Sunday, November 17, 2013

മന്ത്രിമാര്‍ക്കെതിരെ ബിജുവിന്റെ മൊഴി

കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, മുന്‍ മന്ത്രി കെ ബി ഗണേശ്കുമാര്‍, ക്രൈംബ്രാഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ എന്നിവര്‍ സരിത എസ് നായരെ സാമ്പത്തികമായും ശാരീരികമായും ഉപയോഗിച്ചതായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തിരൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ മൊഴിനല്‍കി. ബിജു രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മജിസ്ട്രേട്ട് വി ശ്രീജ മൊഴിയെടുത്തത്. കോടതി രേഖപ്പെടുത്തിയ മൊഴി ബിജുവിനെ വായിച്ച് കേള്‍പ്പിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.

വ്യാജ ലൈസന്‍സ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നാലാം പ്രതിയായ ബിജുവിനെ ശനിയാഴ്ച തിരൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. സരിതയുടെ ഭര്‍ത്താവായ ബിജു രാധാകൃഷ്ണന്‍ മജിസ്ട്രേട്ടിന്റെ പ്രത്യേക അനുമതിയോടെയാണ് കോടതിക്ക് പരാതി നല്‍കിയത്. സോളാര്‍ കേസില്‍ ഉന്നതരുടെ പങ്ക് അറിയാവുന്നതിനാല്‍ ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്ന് ഭയന്നാണ് തന്നെ നിരവധി കേസുകളില്‍ പ്രതിയാക്കിയതെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ആദ്യ ഭാര്യ രശ്മിയെ കൊന്നുവെന്ന കേസില്‍ വക്കീലുമായി ബന്ധപ്പെടാന്‍പോലും അനുവദിക്കാതെയാണ് നിരന്തരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. കൊലപാതക കേസില്‍ പ്രതിയാക്കി പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്.

നിരപരാധിയായ തന്നെ സോളാര്‍ കേസില്‍ കുടുക്കി മന്ത്രിമാരടക്കമുള്ളവരെ ഒഴിവാക്കുകയാണ്. ഇവര്‍ക്കെതിരെ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാന്‍ അനുവദിക്കണമെന്നും ബിജു മൊഴിയില്‍ ആവശ്യപ്പെട്ടു. വ്യാജ ലൈസന്‍സ് കേസില്‍ ബിജുവിനൊപ്പം ഒന്നാംപ്രതി മണിമോനെയും തിരൂര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിജുവിനെ നാലുദിവസം കസ്റ്റഡിയില്‍ നല്‍കണമെന്ന് കുറ്റിപ്പുറം എസ്ഐ രാജ്മോഹന്‍ അപേക്ഷിച്ചു. ഇതിനിടെയാണ് ബിജുവിന് കോടതിയില്‍ മൊഴിനല്‍കാന്‍ അവസരം നല്‍കണമെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസ് മാറ്റിവയ്ക്കുകയും ഉച്ചയ്ക്കുമുമ്പ് വീണ്ടും പരിഗണിക്കുകയുമായിരുന്നു. കേസ് വീണ്ടുമെടുത്തപ്പോള്‍ മൊഴി രേഖപ്പെടുത്താന്‍ രേഖാമൂലം അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

രശ്മി കൊലക്കേസ് വിചാരണ തിങ്കളാഴ്ച ആരംഭിക്കുന്നതിനാല്‍ ബിജുവിനെ കസ്റ്റഡിയില്‍ നല്‍കരുതെന്ന അഭിഭാഷകന്റെ വാദം കോടതി നിരസിച്ചു. അഭിഭാഷകനുമായി സംസാരിക്കാന്‍ കോടതി ബിജുവിന് അരമണിക്കൂര്‍ അനുവദിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ പ്രതിയെ കുറ്റിപ്പുറം പൊലീസിന് കസ്റ്റഡിയില്‍ നല്‍കി. ബിജുവിനെ കുറ്റിപ്പുറം തൃക്കണാപുരത്ത് എത്തിച്ച് പൊലീസ് തെളിവെടുത്തു. മന്ത്രിമാരുടെ പേര് വെള്ളിയാഴ്ച ആലുവ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടുതല്‍ പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല.

സരിതയുടെ മൊഴി ചുരുക്കിയത് ഗണേശ്

തിരൂര്‍: സരിത എസ് നായര്‍ കോടതിയില്‍ കൊടുത്ത 22 പേജുള്ള മൊഴി നാലുപേജായി ചുരുങ്ങിയതിനുപിന്നില്‍ മുന്‍ മന്ത്രി കെ ബി ഗണേശ്കുമാറാണെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. മൊഴി മാറ്റാന്‍ വന്‍ തുക വാഗ്ദാനം ചെയ്തിരുന്നു. സരിത ഉള്‍പ്പെട്ട കേസുകളില്‍ 90 ശതമാനവും ഒത്തുതീര്‍പ്പായതിനുപിന്നില്‍ പണമാണെന്നും ബിജു പറഞ്ഞു. 2006ല്‍ രശ്മി മരണപ്പെട്ടപ്പോള്‍ ആത്മഹത്യയാണെന്ന് പറഞ്ഞ് പൊലീസ് എഴുതിത്തള്ളിയ കേസ് സോളാര്‍ കേസ് വിവാദമായതിനെത്തുടര്‍ന്ന് കൊലപാതക കേസായി മാറ്റുകയായിരുന്നുവെന്ന് ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. സരിത എസ് നായര്‍ കോടതിയില്‍ കൊടുത്ത 22 പേജുള്ള മൊഴി നാലുപേജായി ചുരുക്കിയതിന് കെ ബി ഗണേശ്കുമാര്‍ 14 കോടി രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷകന്‍ പറഞ്ഞു. സോളാര്‍ കേസ് കോടതിക്കുപുറത്തുവച്ച് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയാണ്. മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉന്നതരുടെ പങ്ക് വെളിപ്പെടുമെന്ന ഭയംകൊണ്ടാണ് ബിജു രാധാകൃഷ്ണനെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കുന്നതെന്നും അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani

No comments:

Post a Comment