Sunday, November 17, 2013

ഓപ്പണ്‍ സ്കൂളില്‍ കൂട്ടപ്പിരിച്ചുവിടല്‍ നീക്കം

സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ കരാര്‍ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള തീരുമാനം ഓപ്പണ്‍ സ്കൂള്‍ സംവിധാനത്തിലൂടെ പ്ലസ്ടു പഠനം നടത്തുന്ന രണ്ടു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. ഹൈക്കോടതി അംഗീകരിച്ച റാങ്കുപട്ടികയിലൂടെ നിയമനം ലഭിച്ചവര്‍ ഉള്‍പ്പെടെ 65 പേരുടെ സേവനം അവസാനിപ്പിക്കാനാണ് തീരുമാനം. വര്‍ഷങ്ങളായി തുടരുന്നവരെ ഒഴിവാക്കി പകരം പിന്‍വാതില്‍ കോഴ നിയമനത്തിനാണ് നീക്കം. 2013-14ല്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ ജോലി ആരംഭിച്ചിരിക്കെയാണ് ജീവനക്കാരെ ഒഴിവാക്കാന്‍ എസ്സിഇആര്‍ടി തീരുമാനിച്ചത്. 2012-13ല്‍ പ്രവേശനം നേടിയ ഒരു ലക്ഷത്തിലധികംപേര്‍ രണ്ടാംവര്‍ഷ പഠനം തുടരുകയുമാണ്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ ഓപ്പണ്‍ സ്കൂളിന്റെ താളംതെറ്റും. ഇത് രണ്ടു ലക്ഷത്തോളംപേരുടെ പഠനം വഴിമുട്ടാനിടയാക്കും. 71 ജീവനക്കാരില്‍ 65 പേര്‍ കരാര്‍ ജീവനക്കാരാണ്. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ ശേഷിക്കുന്നവര്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്നവരാണ്.
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ പദവിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച ആളാണ് എസ്സിഇആര്‍ടി ഡയറക്ടര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചെന്ന ഒറ്റക്കാരണത്താലാണ് കരാര്‍ അവസാനിപ്പിക്കുന്നത്. ഇതില്‍ 15 പേര്‍ 13 വര്‍ഷം സര്‍വീസുള്ളവരാണ്. ഓപ്പണ്‍ സ്കൂള്‍ ആരംഭിച്ചകാലം തൊട്ട് ജോലി ചെയ്യുന്നവരാണ് ഇവര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചവരും ജീവനക്കാരായുണ്ട്. അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തി 2006ല്‍ നിയമിക്കപ്പെട്ടവരാണ് മറ്റുള്ളവര്‍. സംവരണം പാലിച്ച് തയ്യാറാക്കിയ റാങ്കുലിസ്റ്റ് ഹൈക്കോടതി പരിശോധിച്ച് അംഗീകാരം നല്‍കിയതുമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ പിരിച്ചുവിടല്‍ നീക്കമുണ്ടായെങ്കിലും ഹൈക്കോടതി തടയുകയായിരുന്നു. ഇതോടെ ഭാവി ഒഴിവുകള്‍ക്ക് പരിഗണിക്കാനെന്നപേരില്‍ കരാര്‍ നിയമനത്തിന് നടപടി തുടങ്ങി. വേണ്ടപ്പെട്ടവര്‍ക്ക് നിയമനം ശുപാര്‍ശ ചെയ്ത് മുസ്ലിംലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെടെ നല്‍കിയ കത്ത് പുറത്തായതോടെ ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിയമനം നിര്‍ത്തിവയ്ക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ഇത് ലംഘിച്ച് എഴുത്തുപരീക്ഷ നടത്തിയെങ്കിലും മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും ഹൈക്കോടതി തടഞ്ഞു. അപേക്ഷിച്ച പകുതിയിലേറെപ്പേര്‍ക്കും ഹാള്‍ ടിക്കറ്റ് അയച്ചിരുന്നില്ല.

ഇതിനിടെയാണ് സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി 18നു പരിഗണനയ്ക്കെടുക്കും. വിവാദമായ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനംഅനുവദിക്കണമെന്നാണ് എസ്സിഇആര്‍ടി നിലപാട്. പരിചയസമ്പന്നരായ ജീവനക്കാരെ പിരിച്ചുവിട്ട് വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കാനാണ് നീക്കം. നിലവിലുള്ള കരാര്‍ ജീവനക്കാരുടെ സേവനം അവസാനിപ്പിച്ച് വീണ്ടും കരാര്‍ നിയമനമെന്ന വിചിത്രവാദമാണ് അധികൃതരുടേത്.

deshabhimani

No comments:

Post a Comment