തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വ്യത്യസ്ത കാരണങ്ങളാല്‍ ജീവിതത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മൂന്ന് ലക്ഷം പേര്‍ക്ക് ഒന്നാംഘട്ട തുല്യതയായ നാലാംതരം വിദ്യാഭ്യാസം നല്‍കുന്നതിനുമായി സംസ്ഥാനത്ത് 'അതുല്യം' എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീപ്പ് കേരള മിഷന്‍ എന്ന സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി എന്നിവ സംയുക്തമായാണ് പുതിയ സംരംഭം നടപ്പാക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലേയും വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ഓരോ പഞ്ചായത്തിലുമാണ് 'അതുല്യം' എന്ന പുതിയ സംരംഭം നടപ്പാക്കുന്നത്. സമ്പൂര്‍ണ സാക്ഷരതയിലൂടെ ലോകത്തിന് തന്നെ മാതൃകയായ കേരളം അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് മറ്റൊരു കുതിച്ചുചാട്ടമാണ് 'അതുല്യം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി ജനയുഗത്തോട് പറഞ്ഞു. സമ്പൂര്‍ണ നാലാംതരം തുല്യത, പരിപൂര്‍ണ സാക്ഷരത, ഇ - സാക്ഷരത തുടങ്ങിയ കാര്യങ്ങളാണ് പുതിയ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നാലു മാസംകൊണ്ട് സംസ്ഥാനത്തെ മൂന്നുലക്ഷം ജനങ്ങളെ സമ്പൂര്‍ണ നാലാം തരം തുല്യത നേടിയെടിപ്പിക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ മുഖ്യ ലക്ഷ്യം. പതിനഞ്ച് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഗുണഭോക്താക്കള്‍. അടുത്ത ഘട്ടത്തില്‍ എല്ലാ ജനവിഭാഗങ്ങളേയും പദ്ധതിയുടെ ഗുണഭോക്താക്കളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ലീപ്പ് കേരള മിഷന്‍ ഡയറക്ടര്‍ ഡോ പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. മാതൃഭാഷാ പഠനം, ഇംഗ്ലിഷ് ഭാഷാ പഠനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പൗര വിദ്യാഭ്യാസം, തൊഴില്‍ നൈപുണി വികസനം, പ്രദേശിക ജ്ഞാനം എന്നിയില്‍ അധിഷ്ടതമായ പാഠഭാഗങ്ങളാണ് പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി നൂറ് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ തീരുമാനം. ഇത് കൂടാതെ നിലവിലുള്ള സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും 'അതുല്യം' പദ്ധതി നടപ്പാക്കും. മലയോര മേഖലകള്‍, ആദിവാസി സെറ്റില്‍മെന്റുകള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയ മേളകള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമഗ്രമായ സര്‍വേ, വാര്‍ഡുതലം മുതല്‍ സംസ്ഥാന തലം വരെയുള്ള കര്‍മ്മ സമിതി രൂപീകരണം, ഭവന സന്ദര്‍ശനം, കലാമേള, മാതൃക പരീക്ഷ, ഫല പ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ ബൃഹത്തായതും മാതൃകപരവുമായ പ്രവര്‍ത്തനങ്ങളാണ് അതുല്യം പദ്ധതിയിലൂടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികള്‍, ലീപ്പ് പ്രൊമോട്ടേഴ്‌സ്, സാംസ്‌കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, അംഗന്‍വാടി അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കര്‍മ്മ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. അധ്യാപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണ് പദ്ധതിക്കാവശ്യമായ പുസ്തകങ്ങളും പാഠ്യപദ്ധതിയും തയ്യാറാക്കിയിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ നാലാതരം തുല്യതാ വിദ്യാഭ്യാസം എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും നടപ്പാക്കും. ഇതിന് തുടര്‍ച്ചയായി എഴാം തരം തുല്യതയും, പത്താം തരം തുല്യതാ വിദ്യാഭ്യാസവും സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടി രൂപ ചെലവിലാണ് ആദ്യഘട്ടത്തില്‍ 'അതുല്യം' പദ്ധതി നടപ്പാക്കുന്നത്.
(കെ ആര്‍ ഹരി)
ജനയുഗം 291110
പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വ്യത്യസ്ത കാരണങ്ങളാല്‍ ജീവിതത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മൂന്ന് ലക്ഷം പേര്‍ക്ക് ഒന്നാംഘട്ട തുല്യതയായ നാലാംതരം വിദ്യാഭ്യാസം നല്‍കുന്നതിനുമായി സംസ്ഥാനത്ത് 'അതുല്യം' എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീപ്പ് കേരള മിഷന്‍ എന്ന സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി എന്നിവ സംയുക്തമായാണ് പുതിയ സംരംഭം നടപ്പാക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലേയും വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ഓരോ പഞ്ചായത്തിലുമാണ് 'അതുല്യം' എന്ന പുതിയ സംരംഭം നടപ്പാക്കുന്നത്. സമ്പൂര്‍ണ സാക്ഷരതയിലൂടെ ലോകത്തിന് തന്നെ മാതൃകയായ കേരളം അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് മറ്റൊരു കുതിച്ചുചാട്ടമാണ് 'അതുല്യം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി ജനയുഗത്തോട് പറഞ്ഞു. സമ്പൂര്‍ണ നാലാംതരം തുല്യത, പരിപൂര്‍ണ സാക്ഷരത, ഇ - സാക്ഷരത തുടങ്ങിയ കാര്യങ്ങളാണ് പുതിയ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete