Wednesday, November 13, 2013

ചോര വീഴുന്ന കേരളം

കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ചന്ദ്രശേഖരന്‍ വധക്കേസിന്റെ നേരായ ദിശയിലുള്ള അന്വേഷണമാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ കാരണം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (ആഭ്യന്തരമന്ത്രി) നവംബര്‍ ഏഴ് 2013, 

കുറ്റ്യാടി. അതിന് രണ്ടുദിവസം മുമ്പ് നവംബര്‍ അഞ്ചിന് രാത്രി പത്തര. തിരുവനന്തപുരം ജില്ലയിലെ ആനാവൂര്‍ കല്ലറ സരസ്വതി വിലാസം വീട്. രണ്ട് യുവാക്കളും മാതാപിതാക്കളുമടങ്ങിയ കുടുംബം. അത്താഴം കഴിച്ച് മക്കള്‍ വായനയിലായിരുന്നു. പിതാവ് നാരായണന്‍നായര്‍ ഊണിനുമുന്നില്‍. ഓര്‍ക്കാപ്പുറത്ത് കയറിവന്നവര്‍ ഇളയമകന്‍ ശിവപ്രസാദ് എവിടെയെന്ന് തിരക്കി. ഞൊടിയിടയില്‍ ആ വീട് ചോരക്കളമാകുന്നു. ഭാര്യയുടെയും രണ്ടുമക്കളുടെയും കണ്‍വെട്ടത്ത് 33 വെട്ടുകളേറ്റ് ചിതറിത്തെറിക്കുകയായിരുന്നു നാരായണന്‍നായരുടെ ശരീരം. മകനെ തേടിയെത്തിയവര്‍ അച്ഛനെ അരിഞ്ഞുവീഴ്ത്തി മടങ്ങി. മക്കളായ ശിവപ്രസാദിനെയും ഗോപകുമാറിനെയും വെട്ടിവീഴ്ത്തി. പക്ഷേ, അവരുടെ ജീവനെടുക്കാന്‍ കഴിഞ്ഞില്ല. അതിന്റെ അരിശം നാരായണന്‍നായരുടെ ശരീരത്തില്‍ തീര്‍ത്തു.

നാരായണന്‍നായരുടെ സഹോദരി സുധ അടുത്ത വീട്ടിലാണ്. നിലവിളിയും കൊലയാളികളുടെ ആക്രോശവും കേട്ട് ഓടിയെത്തിയ അവര്‍ക്കുമുന്നില്‍ ജീവനുവേണ്ടി പിടയുന്ന സഹോദരന്‍. വാരിയെടുക്കാന്‍ നോക്കി. ഊര്‍ന്നുപോകുന്ന മാംസം. പരിക്കുകളോടെ, വാവിട്ട് കരഞ്ഞ് ശിവപ്രസാദ് പിതാവിനെ നെഞ്ചത്തടക്കിപ്പിടിച്ച് ഓടി. ആ മകനും ഒന്നും ചെയ്യാനില്ലാത്തവിധം നാരായണന്‍നായര്‍ മരണത്തിലേക്ക് വീണു.

കറുത്ത പുസ്തകമില്ല; കരിങ്കവിതയില്ല. അടുത്ത തിരിവില്‍ ഒരു കൊല നടന്നുവെന്നറിഞ്ഞ കവികള്‍ വെട്ടുവഴിയിലൂടെ തിരിഞ്ഞുനടന്നു. കൊലയാളികള്‍ ഏതു പാര്‍ടി ഓഫീസിലേക്കാണ് ചെന്നുകയറുന്നതെന്ന് പിന്തുടര്‍ന്നുനോക്കേണ്ട കുഞ്ഞുകവികളും ഉറക്കത്തിലായിരുന്നു. മക്കളുടെ മുന്നിലിട്ട് മുപ്പത്തിമൂന്നു വെട്ടുകളേറ്റ് പിടഞ്ഞുവീണ നാരായണന്‍നായരുടെ അന്‍പത്തിയൊന്നു വയസ്സിനെ അന്‍പത്തിയൊന്നക്ഷരങ്ങളോട് ചേര്‍ത്തുകെട്ടാന്‍ മാനവികതയുടെ മഹാശ്വങ്ങള്‍ രഥവുമായി വന്നതുമില്ല. കൊലപാതകം രാഷ്ട്രീയമായിരുന്നോ എന്ന് കൊലയാളിയോട് ചോദിക്കുക. ആര്‍എസ്എസ് രാഷ്ട്രീയകക്ഷിയല്ലല്ലോ എന്ന് മറുപടി കിട്ടും. നാരായണന്‍നായര്‍ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. കെഎംസിഎസ്യു എന്ന സംഘടനയുടെ സംസ്ഥാനനേതാവായിരുന്നു. സിപിഐ എം ആനാവൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനുമായിരുന്നു. കക്ഷിഭേദം മറന്ന് എല്ലാവരെയും സഹായിക്കുന്നവനായിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകന്‍ ഡിവൈഎഫ്ഐ വെള്ളറട ഏരിയകമ്മിറ്റിയംഗം ഗോപകുമാര്‍. ഇളയമകന്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും എസ്എഫ്ഐ വെള്ളറട ഏരിയ സെക്രട്ടറിയുമായ ശിവപ്രസാദ്. "മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണ"മെന്നും "ശിവപ്രസാദിനെത്തേടിയാണ് അക്രമികള്‍ വന്നതെ"ന്നും പൊലീസ് പറയും. എന്തായിരുന്നു മുന്‍വൈരാഗ്യം?

ശിവപ്രസാദ് എസ്എഫ്എയുടെ പ്രധാന നേതാവാണ് എന്നതുതന്നെ. രണ്ടുപതിറ്റാണ്ടുമുമ്പ് കൂത്തുപറമ്പില്‍ കെ വി സുധീഷ് എന്ന എസ്എഫ്ഐ നേതാവിനെത്തേടിയും ഇതുപോലൊരു സംഘമാണ് ചെന്നത്. വീടിന്റെ വാതില്‍തകര്‍ത്ത് സുധീഷിനെ വലിച്ച് പുറത്തിട്ട് മുപ്പത്തിയെട്ടു വെട്ടുകള്‍. മാതാപിതാക്കളുടെ ദീനരോദനം വെട്ടിയകറ്റി സുധീഷിനെ അരിഞ്ഞുകൊന്നു. ശിവപ്രസാദിനുള്ള ആര്‍എസ്എസിന്റെ ശിക്ഷാവിധിയും അതുതന്നെയായിരുന്നു. പക്ഷേ, നാരായണന്‍നായരുടെ ജീവനുംകൊണ്ട് വേട്ടനായ്ക്കള്‍ തിരിച്ചുപോയി. മക്കളുടെ പ്രാണന്‍ രക്ഷിക്കാന്‍ സ്വജീവന്‍ ത്യജിക്കേണ്ടിവന്നു ആ പിതാവിന്. "രാഷ്ട്രീയകൊലപാതകം അവസാനിച്ച" കേരളത്തില്‍ ഈ പിതാവ് എങ്ങനെ കൊല്ലപ്പെട്ടു എന്ന് ആഭ്യന്തരമന്ത്രി ഇനിയും പറയാനിരിക്കുന്നു. ചൊവ്വാഴ്ച മാതൃഭൂമി ഒന്നാംപേജില്‍ നല്‍കിയ സചിത്ര വാര്‍ത്ത ഇങ്ങനെ: ""ആനാവൂരില്‍ എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലില്‍ ക്രൂരമര്‍ദനം. ഇതില്‍ പ്രതിഷേധിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സബ് ജയില്‍ ഉപരോധിച്ചു. സംഭവത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ജയിലര്‍ വേലപ്പന്‍നായര്‍, വാര്‍ഡന്മാരായ സനല്‍കുമാര്‍, ശ്രീജി കൃഷ്ണന്‍ എന്നിവരെയാണ് സ്ഥലംമാറ്റി ജയില്‍ ഡിജിപി ഉത്തരവിറക്കിയത്."" നാരായണന്‍നായര്‍ പ്രിയപ്പെട്ടവരുടെ മുന്നില്‍ കശാപ്പുചെയ്യപ്പെട്ടപ്പോള്‍ കാണാത്ത ക്രൂരത മാതൃഭൂമി ഇവിടെ കാണുന്നു. ആ കൊലപാതകത്തിനു നല്‍കാത്ത പ്രാധാന്യം രണ്ട് കുറ്റവാളികളുടെ തല്ലുകൊള്ളല്‍ നാടകത്തില്‍ ദര്‍ശിക്കുന്നു. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും കൊല്ലപ്പെട്ടാല്‍ സാധാരണ സംഭവവും ആര്‍എസ്എസുകാരന്‍ തല്ലുകൊണ്ടു എന്ന് പറഞ്ഞാല്‍ മഹാസംഭവവുമാകുന്ന രസതന്ത്രം യുഡിഎഫ് സര്‍ക്കാരിനെയും മാതൃഭൂമിയെയും നയിക്കുന്നു; വലതുപക്ഷരാഷ്ട്രീയത്തെയാകെ നയിക്കുന്നു.

ആനാവൂരില്‍ ആര്‍എസ്എസിന്റെ മാരകായുധങ്ങള്‍ ശിവപ്രസാദിനെ തേടിയാണ് ചെന്നത്. ആ വിദ്യാര്‍ഥിനേതാവ് ആരെയും കൊന്നിട്ടില്ല; സമൂഹത്തിന് നന്മയല്ലാതെ ഒന്നും ചെയ്തിട്ടില്ല. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും നാടിനും വേണ്ടി ആത്മാര്‍ഥമായി നില്‍ക്കുന്നത് കുറ്റവുമല്ല. പക്ഷേ, ആര്‍എസ്എസിന് ഈ ന്യായങ്ങളും നിയമസംഹിതയും ബാധകമല്ല. ആനാവൂരിലെ ക്ഷേത്രം അവര്‍ക്ക് പരിശീലനക്കളരിയാക്കണം; ആയുധപ്പുരയാക്കണം. ക്ഷേത്രത്തിനും ആര്‍എസ്എസിനും ഒരു വിലാസമേ പാടുള്ളൂ. അതിന് തടസ്സം ശിവപ്രസാദടക്കമുള്ള പുരോഗമനാശയക്കാരായ ചെറുപ്പക്കാരാണ്. തടസ്സം തുടച്ചുനീക്കാന്‍ സംഘപരിവാറിന്റെ നിഘണ്ടുവില്‍ തുടച്ചുനീക്കല്‍ എന്ന വഴിയേ ഉള്ളൂ. വടകരയിലെ ചന്ദ്രശേഖരനുശേഷം ഒരു കൊലപാതകവും ആഭ്യന്തരമന്ത്രി കണ്ടിട്ടില്ല. കൊലചെയ്യപ്പെടുന്നത് ഇടതുപക്ഷത്തുള്ളവരായാല്‍ അക്രമത്തിന്റെ ജനിതകാന്വേഷണവുമില്ല. പ്രതികള്‍ വലതുപക്ഷത്തായാല്‍ അവരുടെ നോവുകളിലാണ് ക്രൂരതയുടെ കൈപ്പാടുകള്‍ അന്വേഷിക്കേണ്ടതെന്നാകുന്നു വലതുപക്ഷധാര്‍മികതയുടെ നീതിസാരം. കൊലയാളികള്‍ക്ക് വര്‍ഗീയഭ്രാന്തന്മാരുടെ മുഖമുണ്ട്; തീവ്രവാദികളുടെ ക്രൗര്യമുണ്ട്; വലതുപക്ഷരാഷ്ട്രീയത്തിന്റെ ഹൃദയശൂന്യതയുണ്ട്. വര്‍ഗീയ-തീവ്രവാദശക്തികള്‍ക്ക് ഇന്ന് കേരളം ഇഷ്ടഭൂമിയാണ്. അവര്‍ സദാചാര പൊലീസാകുന്നു; പട്ടാളവേഷമണിയുന്നു. കൊടിയത്തൂരിലും തൃക്കരിപ്പൂരിലും രണ്ടു യുവാക്കളെ കൊന്നത് സദാചാരക്കാവലേറ്റെടുത്ത തീവ്രവാദികളാണ്. നബിദിനത്തിന് കാസര്‍കോട്ട് പട്ടാള യൂണിഫോമില്‍ മതഭ്രാന്തര്‍ മാര്‍ച്ച്ചെയ്തു. കുറ്റവാളികള്‍ ഭരണപക്ഷത്തിന്റെ കൊടിപിടിച്ചാല്‍ നിരപരാധിത്വത്തിലേക്ക് മാര്‍ച്ച്ചെയ്യാം.

കാസര്‍കോട് വെടിവയ്പ് കേസ് അന്വേഷിച്ച നിസാര്‍ കമീഷന്‍, മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം- ഭരണപക്ഷത്തിനുനേരെ നീളുന്ന അന്വേഷണങ്ങള്‍ അകാലചരമമടയുന്നു. കോഴിക്കോട്ട് നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ അഞ്ച് മുസ്ലിംലീഗുകാര്‍ക്ക് കൂട്ടമരണമുണ്ടായി. കേസും അന്വേഷണവും എവിടെയുമെത്തുന്നില്ല. സംസ്ഥാനത്ത് ഇരുനൂറിലേറെ വര്‍ഗീയ- സമുദായിക സംഘട്ടനങ്ങളുണ്ടായി. വര്‍ഗീയസ്വാഭാവമുള്ള 559 കേസുകളുണ്ടായി. പത്തൊന്‍പതിടത്ത് ലാത്തിചാര്‍ജും രണ്ടിടത്ത് വെടിവയ്പുമുണ്ടായി. പത്തോളം തീവ്രവാദകേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വിദേശ കറന്‍സി, ആയുധങ്ങള്‍, ബോംബുനിര്‍മാണസാമഗ്രികള്‍- അവ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള സന്നാഹങ്ങള്‍. എല്ലാറ്റിനും ഭരണത്തിന്റെ സംരക്ഷണം. മറുവശത്ത് ഭൂരിപക്ഷവര്‍ഗീയതയാണ്. മുസ്ലിം തീവ്രവാദം ചൂണ്ടിക്കാട്ടി അവര്‍ കൊലക്കത്തിയെടുക്കുന്നു. ആരാധനാലയങ്ങള്‍ തീയിടുന്നതും മതപഠനശാലകള്‍ തകര്‍ക്കുന്നതും തടയാതെ; കുറ്റവാളികളെ പിടികൂടാതെ പൊലീസ് അറച്ചുനില്‍ക്കുമ്പോഴും ഭരണനേതൃത്വം "മാര്‍ക്സിസ്റ്റക്രമ"ത്തെക്കുറിച്ച് വാചാലരാകുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊലചെയ്യപ്പെട്ടിട്ടും അതില്‍ രാഷ്ട്രീയമല്ല, രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരമേ യുഡിഎഫ് സര്‍ക്കാര്‍ കാണുന്നുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിവസം കാസര്‍കോട് അഡൂര്‍ ബാലനടുക്കയില്‍ രവീന്ദ്രറാവു എന്ന സിപിഐ എം പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു തുടങ്ങിയതാണ് സിപിഐ എം വേട്ട. ആനാവൂരില്‍ മക്കളെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനെ വെട്ടിവീഴ്ത്തുന്നതുവരെ അത് എത്തി.

ഒരിടത്തും പ്രത്യേക പൊലീസ് സംഘമില്ല; ടെലിഫോണ്‍ പരിശോധനയില്ല; മാധ്യമവിലാപങ്ങളില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷകരാകേണ്ടവര്‍ കൊലപാതകികള്‍ക്കൊപ്പം ആര്‍ത്തട്ടഹസിക്കുന്നു. സിപിഐ എമ്മുകാര്‍ കൊല്ലപ്പെടേണ്ടവരും പ്രിയപ്പെട്ടവര്‍ക്ക് കുഴിമാടമൊരുക്കി കണ്ണീരൊഴുക്കേണ്ടവരുമാണെന്ന് ഭരണാധികാരികള്‍ ധരിച്ചുപോകുന്നു. ആ ധാരണയാണ്, ഇന്ന് കേരളത്തിന്റെ ദുരന്തമായി, നിരപരാധികളുടെ ചുടുചോരയായി, കൊലയാളികളുടെ ഉന്മാദമായി വായിക്കപ്പെടുന്നത്. ആത്മാഭിമാനമുള്ള മനുഷ്യന്റെ നെഞ്ചിനുനേരെ ധിക്കാരത്തിന്റെയും ക്രൗര്യത്തിന്റെയും ചൂണ്ടുവിരലുയര്‍ത്തുകയാണ് വലതുപക്ഷരാഷ്ട്രീയം. അവരുടെ കൊലക്കത്തികളില്‍ ഇനിയും മനുഷ്യരക്തം പുരളേണ്ടതുണ്ടോ, മൃഗീയതയുടെ കാവല്‍നായ്ക്കള്‍ കുര തുടരേണ്ടതുണ്ടോ എന്നതാണ് മലയാളിയുടെ വിവേകബുദ്ധിക്കുമുന്നില്‍ വളര്‍ന്നു പടര്‍ന്നുനില്‍ക്കുന്ന സമസ്യ. (അവസാനിക്കുന്നില്ല)

പി എം മനോജ് deshabhimani 131113

No comments:

Post a Comment