Saturday, November 9, 2013

സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായെന്ന് കെഎസ്യു സംസ്ഥാന സമ്മേളനം

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റിയല്‍എസ്റ്റേറ്റ് ബ്രോക്കറായി അധഃപതിച്ചെന്ന് കെഎസ്യു സംസ്ഥാന സമ്മേളന പ്രമേയം. വിമാനത്താവളങ്ങള്‍ക്കും വന്‍കിട വ്യവസായലോബികള്‍ക്കും വേണ്ടി ഭൂമി വാങ്ങിക്കൂട്ടുന്ന സര്‍ക്കാര്‍ ഒരു നേരത്തെ ആഹാരമോ വീടോ ഇല്ലാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രോദനം കേള്‍ക്കുന്നില്ലെന്ന് കൊല്ലത്ത് നടക്കുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന്‍ പ്രമേയം പറയുന്നു.

കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് പ്രമേയങ്ങളിലുള്ളത്. ഇടമലയാര്‍ അഴിമതിക്കേസില്‍ ജയില്‍വാസം അനുഭവിച്ച ബാലകൃഷ്ണപിള്ളയും സ്ത്രീലമ്പടനായ മകനും ചേര്‍ന്ന് ഈര്‍ക്കില്‍ പാര്‍ടിയുടെ പേരില്‍ നടത്തുന്ന വടംവലികളും രാജി നാടകവും യുഡിഎഫിന് അപമാനമാണെന്ന് രാഷ്ട്രീയ പ്രമേയം പറയുന്നു. ജനറല്‍ സെക്രട്ടറി മംഗലത്ത് വിനുവ അവതരിപ്പിച്ച പ്രമേയത്തില്‍ കോട്ടയത്തെ അച്ചായനും മലപ്പുറത്തെ സാഹിബും വന്നവഴി മറക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പി സി ജോര്‍ജ് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന തെരുവുനായയെയാണ് ഓര്‍മിപ്പിക്കുന്നത്. നെല്ലിയാമ്പതി വിഷയത്തില്‍ ജോര്‍ജിന്റെ ജല്‍പ്പനം കേട്ട് പാട്ടക്കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനെ അനുകൂലിച്ച ലീഗ് നേതാവിനെ യുഡിഎഫില്‍നിന്നു പുറത്താക്കണം. ജാതി-മത സംഘടനകളിലെ ഭാരവാഹിത്വം കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കണം. വിദ്യാഭ്യാസ വകുപ്പില്‍ ലീഗ്മന്ത്രി തന്നിഷ്ടം നടപ്പാക്കുകയാണെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി കുരുവിള ജോസഫ് അവതരിപ്പിച്ച വിദ്യാഭ്യാസ പ്രമേയത്തില്‍ പറയുന്നു. വിദ്യാഭ്യാസവകുപ്പ് മലപ്പുറം ജില്ലയില്‍ പറിച്ചുനട്ട് വിളവെടുപ്പു നടത്താമെന്നു വ്യാമോഹിക്കുകയാണ് ലീഗ്. ലീഗില്‍നിന്ന് വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. മുസ്ലിം പെണ്‍കുട്ടികളുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത് കോഴിക്കോട് കടപ്പുറത്തെ കടല്‍ക്കിഴവന്മാരുടെ കൂട്ടായ്മയല്ലെന്ന് കെ കെ ലീഷ്മ അവതരിപ്പിച്ച സംഘടനാപ്രമേയത്തില്‍ പറയുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കണമെന്ന നിലപാട് താലിബാന്റേതാണ്. സ്വന്തം വിസര്‍ജ്യങ്ങളില്‍ കിടന്നുമരിച്ച കാളക്കൂറ്റന്റെ അന്ത്യമാണ് ലീഗിനെ കാത്തിരിക്കുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു. നീറ്റ ജലാറ്റിന്‍ കമ്പനി വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം കളങ്കമായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ആറന്മുള, വയനാട് വിമാനത്താവളപദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment