Wednesday, November 6, 2013

പ്രശംസനീയമായ പൊതുതാല്‍പ്പര്യം: കോടതി

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു പിന്നില്‍ ശ്ലാഘനീയവും വിശാലവുമായ പൊതുതാല്‍പ്പര്യമാണുണ്ടായിരുന്നതെന്ന് സിബിഐ പ്രത്യേക കോടതി വിലയിരുത്തി. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ വിടുതല്‍ ഹര്‍ജി അനുവദിക്കവെ ആണ് സിബിഐ ജഡ്ജി ആര്‍ രഘുവിന്റെ സുപ്രധാനമായ വിധിന്യായം. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള തീരുമാനം പൊതുതാല്‍പ്പര്യത്തില്‍ അധിഷ്ഠിതമാണ്. അത്തരമൊരു തീരുമാനം ലാവ്ലിന്‍ കരാറുമായി ബന്ധപ്പെടുത്തിയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തത്. ഇത് നിലനില്‍ക്കുന്നതല്ല. ഇതിനെ തെറ്റായും ദുരുദ്ദേശ്യപരമായും സിബിഐ വ്യാഖ്യാനിച്ചതിന് ന്യായീകരണമില്ല. പരസ്പര വിരുദ്ധമായാണ് കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിച്ചത്. സപ്ലൈ കരാര്‍ നല്‍കിയതിനു പിന്നില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ഉദ്ദേശ്യമായിരുന്നെങ്കില്‍ അതിനെ ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തലായി എങ്ങനെ കണക്കാക്കാനാകുമെന്ന് കോടതി ചോദിച്ചു. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനല്ലാതെ സ്വന്തമായി ലാഭമുണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി സിബിഐ ആരോപിക്കുന്നില്ല. ക്യാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാനുള്ള കരാര്‍ ഒപ്പിടാത്തത് ഗൂഢാലോചനയാണെന്നതിന് നിയമപരമായ സാധുതയില്ല. മൂന്നാമതൊരു കക്ഷിയില്‍നിന്ന് ധനം സമാഹരിച്ചു നല്‍കുമെന്ന വാഗ്ദാനം അവരെ കക്ഷിയാക്കാതെ എങ്ങനെ കരാര്‍ ആക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. എന്നാല്‍, ഇതും കുറ്റാരോപണത്തിന്റെ പരിധിയില്‍ വരുമെന്ന സിബിഐ വാദത്തെ കോടതി പരിഹസിച്ചു. അത്തരം ഒരു ആരോപണം കേസിന്റെ ഒരു ഘട്ടത്തിലും ഒരു രേഖയിലും സിബിഐ ഉന്നയിച്ചിട്ടുമില്ല.

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ചില്ലെന്ന ആരോപണവും നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹ്രസ്വകാല അറ്റകുറ്റപ്പണിക്കുള്ള നിര്‍ദേശമാണ് സമര്‍പ്പിച്ചത്. എന്നാല്‍, 30-35 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല നവീകരണത്തിനാണ് ലാവ്ലിനുമായി കരാറില്‍ ഏര്‍പ്പെട്ടത്. അതുകൊണ്ടുതന്നെ പ്രത്യേക ലക്ഷ്യത്തോടെ റിപ്പോര്‍ട്ട് അവഗണിച്ചെന്ന് പറയാനാകില്ല. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് പ്രതികളുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ കാരണമായെന്നു പറയാനാകില്ല. അതിനാല്‍ത്തന്നെ സിഎജി റിപ്പോര്‍ട്ട് ഈ കേസില്‍ പരിഗണിക്കേണ്ടതില്ല.

ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ ലാവ്ലിനുമായി ഒപ്പിട്ട കരാര്‍ 173 കോടി രൂപയ്ക്കായിരുന്നു. കണ്‍സള്‍ട്ടന്‍സി നിരക്ക് 24 കോടി രൂപയും. എന്നാല്‍, പിണറായി മന്ത്രിയായിരിക്കെ ക്യാനഡയില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി ഈ തുക യഥാക്രമം 157 കോടിയും 17.88 കോടിയുമായി കുറച്ചു. ലാവ്ലിന്‍ കമ്പനിയെ സഹായിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ ഇങ്ങനെ കുറവ് വരുത്തില്ലായിരുന്നെന്നും കോടതി വിലയിരുത്തി. ക്യാനഡയിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍ ധനസഹായം സമാഹരിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുമെന്നായിരുന്നു എസ്എന്‍സി ലാവ്ലിന്‍ സര്‍ക്കാരുമായുണ്ടാക്കിയ ആദ്യ ധാരണ. 12 കോടി രൂപ എസ്എന്‍സി ലാവ്ലിന്‍ ലഭ്യമാക്കി. ഇതുപയോഗിച്ചാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. മലബാറിലെ എട്ട് ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന സമ്പൂര്‍ണ ക്യാന്‍സര്‍ സെന്ററാണ് വിഭാവനംചെയ്തത്. എന്നാല്‍, ഈ ധാരണയ്ക്കനുസൃതമായി കരാര്‍ ഉണ്ടാക്കുന്നതില്‍ പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ വീഴ്ച വരുത്തുകയും പദ്ധതി അട്ടിമറിക്കുകയുംചെയ്തു. ധനസഹായം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നു മാത്രമല്ല, രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ആയുധമായി ഇതിനെ ഉപയോഗിക്കുകയുംചെയ്തു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികളുടെ തിനിനിറമാണ് കോടതിവിധിയോടെ തുറന്നുകാട്ടപ്പെട്ടത്.

നേടിയത് രാഷ്ട്രീയവിജയം: പിണറായി

ലാവ്ലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന നിലപാടിനെ സാധൂകരിക്കുന്നതാണ് കോടതിവിധിയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഭരണം ദുരുപയോഗിച്ചാല്‍ താല്‍ക്കാലിക രാഷ്ട്രീയലാഭമല്ലാതെ ആത്യന്തികവിജയമുണ്ടാവുകയില്ല എന്ന് തെളിഞ്ഞിരിക്കയാണ്. രാഷ്ട്രീയമായി നേരിടും എന്നു പറഞ്ഞതിനെച്ചൊല്ലി കുറെ ബഹളമുണ്ടാക്കാന്‍ ചിലര്‍ നോക്കി. രാഷ്ട്രീയമായി നേരിടും എന്ന് പറഞ്ഞത് കേസ് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ടതാണ് എന്നതുകൊണ്ടാണ്. അതായിരുന്നു സത്യമെന്ന് ഇപ്പോഴത്തെ കോടതി വിധി സ്ഥിരീകരിച്ചു. തുടക്കം മുതല്‍ക്കേ ഇത് രാഷ്ട്രീയനീക്കമായിരുന്നു. ഇത് തുറന്നുകാട്ടപ്പെടും എന്ന് ഭയന്നതുകൊണ്ടാണ് രാഷ്ട്രീയമായി നേരിടുമെന്നത് കേട്ടപ്പോള്‍ ചിലര്‍ വിറളി പിടിച്ചത്. ഒടുവില്‍ എന്തായി? പിണറായി വിജയന്‍ ഒരു സാമ്പത്തികനേട്ടവും കരാറിലൂടെ ഉണ്ടാക്കിയിട്ടില്ല എന്ന് ഇന്ത്യയിലും പുറത്തും അന്വേഷിച്ച് സിബിഐക്കുതന്നെ സമ്മതിക്കേണ്ടിവന്നു. കോടതിക്ക് കേസ് ന്യായയുക്തമായി തീര്‍പ്പാക്കേണ്ടതായും വന്നു.

രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എന്റെ പാര്‍ടിയുടെ നിലപാടുകള്‍ സംരക്ഷിക്കുന്നതിന് ഞാന്‍ കൈക്കൊണ്ട കാര്യങ്ങള്‍ ചിലര്‍ക്ക് വ്യക്തിപരമായി അസ്വീകാര്യമായിട്ടുണ്ടാകാം. എനിക്കെതിരായ കള്ളക്കേസ് നടത്തിപ്പിന് ആളെയിറക്കിയും പണം നല്‍കിയും കള്ളപ്രചാരണം നടത്തിയുമല്ല അതിന് പകവീട്ടേണ്ടത്. അത്തരമൊരു സംസ്കാരം നാടിന് നന്നല്ല. ജനങ്ങളുടെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഭരണനടപടി നീക്കിയാല്‍ കേസ് നടത്തിപ്പുമായി ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങേണ്ടിവരുമെന്നു വന്നാല്‍ ആരെങ്കിലും നാടിന്റെ വികസനത്തിന് വേണ്ട മുന്‍കൈ എടുക്കുമോ? "എല്ലാം മുറപോലെ നടക്കട്ടെ" എന്നുകരുതി നിസ്സംഗരായിരിക്കും. ആ നിസ്സംഗത നാടിനെ സമ്പൂര്‍ണ വികസനരാഹിത്യത്തിലേക്കേ എത്തിക്കൂ. അതിന് വഴിവയ്ക്കുന്ന രാഷ്ട്രീയസംസ്കാരത്തിന്റെ സന്ദേശമാകരുത് കേരളത്തില്‍ പരക്കുന്നത്.

ഈ ഘട്ടങ്ങളിലൊക്കെ മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ എന്തൊക്കെയാണ് ചെയ്തത് എന്നത് അവരും ഒന്ന് ആലോചിക്കുന്നത് കൊള്ളാം. സിംഗപ്പുരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനമുണ്ടെന്നും അത് എന്റെ ഭാര്യയുടെ വകയാണെന്നും ലാവ്ലിനിലൂടെ കിട്ടിയ പണം അതില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നുംവരെ എഴുതി. ഇന്ത്യാ ഗവണ്‍മെന്റ് സിംഗപ്പുര്‍ സര്‍ക്കാരിന് കത്തെഴുതി അവിടത്തെ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചും നേരിട്ട് പോയി അന്വേഷിച്ചും ആ പേരില്‍ അവിടെ ഒരു സ്ഥാപനമേയില്ല എന്ന് കണ്ടെത്തി കോടതിയെ അറിയിച്ചു. ലാവ്ലിന്‍ കരാറിലൂടെ കോടികളുണ്ടാക്കി എന്നു ചിലര്‍ എഴുതി. ആദായനികുതി വകുപ്പും ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗവും അരിച്ചുപെറുക്കി അതേക്കുറിച്ചു പരിശോധിച്ചു. ഞാന്‍ നയാപൈസയുടെ സാമ്പത്തികലാഭമുണ്ടാക്കിയിട്ടില്ല എന്ന് അവര്‍ കണ്ടെത്തി കോടതിയെ അറിയിച്ചു. ലാവ്ലിന്‍ കരാറിനെ എതിര്‍ത്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണമെന്ന് ഞാന്‍ ലാവ്ലിനുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പിന്റെ ഫയലില്‍ എഴുതിയിരുന്നു എന്ന് പ്രചരിപ്പിച്ചു. ലാവ്ലിനുമായി ബന്ധപ്പെട്ട് ഒരു വൈദ്യുതി ഫയലിലും അങ്ങനെയൊരു പരാമര്‍ശമില്ല എന്ന് വ്യക്തമായും തെളിഞ്ഞു. ടെക്നിക്കാലിയ ഞാന്‍ ഉണ്ടാക്കിയ കടലാസ് സംഘടനയാണെന്നും അതിന് ചെന്ന പണം എനിക്കുള്ളതാണെന്നും പത്രങ്ങള്‍ എഴുതി. ടെക്നിക്കാലിയയെ ആദ്യമായി ചുമതല ഏല്‍പ്പിച്ചത് എം വി രാഘവനാണെന്നും പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മാണഘട്ടത്തിലായിരുന്നു അത് എന്നും വന്നു. വൈദ്യുതി വകുപ്പിലെ സുപ്രധാന ഫയലുകളില്‍ ചിലത് ഞാന്‍ മുക്കി എന്ന് പത്രങ്ങള്‍ എഴുതി. ആ ഫയലുകളെല്ലാം സിബിഐ സെക്രട്ടറിയറ്റില്‍നിന്ന് കണ്ടെത്തി. എ കെ ജി സെന്ററില്‍ കൊണ്ടുവന്ന് തീയിട്ട് നശിപ്പിച്ചുവെന്ന് പത്രങ്ങള്‍ പറഞ്ഞു. അത് പിന്നീട് സെക്രട്ടറിയറ്റ് അലമാരയില്‍നിന്ന് കണ്ടെടുത്തു. ലാവ്ലിന്‍ കരാറില്‍ ഇടനിലക്കാരുണ്ടായിരുന്നുവെന്ന് പത്രങ്ങള്‍ എഴുതി. ഞാന്‍ കൊണ്ടുവന്ന ദല്ലാളന്മാരാണിവര്‍ എന്നുവരെ പറഞ്ഞു. എന്നാല്‍, ആ പറഞ്ഞ പേരുകാര്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ ലാവ്ലിനുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവരാണെന്നും ഇടനിലക്കാരല്ല, ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ചുമതലപ്പെട്ട ലാവ്ലിന്‍ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്നും തെളിഞ്ഞു. പണമിടപാട് നേരിട്ട് കണ്ടയാള്‍ എന്നുപറഞ്ഞ് ഒരാളെ ഒരു പത്രം ഒരിക്കല്‍ അവതരിപ്പിച്ചു. ബാങ്കില്‍നിന്ന് ഒരു പ്രത്യേക ദിവസം ഇതിനായി തുക പിന്‍വലിച്ചതായി അയാള്‍ പറഞ്ഞു. ആ ബാങ്കില്‍നിന്ന് ആരും തുക പിന്‍വലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അയാള്‍ കള്ളം പറയുന്നതായി കൂടുതല്‍ അന്വേഷണത്തില്‍ തെളിഞ്ഞു. സിബിഐ അക്കാര്യം കോടതിയെ അറിയിച്ചു. ഇത്തരം എത്രയെത്ര കള്ളക്കഥകള്‍? ഏതെങ്കിലും ഒന്നെങ്കിലും സത്യം ബോധ്യമായ ഘട്ടത്തിലെങ്കിലും മാധ്യമങ്ങള്‍ പിന്‍വലിച്ചോ? ഇല്ല. കാരണം കള്ളക്കഥകള്‍ക്കുപിന്നില്‍ ഒരു രാഷ്ട്രീയ ഹിഡന്‍ അജന്‍ഡയുണ്ടായിരുന്നു എന്നതുതന്നെ. ചില മാധ്യമങ്ങളെങ്കിലും അതില്‍ ഭാഗഭാക്കായിരുന്നുതാനും.

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് മന്ത്രിസഭാശുപാര്‍ശ കാറ്റില്‍പ്പറത്തിക്കൊണ്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയ ഘട്ടത്തില്‍ കേരളത്തിലെ ഇതര പത്രങ്ങളില്‍ നിന്നാകെ വ്യത്യസ്തത പുലര്‍ത്തി ഹിന്ദു എഴുതിയ എഡിറ്റോറിയല്‍ എന്റെ മനസ്സിലുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളില്‍നിന്ന് രൂപപ്പെട്ടുവരുന്ന മന്ത്രിസഭയെ നോമിനേറ്റ് ചെയ്യപ്പെട്ട ഗവര്‍ണര്‍ മറികടക്കുന്നതിലെ ഭരണഘടനാപരമായ അനൗചിത്യത്തെക്കുറിച്ച് 2009 ജൂണ്‍ 9ന് ഹിന്ദു എഡിറ്റോറിയലില്‍ എഴുതിയതായും പിണറായി അനുസ്മരിച്ചു.

തീക്കടല്‍ കടന്ന്

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ സിബിഐ കോടതി കുറ്റവിമുക്തരായി പ്രഖ്യാപിച്ചു. കേസിനാധാരമായി സിബിഐ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍ രഘു പുറപ്പെടുവിച്ച 66 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി.

പിണറായി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് പ്രതിചേര്‍ക്കപ്പെട്ടവരെയെല്ലാം കോടതി കുറ്റവിമുക്തരാക്കിയത്. പിണറായി, ഊര്‍ജ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ പി എ സിദ്ധാര്‍ഥമേനോന്‍, കെഎസ്ഇബി റിട്ട. ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് രണ്ട് പ്രതികളായ കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ കെ ജി രാജശേഖരന്‍നായര്‍ എന്നിവര്‍ വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തില്ലെങ്കിലും ഇവരെയും കോടതി കുറ്റവിമുക്തരാക്കി. ഇതോടെ എസ്എന്‍സി ലാവ്ലിന്‍ കേസ് പൂര്‍ണമായും ഇല്ലാതായി. സിബിഐ ഉന്നയിച്ച ഒരു ആരോപണവും നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. വിശ്വാസ വഞ്ചന, ദുരുദ്ദേശപരമായ താല്‍പ്പര്യം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നീആരോപണമൊന്നും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കുന്നതിന് എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിലും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം ലഭിക്കാത്തതിലും കുറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് സിബിഐ കേസ്. 1996ല്‍ ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവ്ലിന്‍ കമ്പനിയുമായി കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത്. എന്നാല്‍, പിന്നീട് പിണറായി മന്ത്രിയായിരിക്കെ സപ്ലൈ കരാറില്‍ ഒപ്പിട്ടുവെന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാല്‍, പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായതായി സിബിഐ ആരോപിച്ചിരുന്നില്ല. ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ച് യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ പിണറായിക്കെതിരെ ഒരു കുറ്റവും കണ്ടെത്താനായില്ല. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ടു. പിണറായി കുറ്റം ചെയ്തുവെന്ന് കരുതുന്നില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായതിനാലും ഭരണപക്ഷവും പ്രതിപക്ഷവും കേസ് ഒതുക്കുന്നുവെന്ന് ഒരു പത്രം എഴുതിയതിനാലുമാണ് അന്വേഷണം സിബിഐക്ക് വിട്ടതെന്നായിരുന്നു ഉമ്മന്‍ചാണ്ടി പിന്നീട് പറഞ്ഞ ന്യായം.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സിബിഐയെ എങ്ങനെ കേന്ദ്ര ഭരണകക്ഷി ഉപയോഗിക്കുന്നുവെന്നതിനുള്ള തെളിവ് കൂടിയായി ലാവ്ലിന്‍ കേസ്. നീതിയുക്തമായ ഒരു തെളിവുമില്ലാതെ പിണറായി ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കുകയായിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുവേണ്ടി വാഗ്ദാനം ചെയ്ത തുകകൂടി കണക്കിലെടുത്താണ് ലാവ്ലിന് കരാര്‍ നല്‍കിയതെന്ന് സിബിഐ ആരോപിച്ചിരുന്നു. എന്നാല്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചത് വിശാലവും അഭിനന്ദനാര്‍ഹവുമായ പൊതുതാല്‍പ്പര്യത്തിന്മേല്‍ ആയിരുന്നുവെന്ന് വിധിന്യായത്തില്‍ കോടതി എടുത്തുപറഞ്ഞു. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ എം കെ ദാമോദരന്‍, മഞ്ചേരി ശ്രീധരന്‍നായര്‍, സി പി പ്രമോദ്, കെ രവീന്ദ്രനാഥ്, വി എസ് ബിമല്‍, ഗില്‍ബര്‍ട്ട് കൊറയ എന്നിവര്‍ കോടതിയില്‍ ഹാജരായി.
(എം രഘുനാഥ്)

deshabhimani

No comments:

Post a Comment