Friday, November 1, 2013

വന്‍ കിട്ടാക്കടം വെളിപ്പെടുത്തില്ലെന്ന് എസ്ബിഐ

100 കോടി രൂപയിലധികമുള്ള കിട്ടാക്കടം എഴുതിത്തള്ളിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബാങ്കിങ് റെഗുലേഷന്‍ ആക്ട്, വിവരാവകാശ നിയമം എന്നിവയ്ക്കെതിരാണ് ബാങ്കിന്റെ നടപടി. ബാങ്കിങ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് ഇടപാടുകാരന്റെ വരുമാനം, വരുമാന സ്രോതസ്സ്, വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് വെളിപ്പെടുത്തേണ്ടതില്ലാത്തത്. എന്നാല്‍ ജനങ്ങളുടെ പണം കൈകാര്യംചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നു വിശദീകരിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്ന് ബാങ്കിങ്രംഗത്തെ വിദഗ്ധര്‍ പറയുന്നു. കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ പ്രയോജനം ലഭിച്ച വന്‍കിടക്കാരുടെയും കോര്‍പറേറ്റുകളുടെയും പേരും മറ്റു വിവരവും പുറത്തുവിടേണ്ടി വരുമെന്നതിനാലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്താത്തതെന്നാണ് സൂചന.

എസ്ബിഐ 2004-05 മുതല്‍ 2012-13 വരെ എഴുതിത്തള്ളിയത് 15754.06 കോടി രൂപയുടെ കിട്ടാക്കടം. 2012-13 വര്‍ഷത്തിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയത്- 4344.40 കോടി. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. നൂറുകോടിയിലധികം രൂപ എഴുതിത്തള്ളിയതിന്റെ പ്രയോജനം ലഭിച്ച വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം നല്‍കാനാവില്ലെന്നും ബാങ്ക് അധികൃതര്‍ വിവരാവകാശ രേഖയില്‍ വിശദമാക്കുന്നു. വിവരാവകാശ നിയമത്തില്‍, വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുന്നത് ഒഴിവാക്കിക്കൊണ്ടുള്ള വകുപ്പുകള്‍ പ്രകാരമാണ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം നല്‍കാതിരിക്കുന്നതെന്ന് ബാങ്ക് പറയുന്നു. 58305.04 കോടി രൂപയാണ് 2013 ജൂണ്‍ 30 വരെയുള്ള എസ്ബിഐയുടെ കിട്ടാക്കടം.

കിട്ടാക്കടം എഴുതിത്തള്ളുന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് രഹസ്യാത്മകത ബാധകമല്ലെന്ന് ബാങ്കിങ് വിദഗ്ധര്‍ പറയുന്നു. പൊതുകടമാണ് എഴുതിത്തള്ളുന്നത്. അതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങളോട് വെളിപ്പെടുത്തേണ്ട ബാധ്യത ബാങ്കിനുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു. 2011-12 വര്‍ഷത്തില്‍ എഴുതിത്തള്ളിയ തുക കുറവായിരുന്നു. 982.31 കോടി രൂപ. 2010-11ല്‍ 3492.59 കോടിയും 2009-10ല്‍ 1648.85 കോടിയും 2008-09 ല്‍ 1647.93 കോടിയും എഴുതിത്തള്ളി. ഇതിനു പിന്നിലുള്ളത് "സാങ്കേതികമായ കാരണം" മാത്രമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. കിട്ടാക്കടം ബാങ്കിന്റെ "ആക്ടീവ് ലെഡ്ജറില്‍"നിന്നു മാറ്റി "അഡ്വാന്‍സ്ഡ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ട്" ആയി ഉള്‍പ്പെടുത്തുന്നതാണ് സാങ്കേതിക പ്രക്രിയയായി വിശദീകരിക്കുന്നത്.
(അഞ്ജുനാഥ്)

deshabhimani

No comments:

Post a Comment