Thursday, June 9, 2011

500ലേറെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലേറെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതിനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സിബിഎസ്ഇ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ എന്‍ഒസി നല്‍കൂ എന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അവകാശപ്പെട്ട ഉമ്മന്‍ചാണ്ടി, എത്ര സ്കൂളുകള്‍ക്കാണ് എന്‍ഒസി നല്‍കുന്നതെന്ന് വ്യക്തമാക്കിയില്ല. മൊത്തം 540 സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചെന്ന് അറിയുന്നു. ഇതില്‍ അഞ്ഞൂറോളം സിബിഎസ്ഇ വിദ്യാലയങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസിയുണ്ടെങ്കിലേ കേന്ദ്ര ബോര്‍ഡില്‍നിന്ന് അംഗീകാരം സംഘടിപ്പിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങളുടെ നിലനില്‍പ്പിന് കടുത്ത ഭീഷണി ഉയര്‍ത്തിയാണ് യുഡിഎഫിന്റെ തിരക്കിട്ട തീരുമാനം.
അംഗീകാരമില്ലാത്ത രണ്ടായിരത്തോളം സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായുള്ള കൂടിയാലോചനയിലാണ് എന്‍ഒസി കൊടുക്കാന്‍ ധാരണയായത്. സാമുദായികശക്തികളുടെ സമ്മര്‍ദവും തീരുമാനത്തിനു പിന്നിലുണ്ട്. സംസ്ഥാനത്ത് നിലവില്‍ 774 സിബിഎസ്ഇ സ്കൂളും നൂറ് ഐസിഎസ്ഇ സ്കൂളുമാണുള്ളത്. 1984 മുതല്‍ അംഗീകാരം ലഭിച്ചവയാണിത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സിബിഎസ്ഇ സ്കൂള്‍ നടത്തിപ്പുകാര്‍ അനുമതിക്കായി ശക്തമായ സമ്മര്‍ദം ചെലുത്തിയെങ്കിലും പൊതുവിദ്യാലയങ്ങളെ നിലനിര്‍ത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. മാനേജ്മെന്റുകള്‍ ഇതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും കോടതികള്‍ സര്‍ക്കാര്‍ നിലപാട് ശരിവച്ചു. ഇതോടെ പിന്‍വാങ്ങിയ സ്കൂള്‍ നടത്തിപ്പുകാര്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ചരടുവലി ശക്തമാക്കി. യുഡിഎഫ് ഉന്നതരും സ്കൂള്‍ നടത്തിപ്പുകാരും ചേര്‍ന്ന് തയ്യാറാക്കിയ അജന്‍ഡയാണ് ബുധനാഴ്ച പ്രാവര്‍ത്തികമാക്കിയത്.

സംസ്ഥാനത്ത് ഇപ്പോള്‍ 518 അണ്‍എയ്ഡഡ് സ്ഥാപനങ്ങളടക്കം 12,323 സ്കൂളുണ്ട്. 53 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഈ സ്ഥാപനങ്ങളിലുണ്ടെങ്കിലും 2010-11ല്‍ 44.5 ലക്ഷം കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. ഡിവിഷനുകളുടെ കുറവ് മൂലം അയ്യായിരത്തോളം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഒരു ക്ലാസില്‍ 25 കുട്ടികളില്‍ കുറവുള്ള സ്കൂളുകള്‍ അനാദായകരമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍ . നാലായിരത്തോളം സ്കൂളുകള്‍ ഈ പട്ടികയിലാണിപ്പോള്‍ . 2003ല്‍ 2,495 സ്കൂളുകളെയാണ് അനാദായകരമായി പരിഗണിച്ചിരുന്നതെങ്കില്‍ 2008ല്‍ അത് 3,661 ആയി ഉയര്‍ന്നു. ഇത്തരം സ്കൂളുകളുടെ എണ്ണം അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കെയാണ് വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് കരുത്തുപകരുന്ന തീരുമാനം.

ദേശാഭിമാനി 090611

7 comments:

  1. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലേറെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതിനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സിബിഎസ്ഇ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ എന്‍ഒസി നല്‍കൂ എന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അവകാശപ്പെട്ട ഉമ്മന്‍ചാണ്ടി, എത്ര സ്കൂളുകള്‍ക്കാണ് എന്‍ഒസി നല്‍കുന്നതെന്ന് വ്യക്തമാക്കിയില്ല. മൊത്തം 540 സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചെന്ന് അറിയുന്നു. ഇതില്‍ അഞ്ഞൂറോളം സിബിഎസ്ഇ വിദ്യാലയങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസിയുണ്ടെങ്കിലേ കേന്ദ്ര ബോര്‍ഡില്‍നിന്ന് അംഗീകാരം സംഘടിപ്പിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങളുടെ നിലനില്‍പ്പിന് കടുത്ത ഭീഷണി ഉയര്‍ത്തിയാണ് യുഡിഎഫിന്റെ തിരക്കിട്ട തീരുമാനം.

    ReplyDelete
  2. അഞ്ച് കൊല്ലം നമ്മൾ ഭരിച്ചിരുന്നപ്പോൾ അംഗീകാരമില്ലാത്ത സ്കൂളൊക്കെ നമുക്കടച്ച് പൂട്ടാമായിരുന്നു. :(

    ReplyDelete
  3. അത്ര ലളിതമാണോ കാര്യം? പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന നടപടികള്‍ തന്നെയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്തിരുന്നത്. അതിനു വിരുദ്ധമായ നടപടികളായിരിക്കും ഇനി വരിക എന്നതിന്റെ സൂചനയായി ഇതിനെ കണ്ടുകൂടേ? സ്കൂള്‍ അടച്ചുപൂട്ടിക്കുക എന്ന ‘ലളിതമായ‘ പരിഹാരമല്ലല്ലോ വിഷയം.

    ReplyDelete
  4. അംഗീകാരമില്ലാത്ത സ്കൂളുകളെ പിന്നെന്ത് ചെയ്യാം? യൂഡിയെഫിന് ചെയ്യാവുന്ന ലളിതമായ കാര്യങ്ങൾ അവർ ചെയ്യുന്നു.

    ReplyDelete
  5. അതൊരു സങ്കീര്‍ണ്ണ പ്രശ്നം തന്നെയാണ്. അംഗീകാരമില്ലാത്തവക്ക് അനുമതി കൊടുത്ത് പരിഹരിക്കുക എന്നതാണോ ശരിയായ നടപടി? പടിപടിയായി നിര്‍ത്താന്‍ ശ്രമിക്കുക എന്നതാവും പ്രായോഗികമായ ഒരു കാര്യം. കേസുകളില്‍ അനുകൂല വിധിയുണ്ടായ സ്ഥിതിക്ക് പ്രത്യേകിച്ചും.. യു.ഡി.എഫിനു ചെയ്യാവുന്ന ‘ലളിതമായ’ കാര്യങ്ങള്‍ ഇനിയും കാണാന്‍ കഴിയും. കാത്തിരിക്കാം.

    ReplyDelete
  6. >>പടിപടിയായി നിര്‍ത്താന്‍ ശ്രമിക്കുക എന്നതാവും പ്രായോഗികമായ ഒരു കാര്യം.<<
    നമ്മളതിന് ശ്രമിച്ചിരുന്നോ???

    ReplyDelete
  7. മേലാറ്റൂര്‍: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കി. അനധികൃത സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനെതിരെ രക്ഷിതാക്കളെ ബോധവല്‍കരിക്കുകയും അതോടൊപ്പം സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. കുട്ടി പഠിക്കുന്നത് അംഗീകാരമുള്ള സ്ഥാപനത്തിലാണെന്ന് ഉറപ്പുവരുത്തുന്ന പരസ്യത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് അംഗീകൃത സ്കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റിന്റെ വിലാസവും നല്‍കിയിട്ടുണ്ട്.

    കുട്ടി പഠിക്കുന്നത് അംഗീകാരമില്ലാത്ത സ്ഥാപനത്തിലാണെങ്കില്‍ മെയ് 30 ന് മുമ്പ് അംഗീകൃത സ്ഥാപനത്തില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കണമെന്നും അപേക്ഷ സ്വീകരിച്ച് അതാത് സ്ഥാപനത്തിലെ പ്രധാനാധ്യാപകര്‍ ജൂണ്‍ 4 ന് മുമ്പ് യോഗ്യതാ നിര്‍ണ്ണയ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കണമെന്നും യോഗ്യരായവര്‍ക്ക് ടി.സി. ഇല്ലാതെ പ്രവേശനം നല്‍കണമെന്നും കാണിച്ച് ഈ മാസം 23 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും പരസ്യത്തില്‍ എടുത്ത് ചേര്‍ത്തിട്ടുണ്ട്. പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്നും ജൂണ്‍ 6 ന് ശേഷം അനംഗീകൃത സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഒരു കരാണവശാലും അംഗീകൃത സ്കൂളുകളില്‍ പ്രവേശനം നല്‍കില്ലെന്നും പരസ്യത്തില്‍ മുന്നറിയിപ്പുണ്ട്.

    ഏതാനും വര്‍ഷങ്ങളായി അനംഗീകൃത സ്കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നകര്‍ശന നിലപാട് കാരണം പല സ്കൂളുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. മലയാളം മീഡിയം സ്കൂളുകളാണ് അടച്ച് പൂട്ടിയതില്‍ ഭൂരിഭാഗവും. സി.ബി.എസ്.ഇ അഫിലിയേഷന്‍ നേടിയെടുക്കാമെന്ന പ്രതീക്ഷയില്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എന്‍.ഒ.സി. പ്രശ്നത്തില്‍ ഒരാഴ്ച മുമ്പ് സുപ്രീം കോടതി സര്‍ക്കാറിന് അനുകൂലമായി വിധി പ്രസ്താവിച്ചത് സ്വകാര്യ ഇംഗ്ളീഷ് മീഡിയം മാനേജ്മെന്റുകളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. (ഇത് മേയ് 2009ലെ വാര്‍ത്ത. ഇതിനു ശേഷവും കേസ് നടന്നിട്ടുണ്ടെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.)

    ReplyDelete