Tuesday, November 12, 2013

കരിമണല്‍ കള്ളക്കടത്തിന് ഒത്താശ നല്‍കുന്നത് സര്‍ക്കാര്‍: ആനത്തലവട്ടം

കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശത്ത് സുലഭമായ കരിമണല്‍ ഖനനം ചെയ്യാതെ സംസ്ഥാനസര്‍ക്കാരും ഐആര്‍ഇയും കള്ളക്കടത്തിന് ഒത്താശ ചെയ്യുകയാണെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളായ ചവറ കെഎംഎംഎല്‍, തിരുവനന്തപുരം ടിടിപി എന്നിവയ്ക്കു ഗുണമേന്മയുള്ള ടൈറ്റാനിയം ലഭ്യമാക്കേണ്ടത് ഐആര്‍ഇ ആണ്. ഈ ചുമതല അവര്‍ നിര്‍വഹിക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് ഈ പ്രദേശത്തുനിന്ന് കരിമണല്‍ വന്‍തോതില്‍ കടത്തിയതെന്നും ആനത്തലവട്ടം പറഞ്ഞു. കൊല്ലം ചിന്നക്കട പ്രസ്ക്ലബ് മൈതാനത്ത് എല്‍ഡിഎഫ് തെക്കന്‍ മേഖലാജാഥയുടെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാംഗംകൂടിയായ അദ്ദേഹം.

കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമേ പാടുള്ളൂവെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നയം. ഖനനത്തിനു നിയമപരമായി ചുമതലപ്പെടുത്തിയിട്ടുള്ളത് ചവറയിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയെ ആണ്. കഴിഞ്ഞ പത്തുമാസമായി ചവറയിലെ ഖനനപ്രദേശത്തു തൊഴില്‍തര്‍ക്കം നിലനില്‍ക്കുന്നു. ഇതുമൂലം ഖനനം നടക്കുന്നില്ല. തൊഴില്‍തര്‍ക്കം പരിഹരിച്ച് ഖനനം സുഗമമായി നടത്താന്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ മുന്‍കൈ എടുക്കുന്നില്ല. കരിമണല്‍ കള്ളക്കടത്തുകാര്‍ക്ക് സഹായം നല്‍കുന്ന മന്ത്രിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും സമീപനമാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ എന്ന സ്വകാര്യകമ്പനിക്ക് അസംസ്കൃതവസ്തുക്കള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം നടത്തുന്നു. ഇതിനു ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചത് സ്വകാര്യകമ്പനിയെ സഹായിക്കാനല്ല. ആ കമ്പനിയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും ആനത്തലവട്ടം പറഞ്ഞു.

deshabhimani

No comments:

Post a Comment