Wednesday, November 6, 2013

ഗുജറാത്ത്: നടുക്കുന്ന ഓര്‍മകളുമായി കുത്ബുദ്ധീന്‍

ആളിപ്പടരുന്ന തീനാമ്പുകള്‍, കൊലവാളുകളുമായി ആര്‍ത്തലച്ചുവരുന്ന കാവിപ്പട, മരണത്തെ മുഖാമുഖം കണ്ട ഭീകരനിമിഷങ്ങള്‍... ജീവിതം നിസ്സഹായമായിപ്പോയ വര്‍ഗീയാതിക്രമത്തിന്റെ ഭീതിദമായ നിമിഷങ്ങള്‍ കുത്ബുദ്ധീന്റെ മനസ്സിലിപ്പോഴുമുണ്ട്. ഗുജറാത്തില്‍ മുസ്ലിങ്ങളെ വംശഹത്യക്കിരയാക്കിയ കലാപത്തിന്റെ കറുത്ത ഓര്‍മകള്‍ക്ക് പതിനൊന്നുവര്‍ഷം പിന്നിടുമ്പോള്‍ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി അതൊന്നും വിദൂരമായ ഓര്‍മകളില്‍പ്പോലും പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും കുത്ബുദ്ധീന്‍ ജീവിച്ചിരിക്കുന്നുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന് ആവുംവിധം കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുമുണ്ട്.

"ശാന്തിസന്ദേശവുമായാണ് ഞാന്‍ ജീവിക്കുന്നത്. എല്ലായിടത്തും സമാധാനം വേണം. ഹിന്ദു-മുസ്ലിം എന്ന വിഭജനം വേണ്ട. നമ്മള്‍ക്ക് മനുഷ്യരാകാം. മതനിരപേക്ഷതയുടെ കൂടെയാണ് ഞാന്‍. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ല. വന്നാല്‍ ഇന്ത്യക്കാരനുഭവിക്കും. മറ്റൊന്നുമെനിക്ക് ലോകത്തോട് പറയാനില്ല"- കുത്ബുദ്ധീന്റെ വാക്കുകളില്‍ വിനയവും കാരുണ്യവും നിറയുന്നു.
എതിര്‍പ്പോ പകയോ ഒന്നുമില്ല ഈ നാല്‍പ്പതുകാരന്റെ വാക്കിലും നോക്കിലും. ഗുജറാത്ത് കലാപത്തിന്റെ ഭീകരാനുഭവങ്ങളുമായി ജീവിക്കുന്ന ഈ യുവാവ് മതനിരപേക്ഷതയോടുള്ള തന്റെ പ്രതിബദ്ധതയുമായാണ് കോഴിക്കോട്ട് എത്തിയിരിക്കുന്നത്. ന്യൂനപക്ഷസമൂഹത്തിന്റെ മതനിരപേക്ഷശബ്ദമായ "മുഖ്യധാര" മാസികയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍. ഗുജറാത്ത് വംശഹത്യയുടെ ഭീകരപ്രതീകമായ നരേന്ദ്രമോഡി രാജ്യമാകെ പകയും വിഷവും വമിക്കുന്ന വാക്കുകള്‍ തുപ്പി നാടാകെ വര്‍ഗീയഭീഷണിക്ക് തീകൊളുത്തുന്ന വേളയിലാണ് കുത്്ബുദ്ധീന്റെ വാക്കുകളുടെയും നിലപാടുകളുടെയും പ്രസക്തി.

കോഴിക്കോട്ടെത്തിയ കുത്ബുദ്ധീന്‍ അന്‍സാരി ദേശാഭിമാനിയോട് വിശദമായി സംസാരിച്ചു.

""അഹമ്മദാബാദില്‍ നരോദ ഹൈവേക്കടുത്ത് റഹ്മത് നഗറിലായിരുന്നു കലാപകാലത്ത് ഞാന്‍ താമസിച്ചത്. എതിര്‍വശത്തെ രാജേന്ദ്രപാര്‍ക്കില്‍ മുസ്ലിങ്ങളായിരുന്നു. 2002 മാര്‍ച്ച് 28-നാണ് കലാപത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറിയ എന്റെ കൂപ്പുകൈകളോടെ നില്‍ക്കുന്ന ചിത്രം റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. അന്ന് ദ്രുതകര്‍മസേനയില്‍പ്പെട്ട മലയാളിയായ പട്ടാളക്കാരനാണ് എന്നെ രക്ഷിച്ചത്. അതിനാല്‍ തന്നെ മലയാളി, കേരളം എല്ലാം എനിക്ക് മറക്കാനാവാത്തതാണ്. റഹ്മത് നഗറിലെ എന്റെ തയ്യല്‍ക്കടക്കടുത്ത് കോഴിക്കോട്ടുകാരനായ അല്‍താഫ് ചായക്കട നടത്തിയിരുന്നു. കേരളംപോലെ ബംഗാളിനെയും ഓര്‍ക്കുന്നു. ബംഗാളിലെ ജീവിതം മറക്കാനാവാത്ത സന്തോഷ അനുഭവമാണ്. തയ്യല്‍ക്കട തന്നു, വീടുതന്നു. എനിക്ക് ജീവിതം തിരിച്ചുകിട്ടിയത് ബംഗാളില്‍നിന്നാണ്. ഒരുവര്‍ഷം കൊല്‍ക്കത്തയിലാണ് എനിക്ക് അഭയമരുളിയത്. ഉമ്മ ബിസ്മില്ലാഭാനു അസുഖമായി കാണാനാഗ്രഹമുണ്ടായതിനാലാണ് ബംഗാളില്‍നിന്ന് ഗുജറാത്തിലേക്ക് മടങ്ങിയത്. മുഹമ്മദ്സലീംഭായി ഈ പെരുന്നാളിനും എന്നെ വിളിച്ചിരുന്നു- കലാപത്തിനുശേഷം തനിക്ക് പുതുജീവിതം പകര്‍ന്ന ഇടതുപക്ഷ മുന്നണിയെക്കുറിച്ച്, ബംഗാളിലെ ന്യൂനപക്ഷ ക്ഷേമമന്ത്രിയും സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗവുമായ മുഹമ്മദ്സലീമിനെക്കുറിച്ച് പറയുമ്പോള്‍ കുത്ബുദ്ധീന്റെ കണ്ണുകളില്‍ സന്തോഷപ്രകാശം.

ഒരുവര്‍ഷമായി ഗുജറാത്തില്‍ തിരിച്ചെത്തിയിരിക്കുന്ന കുത്ബുദ്ധീന് അഹമ്മദാബാദില്‍ തയ്യല്‍ക്കട തുടങ്ങാനായതും ബംഗാളിന്റെ സഹായത്താലാണ്. തയ്യല്‍യന്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും ബംഗാള്‍ സര്‍ക്കാര്‍ അഹമ്മദാബാദിലേക്ക് എത്തിച്ചുകൊടുത്തിരുന്നു. ഭാര്യ താഹിറാബാനുവും മകള്‍ റുഖയ്യയുമായി റഹ്മത് നഗറിലാണിപ്പോള്‍ താമസം. ആളുകള്‍ തമ്മില്‍ വലിയ അടുപ്പമില്ലാത്തതും തനിക്ക് ലഭിച്ച മാധ്യമശ്രദ്ധയാല്‍ പലരും ഒറ്റപ്പെടുത്തുന്നതും ഈ യുവാവിനെ വേദനിപ്പിക്കുന്നുണ്ട്. തനിക്ക് ലഭിച്ച വന്‍വാര്‍ത്താപ്രാധാന്യംമൂലം മാധ്യമങ്ങളില്‍ നിന്നെല്ലാം അകന്നുനില്‍ക്കാനാണ് താല്‍പര്യവും. കോഴിക്കാട്ടുകാരനായ ചായക്കടക്കാരന്‍ അല്‍താഫിനെയും ജീവന്‍രക്ഷിച്ച മലയാളി പട്ടാളക്കാരനെയും പോലെ മറ്റൊരു മലയാളിയെ കാണണമെന്ന് കുത്ബുദ്ധീന് ആഗ്രഹമുണ്ട്; ആര്‍എസ്എസുകാര്‍ കൊലവാളിനാല്‍ വെട്ടി കൊല്ലാക്കൊല ചെയ്തിട്ടും തളരാതെ പ്രവര്‍ത്തിക്കുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കാണണമെന്ന്. കോഴിക്കോട് വിടുംമുമ്പ് അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുത്ബുദ്ധീന്‍.
(പി വി ജീജോ)

deshabhimani

No comments:

Post a Comment