Thursday, November 21, 2013

ആറന്മുള: ഒഴുകിയത് കോടികളുടെ കോഴപ്പണം

ആറന്മുള വിമാനത്താവളത്തിന് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി തിരക്കിട്ട് പാരിസ്ഥിതികാനുമതി നല്‍കിയതിനു പിന്നില്‍ കോടികളുടെ അഴിമതിയെന്ന ആരോപണം ശക്തിപ്പെടുന്നു. തെരഞ്ഞെടുപ്പുകാലത്ത് തിരക്കിട്ട് അനുമതി നല്‍കുന്ന പദ്ധതികള്‍ക്ക് ചുരുങ്ങിയത് 10 ശതമാനം കമീഷനാണ് കേന്ദ്രത്തിലെ കണക്ക്. 2000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കുമ്പോള്‍ 200 കോടി രൂപയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിക്കും.

കെജിഎസ് ഗ്രൂപ്പിനായി ഡല്‍ഹിയില്‍ വാദിച്ചത് പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ്. ആറന്മുള എംഎല്‍എ ശിവദാസന്‍നായരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും തുടക്കംമുതല്‍ ചരടുവലിച്ചു. റിലയന്‍സിനെക്കൂടി പങ്കാളിയാക്കിയതോടെ ഡല്‍ഹിയിലെ അട്ടിമറി കെജിഎസ് ഗ്രൂപ്പിന് എളുപ്പമായി. ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മറ്റൊരു വിമാനത്താവളം പാടില്ലെന്ന വ്യോമയാനചട്ടം നിലനില്‍ക്കെയാണ് ആറന്മുളയില്‍ എല്ലാ വാതിലും തുറന്നത്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ 150 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ആറന്മുള. ഈ രണ്ടു വിമാനത്താവളങ്ങളുടെയും ശേഷി പൂര്‍ണതയില്‍ എത്തിയെങ്കിലേ പുതിയത് അനുവദിക്കാനാവൂ. റിലയന്‍സ് വന്നതോടെ ഇതെല്ലാം നീങ്ങി.

വ്യോമയാനമന്ത്രാലയത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും അനുമതിക്കുശേഷം പരിസ്ഥിതി അനുമതിയായിരുന്നു കടമ്പയായിരുന്നത്. ജയന്തി നടരാജന്‍ പരിസ്ഥിതിമന്ത്രിയായി എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. മാര്‍ച്ച് മൂന്നിന് പാര്‍ലമെന്റില്‍ കെ എന്‍ ബാലഗോപാലിന് നല്‍കിയ മറുപടിയില്‍ വിശദപരിശോധന ആവശ്യമാണെന്ന നിലപാടായിരുന്നു മന്ത്രാലയം സ്വീകരിച്ചത്. അഞ്ചു മാസത്തിനുശേഷം വര്‍ഷകാല സമ്മേളനത്തില്‍ മന്ത്രാലയത്തിന്റെയും മന്ത്രിയുടെയും നിലപാട് മാറി. പദ്ധതിക്ക് അനുകൂലമായ നിവേദനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇത് പാലമെന്റില്‍ ബഹളത്തിന് ഇടയാക്കി. പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ച് സുഗതകുമാരിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി കത്തയച്ചതിനു പിന്നാലെയായിരുന്നു നിലപാടുമാറ്റം. സോണിയയുടെ കത്ത് പുറത്തുവന്നപ്പോള്‍ പാര്‍ലമെന്റില്‍ ആന്റോ ആന്റണി അസ്വസ്ഥനായാണ് കാണപ്പെട്ടത്. കേരളത്തില്‍നിന്ന് ശിവദാസന്‍നായരും ഡല്‍ഹിയില്‍ കുതിച്ചെത്തി. പിന്നീട് ഇരുവരും കോണ്‍ഗ്രസ് അധ്യക്ഷയെയും പരിസ്ഥിതിമന്ത്രിയെയും കണ്ട് അട്ടിമറി സജീവമാക്കി. റബര്‍വില കുത്തനെ ഇടിഞ്ഞ് കര്‍ഷകര്‍ ദുരിതത്തിലായപ്പോള്‍ പ്രകടിപ്പിക്കാത്ത അസ്വസ്ഥതയും ആശങ്കയുമാണ് പത്തനംതിട്ട എംപി കാട്ടിയത്. റബര്‍ വിലയിടിവ് തടയാന്‍ ചെറുവിരലനക്കാത്ത എംപി കെജിഎസ് ഗ്രൂപ്പിന്റെ ദല്ലാളായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പദ്ധതികള്‍ക്ക് അനുമതി ശരവേഗത്തിലാണ്. അതേ വേഗത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടും ദല്ലാള്‍ നേതാക്കളുടെ പോക്കറ്റും കൊഴുക്കും.

deshabhimani

No comments:

Post a Comment