Wednesday, November 13, 2013

സ്വകാര്യമേഖലയിലെ കരിമണല്‍ ഖനനത്തിന് എ ഐ ടി യു സി എന്നും എതിരെന്ന് കാനം

സ്വകാര്യമേഖലയിലെ കരിമണല്‍ ഖനനത്തിന് തങ്ങള്‍ എക്കാലവും എതിരാണെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യകമ്പനിയായ സി എം ആര്‍ എല്ലിനു കരിമണല്‍ ഖനനം അനുവദിപ്പിക്കാന്‍ വേണ്ടിയാണ് എ ഐ ടി യു സിയും സി ഐ ടി യുവും ഐ എന്‍ ടി യു സിയും ബി എം എസും അടങ്ങിയ തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയതെന്ന ചില മാധ്യമങ്ങളുടെ ആരോപണത്തിന് സത്യവുമായി പുലബന്ധംപോലുമില്ലെന്നും ഏഷ്യാനെറ്റിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം വ്യക്തമാക്കി. സി എം ആര്‍ എല്‍ ആണ് മാര്‍ച്ച് സ്‌പോണ്‍സര്‍ ചെയ്തതെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. തൊഴിലാളികള്‍ മുതല്‍ എക്‌സിക്യൂട്ടീവുകള്‍ വരെയുള്ള കമ്പനിയിലെ ജീവനക്കാര്‍ തങ്ങളുടെ രണ്ടുദിവസത്തെ ശമ്പളം മുന്‍കൂര്‍ കൈപ്പറ്റിയാണ് മാര്‍ച്ചിനുള്ള ഫണ്ട് സ്വരൂപിച്ചത്. ഇതിനുപുറമെ വിവിധ ട്രേഡ്‌യൂണിയനുകളുടെ കൂട്ടായ്മയായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂപ്പണുകള്‍ അച്ചടിച്ചും സംഭാവന പിരിച്ചുമാണ് മാര്‍ച്ചിന്റെ ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു.

സത്യം ഇതായിരിക്കെ കമ്പനി സ്‌പോണ്‍സര്‍ ചെയ്താണ് മാര്‍ച്ച് നടത്തിയതെന്നു പറയുന്നത് സത്യവിരുദ്ധമാണ്. എന്നാല്‍ മാര്‍ച്ചിന്റെ തല്‍സമയ സംപ്രേക്ഷണത്തിന് സി എം ആര്‍ എല്‍ ചില ചാനലുകളെ ഏര്‍പ്പാടാക്കിയതിന് എ ഐ ടി യു സിയടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ഉത്തരവാദികളല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ ചുമതലയിലുള്ള അണുശക്തിവകുപ്പിന്റെ കീഴിലുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് കരിമണല്‍ ഖനനം നടത്തി സി എം ആര്‍ എല്ലിന് ഇല്‍മനൈറ്റ് മുടക്കമില്ലാതെ നല്‍കി തൊഴില്‍ സ്തംഭനം ഒഴിവാക്കണമെന്ന ആവശ്യമേ എ ഐ ടി യു സി അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ഉന്നയിക്കുന്നുള്ളു. ഇത് പൊതുമേഖലയ്‌ക്കെതിരോ പൊതുമേഖല വേണ്ടെന്നോ എന്ന് വ്യാഖ്യാനിക്കരുത്.

കേന്ദ്രസ്ഥാപനമായ ഐ ആര്‍ ഇയെ ശക്തിപ്പെടുത്തി ഇല്‍മനൈറ്റ് ഉല്‍പ്പാദനം ത്വരിതപ്പെടുത്തണമെന്ന് മാത്രമാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ഇതിനെ സി എം ആര്‍ എല്ലിനുവേണ്ടിയുള്ള സമരമാണെന്ന് മുദ്രകുത്തുന്നത് ഈ രംഗത്തെക്കുറിച്ചുള്ള വിവരമില്ലായ്മകൊണ്ടാണെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ഈ ആരോപണം ഉന്നയിക്കുന്നവര്‍ കരിമണല്‍ ഖനനം നടത്താന്‍ സി എം ആര്‍ എല്ലിനെ അനുവദിച്ചാലും അത് അവര്‍ക്ക് പൊതിയാത്തേങ്ങ കിട്ടിയതുപോലെയാകും. കാരണം ധാതുമണലില്‍ നിന്ന് ഇല്‍മനൈറ്റ് വേര്‍തിരിക്കാനുള്ള സാങ്കേതികവിദ്യ ആ കമ്പനിക്കില്ലെന്നതുതന്നെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ ആര്‍ ഇക്ക് ഖനനത്തിനുള്ള  ലൈസന്‍സ് നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. മൂന്നുവര്‍ഷത്തേക്കുള്ള കരിമണല്‍ നിക്ഷേപം സംസ്ഥാനത്തുള്ളപ്പോള്‍ അത് സംസ്‌ക്കരിക്കാതെ നിധികാക്കുന്ന ഭൂതത്തെപ്പോലെയുള്ള സര്‍ക്കാര്‍ നയം തിരുത്തണം. പൊതുമേഖലയില്‍ത്തന്നെ ഖനനവും നടത്തണം. അതല്ലാതെ സ്വകാര്യകമ്പനിക്കുവേണ്ടിയാണ് തൊഴിലാളി യൂണിയന്‍ മാര്‍ച്ചെന്ന് അപവാദപ്രചരണം നടത്തുന്നത് കരിമണല്‍ കള്ളക്കടത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള അടവാണെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. തൊഴിലാളികള്‍ നിലനില്‍ക്കണമെങ്കില്‍ തൊഴില്‍സ്ഥാപനം നിലനില്‍ക്കണം. അതിന് സി എം ആര്‍ എല്ലിന് സംസ്‌കരിച്ച ഇല്‍മനൈറ്റ് കൃത്യമായി ലഭിക്കണം. തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി തൊഴിലാളികള്‍ നടത്തുന്ന സമരത്തെ മുതലാളിക്കുവേണ്ടിയാണെന്ന് ആരോപിക്കുന്നത് യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള മുഖംതിരിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളിയുടെ തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ട സമരങ്ങളെ തൊഴിലുടമയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭമായി മുദ്രകുത്തുന്നത് ശുദ്ധവിവരക്കേടാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

janayugom

No comments:

Post a Comment