Saturday, November 9, 2013

മാവോയിസ്റ്റ് ലക്ഷ്യം ആദിവാസി കേന്ദ്രങ്ങളില്‍ കടന്നുകയറല്‍

സി കെ ശശീന്ദ്രന് സംരക്ഷണം നല്‍കണം

കല്‍പ്പറ്റ: സിപിഐ എം ജില്ലാ സെക്രട്ടറിയും ആദിവാസി ഭൂസമര സമിതി കണ്‍വീനറുമായ സി കെ ശശീന്ദ്രന് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് ആദിവാസി ഭൂസമര സമിതി ചെയര്‍മാര്‍ അഡ്വ. പി ചാത്തുക്കുട്ടി ആവശ്യപ്പെട്ടു. ശശീന്ദ്രനെതിരായ മാവോയിസ്റ്റ് ഭീഷണി നിസാരമായി കാണരുത്. അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

മാവോയിസ്റ്റ് ലക്ഷ്യം ആദിവാസി കേന്ദ്രങ്ങളില്‍ കടന്നുകയറല്‍

സി കെ ശശീന്ദ്രനെതിരെയുള്ള മാവോയിസ്റ്റ് ഭീഷണി ആദിവാസികള്‍ക്കിടയിലുള്ള സിപിഐ എമ്മിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരുരാഷ്ട്രീയ നേതാവിനെതിരെ മാവോയിസ്റ്റുകള്‍ ഭീഷണി മുഴക്കുന്നത്. പശ്ചിമഘട്ട മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ നാളുകളായി മാവോയിസ്റ്റുകള്‍ പരിശ്രമിക്കുന്ന സാഹചര്യത്തില്‍ ശശീന്ദ്രനെതിരെയുള്ള ഭീഷണി അതീവ ഗൗരവം അര്‍ഹിക്കുന്നതും ആശങ്കയും ഞെട്ടലും ഉളവാക്കുന്നതുമാണ്. വയനാടന്‍ കാടുകളില്‍ നേരത്തെതന്നെ മാവോയിസ്റ്റുകളുടെ സ്വാധീനം പൊലീസ് സ്ഥിരീകരിച്ചിരുന്നു. വയനാട്ടിലെ ആദിവാസി കോളനികളില്‍ കടന്നുചെല്ലാന്‍ വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ പരിശ്രമിക്കുന്നുണ്ട്. കോളനികളില്‍ ഏറെ സ്വാധീനമുള്ള സിപിഐ എമ്മിന്റെയും ജില്ലാ സെക്രട്ടറിയുടെയും പ്രവര്‍ത്തനങ്ങള്‍ അതിന് വിഘാതമാകുന്നുവെന്ന് കണ്ടാണ് ഇപ്പോഴത്തെ ഭീഷണി. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് കോളനികളില്‍ സിപിഐ എം പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ബഹുഭൂരിഭാഗം ആദിവാസികളും എകെഎസിന് കീഴില്‍ അണിനിരക്കുന്നവരാണ്. വര്‍ഷങ്ങളായി ഭൂമസരം തുടരുകയാണ്. ജയില്‍വാസവും പൊലീസ് പീഡനങ്ങളും ആദിവാസികളെ പിന്തിരിപ്പിച്ചിട്ടില്ല. സിപിഐ എം നല്‍കുന്ന പിന്തുണയാണ് എകെഎസിന്റെ കരുത്ത്. എകെഎസിന്റെ പ്രവര്‍ത്തനത്തിലൂടെ ആദിവാസികളില്‍ രാഷ്ട്രീയ ബോധവും കൈവന്നു. പാര്‍ടി ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ഇതില്‍ മാറ്റം വരുത്താനാകുമോയെന്ന ശ്രമമാണ് ഇപ്പോള്‍ മാവോയിസ്റ്റുകളുടേത്.

"സഖാവ് ശശീന്ദ്രന്‍ മറ്റൊരു മഹേന്ദ്ര കര്‍മ്മയാകുകയാണോ" എന്ന ഭീഷണിതലക്കെട്ടോടുകൂടി ജനകീയ വിമോചന ഗറില്ലാ സേന കബനി ദളത്തിന്റെ പേരില്‍ മാവോയിസ്റ്റുകള്‍ ഇറക്കിയിട്ടുള്ള "കാട്ടുതീ" വാര്‍ത്താ ബുള്ളറ്റിന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ശേഖരിച്ചിട്ടുണ്ട്. പരോക്ഷമായ വധ ഭീഷണിയാണ് ബുള്ളറ്റിനിലുള്ളത്. ഛത്തീസ്ഗഢിലെ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന മഹേന്ദ്രകര്‍മ്മയുള്‍പ്പെടെയുള്ള നേതാക്കളെ കഴിഞ്ഞ മെയ് 25നാണ് മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയി വെടിവെച്ചുകൊന്നത്. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍, മുതിര്‍ന്ന നേതാവ് വി സി ശുക്ല എന്നിവരുള്‍പ്പെടെയുള്ളവരെയും ഇതോടൊപ്പം കൊലപ്പെടുത്തിയിരുന്നു. ആദിവാസികള്‍ക്കിടയില്‍ സി കെ ശശീന്ദ്രന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മാവോയിസ്റ്റുകളെ ചൊടിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ആഗസ്ത് 14ന് മാവോയിസ്റ്റുകള്‍ വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കരിങ്കണ്ണി കാട്ടുനായിക്ക കോളനിയില്‍ എത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് ശശീന്ദ്രന്റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ കരിങ്കണ്ണി കോളനിയില്‍ പോകുകയും എകെഎസിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു. വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇവരെ പുനരധിവസിപ്പിക്കണമെന്ന് കാലങ്ങളായി സിപിഐ എം ആവശ്യപ്പെടുന്നതാണ്. പലതവണ നേതാക്കള്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

ഉള്‍വനത്തിനുള്ളിലാണ് കോളനി. ഇവിടെയെത്താന്‍ നാല് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിക്കണം. ജീപ്പ് വിളിച്ചാല്‍ ഒരുവശത്തേക്ക് മാത്രം 2500 രൂപയോളം വാടക നല്‍കണം. ബാണാസുര ഡാമിലൂടെ ബോട്ടില്‍ സഞ്ചരിച്ചാലും എത്താനാവും. ഇതിന് 600 രൂപ ചാര്‍ജ് നല്‍കണം. 2012 ഏപ്രില്‍ മാസത്തിലും ശശീന്ദ്രന്‍ കോളനി സന്ദര്‍ശിച്ചിരുന്നു. മാവോയിസ്റ്റുകളെത്തിയശേഷം പാര്‍ടി പ്രവര്‍ത്തകരോടൊപ്പമാണ് ശശീന്ദ്രന്‍ കോളനി സന്ദര്‍ശിച്ചത്. എന്നാല്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തോടും പൊലീസുകാരോടുമൊപ്പമാണ് സന്ദര്‍ശനം നടത്തിയതെന്ന വ്യാജപ്രചാരണമാണ് മാവോയിസ്റ്റുകള്‍ ലഘുലേഖയിലൂടെ നടത്തുന്നത്.

deshabhimani

No comments:

Post a Comment