Friday, November 15, 2013

പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമഭേദഗതി

ആക്രമണത്തിനോ പീഡനത്തിനോ ഇരയാകപ്പെടുന്നവര്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണെന്ന അറിവ് അക്രമിക്കുണ്ടെങ്കില്‍ത്തന്നെ കുറ്റം സ്ഥാപിക്കപ്പെടുമെന്നതടക്കം പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. താന്‍ ആക്രമിക്കുന്ന വ്യക്തി പട്ടികജാതിക്കാരനോ പട്ടികവര്‍ഗക്കാരനോ ആണെന്ന ബോധ്യം അക്രമിക്കുണ്ടെങ്കില്‍ത്തന്നെ കുറ്റം സ്ഥാപിക്കപ്പെട്ടു എന്നാണ് ഭേദഗതി. പരാതി ബോധിപ്പിക്കുന്ന സമയത്ത് താന്‍ പട്ടികവിഭാഗക്കാരനാണെന്ന് തെളിയിക്കാനായില്ലെങ്കില്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് ഭേദഗതിയെന്ന് സാമൂഹ്യനീതി- ശാക്തീകരണമന്ത്രി കുമാരി ഷെല്‍ജ പറഞ്ഞു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് തടസ്സപ്പെടുത്തുക, പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുക, സാമൂഹ്യ- സാമ്പത്തിക ബഹിഷ്കരണം, കുഴല്‍കിണര്‍ പോലെ പൊതുസ്വത്തുക്കള്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്ക്, ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്, പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ വിളകള്‍ നശിപ്പിക്കല്‍, പരാതി പിന്‍വലിപ്പിക്കുന്നതിന് മാത്രം എതിര്‍കേസ് ഫയല്‍ ചെയ്യല്‍ എന്നിവ അതിക്രമമായി കണക്കാക്കും. കുറ്റപത്രം സമര്‍പ്പിച്ചാല്‍ രണ്ടുമാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം. കാലതാമസം വന്നാല്‍ ഹൈക്കോടതിയെ സമീപിക്കാം. തെറ്റുകാരില്‍നിന്ന് ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കാം.

deshabhimani

No comments:

Post a Comment