Wednesday, October 7, 2009

ചെങ്ങറ സമരം: രണ്ട് നയം

രണ്ടുവര്‍ഷത്തിലേറെയായി നടന്ന ചെങ്ങറ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച നയസമീപനം രാജ്യത്തിനാകെ മാതൃകയാണ്. യുഡിഎഫ് ഭരണത്തിലാണ് മുത്തങ്ങ സമരം നടന്നത്. ആ സമരത്തെ അന്നത്തെ സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് കേരളം കണ്ടതാണ്. പൊലീസിനെ ഉപയോഗിച്ച് ആദിവാസിയെ വെടിവച്ചുകൊല്ലുകയും മര്‍ദിച്ചൊതുക്കുകയുംചെയ്ത സംഭവം കൈരളിചാനല്‍ സന്ദര്‍ഭോചിതമായി വീണ്ടും പ്രദര്‍ശിപ്പിച്ചപ്പോള്‍ ആദിവാസികളുടെയും അവശജനവിഭാഗത്തിന്റെയും സമരത്തോട് എടുക്കുന്ന രണ്ട് സമീപനവും രീതിയും നയവും കാണാനും പഠിക്കാനും പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി അവസരം ലഭിച്ചു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗത്തോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയും യുഡിഎഫിന്റെ ശത്രുതാമനോഭാവവും മറനീക്കി കാണിക്കാനാണ് ചെങ്ങറസമരത്തിന്റെ പര്യവസാനം അവസരം നല്‍കിയത്.

ചെങ്ങറയില്‍ സമരം ആളിക്കത്തിക്കാന്‍ ഇടതുതീവ്രവാദികളും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും അതിവിപ്ളവവായാടികളും അരാജക രാഷ്ട്രീയത്തിന്റെ വക്താക്കളും ഉള്‍പ്പെടെ സകല പിന്തിരിപ്പന്‍ വിഭാഗങ്ങളും കൈകോര്‍ക്കുന്ന കാഴ്ചയാണ് കേരളം ദര്‍ശിച്ചത്. ദേശീയതലത്തില്‍ മാത്രമല്ല സാര്‍വദേശീയതലത്തില്‍ത്തന്നെ മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളപ്രചാരവേല കെട്ടഴിച്ചുവിട്ടു. ഇടതുപക്ഷത്തോട് കൂറുപുലര്‍ത്തുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിവിധവിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടന്നു. ചെങ്ങറയില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന ഭീഷണിയുണ്ടായി. എന്നാല്‍, ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അതീവജാഗ്രതയോടും ദീര്‍ഘവീക്ഷണത്തോടെയുമാണ് ചെങ്ങറ സമരത്തെ സമീപിച്ചത്.

ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എസ്റേറ്റില്‍നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് കോടതിവിധിയുണ്ടായിരുന്നു. കോടതിവിധി അനുസരിച്ച് ഒഴിപ്പിക്കാന്‍ പൊലീസെത്തിയപ്പോള്‍ ആത്മഹത്യാഭീഷണിയും നേരിടാനുള്ള ഒരുക്കവുമെല്ലാം ഉണ്ടായി. സ്വകാര്യഎസ്റ്റേറ്റിലെ റബര്‍ അനധികൃതമായി വെട്ടിയെടുത്ത് വില്‍പ്പന നടത്തുന്നതായി ആക്ഷേപമുയര്‍ന്നു. സമരം ഒത്തുതീര്‍പ്പിലെത്തിക്കാതിരിക്കാനുള്ള അട്ടിമറിശ്രമവും ഒരു വിഭാഗം നടത്തി. മുത്തങ്ങ ആവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ പ്രശ്നം കൈകാര്യംചെയ്തത്. സമരക്കാരുമായി പലതവണ കൂടിയാലോചന നടത്തി. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന് തുറന്ന് പ്രഖ്യാപിച്ചു. ഒത്തുതീര്‍പ്പ് നിര്‍ദേശം സ്വീകരിക്കുന്നതില്‍ സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായി. ഒടുവില്‍ എല്ലാവരെയും ഒന്നിച്ചിരുത്തി സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കാനും അഭിമാനിക്കാനും വകയുണ്ട്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്. മന്ത്രിമാരായ എ കെ ബാലന്‍, കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുടെ സാന്നിധ്യവും നിര്‍ദേശങ്ങളും ഒത്തുതീര്‍പ്പിന് സഹായകമായി. ചെങ്ങറയിലെ 1432 കുടുംബത്തിന് ഭൂമിയും വീടും 306 കുടുംബത്തിന് വീടും സര്‍ക്കാര്‍ നല്‍കുമെന്നും മൂന്നുമാസത്തിനുള്ളില്‍ ഭൂമിവിതരണം പൂര്‍ത്തിയാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിക്കാനും തീരുമാനമായി. അടിസ്ഥാന വര്‍ഗത്തോടുള്ള എല്‍ഡിഎഫിന്റെ പ്രതിബദ്ധതയാണ് ഈ നടപടികളില്‍ തെളിഞ്ഞുനില്‍ക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ സമരത്തെ നേരിട്ട മാര്‍ഗം ബഹുജനശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്.

മുത്തങ്ങയില്‍ സി കെ ജാനുവിന്റെ നേതൃത്വത്തിലാണ് ഇതേപോലെ കൈയേറ്റം നടന്നത്. അത് സര്‍ക്കാര്‍ഭൂമിയാണ്. വന്യജീവി സംരക്ഷണകേന്ദ്രവുമാണ്. ആ സമരത്തെ യുഡിഎഫ് സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് കേരളീയര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. കേരള ചരിത്രത്തില്‍ ആദ്യമായി അന്ന് ഒരു ആദിവാസിയെ വെടിവച്ചുകൊന്നു. മറ്റുള്ളവരെ മൃഗീയമായി മര്‍ദിച്ചു. എന്നാല്‍, ചെങ്ങറയില്‍ സമരം നടത്തിയവരെ പൊലീസിനെ ഉപയോഗിച്ച് ഒരിക്കല്‍പോലും നേരിട്ടില്ല. ചെങ്ങറയില്‍ സമരം നടത്തിയവര്‍ക്കുമാത്രമല്ല കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിയും വീടും നല്‍കുമെന്നാണ് മന്ത്രി എ കെ ബാലന്‍ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചതിനുശേഷം പ്രഖ്യാപിച്ചത്.
ആദിവാസിക്ഷേമസമിതി ഭൂമിക്കുവേണ്ടി സമാധാനപരമായി സമരം നടത്തിയ സംഘടനയാണ്. കണ്ണൂര്‍ ജില്ലയില്‍ ഈ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. സമരഭീഷണിമൂലമല്ല ഇത്. നിലവില്‍ ഭൂവിതരണത്തിനുള്ള പ്രശ്നം ആവശ്യമായ തോതില്‍ മിച്ചഭൂമി ലഭ്യമല്ല എന്നുള്ളതാണ്. ആദിവാസികള്‍ക്കും പാവങ്ങളില്‍ പാവങ്ങളായ അടിസ്ഥാന വിഭാഗങ്ങള്‍ക്കാകെയും അവകാശപ്പെട്ട ഭൂമി അനധികൃതമായി കൈവശംവച്ച് അനുഭവിക്കുന്ന പലരും നാട്ടിലുണ്ട്. അത്തരക്കാരില്‍നിന്ന് ദാക്ഷിണ്യമില്ലാതെ ഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യുന്നത് അടിയന്തര കടമയായി ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാ വൈതരണികളും തട്ടിമാറ്റി അടിസ്ഥാന വര്‍ഗത്തിന് ഭൂമി വിതരണംചെയ്യാനുള്ള കടമ ധീരമായി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിനെയും അതിന് സഹായകമായ നിലപാടെടുത്ത എല്ലാവരെയും ഞങ്ങള്‍ സഹര്‍ഷം അഭിനന്ദിക്കുന്നു. സര്‍ക്കാരിന്റെ ഈ സമീപനം ജനങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്നു വിശ്വസിക്കുന്നു.


അവശവിഭാഗങ്ങള്‍ക്ക് സഹായം

അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനുള്ള അനുഭാവവും പ്രതിബദ്ധതയും തെളിയിക്കുന്ന മറ്റൊരനുഭവമാണ് ക്ഷേമനിധിയില്‍നിന്ന് വിരമിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ 114 കോടി രൂപ അനുവദിച്ച തീരുമാനം. 1,83,692 കര്‍ഷകത്തൊഴിലാളികള്‍ക്ക് 5000 രൂപമുതല്‍ 25,000 രൂപവരെയാണ് ഇങ്ങനെ ലഭിക്കാന്‍ പോകുന്നത്. കുടിശ്ശിക തീര്‍ത്തുകൊടുക്കാന്‍ ക്ഷേമനിധി ബോര്‍ഡിനു കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. യുഡിഎഫ് ഭരിച്ച കാലത്ത് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 120 രൂപയായിരുന്നു. 27 മാസത്തെ പെന്‍ഷന്‍തുക കുടിശ്ശികയാക്കിയാണ് ആ സര്‍ക്കാര്‍ ഇറങ്ങിപ്പോയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കര്‍ഷകത്തൊഴിലാളി പെന്‍ഷനു മാത്രമായി 400 കോടി രൂപ നല്‍കി. പ്രതിമാസ പെന്‍ഷന്‍ 250 രൂപയാക്കി. കുടിശ്ശിക തീര്‍ത്തു. ക്ഷേമനിധിയില്‍ കര്‍ഷകത്തൊഴിലാളികള്‍ അടയ്ക്കുന്ന അംശാദായത്തിനു തുല്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനവുമുണ്ടായിരിക്കുന്നു. പിന്നിട്ട വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെയും സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനായി എടുത്ത തീരുമാനങ്ങളുടെയും തുടര്‍ച്ചതന്നെയാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി കുടിശ്ശിക തീര്‍ക്കാന്‍ പണം വകയിരുത്തിയ നടപടി. വാര്‍ധക്യത്തിന്റെ അവശതയും രോഗപീഡയുമനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുക. ആഗോളവല്‍ക്കരണ നയങ്ങളിലൂടെ ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന യുപിഎ ഗവമെന്റിനുകീഴില്‍ അസാമാന്യമായ ഇച്ഛാശക്തിയും ജനങ്ങളോട് പ്രതിബദ്ധതയുമുണ്ടെങ്കിലേ ഇത്തരം നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധ്യമാകൂ.

ദേശാഭിമാനി മുഖപ്രസംഗം 07 ഒക്ടോബര്‍ 2009

3 comments:

  1. രണ്ടുവര്‍ഷത്തിലേറെയായി നടന്ന ചെങ്ങറ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച നയസമീപനം രാജ്യത്തിനാകെ മാതൃകയാണ്. യുഡിഎഫ് ഭരണത്തിലാണ് മുത്തങ്ങ സമരം നടന്നത്. ആ സമരത്തെ അന്നത്തെ സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് കേരളം കണ്ടതാണ്. പൊലീസിനെ ഉപയോഗിച്ച് ആദിവാസിയെ വെടിവച്ചുകൊല്ലുകയും മര്‍ദിച്ചൊതുക്കുകയുംചെയ്ത സംഭവം കൈരളിചാനല്‍ സന്ദര്‍ഭോചിതമായി വീണ്ടും പ്രദര്‍ശിപ്പിച്ചപ്പോള്‍ ആദിവാസികളുടെയും അവശജനവിഭാഗത്തിന്റെയും സമരത്തോട് എടുക്കുന്ന രണ്ട് സമീപനവും രീതിയും നയവും കാണാനും പഠിക്കാനും പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി അവസരം ലഭിച്ചു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗത്തോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയും യുഡിഎഫിന്റെ ശത്രുതാമനോഭാവവും മറനീക്കി കാണിക്കാനാണ് ചെങ്ങറസമരത്തിന്റെ പര്യവസാനം അവസരം നല്‍കിയത്.

    ReplyDelete
  2. സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ പൂര്‍ത്തികരിച്ചു കാണാന്‍ കാത്തിരിക്കുന്നു. ആന്റണി എന്ന നം പുതസകമായിരുന്നു മുത്തങ്ങ സംഭവം ഏറ്റവും വഷളക്കിയത്.

    ReplyDelete
  3. if LDF is so generous towards working people... why did it took 2 years to have a settlement???

    yea... people know the answer :)

    ReplyDelete