Monday, November 11, 2013

ഇനി ഭൂമിയും വീടുമില്ല

ഭൂമിയില്ലാത്തവര്‍ക്കും ഭവനരഹിതര്‍ക്കും സ്ഥലം നല്‍കാനും വീട് വയ്ക്കാനും പുതിയ പദ്ധതികളില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് നല്‍കേണ്ട മറുപടിയുടെ മാതൃക ഉള്‍പ്പെടുത്തിയ സര്‍ക്കുലറിലൂടെയാണ് സംസ്ഥാനത്തെ പതിനായിരക്കണക്കിന് ഭവന- ഭൂരഹിതരെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം പുറത്ത് വന്നത്. 100 ശതമാനം പേര്‍ക്കും ഭൂമി നല്‍കിയെന്നും വീട് ആയെന്നും പ്രഖ്യാപനത്തട്ടിപ്പ് നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഈ നടപടി.

ഭൂമിക്കും വീടിനും അപേക്ഷിക്കുന്ന ഭൂ-ഭവനരഹിതര്‍ക്ക് തല്‍ക്കാലം പദ്ധതിയില്ലെന്ന് മറുപടി നല്‍കാനാണ് സര്‍ക്കാര്‍ പ്രത്യേക മാതൃക തയ്യാറാക്കി തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് അയച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശം. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന അപേക്ഷകള്‍ കെട്ടിക്കിടക്കുന്നെന്ന പരാതി ഇല്ലാതാക്കാനും തീര്‍പ്പാക്കിയ പരാതികളുടെ എണ്ണം പെരുപ്പിച്ചുകാട്ടാനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് തദ്ദേശ ഭരണവകുപ്പ് ഇതിനായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പഞ്ചായത്ത് ഡയറക്ടറേറ്റില്‍നിന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖേന സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും അയച്ച (ജി-5-7843-2013-ജെഎസ്പി)സര്‍ക്കുലറില്‍ അപേക്ഷകര്‍ക്ക് മറുപടി നല്‍കേണ്ടുന്ന മാതൃകയുടെ പൂര്‍ണരൂപം ഇങ്ങനെ:

""അന്വേഷണത്തില്‍ അപേക്ഷകന്‍ വീടിനും സ്ഥലത്തിനും അര്‍ഹനാണ്. ഗ്രാമപഞ്ചായത്തുകളില്‍ ഭൂരഹിത-ഭവനരഹിതര്‍ക്കായി നടപ്പിലാക്കി വന്ന ഇ എം എസ് ഭവന നിര്‍മാണ പദ്ധതി 31-03-12ല്‍ അവസാനിച്ച ശേഷം ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിത-ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതികളൊന്നും പുതുതായി ആവിഷ്കരിച്ചിട്ടില്ല. ഇന്ദിരാ ആവാസ് യോജന പ്രകാരം നാമമാത്രമായ ഗുണഭോക്താക്കള്‍ക്ക് മാത്രമേ വീടിന് ആനുകൂല്യം നല്‍കാന്‍ സാധിക്കൂ. ഗ്രാമപഞ്ചായത്തിന് ഈ വര്‍ഷം ഭവന നിര്‍മാണ പദ്ധതികളില്ല. ആയതിനാല്‍ അപേക്ഷകന് പഞ്ചായത്തില്‍ നിന്നും ആനുകൂല്യം നല്‍കാന്‍ നിലവില്‍ സാഹചര്യമില്ല എന്ന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു.""

ഭവന നിര്‍മാണ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറിയെന്ന് വ്യക്തമാക്കുന്നതാണ് ഈ സര്‍ക്കുലര്‍. നിലവിലുള്ള ഇ എം എസ് ഭവനപദ്ധതിയിലും ഇന്ദിരാ ആവാസ് യോജനയിലും ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ വരുത്തുന്ന വീഴ്ച കാരണം പാവപ്പെട്ട ആയിരക്കണക്കിന് ഭവനരഹിതരുടെ വീട് നിര്‍മാണം നിലച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇനിയൊരു പദ്ധതിയും വേണ്ടെന്നും പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ തള്ളണമെന്നുമുള്ള നിര്‍ദേശം.
(എം രഘുനാഥ്)

deshabhimani

No comments:

Post a Comment