Tuesday, November 12, 2013

രാജസ്ഥാനില്‍ സീറ്റ് നല്‍കി സ്ത്രീപീഡകര്‍ക്ക് രാഹുലിന്റെ "ആദരം"

ക്രിമിനല്‍കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് പീച്ചിച്ചീന്തി ചവറ്റുകുട്ടയില്‍ എറിയാന്‍ മന്‍മോഹന്‍സിങ്ങിനോട് നിര്‍ദേശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജസ്ഥാന്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയവരില്‍ കുപ്രസിദ്ധ ക്രിമിനലുകളും അവരുടെ ബന്ധുക്കളും. സ്ത്രീപീഡനക്കേസിലെ പ്രതികളെയും അവരുടെ ബന്ധുക്കളെയുമാണ് രാഹുല്‍ഗാന്ധി സീറ്റ് നല്‍കി ആദരിച്ചത്. രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായ മൂന്ന് മന്ത്രിമാരില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കി. മറ്റ് രണ്ട്പേരുടെ ബന്ധുക്കള്‍ക്കും സീറ്റ് നല്‍കി.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജില്ലയായ ജോധ്പുരിലെ നേഴ്സ് ഭന്‍വാരിലാല്‍ ദേവിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ജലവിഭവശേഷി മന്ത്രിയായിരുന്ന മഹിപാല്‍ മദേര്‍ണ. ഭന്‍വാരിദേവിയുടെ ഭര്‍ത്താവ് അമര്‍ചന്ദ് നല്‍കിയ ഹേബിയസ്കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് ക്രൂരമായ കൊലയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ജില്ലയിലെ ലുനിയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മല്‍ക്കന്‍സിങ് ബിഷ്ണോയിയും ഈ കേസില്‍പെട്ട് ഇപ്പോള്‍ ജയിലിലാണ്. രണ്ടുപേരെയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, നിയസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരുടെയും ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ് ആ "തെറ്റി"ന് പ്രായശ്ചിത്തം ചെയ്തു. മദേര്‍ണയുടെ ഭാര്യ ലീലയെയാണ് മഹിപാലിന്റെ സ്ഥിരം മണ്ഡലമായ ഒസിയാനില്‍ സ്ഥാനാര്‍ഥയാക്കിയതെങ്കില്‍ ലുനി മണ്ഡലത്തില്‍ മല്‍ക്കാന്‍സിങ് ബിഷ്ണോയിയുടെ 82 വയസ്സുള്ള അമ്മ അമ്രിദേവിക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.

സുഹൃത്തിന്റെ ഭാര്യ പരസ്ദേവി ദുരൂഹമായി കൊല്ലപ്പെട്ട കേസിലാണ് വനം-പരിസ്ഥിതി മന്ത്രി രാംലാല്‍ ജാട്ട് രാജിവച്ചത്. മൃതദേഹം സംസ്കരിക്കാന്‍ മന്ത്രികാട്ടിയ തിടുക്കം സംശയമുയര്‍ന്നതിന് പിന്നാലെ വിഷം അകത്ത് ചെന്നാണ് പരസ്ദേവി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. സ്ത്രീഘാതകനായ രാംലാല്‍ ജാട്ടിന് ഭില്‍വാര ജില്ലയിലെ അസിന്ദ് സീറ്റ് നല്‍കിയാണ് കോണ്‍ഗ്രസ് ആദരിച്ചത്. ജാട്ട് വോട്ട് നഷ്ടപ്പെടാതിരിക്കാനാണ് ലീല മദേര്‍ണയ്ക്കും രാംലാല്‍ ജാട്ടിനും കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. രാജസ്ഥാനിലെ ജാട്ടുകളുടെ നേതാവായ തൊണ്ണൂറുകാരന്‍ പരസ്റാം മദേര്‍ണയുടെ മകനാണ് മഹിപാല്‍ മദേര്‍ണ. രാല്‍ലാല്‍ ജാട്ടും ഇതേ ജാതിക്കാരനാണ്. ഇവര്‍ രണ്ടുപേരെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയ നടപടി ജാട്ടുകളുടെ രോഷത്തിന് വഴിവച്ചിരുന്നു. 12 ശതമാനം വരുന്ന ജാട്ട് വോട്ട് അമ്പതോളം സീറ്റില്‍ വിധി നിര്‍ണയിക്കും. അതിനാലാണ് കളങ്കിതരായിട്ടും ഇരുവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.

യുവതിയെ ഔദ്യോഗിക മന്ത്രിവസതിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഗെലോട്ട് മന്ത്രിസഭയില്‍നിന്ന് ഏറ്റവും അവസാനം രാജിവച്ചയാളാണ് ബാബുലാല്‍ നാഗര്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാഗറിന്റെ സഹോദരന്‍ ഹസാരിലാല്‍ നഗറിന് ദുഡു സീറ്റ് നല്‍കി കോണ്‍ഗ്രസ് ഏത് പക്ഷത്താണ് തങ്ങളെന്ന് പ്രഖ്യാപിച്ചു. ദുഡുവില്‍നിന്ന് നാല് തവണ തുടര്‍ച്ചയായി വിജയിച്ചയാളാണ് നാഗര്‍. അനധികൃത ഖനനത്തിന് ഉത്തരവ് നല്‍കിയതിന് ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ഭരോസി ലാല്‍ ജാതവിനും കോണ്‍ഗ്രസ് സീറ്റ് നല്‍കി. ഹിന്‍ഡോണ്‍ സീറ്റിലാണ് ഇയാള്‍ മത്സരിക്കുന്നത്. കളങ്കിതരായ ഇവര്‍ക്കെല്ലാംതന്നെ സീറ്റ് നല്‍കിയത് ഹൈക്കമാന്‍ഡുമായി ആലോചിച്ചാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ വക്താവ് അര്‍ച്ചന ശര്‍മ ജയ്പുരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment