Monday, November 11, 2013

ജീവിത സൗകര്യങ്ങളില്‍ കേരളം ഒന്നാമത്

ജീവിതസൗകര്യങ്ങള്‍ നഗരഗ്രാമഭേദമില്ലാതെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് പ്രമുഖ രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രസിലിന്റെ സര്‍വേ റിപ്പോര്‍ട്ട്. ജീവിത സൗകര്യങ്ങളുടെ മൊത്തംനിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് പഞ്ചാബാണ്. പക്ഷേ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വികസനത്തിലെ അന്തരമാണ് പഞ്ചാബിനെ ഇക്വാലിറ്റി ഇന്‍ഡക്സില്‍ താഴേക്ക് കൊണ്ടുവന്നത്. കംപ്യൂട്ടറും ടെലിവിഷനും മൊബൈല്‍ഫോണും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും കേരളത്തില്‍ സാധ്യമാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനാലാണ് റേറ്റിങില്‍ രണ്ടാമതു വന്നിട്ടും കേരളം മുന്നിലെത്താന്‍ കാരണമായത്. ഗുജറാത്താണ് മൂന്നാംസ്ഥാനത്തുളളത്.
 
ക്രസില്‍ റേറ്റിങ്ങിലെ സമത്വ സൂചിക അഥവാ ഇക്വാലിറ്റി ഇന്‍ഡക്സിലാണ് കേരളം ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഭൂമി വാങ്ങാനും മറ്റു സൗകര്യങ്ങള്‍ നേടാനും നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ജനങ്ങള്‍ക്ക് ഒരുപോലെ അവസരമുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കൃഷിയിലെ മികവുകൊണ്ടാണ് ഉന്നതനിലവാരമുള്ള ജീവിതം പഞ്ചാബില്‍ സാധ്യമാകുന്നത് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ സൗകര്യങ്ങളില്‍ ഏറ്റവും അന്തരമുള്ള സംസ്ഥാനം ആന്ധ്രപ്രദേശാണ്. നഗരങ്ങളില്‍ ലഭ്യമായ സൗകര്യത്തിന്റെ പത്തിലൊന്നുപോലും ആന്ധ്രയിലെ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു.

വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണവും ടൂറിസം മേഖലയിലെ മികവുമാണ് കേരളത്തില്‍ നഗരഗ്രാമ ഭേദമില്ലാതെ സൗകര്യങ്ങള്‍ എത്തിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തലസ്ഥാന നഗരങ്ങളിലെ സൗകര്യങ്ങള്‍ വളരെദൂരെയുള്ള ഗ്രാമങ്ങളില്‍ പോലും ലഭ്യമാകുന്നത് കേരളത്തില്‍ മാത്രമാണ്. കര്‍ണാടകവും തമിഴ്നാടുമെല്ലാം ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അളോഹരി വരമാനത്തില്‍ മഹാരാഷ്ട്രയാണ് മുന്നിലെങ്കിലും അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് പഞ്ചാബാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജീവിത സൂചികയുടെ നിലവാരത്തില്‍ മധ്യപ്രദേശാണ് ഏറ്റവും പിന്നിലുള്ളത്.

deshabhimani

No comments:

Post a Comment