Thursday, November 7, 2013

ഒരു കൂട്ടം അധ്യാപകരുടെ ജീവിതം അനിശ്ചിതത്വത്തില്‍

'ഒരു ദിവസമെങ്കിലും സര്‍ക്കാര്‍ ശമ്പളം വാങ്ങിയിട്ടുള്ള  ഒരധ്യാപകനെ പോലും ഈ സര്‍ക്കാര്‍ ഒഴിവാക്കില്ല.  അവരേയും അധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തും.

മുഖ്യമന്ത്രിയുടെ ഈ വാക്കു വിശ്വസിച്ച് ആശ്വാസം കൊണ്ട അധ്യാപകര്‍ ജീവിക്കാന്‍ വഴികാണാതെ ആത്മഹത്യയുടെ വക്കിലാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ ലീവ് വേക്കന്‍സിയില്‍ കയറി 20 വര്‍ഷം വരെ സേവനമനുഷ്ടിച്ച ആയിരത്തോളം വരുന്ന 51 എ ക്ലയിമെന്റ് അധ്യാപകരെ സര്‍ക്കാര്‍ 2011 ലെ അധ്യാപക പാക്കേജില്‍ഉള്‍പ്പെടുത്തിയില്ല.

നിരവധി തവണ മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും കണ്ട് സങ്കടം പറഞ്ഞിട്ടും സര്‍ക്കാര്‍ കുലുങ്ങിയിട്ടില്ല. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും അധ്യാപക സംഘം പരാതി നല്‍കി. പരാതി ചിരിച്ചുകൊണ്ട് വാങ്ങിവച്ച മുഖ്യമന്ത്രി ഇതുവരെ ഇവരുടെ ആവശ്യം പരിഗണിച്ചിട്ടില്ല. മറ്റൊരു ജോലിയും നേടാനാകാതെ പ്രായപരിധി കഴിഞ്ഞ ഇവര്‍ എല്ലാവരും ഇപ്പോള്‍ ജോലി ഇല്ലാതെ കടുത്ത മാനസിക സംഘര്‍ഷം  അനുഭവിക്കുന്നവരാണ്.

ഇന്നലെവരെ അധ്യാപകരായി ജോലിചെയ്ത ഞങ്ങള്‍ക്ക്  ഇനി സമൂഹത്തില്‍ മറ്റൊരുജോലിചെയ്യാനുമാകില്ല. ജോലി ഇല്ലാതെ വീട്ടില്‍ നിന്നാലും മറ്റൊരു ജോലികണ്ടെത്തി പോയാലും സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല.

ഇപ്പോള്‍ തന്നെ നാട്ടുകാരോടും വീട്ടുകാരോടും വിശദീകരണം പറഞ്ഞ്  മടുത്തു. സര്‍ക്കാര്‍ ഞങ്ങളെ അവഗണിക്കുകയാണെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൂ മാര്‍ഗ്ഗമൊന്നും ഞങ്ങളുടെ മുന്നിലില്ല. 'മലപ്പുറം തിരുര്‍ സ്വദേശിയായ ടി സെഫിയ ജനയുഗത്തോട് പറഞ്ഞു.

വി ജെ പള്ളി എവിയുപി സ്‌ക്കൂളിലെ ഉറുദു അധ്യാപികയായിരുന്നു സെഫിയ. ഇവര്‍ നിരവധി തവണ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ കണ്ട് തന്റെ നിവേദനം സമര്‍പ്പിക്കുകയും പ്രയാസങ്ങള്‍ വിവരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇതുവരെ വിദ്യാഭ്യാസമന്ത്രി സെഫിയയുടെ പരിവേദനം പരിഗണിച്ചിട്ടില്ല.

ഇതേ ദുഖം തന്നെയാണ് പത്തനം തിട്ടകാരായ പി കെ സുധാകുമാരി, അജി ദാനിയേല്‍,  ബീന രാജു,  ആലപ്പുഴക്കാരി രേഖ, എന്നീ അധ്യാപകര്‍ക്കും പുറയാനുള്ളത്. സെഫിയ ഹൈകോടതിയില്‍ കേസുനല്‍കിയെങ്കിലും സ്‌ക്കൂള്‍ മാനേജര്‍മാര്‍ പുതിയ തസ്തികകള്‍ ഉണ്ടാകുന്നില്ലെന്ന് ചൂണ്ടികാട്ടി കേസിനെ പരാജയപ്പെടുത്തുകയാണുണ്ടായത്.

അറുപത്തഞ്ച് ദിവസമോ അതില്‍ കൂടുതലോ ദിവസം ലീവ് വേക്കന്‍സിയില്‍ അധ്യാപകരായി ജോലിനോക്കിയവരെ ഒഴിവുണ്ടാകുമ്പോള്‍ 51 എ ക്ലയിമെന്റ് അധ്യാപകരെ നിയമിക്കണമെന്നാണ് ചട്ടം.

ഇതുമാത്രമല്ല അധ്യാപക പാക്കേജിന്റെ ഭാഗമായി ടീച്ചേഴ്‌സ് ബാങ്കില്‍ ഇവരെ ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നത്. സ്‌ക്കൂള്‍ മാനേജര്‍മാര്‍ വ്യാജ തസ്തിക സൃഷ്ടിച്ച് നിയമിച്ച അധ്യാപകരെ പോലും സര്‍ക്കാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി. ഇല്ലാത്ത കുട്ടികളുടെ എണ്ണം കൂട്ടികാണിച്ചാണ് സ്വകാര്യ മാനേജര്‍മാര്‍ അധിക തസ്തിക സൃഷ്ടിച്ചത്. ഇതു വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള അധ്യാപകരെ ചിലമാനേജര്‍മാരുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയത്.

അധ്യാപക പാക്കേജിന്റെ ഭാഗമായി 2011 ഒക്‌ടോബര്‍ ഒന്നിന് പുറപ്പെടുവിച്ച 199-11-ജി-ഇഡിഎന്‍ ഗവണ്‍മെന്റ് ഉത്തരവനുസരിച്ച് ക്ലയ്‌മെന്റ്, റീട്രഞ്ചഡ് അധ്യാപകരുടെ സ്‌ക്കൂള്‍ തിരിച്ചുള്ള പട്ടിക തയ്യാറാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ 2012 ല്‍ പുറത്തിറങ്ങിയ പട്ടികയില്‍ ലീവ് വേക്കന്‍സിക്കാരെ ഒഴിവാക്കിയതായി ലീവ് വേക്കന്‍സി അധ്യാപകരുടെ സംഘടനയുടെ പ്രസിഡന്റ് കോവില്ലൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  മാനേജ്‌മെന്റുകള്‍ക്ക് കനത്ത തുക തലവരിയായികൊടുത്താണ് പലരും വര്‍ഷങ്ങള്‍ക്കുമുന്‍പ് ലീവ് വേക്കന്‍സിയില്‍ ജോലിയില്‍ കയറിയത്. കൊടുത്ത പണം നഷ്ടമായതിനൊപ്പം ഇവര്‍ക്ക് ജോലിയും നഷ്ടമായിരിക്കുകയാണ്.
(വി ബി നന്ദകുമാര്‍.)

janayugom

No comments:

Post a Comment