Saturday, November 2, 2013

വാസയോഗ്യമല്ലാത്ത ഭൂമിക്കായി ആയിരങ്ങളെ പൊരിവെയിലത്ത് നിര്‍ത്തി

ഭൂമിയില്ലാത്തവന് മൂന്ന് സെന്റ് ഭൂമി കൊടുത്തുകൊണ്ട് കണ്ണൂര്‍ ജില്ലയെ ആദ്യഭൂരഹിതരില്ലാത്തജില്ലയായി പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ് യു ഡി എഫ് സര്‍ക്കാര്‍ അഭിമാനം കൊള്ളുമ്പോഴും പദ്ധതി പ്രഹസനവും കണ്ണില്‍പൊടിയിടലുമാണെന്ന് ആക്ഷേപം. കിലോമീറ്ററുകള്‍ താണ്ടിയെത്തി പൊരിവെയിലത്ത്  കാത്തുനിന്ന പലര്‍ക്കും ലഭിച്ചത് വാസയോഗ്യമല്ലാത്ത ഭൂമി. ഏറെ പ്രയാസപ്പെട്ടാണ് അകലെയെങ്ങോ ലഭിക്കുന്ന ഒരു തുണ്ട് ഭൂമിക്കായി ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കൈകുഞ്ഞുങ്ങളുമായി സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളെത്തിയത്. വിതരണത്തിനായി ഏറ്റവും കൂടുതല്‍ ഭൂമി കണ്ടെത്തിയിട്ടുള്ളത് തളിപ്പറമ്പ് താലൂക്കിലാണ്.13 വില്ലേജുകളിലായി 10,825 പ്ലോട്ടുകളാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ കണ്ടെത്തിയ ഭൂമി പലതും തീര്‍ത്തും വാസയോഗ്യമല്ലെന്ന പരാതി മുമ്പെ ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് ചില സ്ഥലങ്ങള്‍ മാറ്റിയിരുന്നുവെങ്കിലും കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലെ ഗുണഭോക്താക്കളില്‍ ഒന്നടങ്കം ആളുകളെ പറിച്ചുനട്ടിരിക്കുന്നത് കിലോമിറ്ററുകള്‍ക്കപ്പുറമുള്ള പുല്ലുപോലും മുളക്കാത്ത ഇത്തരം പാറപ്രദേശങ്ങളിലേക്കാണെന്ന പരാതിയുയര്‍ന്നിട്ടുണ്ട്. വെള്ളം, വെളിച്ചം, മറ്റു ജീവിതസാഹചര്യങ്ങള്‍ ഒന്നുമില്ലാത്ത പ്രദേശങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യഭൂരഹിത ജില്ലയെന്ന പ്രഖ്യാപന പരിപാടിക്ക് ഇരയായത് പാവപ്പെട്ട ആയിരങ്ങളാണ്. ഇവരെങ്ങനെ ഇത്തരം സ്ഥലങ്ങളില്‍ ജീവിക്കുമെന്നും ഇവരുടെ ഭാവിയെന്താകുമെന്നതിനെ കുറിച്ചൊന്നും സര്‍ക്കാരിന് യാതൊരു ആലോചനയുമില്ലെന്നതിന്റെ തെളിവാണ് ഇത്തരം ഭൂമി നല്‍കിയത്.  ഭൂമി ഒരു വര്‍ഷത്തിനകം വിനിയോഗിക്കുന്നില്ലെങ്കില്‍ അത് നഷ്ടപ്പെടുമെന്ന നിബന്ധനയുമുണ്ട്. വാസയോഗ്യമല്ലാത്തതിനാല്‍  പലരും ഭൂമി ഉപയോഗപ്പെടുത്താത്ത അവസ്ഥയുണ്ടാകും. ആ സമയങ്ങളില്‍ ഭൂമി അനുവദിച്ചിട്ടും ഭൂരഹിതര്‍ അത് വിനിയോഗിച്ചില്ലെന്ന് പറഞ്ഞ് സര്‍ക്കാരിന് കൈകഴുകാമെന്ന മുന്‍വിധിയോടെയാണ് ഇത്തരമൊരു നിബന്ധന വെച്ചിരിക്കുന്നതെന്ന ആരോപണവുമുണ്ട്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് ശേഷമാണ് പട്ടയവിതരണം ആരംഭിച്ചത്. അതിരാവിലെ മുതല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും പരിപാടി സ്ഥലത്തെത്തിയവരെ പത്തേ മുക്കാലോട് കൂടിയാണ് ചടങ്ങ് നടക്കുന്ന ജവഹര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ കഴിയുന്നത് വരെ ആരോടും ക്യൂവിട്ട് പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചകഴിഞ്ഞതോടെയാണ് പട്ടയങ്ങള്‍ കൊടുത്ത് തീര്‍ത്തത്.  ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് രാവിലെ തന്നെ സ്ഥലത്ത് എത്തിയവര്‍ അതുവരെ പൊരിവെയിലത്ത് കുട്ടികളെയുള്‍പ്പെടെ താങ്ങി ക്യൂനില്‍ക്കുകയായിരുന്നു. അതേ സമയം പരിപാടി തീര്‍ത്തും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടിയാക്കി മാറ്റിയെന്ന ആരോപണവുമുണ്ട്. പാര്‍ട്ടിയില്‍ നേതൃസ്ഥാനം പോലുമില്ലാത്ത പലരും ഖദര്‍ധാരികളായി സ്റ്റേജ് കൈയ്യടക്കിയെന്ന ആക്ഷേപവുമുണ്ട്.  ജില്ലയില്‍ 500.81 ഏക്കര്‍ ഭൂമിയാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്ക് വിതരണം ചെയ്തത്. ഇന്നലെ ജവഹര്‍ സ്‌റ്റേഡിയത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് പ്രഖ്യാപനം നടത്തിയത്.

janayugom

No comments:

Post a Comment