കാണാപ്പാഠം പഠിച്ചെഴുതുന്ന ഓര്‍മപ്പരീക്ഷകളിലേക്ക് വിദ്യാര്‍ഥികളെ വീണ്ടും കൊണ്ടുപോകുന്ന പാഠ്യപദ്ധതി പരിഷ്കരണ വിദഗ്ധസമിതി റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം. അഞ്ച്, എട്ട് ക്ലാസുകളില്‍ പൊതുപരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സമിതിയുടെ നിര്‍ദേശമാണ് എതിര്‍പ്പിനിടയാക്കുന്നത്. പാഠപുസ്തകത്തിലേക്കും അധ്യാപകനിലേക്കും വിദ്യാര്‍ഥികളെ ചുരുക്കുന്നതും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തെ വീണ്ടും അധ്യാപകകേന്ദ്രീകൃതമാക്കുന്നതുമായ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ദേശീയ- സംസ്ഥാന പാഠ്യപദ്ധതികളെ നിരാകരിക്കുന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടിനെതിരെ വിവിധ അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. അഞ്ചിലും എട്ടിലും നടത്തുന്ന വാര്‍ഷികപരീക്ഷ സംസ്ഥാനതല പരീക്ഷയാണോ ക്ലാസ്തല പരീക്ഷയാണോ എന്ന് വ്യക്തമാക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല. പരീക്ഷയില്‍ ജയപരാജയം നിര്‍ണയിക്കണോ എന്നതിലും വ്യക്തതയില്ല.
ജയവും പരാജയവും നിര്‍ണയിക്കുന്നത് ദേശീയ- സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ ലംഘനമാണ്. 2005ലെ വിമര്‍ശനാത്മകബോധനം എന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ നിര്‍ദേശത്തെയും സമിതി തള്ളി. പാഠപുസ്തകങ്ങള്‍ പഴയനിലയിലേക്ക് മാറ്റാനും ശാസ്ത്രീയ തുടര്‍മൂല്യനിര്‍ണയസമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കാനുമാണ് നീക്കം. സ്കൂളിനുപുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തുക, വെറും കാണാപ്പാഠമാക്കലല്ല പഠനമെന്ന് ഉറപ്പുവരുത്തുക, പാഠപുസ്തക കേന്ദ്രീകൃതമായ സമീപനത്തില്‍നിന്ന് മാറി കുട്ടികളുടെ സര്‍വതോമുഖമായ വികസനത്തെ സഹായിക്കുംവിധം പാഠ്യപദ്ധതി ശേഷികള്‍ നിര്‍വചിക്കുക, പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതും പഠനപ്രവര്‍ത്തനങ്ങളോട് ഉദ്ഗ്രഥിക്കപ്പെട്ടതുമാക്കുക തുടങ്ങി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ ആശയങ്ങള്‍ വിദഗ്ധസമിതി പൂര്‍ണമായി തള്ളി. കേരള പാഠ്യപദ്ധതി ചട്ടക്കൂട് മാറ്റണമെന്ന നിര്‍ദേശം ഡോ. കെ എന്‍ പണിക്കര്‍ കമ്മിറ്റി മുന്നോട്ടുവച്ചു എന്ന വാസ്തവവിരുദ്ധ പരാമര്‍ശത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ആറാംക്ലാസിലെ "മതമില്ലാത്ത ജീവന്‍" എന്ന പാഠഭാഗത്തെക്കുറിച്ച് പരിശോധിക്കാന്‍ നിയമിച്ച കെ എന്‍ പണിക്കര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളെയാണ് സമിതി ദുര്‍വ്യാഖ്യാനം ചെയ്തത്.
സുമേഷ് കെ ബാലന്‍ deshabhimani
No comments:
Post a Comment