Friday, November 1, 2013

ക്രോസ് സബ്സിഡി കുറയും സൗജന്യങ്ങള്‍ നിലയ്ക്കും

സംസ്ഥാന വൈദ്യുതി ബോര്‍ഡ് കമ്പനിയായി മാറുന്നതോടെ വിവിധ തലങ്ങളില്‍ കെഎസ്ഇബി നല്‍കിയിരുന്ന സബ്സിഡി ഇല്ലാതാകും. സേവനമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബോര്‍ഡ് ലാഭംമാത്രം ലക്ഷ്യമിടുന്ന മൂന്നു ലാഭകേന്ദ്രങ്ങളോടു കൂടിയ ഒരു കമ്പനിയായി മാറിയപ്പോള്‍ സബ്സിഡിയും ഇല്ലാതായി. കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണം അംഗീകരിച്ച മന്ത്രിസഭ മൗനം പാലിച്ചതോടെയാണ് സബ്സിഡികള്‍ക്ക് സ്വാഭാവിക മരണം ഉറപ്പായത്. കെഎസ്ഇബിയെ പൂര്‍ണ തോതിലുള്ള കമ്പനിയാക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. ബോര്‍ഡില്‍നിന്ന് നേരത്തേ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്ന ആസ്തി-ബാധ്യതകള്‍ കമ്പനിയില്‍ പുനര്‍നിക്ഷേപിക്കാനാണ് അനുമതി. എന്നാല്‍, വിവിധ ഉപയോക്താക്കള്‍ക്ക് ബോര്‍ഡ് നല്‍കിയിരുന്ന സബ്സിഡിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ കമ്പനിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല.

കാര്‍ഷിക മേഖലയ്ക്ക് നിലവില്‍ വൈദ്യുതി സൗജന്യമാണ്. പ്രതിമാസം 20 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരെയും ഒഴിവാക്കിയിരുന്നു. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കും സൗജന്യനിരക്കാണ്. ലോ ടെന്‍ഷന്‍-4 വിഭാഗത്തില്‍പ്പെടുന്ന ചെറുകിട വ്യാവസായിക ഉപയോക്താക്കള്‍ക്കും സബ്സിഡിയുണ്ട്. 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്കിളവ് നല്‍കാന്‍ അനുവദിച്ചിരുന്ന സബ്സിഡി സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒരു മാസംമുമ്പ് സര്‍ക്കാര്‍ പിന്‍വലിച്ചു. നിലവില്‍ നല്‍കുന്ന സബ്സിഡികള്‍ തുടരണമെങ്കില്‍ സര്‍ക്കാര്‍ ആ തുക നല്‍കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല. 2012 നവംബര്‍ മുതല്‍ 2013 ജൂലൈവരെമാത്രം സബ്സിഡി ഇനത്തില്‍ 225 കോടി രൂപ സര്‍ക്കാര്‍ ബോര്‍ഡിന് നല്‍കാനുണ്ട്. വൈദ്യുതി വിതരണത്തിലെ ക്രോസ് സബ്സിഡി കുത്തനെ കുറയാനും കമ്പനിവല്‍ക്കരണം ഇടയാക്കും. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് ഉയര്‍ന്ന തുക ഈടാക്കി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗാര്‍ഹിക മേഖലയില്‍ 60 ശതമാനം വരെ നല്‍കിയിരുന്ന ക്രോസ്സബ്സിഡി 50 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ക്രോസ്സബ്സിഡി 20 ശതമാനത്തില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം. കമ്പനിവല്‍ക്കരണം ഇതിന് ആക്കം കൂട്ടും.

ജീവനക്കാരുടെ പെന്‍ഷന്‍ എത്രകാലമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. 2011 സെപ്തംബര്‍ 30 വരെയുള്ള കണക്കുപ്രകാരം പെന്‍ഷന്‍ ഫണ്ട് ബാധ്യത 7584 കോടിയാണ്. ഇതില്‍ സര്‍ക്കാര്‍ നല്‍കുന്ന വിഹിതമായ 1600 കോടി രൂപയുടെ ആദ്യഗഡുവായ 52.4 കോടി രൂപ 2012 മെയ് 9ന് നല്‍കിയെങ്കിലും ബോര്‍ഡ് അത് വൈദ്യുതി വാങ്ങാന്‍ ചെലവാക്കി. 3450 കോടി രൂപ കടവും 3493 കോടി രൂപ വാര്‍ഷികനഷ്ടവുമുള്ള ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍വിഹിതം ഫണ്ടില്‍ വകയിരുത്താന്‍ എത്രമാത്രം സാധിക്കുമെന്നതും കണ്ടറിയണം. ഇതിനിടെ, ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാതെയും ബോര്‍ഡിന്റെ സ്വത്തുവകകള്‍ സംരക്ഷിക്കാതെയുമാണ് കമ്പനിവല്‍ക്കരണമെന്ന വിമര്‍ശവുമായി ഐഎന്‍ടിയുസി രംഗത്തുവന്നു.

deshabhimani

No comments:

Post a Comment