Friday, November 15, 2013

വൈദ്യുതപദ്ധതികള്‍ നിശ്ചലം

സംസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്ന വൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയില്‍. പുറമെനിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ലൈനും ലഭ്യമല്ലാതെ വരുന്നതോടെ മഴക്കാലത്തും കേരളം ലോഡ്ഷെഡിങ്ങിലേക്ക് നീങ്ങുന്നു. ഇരുപത്തഞ്ചോളം പദ്ധതികളുടെ നിര്‍മാണമാണ് വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്നത്. പള്ളവാസല്‍ എക്സ്റ്റന്‍ഷന്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ (40), മാങ്കുളം (40), കൊച്ചുപമ്പ (30), പെരിങ്ങല്‍ വലതുകര (24), ബാരാപോള്‍ (24) അടക്കമുള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ണമായി നിലച്ചു. ഇതിനുപുറമെ, അഞ്ച് മുതല്‍ 10 വരെ മെഗാവാട്ട് ശേഷിയുള്ള പദ്ധതികളും മുടങ്ങി. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ബൈതരണി കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടത് ആയിരം മെഗാവാട്ട് വൈദ്യുതിയും ഇല്ലാതാക്കി. അതിരപ്പിള്ളി അടക്കമുള്ള വന്‍ പദ്ധതികളുടെ സാധ്യത പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ മങ്ങി.

ശക്തമായ മഴയില്‍ മികച്ച നീരൊഴുക്ക് ലഭിച്ചിട്ടും കേരളം ലോഡ്ഷെഡിങ്ങിന്റെ നിഴലിലാണ്. കല്‍ക്കരിക്ഷാമവും തെലങ്കാന പ്രശ്നവും മൂലം ഒരുമാസത്തിനിടെ നിരവധി ദിവസം ലോഡ്ഷെഡിങ്ങുണ്ടായി. അന്യസംസ്ഥാനങ്ങളില്‍നിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ഇടനാഴി ലഭിക്കുന്നില്ല. 1996-2001 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീടെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 270 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു. നിരവധി പദ്ധതികള്‍ക്ക് തുടക്കമിടുകയുംചെയ്തു. എന്നാല്‍, അതെല്ലാം നിശ്ചലമായി. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നിട്ടും പുതിയ പദ്ധതികള്‍ വരാത്തത് ആസൂത്രണം പാളാന്‍ ഇടയാക്കി. ഉല്‍പ്പാദന മുരടിപ്പാണ് നില വഷളാക്കിയത്. ആവശ്യമുള്ളതിന്റെ 40 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദനം. ഈ രീതിയില്‍ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് ഊര്‍ജ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച തോതില്‍ കേന്ദ്രവിഹിതം ലഭിക്കുന്നതിനിടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെയായിരുന്നു കേന്ദ്രവിഹിതം. ഇപ്പോഴാകട്ടെ ശരാശരി 1100 മെഗാവാട്ട് ആണ്. ഇതില്‍ ഇടയ്ക്കിടെയുണ്ടാകുന്ന കുറവും ലോഡ്ഷെഡിങ്ങിലേക്ക് തള്ളുന്നു.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment