Friday, August 30, 2013

ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ ബില്‍ ലോക്സഭ പാസാക്കി

ഒരുനൂറ്റാണ്ടിലധികം പഴക്കമുള്ള ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ സാരമായ ഭേദഗതികള്‍ വരുത്തി ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ ബില്‍ 2011 ലോക്സഭ പാസാക്കി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച ചര്‍ച്ച പൂര്‍ത്തിയാക്കി രാത്രി പത്തിനാണ് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. ബിജെപി ബില്ലിനെ അനുകൂലിച്ചു. കര്‍ഷകരുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കുവിരുദ്ധവും കോര്‍പറേറ്റുകള്‍ക്ക് അനുകൂലവുമായ ബില്ലാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന വിമര്‍ശം ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഉന്നയിച്ചു. കരടുബില്ലിന് സര്‍ക്കാര്‍തന്നെ കൊണ്ടുവന്ന 165 ഭേദഗതിയും പ്രതിപക്ഷം കൊണ്ടുവന്ന 116 ഭേദഗതിയും സഭ പരിഗണിച്ചു. ചര്‍ച്ചയ്ക്കുശേഷം പ്രതിപക്ഷത്തിന്റെ ഭേദഗതികളില്‍ സിംഹഭാഗവും തള്ളിക്കളഞ്ഞു.

2011ല്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റി പരിശോധിച്ചശേഷം 2012 മേയില്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കില്‍ 80 ശതമാനം ഭൂമി ഉടമകളുടെയും പൊതു- സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍ക്ക് 70 ശതമാനം ഉടമകളുടെയും സമ്മതം വേണമെന്നതാണ് പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥ. ഗ്രാമപ്രദേശങ്ങളില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടിയും നഗരപ്രദേശങ്ങളില്‍ രണ്ടിരട്ടിയും വില നല്‍കുമെന്നാണ് ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്. ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം, പുനരധിവസിപ്പിക്കുന്ന മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസനം, ജീവിതമാര്‍ഗം നഷ്ടപ്പെടുന്ന കുടുംബങ്ങളില്‍ ഒരാള്‍ക്ക് ജോലിയോ അല്ലെങ്കില്‍ നഷ്ടപരിഹാരമോ, വീടില്ലാത്തവര്‍ക്ക് വീട് തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്. ജീവിതമാര്‍ഗം നഷ്ടമാകുന്ന എല്ലാ വിഭാഗം ജനങ്ങളുടേതുമടക്കം 100 ശതമാനം ജനങ്ങളുടെയും സമ്മതത്തോടെയാകണം ഏറ്റെടുക്കല്‍ നടത്തേണ്ടതെന്ന ഭേദഗതി സിപിഐ എം മുന്നോട്ടുവച്ചു. ഭൂമിയില്‍ കൃഷിചെയ്യുന്ന പാട്ടക്കൃഷിക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

വി ജയിന്‍

deshabhimani 300813

No comments:

Post a Comment