Sunday, November 17, 2013

വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെപ്പറ്റി മുഖ്യമന്ത്രിക്ക് ഉത്തരമില്ല

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി എപ്പോള്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിയില്ല. വിദഗ്ധസമിതി എത്രയും വേഗം റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നാണ് ജനസമ്പര്‍ക്ക പരിപാടിക്കിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

നാലുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അറിയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ എല്ലാ പഞ്ചായത്തുകളിലും എത്തിക്കും. റിപ്പോര്‍ട്ട് ശരിയായി മനസ്സിലാക്കാന്‍ അവസരമൊരുക്കിയ ശേഷം വിദഗ്ധസമിതി ജനങ്ങളില്‍ നിന്ന് തെളിവെടുക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആശങ്ക വേണ്ട. താല്‍ക്കാലിക ഉത്തരവ് മാത്രമാണ് ഇറങ്ങിയത്. പരിസ്ഥിതി സംരക്ഷണം പ്രായോഗികമായിരിക്കണം. ജനജീവിതത്തെയും കര്‍ഷകരെയും ബാധിക്കുന്ന തീരുമാനങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ പേരില്‍ ആരും കുടിയൊഴിയേണ്ടി വരില്ല. പൊതുജനത്തിന്റെ പ്രതിഷേധം ഉള്‍ക്കൊള്ളുന്നുണ്ട്. കര്‍ഷക സംഘടനകളുമായും വിവിധ ജന വിഭാഗങ്ങളുമായും ചര്‍ച്ച നടത്തി ഭേദഗതി വരുത്തി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍നിന്ന് പിന്മാറണം. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പ്: പന്ന്യന്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ പറ്റിയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനകള്‍ വഞ്ചനാപരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിജ്ഞാപനം നടപ്പാക്കാന്‍ നാല് മാസത്തെ സാവകാശമുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തട്ടിപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങളെ കബളിപ്പിക്കലാണ്. സത്യം മറച്ചുവച്ച് വിജ്ഞാപനത്തെ ന്യായീകരിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയും. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതാണ്. എന്നാല്‍, ഇതിന്റെ മറവില്‍ ജനജീവിതം തകര്‍ക്കാന്‍ പാടില്ല. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണം. ജനങ്ങളുടെ ഭയാശങ്കയകറ്റാതെ ഒരു വിദഗ്ധ സമിതി റിപ്പോര്‍ട്ടും നടപ്പാക്കരുത്. കേരളത്തില്‍നിന്ന് എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും ദ്രോഹകരമായ വിജ്ഞാപനം ഇറങ്ങിയതെങ്ങനെയെന്ന് അവര്‍ പറയണം. വിജ്ഞാപനത്തിനെതിരെ 18ന് നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണ വിജയമാക്കണമെന്നും പന്ന്യന്‍ അഭ്യര്‍ഥിച്ചു. സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് സെക്രട്ടറിമാരായ സി എന്‍ ചന്ദ്രന്‍, കെ പ്രകാശ്ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment