ യൂത്ത് കോണ്‍ഗ്രസ് വെള്ളരിപ്രാവുകള്‍, തലസ്ഥാനനഗരിയിലെ പ്രകടനംകഴിഞ്ഞ് വാഹനത്തില്‍ ചുമ്മാ അങ്ങ് പോയപ്പോള്‍ ആക്രമിക്കപ്പെട്ടതാണോ? അല്ലാതെ "മനോരമ" മറച്ചുവെയ്ക്കുന്നു.

ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടത്, തലസ്ഥാന നഗരിയില്‍ എംജി റോഡുമുതല്‍ കണ്ണൂരും കാസര്‍കോടുംവരെ യൂത്തുകാര്‍ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങളാണ്. തിരുവനന്തപുരത്ത് എംജി റോഡില്‍ ചുവപ്പു കണ്ട കാളക്കുട്ടന്മാരെപ്പോലെ യൂത്തന്മാര്‍ മുക്രയിട്ടുകൊണ്ട് കണ്ണില്‍ക്കണ്ട സര്‍വതും അടിച്ചുതകര്‍ത്ത് അഴിഞ്ഞാടുകയാണുണ്ടായത്. അക്രമികളില്‍ പലരും പുതുപ്പള്ളിയില്‍നിന്നും തൊടുപുഴനിന്നും മുണ്ടക്കയത്തുനിന്നും എത്തിയ ഉമ്മന്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ്. വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു ഈ കാളികൂളി സംഘത്തിന്റെ മടക്കയാത്ര. ഇതേ ഊച്ചാളി സംഘമാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് എഐവൈഎഫിന്റെ വനിതാ പ്രവര്‍ത്തകരെയടക്കം തല്ലിച്ചതച്ചത്. ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ നാടുനീളെ വടിവാളും കല്ലും കട്ടയും ചീമുട്ടയുമായി ആക്രമിക്കുന്നതും ഉമ്മന്‍ചാണ്ടിയുടെ ഈ വാടകക്കൊലയാളി സംഘം തന്നെയാണ്. എന്നാല്‍ "മനോരമ" യ്ക്ക് ഈ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടത്തില്‍ അല്‍പവും വേവലാതിയില്ലെന്നതിന്റെ ദൃഷ്ടാന്തമാണ്, അതിനെ പ്രാദേശികവല്‍ക്കരിക്കുന്നതിലും ""കോണ്‍ഗ്രസ്-സിപിഎം അക്രമം,"" ""സംഘട്ടനം"" എന്നിങ്ങനെ ചിത്രീകരിക്കുന്നതിലും കാണാനാവുന്നത്.

സഹ മുഖ്യധാരക്കാരായ "മാതൃഭൂമി" പോലും (അവര്‍ക്കും ഈ അക്രമങ്ങള്‍ വെറുമൊരു പ്രാദേശിക സങ്കതിതന്നെ) 17-ാം തീയതി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: ""സിപിഎം ഏര്യാകമ്മിറ്റി ഓഫീസ് തകര്‍ത്തു. കഴക്കൂട്ടത്ത് സംഘര്‍ഷം; 15 പേര്‍ക്ക് പരിക്ക്"" (പേജ് 13-നാട്ടുവര്‍ത്തമാനം). 16-ാംപേജില്‍ ഇങ്ങനെയും ഒരൈറ്റംകൂടി: ""യൂത്ത് കോണ്‍ഗ്രസ് റാലിക്കിടെ തലസ്ഥാനത്ത് അക്രമം"". ഇങ്ങനെയായിട്ടും ശാന്തിമന്ത്രം സദാ ഉരുവിടുന്ന നമ്മുടെ മുഖ്യധാരക്കാരാരും ഇതൊരു മുഖ്യ വാര്‍ത്തയോ പൊതുവാര്‍ത്തയോ ആക്കുകയോ മുഖപ്രസംഗത്തിലൂടെ പ്രതികരിക്കുകയോ ചെയ്യുന്നില്ല. ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതൊരു ചര്‍ച്ചാവിഷയവുമാകുന്നില്ല.

മാധ്യമ പക്ഷപാതിത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തംകൂടി. 17-ാം തീയതിതന്നെ "മനോരമ" യില്‍ ഒന്നാം പേജില്‍ ഒരു റിപ്പോര്‍ട്ടുണ്ട്: "" കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ വെട്ടേറ്റു മരിച്ചു."" അന്നേദിവസത്തെ "മാതൃഭൂമി"യുടെ 5-ാം പേജില്‍ ഇത് ഇങ്ങനെ വായിക്കാം:"" തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു"". ഈ സംഭവത്തെ ഈ രണ്ടു മുഖ്യധാരക്കാരും അവതരിപ്പിക്കുന്നത് അപ്രധാനമായിട്ടാണെന്നു മാത്രമല്ല, ആരാണ് കൊലയാളികള്‍ എന്ന സൂചനപോലും ഇല്ല. ഇതിനുമുമ്പ് ഇതേ സ്ഥലത്ത് നടന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ഇതിനുള്ള ബന്ധവും കാണുന്നില്ല. ""വെട്ടിക്കൊന്ന""തായാലും ""വെട്ടേറ്റു മരിച്ചതാ""യാലും വെട്ടിന്റെ എണ്ണം എത്രയെന്നു കാണുന്നുമില്ല. കോണ്‍ഗ്രസിന്റെ ഈ ഗ്രൂപ്പുപോരില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയും കക്ഷിയാണെങ്കിലും ഈ കൊലപാതകങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷണവുമില്ല.

മാധ്യമ ഗുണ്ടായിസം 

18-ാം തീയതിയിലെ "മനോരമ" യുടെ ഒന്നാംപേജിലെ റിപ്പോര്‍ട്ട്, ""ലാവ്ലിന്‍: പിണറായിയുടെ കത്ത് അവ്യക്തമെന്നു കോടതി; ബാലാനന്ദനെ തള്ളി പിണറായിയുടെ അഭിഭാഷകന്‍"" 19-ാംതീയതി വീണ്ടും കിടിലന്‍ തലവാചകവുമായി "മനോരമ" എത്തുന്നതിങ്ങനെ: ""ലാവ്ലിന്‍: ആഞ്ഞടിച്ച് വി എസ് വീണ്ടും"" "മാതൃഭൂമി" ഒരു പടികൂടി കടന്ന് 18-ാം തീയതി 1-ാം പേജില്‍ ഇങ്ങനെയാണ് സ്റ്റോറിചെയ്തത്: ""ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന് പിണറായി"". പിറ്റേന്ന്, ""സിപിഐ എമ്മില്‍ വീണ്ടും ലാവ്ലിന്‍ പുകയുന്നു"" എന്ന് പി കെ മണികണ്ഠന്റെ വിശകലനസ്റ്റോറിയുമുണ്ട്.

പത്രങ്ങള്‍ കോടതികളുടെ ചില പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കുന്നതും അതിന് രാഷ്ട്രീയമായ വ്യാഖ്യാനം ചമയ്ക്കുന്നതും പതിവായിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും കേസില്‍ വിചാരണവേളയില്‍ അഭിഭാഷകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വക്രീകരിച്ച് കിടിലന്‍ തലവാചകങ്ങള്‍ നല്‍കി അവതരിപ്പിക്കുന്നതും അത് വിശകലനങ്ങളും ചര്‍ച്ചകളുമാക്കി അരങ്ങു കൊഴുപ്പിക്കുന്നതും രാഷ്ട്രീയ പ്രശ്നമാകുന്നതും നടാടെയാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇവിടെ മറനീക്കി പ്രകടമാവുന്നത്. 242 കോടി രൂപ മൊത്തം ചെലവായ ഒരു പ്രോജക്ടില്‍ 374 കോടിയുടെ അഴിമതിയെന്ന് ആവര്‍ത്തിക്കുന്നതിലെ യുക്തിരാഹിത്യംപോലും മുഖ്യധാരക്കാര്‍ തങ്ങളുടെ സിപിഐ (എം) വിരോധ തിമിരത്തിനിടയില്‍ കാണുന്നുമില്ല. "ലാവ്ലിന്‍, "374 കോടി" എന്നിങ്ങനെ ആളുകളുടെ മനസ്സില്‍ പതിപ്പിച്ച് സിപിഐ എം വിരുദ്ധ പൊതുബോധം അരക്കിട്ടുറപ്പിക്കലാണ് ഈ വലതുപക്ഷ മാധ്യമങ്ങളുടെ അജണ്ട. കോടതിയില്‍ നിങ്ങള്‍ കേസ് വാദിക്കണ്ട, എന്തിന് കോടതി വിചാരണതന്നെ വേണ്ട, ഞങ്ങള്‍ ആരോപിക്കും, ഞങ്ങള്‍ വിചാരണ നടത്തും, ഞങ്ങള്‍തന്നെ ശിക്ഷയും വിധിക്കും എന്ന ഹുങ്കാണ്, ഫാസിസ്റ്റ് ധിക്കാരമാണ് വലതുപക്ഷ മാധ്യമങ്ങള്‍ വച്ചുപുലര്‍ത്തുന്നത്.

സോളാര്‍ കുംഭകോണത്തില്‍ പ്രതിചേര്‍ക്കപ്പെടേണ്ട ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സെക്രട്ടേറിയറ്റ് ഉപരോധസമരം പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്നും ലാവ്ലിനുമായും ചന്ദ്രശേഖരന്‍ വധവുമായും അതിനെ കൂട്ടിക്കെട്ടിയതിനുപിന്നിലും ഈ മാധ്യമ അജണ്ട സ്പഷ്ടമാണ്. ഈ രണ്ടു കേസുകളിലും സിപിഐ (എം) വിരുദ്ധ വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ല എന്ന് അവര്‍ക്കുതന്നെ നന്നായി അറിയാവുന്നതാണ്. ഈ കേസുകള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതതന്നെ ഇല്ലെന്നറിയാവുന്ന മാധ്യമ ശിങ്കങ്ങളുടെ മുന്‍കൂട്ടിയുള്ള ഏറാണ് ഈ ഒത്തുകളി ആരോപണവും.

വാല്‍ക്കഷ്ണം

""ഉപരോധം: ട്രിവാന്‍ഡ്രം റോഡ് ഡവലപ്മെന്റ് കമ്പനിക്ക് 18 ലക്ഷം നഷ്ടം"" എന്ന ശീര്‍ഷകത്തില്‍ ആഗസ്ത് 15ന് "മനോരമ" 4-ാം പേജില്‍ ഇങ്ങനെ എഴുതുന്നു: ""അടിപ്പാതയിലും ഫ്ളൈഓവറിലും മൂത്രമൊഴിച്ചു വൃത്തികേടാക്കിയിട്ടുമുണ്ട്."" വഴിയില്‍ മുള്ളിയതിനും പുല്‍നാമ്പുകള്‍ വാടിയതിനും 18 ലക്ഷത്തിന്റെ നഷ്ടം ഈടാക്കാമെങ്കില്‍ ആഗസ്റ്റ് 15ന് ഉമ്മന്‍ കോണ്‍ഗ്രസുകാര്‍ സംസ്ഥാനത്താകെ അടിച്ചുതകര്‍ത്ത സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും വസ്തുവകകളുടെയും നഷ്ടം എത്രകോടി ആകും? "മനോരമ" ക്കാര്‍ക്ക് വേണമെങ്കില്‍ ഒരു പൈങ്കിളി അന്വേഷണമാകാം. പുതുപ്പള്ളിക്കളരിയില്‍നിന്നുവന്ന അക്രമികളുടെ അഴിഞ്ഞാട്ടത്തിന്റെ കണക്ക് പ്രത്യേകം നോക്കണേ.

ഗൗരി chintha weekly

No comments:

Post a Comment