Saturday, November 9, 2013

സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം: സിപിഐ എം

കല്‍പ്പറ്റ: ആദിവാസി പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഭൂമി അടക്കമുള്ള ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ച മാവോയ്സ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ മുതലാക്കുകയാണ്. ആദിവാസികളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്. ആദിവാസികള്‍ക്ക് ഭൂമി നല്‍കല്‍, വീട്, തൊഴില്‍, വിദ്യാഭ്യാസം എന്നിവയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കണം. ജനാധിപത്യപരവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളിലുടെ ഇവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും വേണം. ആദിവാസികളുടെ ക്ഷേമത്തിനായി സിപിഐ എമ്മും ആദിവാസി ക്ഷേമസമിതിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. തരിയോട് കരിങ്കണ്ണി കോളനിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കണം. ബാണാസുര സാഗര്‍ ഡാം വന്നതോടെ വനത്തിനുള്ളില്‍ ഒറ്റപ്പെട്ടുപോയവരാണിവര്‍. ദുരിത ജീവിതമാണിവര്‍ നയിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കണമെന്ന് നേരത്തെമുതല്‍ സിപിഐ എം ആവശ്യപ്പെടുന്നതാണ്.

കോളനി സന്ദര്‍ശിച്ച സിപിഐ എമ്മിന്റെയും എകെഎസിന്റെയും നേതാക്കളെ കുറിച്ച് വ്യാജം പ്രചരിപ്പിക്കുന്ന മാവോയിസ്റ്റുകള്‍ ആദിവാസി ക്ഷേമത്തിന് തടസം നില്‍ക്കുന്നവരാണ്. പൊലീസിനും തണ്ടര്‍ബോള്‍ട്ട് സംഘത്തിനുമൊപ്പമല്ല സിപിഐ എം, എകെഎസ് പ്രവര്‍ത്തകര്‍ കരിങ്കണ്ണി കോളനിയില്‍ പോയത്. ലഘുലേഖയിലൂടെ മാവോയിസ്റ്റുകള്‍ വ്യാജം പ്രചരിപ്പിക്കുന്നതില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സിപിഐ എമ്മിന് പൊലീസിന്റെയോ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയോ സഹായമോ സംരക്ഷണമോ ആവശ്യമില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെയും ഭീഷണിയിലൂടെയും സിപിഐ എമ്മിന്റേയോ എകെഎസിന്റേയോ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനാവില്ലെന്നും സെക്രട്ടറിയറ്റ് വ്യക്തമാക്കി.

deshabhimani

No comments:

Post a Comment