Monday, April 11, 2011

അഴിമതിയുടെ കുംഭഗോപുരങ്ങള്‍ക്ക് കാവലാളായ ആന്റണി

ആന്റണി വീണ്ടും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരിക്കുന്നു. പക്ഷേ തുടക്കംതന്നെ പാളിപ്പോയി. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായത് യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍കൊണ്ടാണെന്നായിരുന്നു ആന്റണിയുടെ ആദ്യത്തെ വെളിപാട്. എങ്കില്‍ എന്തേ കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഇപ്പോഴും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു എന്ന ചോദ്യത്തിനുമുന്നില്‍ ഉത്തരമില്ലാതെ ഒളിച്ചോടുന്ന ആന്റണിയെയാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നാം തുടക്കത്തില്‍ കണ്ടത്. ഓരോ ഘട്ടത്തിലും പറഞ്ഞിടത്ത് ഉറച്ചുനില്‍ക്കാനാകാതെ വിതണ്ഡവാദങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ആന്റണി ഇന്ന് മലയാളിയുടെ പതിവ് കാഴ്ചയായിരിക്കുന്നു. ഏറ്റവും ഒടുവില്‍ കേരളീയരോടായി ഈ 'ആദര്‍ശധീരന്‍' ഒരു ഗമണ്ടന്‍ ചോദ്യം തൊടുത്തുവിട്ടിരിക്കുന്നു-"ആളുകളെ കയ്യാമംവെയ്ക്കാനും ജയിലിലടയ്ക്കാനുമായി ഒരു മുഖ്യമന്ത്രിയെ വേണോ?'' അപ്പോള്‍, ആന്റണിയുടെ അധികാര കാലത്തുള്‍പ്പെടെ ഖജനാവ് കൊള്ളയടിക്കുകയും പെണ്‍വാണിഭവും സ്ത്രീപീഡനവും നടത്തുകയും ചെയ്ത കുറ്റവാളികളെ പൂമാലയിട്ട് ആദരിക്കണമെന്നാണോ ആന്റണി പറയുന്നത്. അതെ എന്നാണ് ആന്റണി പറയാതെ പറയുന്നത്. കാരണം ആ കൊടും കുറ്റവാളികളെ എല്ലാം വീണ്ടും അധികാരത്തില്‍ കയറ്റുന്നതിനുള്ള പ്രചാരണ തന്ത്രങ്ങളാണല്ലോ ഇന്ത്യയുടെ പ്രതിരോധമന്ത്രി കൂടിയായ ആന്റണി പയറ്റുന്നത്.

    1995-ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഡല്‍ഹിയില്‍നിന്ന് ആന്റണി പറന്നിറങ്ങിയതും 2004-ല്‍ കേരളത്തിലെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് ആന്റണി തെറിച്ചുപോയതും കൊള്ളമുതല്‍ പങ്കുവെയ്ക്കുന്നതു സംബന്ധിച്ച തമ്മിലടിയുടെയും ചേരിപ്പോരുകളുടെയും പശ്ചാത്തലത്തിലായിരുന്നു എന്നത് ആന്റണി വിസ്മരിച്ചിരിക്കാന്‍ ന്യായമില്ല. 1994-ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നകാലത്ത്, ആന്റണിയുടെ പ്രിയ ശിഷ്യരില്‍ ഒരാളായിരുന്ന പരേതനായ പി ബാലന്‍ കേരള നിയമസഭാ വേദിയില്‍വെച്ച് കരുണാകരനോട് പറഞ്ഞത്, "ഞങ്ങളുടെ ബാലഗോപാലന്മാരും ഒന്ന് എണ്ണ തേച്ചോട്ടെ'' എന്നായിരുന്നു. അങ്ങനെ 'ആന്റണി ഗ്രൂപ്പുകാരായ' ബാലഗോപാലന്മാര്‍ക്ക് എണ്ണതേയ്ക്കുന്നതിനായിട്ടായിരുന്നല്ലോ കരുണാകരനെ തൊഴിച്ചുമാറ്റി ആന്റണി 'ഭരണഭാരം' ഏറ്റെടുത്തത്. 1991-96ലും 2001-06ലും ഓരോ അഞ്ചുവര്‍ഷത്തേക്കും രണ്ട് മുഖ്യമന്ത്രിമാരും (ആദ്യം കരുണാകരനും ആന്റണിയും, പിന്നീട് രണ്ടാം ഊഴത്തില്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും) 40 മന്ത്രിമാര്‍ വീതവും അധികാരമേറ്റത് ചക്കരക്കുടത്തില്‍ കൈയിട്ട് നക്കാനുള്ള അവസരം കൂടുതല്‍ കൂടുതല്‍പേര്‍ക്ക് നല്‍കാനായിട്ടായിരുന്നല്ലോ. ആ കൈയിട്ടുവാരലിനിടയില്‍ സര്‍വസീമകളും ലംഘിച്ച് പകല്‍ക്കൊള്ള നടത്തിയവരെയും അഴിഞ്ഞാടിയവരെയും എങ്കിലും കല്‍ത്തുറുങ്കിലടയ്ക്കാന്‍ കെല്‍പുള്ള ഭരണം ഇവിടെ ഉണ്ടാകരുതെന്നാണ് ആദര്‍ശം ആള്‍രൂപം പ്രാപിച്ച ഈ വിദ്വാന്‍ വിളിച്ചുകൂവുന്നത്. ജയിലഴിക്കുള്ളില്‍ ആകാന്‍ യോഗ്യനായി ഒരു ബാലകൃഷ്ണപിള്ള മാത്രമല്ല യുഡിഎഫിലുള്ളത്. അധികാരത്തിലെത്താന്‍ വെമ്പല്‍പൂണ്ട് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയില്‍ അണിനിരന്നിട്ടുള്ള യുഡിഎഫ് പ്രമാണിമാരില്‍ ഏറെപ്പേരും ജയിലിലേക്കുള്ള ക്യൂവില്‍ നില്‍ക്കുന്നവരാണെന്നതാണ് സത്യം. മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുംനട്ട്, തറ്റുടുത്ത് മല്‍പിടിത്തത്തിന് തയ്യാറായി നില്‍ക്കുന്ന ചാണ്ടിയും ചെന്നിത്തലയും മുതല്‍ ഉപ മുഖ്യനാവാന്‍ അങ്കച്ചേകവന്മാരെപ്പോലെ വാളോങ്ങി നില്‍ക്കുന്ന മാണിസാറും ഐസ്ക്രീംകുട്ടിയും തുടങ്ങി ടി എം ജേക്കബും മുനീറും തിരുവഞ്ചൂരാനും അടൂര്‍പ്രകാശവും ശക്തനുംവരെ നിരയങ്ങനെ നീളുകയാണ്. ഈ അഴിമതി ആരോപണങ്ങള്‍ പലതും മാലോകരോട് ആദ്യം വിളിച്ചുപറഞ്ഞത്, യുഡിഎഫിലെയും കോണ്‍ഗ്രസിലെയും പടലപിണക്കങ്ങളെ തുടര്‍ന്ന് അവയ്ക്കുള്ളിലുള്ളവര്‍തന്നെ ആയിരുന്നു. പിന്നീട് എജിയുടെയോ വിജിലന്‍സിന്റെയോ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിവെയ്ക്കപ്പെടുകയുമായിരുന്നു.

    ഉമ്മന്‍ചാണ്ടി-പാംഓയില്‍ മുതല്‍ സൈന്‍ബോര്‍ഡുവരെ

    മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ വല്ലാതെ വെമ്പല്‍പൂണ്ടിരിക്കുകയാണല്ലോ പുതുപ്പള്ളി ചാണ്ടി. ചാണ്ടിക്കെതിരെ ഏറ്റവും ഒടുവിലത്തെ കല്ലേറുകള്‍ വന്നത് പഴയ രണ്ട് മന്ത്രിസഭാ സഹപ്രവര്‍ത്തകരില്‍നിന്നുതന്നെയാണ്. മാര്‍ച്ച് 29നാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ ആരോപണമുന്നയിച്ചത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നു എന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് അതിന് ചുക്കാന്‍ പിടിച്ചതെന്നും ആ തീവെട്ടിക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാത്തതിനാലാണ് മന്ത്രിസഭയില്‍നിന്ന് തന്നെ പുകച്ച് പുറത്തു ചാടിച്ചതെന്നുമായിരുന്നു ആരോപണം. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തിനും പ്ളാന്റിന്റെ നവീകരണത്തിനും കരാര്‍ ഉറപ്പിച്ചതില്‍ വന്‍ അഴിമതി ഉണ്ടെന്ന് ട്രേഡ്യൂണിയനുകളും ജീവനക്കാരും ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അത് പരിശോധിപ്പിച്ചും അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി കരാര്‍ മാറ്റംവരുത്തിയാണ് നവീകരണപദ്ധതി നടപ്പിലാക്കിയത്. ഖജനാവ് കൊള്ളയടിക്കാന്‍ നടത്തിയ ആ നീക്കത്തിലേക്കാണ് രാമചന്ദ്രന്‍മാസ്റ്റര്‍ ഇന്ന് വിരല്‍ചൂണ്ടിയത്. ഉമ്മന്‍ചാണ്ടി മാത്രമല്ല കെപിസിസി അധ്യക്ഷന്‍ ചെന്നിത്തലയും അതിനുപിന്നിലുണ്ടായിരുന്നതായും രാമചന്ദ്രന്‍മാസ്റ്റര്‍ വെളിപ്പെടുത്തുന്നു. ചാണ്ടിയുടെ നിര്‍ദ്ദേശം അംഗീകരിക്കാത്ത തന്നെ ചെന്നിത്തല വിരട്ടി എന്നാണ് മാസ്റ്റര്‍ പറയുന്നത്.

    ഇതൊരു ചിന്നക്കാര്യം. പെരിയകാര്യം, അതും 20 വര്‍ഷത്തോളം പഴക്കമുള്ള പഴയ കാര്യം തോണ്ടി പുറത്തിട്ടത് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി എച്ച് മുസ്തഫയാണ്. 1991 നവംബര്‍ മാസത്തില്‍ പാമോയില്‍ ഇറക്കുമതി ചെയ്തതിനുപിന്നിലെ അഴിമതിയില്‍ കൂട്ടുപ്രതി അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആണെന്നാണ് മുസ്തഫ വെളിപ്പെടുത്തിയത്. അത് പത്രസമ്മേളനത്തിലുമല്ല. മറിച്ച് പാമോയില്‍ കേസ് കൈകാര്യംചെയ്യുന്ന മജിസ്ട്രേട്ട് കോടതിയില്‍ കേസിലെ രണ്ടാംപ്രതിയും സംഭവം നടക്കുന്ന കാലത്തെ ഭക്ഷ്യമന്ത്രിയുമായിരുന്ന മുസ്തഫ തന്റെ അഭിഭാഷകന്‍ മുഖേന കൊടുത്ത സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി സഖറിയ മാത്യുവും സമാനമായ സത്യവാങ്മൂലം നല്‍കുകയുണ്ടായി. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുംകൂടി കൂട്ടുചേര്‍ന്നാണ് പാംഓയില്‍ അഴിമതി നടത്തിയതെന്ന് ആ കാലത്തുതന്നെ നിയമസഭയിലും പുറത്തും ആരോപണം ഉയര്‍ന്നിരുന്നതാണ്. അന്ന് അതന്വേഷിച്ച എ ഗ്രൂപ്പുകാരനായ എം എം ഹസ്സന്‍ അധ്യക്ഷനായ നിയമസഭാകമ്മിറ്റി, പാം ഓയില്‍ ഇറക്കുമതിയില്‍ അഴിമതി നടന്നതായി കണ്ടെത്തിയെങ്കിലും അതില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് മൂടിവെയ്ക്കുകയാണുണ്ടായത്. അങ്ങനെയാണ് കരുണാകരനും മുസ്തഫയും കേസില്‍ കുടുങ്ങിയതും ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടതും. ഇപ്പോള്‍ മുസ്തഫ പറ്റിയ സന്ദര്‍ഭത്തില്‍ ചാണ്ടിയെ പിടികൂടിയെന്നേയുള്ളൂ. അതിനുപിന്നില്‍ മറ്റൊരു മുഖ്യമന്ത്രി മോഹിയായ ചെന്നിത്തലയുടെ കൈയും കണ്ടേയ്ക്കാം.

    അന്വേഷണം തുടര്‍ന്നാല്‍ തന്റെ പങ്കും വെളിപ്പെട്ടേക്കാം എന്നറിയാവുന്നതിനാണല്ലോ ചാണ്ടി അധികാരത്തിലെത്തിയ ഉടന്‍ പാം ഓയില്‍ കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. പക്ഷേ, എന്തുചെയ്യാന്‍. കോടതി സമ്മതിച്ചില്ല.

    ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലുടനീളം പാതയോരങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഹബീബ് റഹ്മാന്‍ എന്നൊരാളിന് അനുമതി നല്‍കിയതിനുപിന്നില്‍ 735 കോടി രൂപയുടെ അഴിമതി നടന്നതായും അതില്‍ ചാണ്ടിക്ക് മുഖ്യ പങ്കുള്ളതായും നിയമസഭയില്‍ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല. പലവട്ടം യുഡിഎഫ് മന്ത്രിസഭകളില്‍ അംഗമായിരുന്ന, ഇപ്പോള്‍ പിറവം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എം ജേക്കബ് ആണത്. നോക്കൂ, ജേക്കബിന്റെതന്നെ വാക്കുകള്‍-"ഉമ്മന്‍ചാണ്ടീ, ഞാന്‍ വെല്ലുവിളിക്കുകയാണ്്. നിങ്ങള്‍ക്ക് ഒരു നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ തെളിയിച്ചു തരാം. വെറുതെ പറയുന്നതല്ല. 735 കോടി രൂപയുടെ തിരിമറിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ച് കളയാനാണ് ശ്രമിക്കുന്നത്''.

    പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലുംവരെ ഉമ്മന്‍ചാണ്ടിയുടെ ദല്ലാളന്മാര്‍ പണപ്പിരിവ് നടത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നതും മറക്കാന്‍ കാലമായില്ല.

    ചന്ദനമാഫിയയും കോണ്‍ഗ്രസ് നേതാവ് കെ പി വിശ്വനാഥനും തമ്മിലുള്ള ബന്ധം കുപ്രസിദ്ധി നേടിയതാണ്. അതേപോലെതന്നെ വിശ്വനാഥനും ചാണ്ടിയും തമ്മിലുള്ള ബന്ധവും. ചാണ്ടി ധനമന്ത്രി ആയിരുന്നപ്പോള്‍ വിശ്വനാഥന്‍ വനംമന്ത്രി. വീണ്ടും വിശ്വനാഥന്റെ രംഗപ്രവേശം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍. ചാണ്ടി ധനമന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും നടന്ന അഴിമതികളിലെല്ലാം ചെറുതല്ലാത്ത പങ്ക് അദ്ദേഹം വഹിച്ചിട്ടുള്ളതായാണ് അന്ന് കൂടെ നിന്നവര്‍തന്നെ പലപ്പോഴായി വെളിപ്പെടുത്തിയത്. സഹകരണബാങ്കുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വായ്പാ തട്ടിപ്പിലും ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷണം നേരിടുകയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണല്ലോ തുടര്‍ച്ചയായി എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നത്. അതിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിതന്നെ നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു.

    ഹിമാലയന്‍ ഫെയിം ചെന്നിത്തല

    ട്രാവന്‍കൂര്‍ ടൈറ്റാനിയം ഇടപാടില്‍ ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന രാമചന്ദ്രന്‍മാസ്റ്ററുടെ ആരോപണം മാത്രമല്ല, ചാണ്ടിയെ വെട്ടി മുഖ്യമന്ത്രിക്കസേരയില്‍ കയറാന്‍ മോഹിച്ച് രാഹുലിന്റെ പ്രീതിനേടി മത്സരിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ വേട്ടയാടുന്നത്. കുപ്രസിദ്ധമായ കണിച്ചുകുളങ്ങര കൊലക്കേസ് പ്രതികളെ രക്ഷപ്പെടുത്തുന്നതിനും കേസ് തേച്ചുമാച്ച് കളയുന്നതിനും രമേശ് ചെന്നിത്തല ഇടപെട്ടിരുന്നു എന്നും അതിന് പ്രതിഫലമായി തമിഴ്നാട്ടില്‍ വസ്തുവാങ്ങി നല്‍കിയിരുന്നു എന്നും ആരോപണം ചെന്നിത്തലയ്ക്കെതിരെ ഉയര്‍ന്നിരുന്നു. നാട്ടുകാരെ പറ്റിച്ച് പണാപഹരണം നടത്തുകയും കൊലപാതകം നടത്തുകയും ചെയ്യുന്ന കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ മടിക്കാത്ത ദേഹമാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് നീങ്ങുന്ന യുഡിഎഫ് പ്രമാണി. ഇയാള്‍ മുഖ്യമന്ത്രി ആയാല്‍ എന്തായിരിക്കും കഥ എന്ന് ആലോചിക്കാവുന്നതേയുള്ളൂ.

    ഐസ്ക്രീം കുട്ടി

    ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് ഖത്തറില്‍ 450 കോടി രൂപയുടെ സ്റ്റീല്‍ കമ്പനി ഉണ്ടെന്നതാണ് പുതിയ വാര്‍ത്ത. 1991-96ലും 2001-06ലും കരുണാകരനും ഉമ്മന്‍ചാണ്ടിക്കും ആന്റണിക്കും ഒപ്പം വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി യുഡിഎഫ് മന്ത്രിസഭയുടെ നായകനോ ഉപനായകനോ ആകാന്‍ സര്‍വഥാ യോഗ്യന്‍. പഴയ ഐസ്ക്രീംകേസ് വീണ്ടും തോണ്ടി പുറത്തിട്ടതാകട്ടെ, കുട്ടിയുടെ സന്തത സഹചാരിയും ബന്ധുവും ഈ ക്രിമിനല്‍ നടപടികളില്‍ കൂട്ടാളിയുമായിരുന്ന റൌഫും. അതിന് പ്രചാരണം നല്‍കിയതും കൂടുതല്‍ അന്വേഷണം നടത്തിയതുമാകട്ടെ, ലീഗ് നേതാവ് മുനീറിന്റെ സ്വന്തം ചാനലായ ഇന്ത്യാവിഷനും. വെളിപ്പെടുത്തല്‍ നടത്താന്‍ റൌഫിനെ പ്രകോപിപ്പിച്ചതോ? കുഞ്ഞാലിക്കുട്ടിയുടെതന്നെ, തനിക്കെതിരെ റൌഫിന്റെ വധഭീഷണി എന്ന പത്രസമ്മേളനത്തിലെ പ്രസ്താവനയും.

    ഐസ്ക്രീം വെറുമൊരു സ്ത്രീപീഡനക്കേസല്ല എന്നത്രെ ഇന്ത്യാവിഷനിലെ എം പി ബഷീര്‍ പറയുന്നത്. കരിപ്പൂര്‍ വിമാനത്താവളംവഴി കേരളത്തിലേക്കു വരുന്ന പാകിസ്ഥാന്‍ വക കള്ളനോട്ടുകള്‍ സുരക്ഷിതമായി കടത്തിക്കൊണ്ടുവരാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ മെരുക്കിയെടുക്കുന്നതിന് ഐസ്ക്രീം പാര്‍ലറിലെ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് ബഷീറിന്റെ കണ്ടെത്തല്‍. അപ്പോള്‍ ഐസ്ക്രീം കുട്ടിയുടെ കേസ് വെറും സ്ത്രീപീഡനമല്ല, പെണ്‍വാണിഭമാണ്, കള്ളനോട്ട് ഇടപാടുണ്ട്, വിദേശ രാജ്യബന്ധമുണ്ട്. പോരെങ്കില്‍ കേസ് ഒതുക്കാന്‍ ഇരകള്‍ക്ക് പണംകൊടുത്ത് കള്ളസാക്ഷി പറയിക്കല്‍, കള്ളരേഖ ഉണ്ടാക്കല്‍, ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയുംവരെ പണംകൊടുത്ത് സ്വാധീനിക്കല്‍ - കുറ്റകൃത്യങ്ങളുടെ പട്ടിക നീളുന്നു.

    ഇതിനെല്ലാം വാരിയെറിഞ്ഞത് കോടികളാണ്. പണം എവിടെനിന്ന്? മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതിയിലും ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തിലും (കൊലപാതകത്തിലും) പിടിയിലായ ചാക്ക് രാധാകൃഷ്ണനും രണ്ടുതവണ വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്ക് സിബിഐ അന്വേഷണം നീളുമ്പോള്‍ ഐസ്ക്രീം കുട്ടിയുടെ പണത്തിന്റെ ഉറവിടം പിടികിട്ടും. മലബാര്‍ സിമന്റ് അഴിമതി മാത്രമല്ല കൊല്ലത്തെ കെഎംഎംഎല്ലുമായി ബന്ധപ്പെട്ട നവീകരണ പദ്ധതിയിലെ കോടികളുടെ വെട്ടിപ്പിലും കുഞ്ഞാലിക്കുട്ടിയാണ് മുഖ്യ പ്രതി. കൂട്ടുപ്രതി ഉമ്മന്‍ചാണ്ടിയും. നമ്മുടെ വ്യവസായങ്ങളെയാകെ കട്ടുമുടിച്ച പണമാണ് ഖത്തറില്‍ സ്റ്റീല്‍പ്ളാന്റിനും ഐസ്ക്രീം കേസിനും മറ്റും വെള്ളംപോലെ ഒഴുക്കിയത്.

    പാലാഴിയില്‍ മുങ്ങിയ മാണി

    പാലാഴി റബര്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് നാട്ടുകാരില്‍നിന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്നും കോടിക്കണക്കിന് രൂപയാണ് കെ എം മാണി ചെയര്‍മാനായ കേരള സംസ്ഥാന സഹകരണ ടയര്‍ ഫാക്ടറി എന്ന സ്ഥാപനം പിരിച്ചെടുത്തത്. ഒടുവില്‍ പാലാഴിയില്‍ ടയര്‍ ഫാക്ടറിയും ഉണ്ടായില്ല. പിരിച്ച കോടികളുമില്ല. ഒന്നിനും രേഖകളുമില്ല. സംസ്ഥാന സഹകരണബാങ്കില്‍നിന്നും വിവിധ സഹകരണ സ്ഥാപനങ്ങളില്‍നിന്നും ടയര്‍ ഫാക്ടറിക്കായി നല്‍കിയ കോടിക്കണക്കിന് രൂപ കിട്ടാക്കടമായി മാറി. മാത്രമല്ല മാണിയുടെ മരുമകന്‍ നെഫ്രോളജിസ്റ്റായി ജോലിനോക്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയാണ് ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൃക്കവാണിഭം നടത്തിയതായി ആരോപണം ഉയര്‍ന്നത്. ഈ രണ്ടു കേസുകളും പുറത്തുകൊണ്ടുവന്നതാകട്ടെ, ഇപ്പോള്‍ മാണിസാറിന്റെ സഹചാരിയായി കഴിയുന്ന പി സി ജോര്‍ജ്ജും. മാണിസാറും യുഡിഎഫിന്റെ നായകനോ ഉപനായകനോ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍തന്നെ. 2001-06 കാലത്ത് മതികെട്ടാനിലും മൂന്നാറിലും മറ്റും നടന്ന വനം കൊള്ളകളില്‍ മാണിയുടെയും കൂട്ടുകക്ഷികളുടെയും പങ്കും സുവിദിതമാണല്ലോ.

    കുരിയാര്‍കുറ്റി-കാരപ്പാറ ജേക്കബ്

    കുരിയാര്‍കുറ്റി-കാരപ്പാറ ജലസേചന പദ്ധതിയുടെ കരാറില്‍ അഴിമതി നടത്തിയതിന്റെ അന്വേഷണം നേരിടുന്ന വിദ്വാനാണ് യുഡിഎഫിന്റെ നായകരില്‍ ഒരാളായ ടി എം ജേക്കബ്. ഈ കേസ് അന്വേഷണം തുടരാന്‍ സുപ്രീംകോടതിതന്നെ ഇടപെട്ടിരിക്കുകയാണ്. ചിമ്മിനി ഡാം നിര്‍മ്മാണത്തില്‍ നടന്ന വെട്ടിപ്പിലും കാര്‍മ്മികത്വം ജേക്കബിനുതന്നെ. ഇതിലെ കരാറുകാരനെ വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നു.

    മുനീറും അഴിമതിയുടെ രാജവീഥികളും

    ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭകളില്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്ന മുനീര്‍ നടത്തിയ വെട്ടിപ്പുകളുടെ നിത്യ സ്മാരകമാണ് ഇന്ത്യാവിഷന്‍ ചാനല്‍. മന്ത്രിയായിരിക്കെ 8 കോടി രൂപയുടെ ഓഹരിയാണ് ഇന്ത്യാ വിഷനില്‍നിന്ന് മുനീറിന്റെ പേരില്‍ വന്നത്. ഇതിന്റെ ഉറവിടം വെളിപ്പെടുത്താന്‍ മുനീറിന് കഴിഞ്ഞില്ല. പൊതുമരാഗത്ത് മന്ത്രി എന്ന നിലയില്‍ പൊതുമരാമത്ത് മാന്വലിലെ വ്യവസ്ഥകള്‍ മറികടന്ന് ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ സാങ്കേതികാനുമതിയോ ഭരണാനുമതിയോ ഇല്ലാതെയാണ് നിരവധി റോഡുപണികള്‍ക്ക് കരാര്‍ ഉറപ്പിച്ചത്. ഇത്തരം തട്ടിപ്പ് കരാറുകളിലൂടെ 1000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. 11 കരാറുകളെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് ഈ കേസില്‍ ഒന്നാം പ്രതി മുനീര്‍ തന്നെ എന്നാണ് കണ്ടെത്തിയത്. വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ് ഈ കേസ്. കെഎസ്ടിപി പദ്ധതിയുടെപേരില്‍ നടന്നതും കോടികളുടെ അഴിമതിയായിരുന്നു. കേരളത്തിലെ റോഡുകളാകെ വളരെക്കാലം കുളമായതിനു കാരണം ഈ അഴിമതികളായിരുന്നു.

    പൊതുവിതരണം കീശവീര്‍പ്പിക്കാന്‍  മുസ്തഫ ആയാലും പ്രകാശായാലും

    റേഷന്‍ മൊത്ത വ്യാപാര ലൈസന്‍സ് അനുവദിക്കാന്‍ മന്ത്രി അടൂര്‍ പ്രകാശും സെക്രട്ടറിയും 25 ലക്ഷം രൂപ കോഴ ചോദിച്ചുവെന്ന് പ്രസ്താവന ഇറക്കിയതും കോടതിയില്‍ മൊഴി കൊടുത്തതും കെപിസിസി സെക്രട്ടറിയായിരുന്ന അബ്ദുറഹിമാനാണ്. അടൂര്‍പ്രകാശിനെതിരെ ആരോപണം ഉന്നയിച്ച അബ്ദുറഹിമാന്‍ കോണ്‍ഗ്രസിന് പുറത്തും അടൂര്‍ പ്രകാശ് വീണ്ടും സ്ഥാനാര്‍ത്ഥിയും. 2001-2006 കാലത്ത് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ 14 ഇനം പലവ്യഞ്ജനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നു എന്ന് കണ്ടെത്തിയത് കേരള ഹൈക്കോടതിയാണ്. 90 കോടി രൂപയാണ് ഖജനാവിന് നഷ്ടം വരുത്തിയത്. സിബിഐയും വിജിലന്‍സും ഈ കേസുകള്‍ അന്വേഷിക്കുകയാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കാന്‍ വാങ്ങിയതില്‍ 10 കോടി രൂപയുടെ അഴിമതി നടത്തി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.

    1991-96 കാലത്തെ ജീരകം ഇടപാടും വറ്റല്‍മുളക് ഇടപാടും ഖജനാവിന് വരുത്തിവെച്ച നഷ്ടം കോടികളുടേതാണ്. ഈ കേസുകളിലും കോടതി നടപടികള്‍ തുടരുകയാണ്. 92ലെ ഓണക്കാലത്ത് 340 ടണ്‍ ജീരകം ടണ്ണിന് 80,000 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 1,26,000 രൂപകൊടുത്ത് വാങ്ങിയതാണ് ജീരക ഇടപാട്. സമാന സ്വഭാവത്തിലുള്ളതാണ് വറ്റല്‍മുളക് കേസും.

    ശക്തന്റെ വണ്ടിക്കച്ചവടം

    കെഎസ്ആര്‍ടിസിയുടെ ബസ് ചേസിസ് ഇടപാടില്‍ 20 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് ഗതാഗതമന്ത്രിയായിരുന്ന ശക്തനെതിരെ ലോകായുക്തയുടെ മുന്നിലുള്ള കേസ്. കെഎസ്ആര്‍ടിസിയില്‍ നിയമനം നടത്തിയതിലും ശക്തന്‍ കോഴ വാങ്ങിയിട്ടുണ്ടെന്നും കേസുണ്ട്.

    ജപ്പാന്‍ പൈപ്പ് കുംഭകോണം: തിരുവഞ്ചൂരിനും പങ്ക്

    ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി പൈപ്പുകള്‍ വാങ്ങിക്കൂട്ടിയതിനുപിന്നിലെ കോടികളുടെ അഴിമതിയില്‍നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒഴിഞ്ഞുമാറാനാവില്ല.

    യുഡിഎഫ് ഭരണ കാലഘട്ടത്തിലെ അഴിമതികളുടെ പരമ്പര വിവരിക്കാന്‍ ആയിരം നാവുള്ള അനന്തനുപോലും ആവില്ല എന്നതാണ് അവസ്ഥ. പാഠപുസ്തകം അച്ചടിയിലും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി ക്ഷേമത്തിനായുള്ള ഫണ്ട് തിരിമറി നടത്തിയതിലും ഉള്‍പ്പെടെ അഴിമതിയുടെയും ഖജനാവ് കൊള്ളയുടെയും പട്ടിക നീണ്ടുപോകുന്നു. അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതാണ് യുഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ അവസ്ഥ. പോരെങ്കില്‍ യുഡിഎഫ്തന്നെ ഉന്നയിച്ച ആരോപണങ്ങളുടെപേരില്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍നിന്ന് രാജിവെയ്ക്കേണ്ടതായി വന്ന പി ജെ ജോസഫും ടിയു കുരുവിളയും കൂടി യുഡിഎഫ് കൂടാരത്തില്‍ ചേക്കേറിയിരിക്കുന്നു. ഈ കേസുകളുടെയെല്ലാം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ ജയിലഴിക്കകത്താക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. അത് നിര്‍വഹിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ കഴിയൂ.

    ഈ ക്രിമിനല്‍ സംഘത്തെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്നാണ് ആന്റണി ആഹ്വാനം ചെയ്യുന്നത്. 2 ജി സ്പെക്ട്രവും കോമണ്‍വെല്‍ത്ത് ഗെയിംസും ആദര്‍ശ് ഫ്ളാറ്റും ഉള്‍പ്പെടെയുള്ള കേന്ദ്രത്തിലെ അഴിമതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതെല്ലാം നിസ്സാരം എന്നായിരിക്കും ആന്റണിയുടെ ഭാവം. ആന്റണിയുടെ ചുമതലയിലുള്ള പ്രതിരോധ വകുപ്പിനും ബന്ധമുള്ളതാണല്ലോ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം. ആന്റണി ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന പഞ്ചസാര കുംഭകോണവും ഇപ്പോള്‍ പ്രതിരോധവകുപ്പില്‍ നടന്ന ആയുധ ഇറക്കുമതികളുമായി ബന്ധപ്പെട്ട അഴിമതികളും ആന്റണി കണ്ണടച്ചാല്‍ മാത്രം ഇല്ലാതാവുന്നതുമല്ല.

ജി വിജയകുമാര്‍ ചിന്ത 150411   

1 comment:

  1. ആന്റണി വീണ്ടും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരിക്കുന്നു. പക്ഷേ തുടക്കംതന്നെ പാളിപ്പോയി. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായത് യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍കൊണ്ടാണെന്നായിരുന്നു ആന്റണിയുടെ ആദ്യത്തെ വെളിപാട്. എങ്കില്‍ എന്തേ കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഇപ്പോഴും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു എന്ന ചോദ്യത്തിനുമുന്നില്‍ ഉത്തരമില്ലാതെ ഒളിച്ചോടുന്ന ആന്റണിയെയാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നാം തുടക്കത്തില്‍ കണ്ടത്. ഓരോ ഘട്ടത്തിലും പറഞ്ഞിടത്ത് ഉറച്ചുനില്‍ക്കാനാകാതെ വിതണ്ഡവാദങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ആന്റണി ഇന്ന് മലയാളിയുടെ പതിവ് കാഴ്ചയായിരിക്കുന്നു. ഏറ്റവും ഒടുവില്‍ കേരളീയരോടായി ഈ 'ആദര്‍ശധീരന്‍' ഒരു ഗമണ്ടന്‍ ചോദ്യം തൊടുത്തുവിട്ടിരിക്കുന്നു-"ആളുകളെ കയ്യാമംവെയ്ക്കാനും ജയിലിലടയ്ക്കാനുമായി ഒരു മുഖ്യമന്ത്രിയെ വേണോ?'' അപ്പോള്‍, ആന്റണിയുടെ അധികാര കാലത്തുള്‍പ്പെടെ ഖജനാവ് കൊള്ളയടിക്കുകയും പെണ്‍വാണിഭവും സ്ത്രീപീഡനവും നടത്തുകയും ചെയ്ത കുറ്റവാളികളെ പൂമാലയിട്ട് ആദരിക്കണമെന്നാണോ ആന്റണി പറയുന്നത്. അതെ എന്നാണ് ആന്റണി പറയാതെ പറയുന്നത്. കാരണം ആ കൊടും കുറ്റവാളികളെ എല്ലാം വീണ്ടും അധികാരത്തില്‍ കയറ്റുന്നതിനുള്ള പ്രചാരണ തന്ത്രങ്ങളാണല്ലോ ഇന്ത്യയുടെ പ്രതിരോധമന്ത്രി കൂടിയായ ആന്റണി പയറ്റുന്നത്.

    ReplyDelete